Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലഡാക്കിലെ ഗാൽവൻ താഴ് വരയിലെ സംഘർഷമേഖലയിൽ നിന്ന് ചൈന ഉടനെ പിൻവാങ്ങില്ല; ഇരുരാജ്യങ്ങളിലെയും മേജർ ജനറൽമാരുടെ കൂടിക്കാഴ്ച തീരുമാനമാകാതെ പിരിഞ്ഞു; വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് എഎൻഐയുടെ റിപ്പോർട്ട്; ഗുരുതരമായി പരിക്കേറ്റ നാലുസൈനികരുടെ ആരോഗ്യനില മെച്ചപ്പെട്ടതായും കരസേന; സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണാൻ പിന്തുണ നൽകുമെന്ന് യുഎസ്; പ്രതികരണം വളരെ കരുതലോടെ

ലഡാക്കിലെ ഗാൽവൻ താഴ് വരയിലെ സംഘർഷമേഖലയിൽ നിന്ന് ചൈന ഉടനെ പിൻവാങ്ങില്ല; ഇരുരാജ്യങ്ങളിലെയും മേജർ ജനറൽമാരുടെ കൂടിക്കാഴ്ച തീരുമാനമാകാതെ പിരിഞ്ഞു; വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് എഎൻഐയുടെ റിപ്പോർട്ട്; ഗുരുതരമായി പരിക്കേറ്റ നാലുസൈനികരുടെ ആരോഗ്യനില മെച്ചപ്പെട്ടതായും കരസേന; സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണാൻ പിന്തുണ നൽകുമെന്ന് യുഎസ്; പ്രതികരണം വളരെ കരുതലോടെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലഡാക്കിൽ ഗാൽവൻ താഴ് വരയിലെ ഏറ്റുമുട്ടലിനെ തുടർന്ന് സമാധാനം പുനഃ സ്ഥാപിക്കാൻ ഇന്ത്യയുടെയും ചൈനയുടെയും മേജർ ജനറൽമാർ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനമായില്ല. ഉടനടി മേഖലയിൽ നിന്ന് സൈനികരെ പിൻവലിക്കുന്ന കാര്യത്തിലാണ് തീരുമാനം ഉണ്ടാകാത്തത്. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ച നടക്കും. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഏഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റ നാല് സൈനികരുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും എഎൻഐ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ അമേരിക്കയുടെ പ്രതികരണവും എത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണാൻ യുഎസ് പിന്തുണ അറിയിച്ചു. 'ഇരുരാജ്യങ്ങളും സംഘർഷം ലഘൂകരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സമാധാനപരമായ പരിഹാരത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് അറിയിച്ചു. യഥാർഥ നിയന്ത്രണ രേഖയിലെ സാഹചര്യങ്ങൾ തങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വക്താവ് പറഞ്ഞു.

ജൂൺ2 ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഫോണിലൂടെ ഇന്ത്യ-ചൈന അതിർത്തി സാഹചര്യം ചർച്ച ചെയ്തിരുന്നുവെന്നും വക്താവ് പറഞ്ഞു. ഇരുപക്ഷവുമായി മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ട്രംപ് മുമ്പ് ട്വിറ്ററിലൂടെ വാഗ്ദാനം മുന്നോട്ട് വച്ചെങ്കിലും നിലവിലെ സംഘർഷത്തെ കുറിച്ച് മൗനം പാലിക്കുകയാണ്.

അതേസമയം, അതിർത്തിയിൽ നിന്ന് എത്രയും വേഗം സൈനികരുടെ പിന്മാറ്റം പൂർത്തിയാക്കാൻ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചയിൽ തീരുമാനമായിട്ടുണ്ട്. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഘർഷത്തിന് ശേഷം ആദ്യമായി നയതന്ത്ര തലത്തിൽ നടന്ന ചർച്ചയാണ് ഇത്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിൽ അതിർത്തിയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ചർച്ച ചെയ്തു. ഇന്ത്യൻ സൈനികർക്ക് നേരെ നടന്ന ക്രൂരമായ ആക്രമണങ്ങൾ അടക്കമുള്ള വിഷയങ്ങൾ ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സംഘർഷം രമ്യമായി പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായും ചൈനയെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.

അതിർത്തിയിലെ സംഘർഷത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും മുൻനിര സൈനികരെ നിയന്ത്രിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയോട് ആവശ്യപ്പെട്ടു. ചൈനീസ് സൈനികരെ പ്രകോപിപ്പിക്കുകയും അക്രമിക്കുകയും ചെയ്തതാണ് കിഴക്കൻ ലഡാക്കിലുണ്ടായ ഏറ്റുമുട്ടലിൽ കലാശിച്ചതെന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യയുമായി കൂടുതൽ അതിർത്തി സംഘർഷങ്ങൾക്ക് ആഗ്രഹിക്കുന്നില്ലെന്നും പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലി ജിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗൽവാൻ താഴ്‌വരയിൽ ഉണ്ടായ സംഘർഷത്തിൽ ഇന്ത്യയുടെ 20 സൈനികർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരണമുണ്ട്. നാലു സൈനികർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ചൈനയുടെ ഭാഗത്തുനിന്ന് 45പേർ മരിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ചൈന ഇക്കാര്യം പുറത്തുവിട്ടിട്ടില്ല.

ഒറ്റവെടിയും പൊട്ടാതിരുന്നിട്ടും ലഡാക്കിൽ ഇത്രയും സൈനികരുടെ ജീവൻ നഷ്ടമായതിൽ ഏവരും നടുങ്ങുകയാണ്.തോക്കിന്റെ പാത്തിയും ഇരുമ്പുദണ്ഡും കല്ലും ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് കേണലുൾപ്പെടെ മൂന്ന് ഇന്ത്യൻ സൈനികർക്ക് ജീവഹാനിയുണ്ടായതെന്നാണ് ബിബിസി അടക്കമുള്ള രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഗാൽവാൻ താഴ്‌വരയിൽ ചർച്ച നടത്തി സൈനിക പോസ്റ്റുകളിലേക്ക് മടങ്ങുന്നതിനിടെ സൈനികർ തമ്മിൽ പ്രകോപനമുണ്ടാകുകയായിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം അതിർത്തിയിൽ നിലയുറപ്പിക്കാവുന്ന സ്ഥലത്തുനിന്ന് ചൈനീസ് ട്രൂപ്പുകൾ മുന്നേറിയതാണ് സംഘർഷത്തിലേക്ക് നീങ്ങിയതെന്നാണ് വിവരം .ഇതേ തുടർന്ന് ഉന്തും തള്ളുമുണ്ടാവുകയും മർദ്ദനത്തിലേക്ക് വഴിമാറുകയും ചെയ്തു. ബാറ്റൺ കൊണ്ടും കല്ലുകൊണ്ടുമാണ് പലർക്കും മർദ്ദനമേറ്റത്. ഇതോടെ സൈനികരും പ്രത്യാക്രമണം നടത്തി. സംഘർഷം മണിക്കൂറുകൾ നീണ്ടുനിന്നെന്നും ഒടുവിൽ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നുമാണ് വിവരം. തിങ്കളാഴ്ച വൈകിട്ടുണ്ടായ സംഘർഷം അർധരാത്രിയോടെയാണ് അവസാനിച്ചത്. ചൈന അതിർത്തി കയറി സംഘർഷം നടത്തിയെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് എല്ലാം ഉപാധികളും അംഗീകരിച്ച ശേഷമായിരുന്നു അതിർത്തിയിൽ ചൈനയുടെ പ്രകോപനം.

മെയ് ആദ്യമാണ് ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ അതിർത്തി ലംഘിച്ച് ഇന്ത്യൻ ഭാഗത്തേക്ക് 3 കിലോമീറ്റർ വരെ ചൈനീസ് സേന അതിക്രമിച്ചു കയറിയത്. ഏതാനും മാസങ്ങളായി അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷം പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഏപ്രിൽ മുതൽ നിരവധി തവണ ഇരുസേനകളും പരസ്പരം ചെറിയ ഉരസലുകൾ ഉണ്ടായിട്ടുണ്ട്. അതിർത്തിത്തർക്കം പരിഹരിക്കുന്നതിന് സൈനികോദ്യോഗസ്ഥർ തിങ്കളാഴ്ചയും ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതിനിടെയാണ് രാത്രി ഏറ്റുമുട്ടൽ രൂക്ഷമായത്. ഗൽവാനിലെ 14ാം പട്രോൾ പോയിന്റിലും, ഹോട് സ്പ്രിങ്സിലെ 15, 17 പോയിന്റുകളിലും പാംഗോങ്ങിലുമാണ് സംഘർഷം നിലനിൽക്കുന്നത്. അതേസമയം വിദേശകര്യമന്ത്രിമാരുടെ ചർച്ചയിലും സൈനിക തലത്തിലും ധാരണയാതിനെ തുടർന്ന് ഇനി കൂടുതൽ പ്രശ്നങ്ങൾ അതിർത്തിയിൽ ഉണ്ടാവില്ലെന്നാണ് പൊതുവെ കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP