Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202203Saturday

പ്രധാനമന്ത്രി പദവി പോയെങ്കിലും പാക്കിസ്ഥാനിൽ ഇമ്രാൻഖാന്റെ ജനപ്രീതിക്ക് കുറവില്ല; പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കാൻ എത്തുന്നത് ലക്ഷങ്ങൾ; പാക് ഭരണകൂടത്തിന് തലവേദനയാകുമ്പോൾ ചാനലുകൾക്ക് വിലക്കുമായി സർക്കാർ; ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ തൽസമയം കാണിക്കരുതെന്ന് ടി വി ചാനലുകള്ക്ക് നിർദ്ദേശം

പ്രധാനമന്ത്രി പദവി പോയെങ്കിലും പാക്കിസ്ഥാനിൽ ഇമ്രാൻഖാന്റെ ജനപ്രീതിക്ക് കുറവില്ല; പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കാൻ എത്തുന്നത് ലക്ഷങ്ങൾ; പാക് ഭരണകൂടത്തിന് തലവേദനയാകുമ്പോൾ ചാനലുകൾക്ക് വിലക്കുമായി സർക്കാർ; ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ തൽസമയം കാണിക്കരുതെന്ന് ടി വി ചാനലുകള്ക്ക് നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ഇസ്‌ലാമബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി പദവി പോയെങ്കിലും പാക്കിസ്ഥാനിൽ ജനപ്രീതിയിൽ മുന്നിലാണ് മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. അതുകൊണ്ട് തന്നെ പാക് ഭരണകൂടം ഇമ്രാനെ ഒരു നോട്ടപ്പുള്ളിയായാണ് കാണുന്നതും. ഇമ്രാന്റെ റാലികളിലെല്ലാം പങ്കെടുക്കാൻ എത്തുന്നത് വൻ ജനക്കൂട്ടമാണ്. ഈ സാഹചര്യം മുന്നിൽ കണ്ട് ഇമ്രാന്റെ ജനപ്രീതിക്ക് തടയിടാൻ മാർഗ്ഗം തേടുകയാണ് പാക് സർക്കാർ.

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ തൽസമയം സംപ്രേഷണം ചെയ്യുന്നതിനു പാക്കിസ്ഥാനിൽ വിലക്കേൽപ്പെടുത്തി. ടിവി ചാനലുകളിൽ പ്രസംഗങ്ങൾ ഇനി കാണിക്കരുതെന്നാണ് അധികൃതരുടെ നിർദ്ദേശം. ഇസ്‌ലാമബാദിൽ നടന്ന റാലിയിൽ സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും ഇമ്രാൻ ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണു സർക്കാർ നീക്കം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, വനിതാ മജിസ്‌ട്രേറ്റ്, തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഷ്ട്രീയ എതിരാളികൾ എന്നിവർക്കെതിരെ കേസ് കൊടുക്കുമെന്നായിരുന്നു ഇമ്രാൻ ഖാന്റെ ഭീഷണി.

ഇമ്രാൻ ഖാന്റെ അടുത്ത അനുയായി ഷഹബാസ് ഗില്ലിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതാണ് ഇമ്രാൻ ഖാനെ പ്രകോപിപ്പിച്ചത്. സർക്കാർ സ്ഥാപനങ്ങൾക്കെതിരായ ഉള്ളടക്കങ്ങൾ ബ്രോഡ്കാസ്റ്റ് ചെയ്യരുതെന്ന തുടർച്ചയായ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും ചാനലുകൾ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടെന്ന് പാക്കിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റി പ്രതികരിച്ചു.

ഇമ്രാൻ ഖാന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്, വിദ്വേഷം പ്രചരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്, പൊതു സമൂഹത്തിലെ സമാധാനത്തിന് ഭീഷണിയാണ് തുടങ്ങിയ നിലപാടുകളും സർക്കാർതല ഉത്തരവിലുണ്ട്. എത്രയും പെട്ടെന്ന് ഉത്തരവു നടപ്പാക്കാനാണു നിർദ്ദേശം. ഇസ്‌ലാമബാദിൽ നടന്ന റാലിയിൽ ജനം കള്ളന്മാരുടെ സംഘത്തോടൊപ്പം നിൽക്കരുതെന്ന് ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തു. രാജ്യത്തെ നിയമസംവിധാനം പക്ഷപാതം കാണിക്കുകയാണെന്നും ഇമ്രാൻ ആരോപിച്ചു.

അതിനിടെ അനധികൃത വിദേശസഹായം സ്വീകരിച്ച കേസിൽ അന്വേഷണ ഏജൻസിക്കു മുൻപിൽ ഹാജരാകാത്തതിനെത്തുടർന്നു പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിലായേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐഎ) രണ്ടാമതും ഇമ്രാൻ ഖാനു നോട്ടിസ് നൽകിയിട്ടുണ്ട്. ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) പാർട്ടി ഇന്ത്യൻ വംശജയായ വ്യവസായി ഉൾപ്പെടെ 34 വിദേശ പൗരന്മാരിൽനിന്നു നിയമവിരുദ്ധമായി ധനസഹായം സ്വീകരിച്ചെന്നും ഇക്കാര്യം തിരഞ്ഞെടുപ്പു കമ്മിഷനിൽനിന്നു മറച്ചുവച്ചെന്നുമാണു കേസ്.

അതിിടെ യുഎസിന്റെ സമ്മർദത്തിലും റഷ്യൻ എണ്ണ വാങ്ങാനുള്ള ഇന്ത്യൻ തീരുമാനത്തെ പിന്തുണച്ച് ഇമ്രാൻ ഖാൻ പൊതുചടങ്ങുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിന്റെ വിഡിയോ ക്ലിപ് പ്രദർശിപ്പിച്ചശേഷം ജയ്ശങ്കറിനെ പ്രകീർത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ പ്രശംസിക്കുകയാണ് ഇമ്രാൻ ചെയ്തത്.

'ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഒരേസമയം സ്വാതന്ത്ര്യം നേടാമെങ്കിൽ, ന്യൂഡൽഹിക്ക് സ്വന്തം ജനതാൽപര്യം അനുസരിച്ചു സ്വതന്ത്ര വിദേശനയം രൂപീകരിക്കാനാവുമെങ്കിൽ, ആരാണ് ഷഹബാസ് ഷരീഫ് സർക്കാരിനെ അതിൽനിന്നു പിന്നോട്ടുവലിക്കുന്നത്? റഷ്യയിൽനിന്ന് എണ്ണ വാങ്ങരുതെന്ന് യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടു. യുഎസിന്റെ തന്ത്രപ്രധാന സഖ്യരാജ്യമാണ് ഇന്ത്യ. എന്നാൽ പാക്കിസ്ഥാൻ അല്ല. പക്ഷേ, ഇന്ത്യൻ വിദേശകാര്യമന്ത്രി എന്താണു പറഞ്ഞതെന്ന് നമുക്ക് കേൾക്കാം'- ഇതു പറഞ്ഞ് ഇമ്രാൻ ജയ്ശങ്കറിന്റെ വിഡിയോ ക്ലിപ് പ്രദർശിപ്പിച്ചു.

'നിങ്ങൾ ആരാണ് എന്നാണ് ജയ്ശങ്കർ അവരോടു ചോദിക്കുന്നത്. റഷ്യയിൽനിന്ന് യൂറോപ്പും ഗ്യാസ് വാങ്ങുന്നു. ഞങ്ങളുടെ ജനങ്ങൾക്ക് ആവശ്യമുള്ളിടത്തോളം കാലം ഞങ്ങളതു വാങ്ങുമെന്ന് ജയ്ശങ്കർ പറയുന്നു. ഇതാണ് ഒരു സ്വതന്ത്ര രാജ്യം ചെയ്യേണ്ടത്. താരതമ്യേന വില കുറഞ്ഞ എണ്ണ വാങ്ങുന്നതിനായി റഷ്യയുമായി ഞങ്ങൾ ചർച്ച നടത്തി. എന്നാൽ യുഎസിന്റെ സമ്മർദത്തെ എതിർത്തു പറയാൻ ഈ സർക്കാരിന് ധൈര്യമില്ല. ഇന്ധനവില ആകാശംമുട്ടുന്നു. ജനങ്ങൾ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. ഈ അടിമത്തത്തെ ഞാൻ എതിർക്കുന്നു' ഇമ്രാൻ കൂട്ടിച്ചേർത്തു.

അടുത്തിടെ പാക്കിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് നിയമസഭാംഗങ്ങൾ രാജിവച്ചതിനെത്തുടർന്ന് ഒഴിവുവന്ന ഒമ്പത് നിയമസഭാ സീറ്റുകളിലും താൻ തന്നെ മത്സരിക്കുമെന്നും ഇമ്രാൻ വ്യക്തമാക്കുകയുണ്ടായി. ഇമ്രാൻ ഖാനെ അവിശ്വാസ വോട്ടിലൂടെ പുറത്താക്കിയതിനെ തുടർന്ന് പിടിഐയുടെ 123 സഭാംഗങ്ങൾ കൂട്ടത്തോടെ രാജി സമർപ്പിച്ചിരുന്നു. ഇവരിൽ 11 പേരുടെ രാജി സ്പീക്കർ അംഗീകരിച്ചു. ഇതിൽ ഒമ്പതിടത്ത് ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 25-ന് നടത്തുമെന്ന് പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) അറിയിച്ചു. രണ്ട് നിയമസഭാംഗങ്ങൾ പരോക്ഷമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്ന് ഒഴിവുവരുന്ന ഒമ്പത് മണ്ഡലങ്ങളിൽ നിന്ന് താൻ മത്സരിക്കാൻ ഇമ്രാൻ ഖാൻ തീരുമാനിച്ചതായി പിടിഐ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP