Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതിർത്തിയിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് ഏഴ് സ്ഥലങ്ങളിൽ; പാംഗോങ് മേഖലയിൽ അതിക്രമിച്ചു കയറിയിരിക്കുന്നത് എട്ട് കിലോമീറ്ററോളം; ഗൽവാനിൽ ലക്ഷ്യമിടുന്നത് എയർസ്ട്രിപ്പ്; 45,000 പട്ടാളക്കാരെ സജീവമാക്കി കരസേനയും; സേനാ തല ചർച്ചകളിൽ ചൈന കാട്ടുന്നത് നിസ്സംഗ ഭാവം; അതിർത്തി തർക്കങ്ങൾ ഇനിയും കാലങ്ങൾ തുടരാൻ സാധ്യത; അതിവേഗ ഇടപെടൽ മോദി നടത്തണമെന്ന ആവശ്യവുമായി ഇന്ത്യൻ സൈന്യം; ഇനി വേണ്ടത് ഭരണതലത്തിലെ നയതന്ത്ര ചർച്ചകളെന്ന് വിലയിരുത്തൽ

അതിർത്തിയിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് ഏഴ് സ്ഥലങ്ങളിൽ;  പാംഗോങ് മേഖലയിൽ അതിക്രമിച്ചു കയറിയിരിക്കുന്നത് എട്ട് കിലോമീറ്ററോളം; ഗൽവാനിൽ ലക്ഷ്യമിടുന്നത് എയർസ്ട്രിപ്പ്; 45,000 പട്ടാളക്കാരെ സജീവമാക്കി കരസേനയും; സേനാ തല ചർച്ചകളിൽ ചൈന കാട്ടുന്നത് നിസ്സംഗ ഭാവം; അതിർത്തി തർക്കങ്ങൾ ഇനിയും കാലങ്ങൾ തുടരാൻ സാധ്യത; അതിവേഗ ഇടപെടൽ മോദി നടത്തണമെന്ന ആവശ്യവുമായി ഇന്ത്യൻ സൈന്യം; ഇനി വേണ്ടത് ഭരണതലത്തിലെ നയതന്ത്ര ചർച്ചകളെന്ന് വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി സംഘർഷത്തിനു പരിഹാരം കാണാൻ ഭരണ തലത്തിലുള്ള ചർച്ചകൾ അനിവാര്യമെന്ന നിലപാടിലേക്ക് സൈനിക നേതൃത്വം. രാജ്യത്തെ ഭരണ നേതൃത്വത്തിൽനിന്ന് ക്രിയാത്മക ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കരസേന. ചൈന ചർച്ചകളിൽ സജീവമായി ഇടപെടുന്നില്ല. അതുകൊണ്ട് തന്നെ അന്തിമ പ്രശ്‌ന പരിഹാരം നീളുകയാണ്. അതിർത്തിയിൽ സേനാതലത്തിലുള്ള ചർച്ചകളോടു സഹകരിക്കാൻ ചൈന ആത്മാർഥ ശ്രമം നടത്താത്ത സാഹചര്യം ഗുരുതരമാണ്. അതുകൊണ്ട് തന്നെയാണ് ഭരണ നേതൃത്വത്തിന്റെ ഇടപെടൽ സേന തേടുന്നത്. കടന്നുകയറ്റ നീക്കങ്ങളിൽ നിന്നു പിന്മാറാൻ ചൈനയെ നിർബന്ധിതരാക്കുന്ന നയവും തന്ത്രവും ഭരണനേതൃത്വം പുറത്തെടുക്കണം.

50 നാൾ പിന്നിട്ട സംഘർഷം പരിഹരിക്കാൻ മുപ്പതോളം ചർച്ചകൾ സേനാതലത്തിൽ നടത്തിയപ്പോൾ, നയതന്ത്ര തലത്തിൽ അതിനനുസരിച്ചുള്ള ഇടപെടലുണ്ടായിട്ടില്ല. കൂടുതൽ സംഘർഷങ്ങളുണ്ടാകാതിരിക്കാനും താൽക്കാലിക പരിഹാരത്തിനുമുള്ള വഴികളാണു സേനാതലത്തിൽ നടക്കുന്നത്. ഇത് പ്രശ്‌ന പരിഹാരം ഉണ്ടാക്കുന്നില്ല. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി മോദി അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. ഗൽവാൻ ഏറ്റുമുട്ടലോടെ പരസ്പര വിശ്വാസം പൂർണമായി നഷ്ടപ്പെട്ട അന്തരീക്ഷത്തിലാണ് ഇരുസേനകളും ചർച്ചകൾ നടത്തുന്നത്. എന്നാൽ ഇത് ഫലപ്രാപ്തിയിൽ എത്തുമെന്ന വികാരം ഉയരുന്നില്ല.

അതിർത്തിയിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് 7 സ്ഥലങ്ങളിലാണെന്ന വിലയിരുത്തലിൽ അവിടെ കേന്ദ്രീകരിച്ചുള്ള തയ്യാറെടുപ്പുകൾ കരസേന ആരംഭിച്ചു. 3 സേനാ ഡിവിഷനുകളെ (ഏകദേശം 45,000 പട്ടാളക്കാർ) അവിടെ സജ്ജമാക്കും. അവയ്‌ക്കൊപ്പം, വ്യോമസേന, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) എന്നിവയുമുണ്ടാകും. പ്രശ്‌നപരിഹാരം നീണ്ടുപോകാനുള്ള സാധ്യത മുന്നിൽക്കണ്ടു ശൈത്യകാലം ആരംഭിക്കുന്ന നവംബർ വരെ തുടരാനുള്ള തയ്യാറെടുപ്പുകളാണു നടത്തുന്നത്. എതിർഭാഗത്തേക്കു കടന്നുകയറിയുള്ള ആക്രമണമല്ല, മറിച്ച് ചൈനയുടെ നീക്കങ്ങൾ പ്രതിരോധിക്കുക, തിരിച്ചടിക്കുക എന്നതാണു ദൗത്യം.

ഒരു മാസത്തിലേറെയായി സംഘർഷം നിലനിൽക്കുന്ന 4 സ്ഥലങ്ങൾക്കു പുറമേയാണു മൂന്നിടത്തു കൂടി ചൈന കടന്നുകയറ്റ നീക്കങ്ങൾ നടത്തുന്നത്. കഴിഞ്ഞ ദിവസം ലഡാക്കിലെത്തിയ കരസേനാ മേധാവി ജനറൽ എം.എം. നരവനെ ഡൽഹിയിൽ മടങ്ങിയെത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ സ്ഥിതിഗതികൾ ധരിപ്പിച്ചു. ഈ ചർച്ചയ്ക്കിടെ രാഷ്ട്രീയ പ്രശ്‌ന പരിഹാരം അനിവാര്യമെന്ന് സേനാ തലവൻ പ്രതിരോധ മന്ത്രിയെ അറിയിച്ചതായാണ് സൂചന. സംഘർഷം നിലനിന്നിരുന്ന പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ (ഫിംഗർ 4), ഗൽവാനിലെ പട്രോൾ പോയിന്റ് 14 (പിപി 14), ഹോട് സ്പ്രിങ്‌സ് (പിപി 15), ഗോഗ്ര ഹൈറ്റ്‌സ് (പിപി 17) എന്നിവയ്ക്കു പുറമെയാണ് പിപി 18, കോങ്ക ലാ (പിപി 19), ഡെപ്‌സാങ് എന്നിവിടങ്ങളിലും ചൈന നിലയുറപ്പിക്കുന്നത്.

പട്രോൾ പോയിന്റ് 16 ഒഴികെ ഗൽവാൻ ഹോട് സ്പ്രിങ്‌സ് മേഖലയിലുടനീളം ചൈനയുടെ വൻ സേനാ സന്നാഹം അതിർത്തിയോടു ചേർന്നു നിലയുറപ്പിച്ചിട്ടുണ്ട്. സംഘർഷം ഏറ്റവും മൂർധന്യാവസ്ഥയിലുള്ള പാംഗോങ് മേഖലയിൽ ഇന്ത്യയുടെ സ്ഥലത്തേക്ക് 8 കിലോമീറ്ററാണ് അതിക്രമിച്ചു കയറിയിരിക്കുന്നത്. ഗൽവാനിൽ അവർ പിടിച്ചെടുക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ ഭാഗത്തുള്ള 3 കിലോമീറ്ററാണ്. വ്യോമതാവളം (എയർ സ്ട്രിപ്) സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓൾഡിക്കു സമീപമുള്ള ഡെപ്‌സാങ് ഇന്ത്യയുടെ സേനാ നീക്കങ്ങളിൽ അവിഭാജ്യ ഘടകമാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് സൈന്യം ആവശ്യപ്പെടുന്നത്.

ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി നടത്തിയ ഉച്ചകോടി അടക്കം വലിയ ചർച്ചയായിരുന്നു. പലപ്പോഴും ചൈനീസ് പ്രസിഡന്റുമായി നല്ല അടുപ്പം മോദിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മോദി പ്രശ്‌നത്തിൽ ഇടപെടണമെന്നാണ് ആവശ്യം. അതിർത്തിയിൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്‌നങ്ങൾ സംസാരിച്ചു തീർക്കേണ്ടതു ഭരണനേതൃതലത്തിലാണെന്നും അല്ലാത്തപക്ഷം ഭാവിയിലും സമാനരീതിയിലുള്ള കടന്നുകയറ്റങ്ങൾക്കു ചൈന മുതിരുമെന്നും സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഒരുക്കമാണെന്നു സേനാതല ചർച്ചയിൽ അറിയിച്ചെങ്കിലും ചൈന വാക്കു പാലിക്കുമെന്ന പ്രതീക്ഷ ഇന്ത്യയ്ക്കില്ല. സംഘർഷം ദീർഘനാൾ തുടരാൻ ലക്ഷ്യമിട്ടാണ് അതിർത്തിയിൽ ടെന്റുകളടക്കം അവർ സ്ഥാപിച്ചിരിക്കുന്നത്. തർക്കം നീട്ടാനാണു ചൈനയുടെ ശ്രമം. രാഷ്ട്രീയതലത്തിൽ പരിഹരിക്കേണ്ട വിഷയമാണിത്. എത്രയും വേഗം അതുണ്ടായില്ലെങ്കിൽ സംഘർഷം നീണ്ടേക്കാം. സൈനികർ മുഖാമുഖം നിൽക്കുമ്പോൾ ഗൽവാൻ വീണ്ടും സംഭവിക്കുമെന്നും സൈന്യം പറയുന്നു.

അതിനിടെ ചൈന കയ്യടക്കിയ ഇന്ത്യയുടെ പ്രദേശങ്ങൾ എപ്പോൾ, എങ്ങനെ തിരിച്ചുപിടിക്കുമെന്നറിയാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചിരുന്നു. ഗൽവാനിൽ വീരമൃത്യു വരിച്ച സേനാംഗങ്ങൾക്കു പ്രണാമമർപ്പിച്ച് കോൺഗ്രസ് സംഘടിപ്പിച്ച 'ഷഹീദോം കോ സലാം ദിവസ്' പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ വിഡിയോ സന്ദേശത്തിലാണു സോണിയ സർക്കാരിനോട് ചോദ്യങ്ങളുന്നയിച്ചത്. എന്നല്ല, മൂന്നിടങ്ങളിൽ ഇന്ത്യയുടെ ഭൂമി ചൈന കയ്യടക്കിയെന്നു രാഹുൽ ഗാന്ധി എംപി പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തോടു സത്യം പറയണം. ഭൂമി തിരിച്ചുപിടിക്കുമെന്ന് മോദി തുറന്നുപറഞ്ഞാൽ രാജ്യം മുഴുവൻ അദ്ദേഹത്തിനൊപ്പം നിൽക്കുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

സേനാംഗങ്ങൾക്കു പ്രണാമമർപ്പിച്ച് രാജ്യമെങ്ങും അനുശോചന യോഗങ്ങൾ കോൺഗ്രസ് സംഘടിപ്പിച്ചു. സേനാംഗങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ച് 'സ്പീക് ഫോർ ജവാൻസ്' എന്ന പേരിൽ ഓൺലൈൻ പ്രചാരണ പരിപാടിയും നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP