Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന ഹരീഷ് സാൽവെയുടെ ഭീഷണി ഏറ്റു; ഉത്തരവാദിത്വപ്പെട്ട രാജ്യമെന്ന നിലയിൽ പാക് നിയമങ്ങൾക്ക് അനുസൃതമായി ജാധവിന് ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽനിന്നുള്ള സഹായം ലഭ്യമാക്കുമെന്ന് പാക്കിസ്ഥാൻ; അവകാശങ്ങൾ എന്തൊക്കെയെന്ന് ജയിലിലുള്ള ജാധവിനേയും അറിയിച്ചു; ഇനി വിചാരണ ഉറപ്പാക്കാം; ഇന്ത്യൻ സമ്മർദ്ദത്തിന് മുമ്പിൽ പാക്കിസ്ഥാൻ പിടിവാശി ഉപേക്ഷിക്കുമ്പോൾ

വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന ഹരീഷ് സാൽവെയുടെ ഭീഷണി ഏറ്റു; ഉത്തരവാദിത്വപ്പെട്ട രാജ്യമെന്ന നിലയിൽ പാക് നിയമങ്ങൾക്ക് അനുസൃതമായി ജാധവിന് ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽനിന്നുള്ള സഹായം ലഭ്യമാക്കുമെന്ന് പാക്കിസ്ഥാൻ; അവകാശങ്ങൾ എന്തൊക്കെയെന്ന് ജയിലിലുള്ള ജാധവിനേയും അറിയിച്ചു; ഇനി വിചാരണ ഉറപ്പാക്കാം; ഇന്ത്യൻ സമ്മർദ്ദത്തിന് മുമ്പിൽ പാക്കിസ്ഥാൻ പിടിവാശി ഉപേക്ഷിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഇസ്‌ലാമാബാദ്: ചാരക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാധവിന് ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം ലഭ്യമാക്കാൻ അനുമതി നൽകുമെന്ന് പാക്കിസ്ഥാൻ. ജാധവിന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്നും സ്ഥാനപതി കാര്യാലയത്തിന്റെ സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായക്കോടതി (ഐ.സി.ജെ.) ബുധനാഴ്ച പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്. നീതിയുക്തമായ വിചാരണ നടത്താൻ പാക്കിസ്ഥാൻ തയ്യാറാകാത്തപക്ഷം വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വ്യക്തമാക്കിയിരുന്നു. നിഷ്പക്ഷ വിചാരണ നടത്താൻ പാക്കിസ്ഥാൻ തയ്യാറാകുമെന്ന കാര്യത്തിൽ തനിക്ക് ശുഭാപ്തി വിശ്വാസമാണ് ഉള്ളതെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു. ഇതിന് പിന്നാലൈയാണ് പാക്കിസ്ഥാന്ഡ നടപടി തുടങ്ങിയത്.

'ഉത്തരവാദിത്വപ്പെട്ട രാജ്യമെന്ന നിലയിൽ പാക് നിയമങ്ങൾക്ക് അനുസൃതമായി ജാധവിന് ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽനിന്നുള്ള സഹായം ലഭ്യമാക്കും. അതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. വിയന്ന കരാർ അനുസരിച്ചുള്ള നയതന്ത്ര-നിയമസഹായമാകും നൽകുക.' -പാക് വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച പറഞ്ഞു. വിയന്ന ഉടമ്പടിപ്രകാരം വിദേശരാജ്യങ്ങളിൽ അറസ്റ്റിലാകുന്ന പൗരന്മാർക്ക് സ്വന്തം രാജ്യത്തിന്റെ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം ലഭ്യമാക്കണം. എന്നാൽ ജാധവിന് പാക്കിസ്ഥാൻ ഇത് നിഷേധിച്ചിരുന്നു. ജാധവിന് നിയമസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ 16 തവണ പാക്കിസ്ഥാനെ സമീപിച്ചിരുന്നെങ്കിലും അവയൊക്കെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.

പാക്കിസ്ഥാൻ നിയമങ്ങൾ അനുശാസിക്കുന്ന എല്ലാ സഹായവും കുൽഭൂഷണ് ലഭ്യമാക്കുമെന്ന് പാക് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇതിന് മുന്നോടിയായി വിയന്ന കരാർ പ്രകാരമുള്ള അവകാശങ്ങൾ എന്തൊക്കെയെന്ന് കുൽഭൂഷൺ ജാധവിനെ അറിയിച്ചതായും പാക്കിസ്ഥാൻ വ്യക്തമാക്കി. അന്താരാഷ്ട്ര നീതിന്യായ കോടതി വിധി മാനിച്ചാണ് ഈ തീരുമാനമെന്നാണ് പാക്കിസ്ഥാൻവിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. കുൽഭൂഷൺ കേസിൽ പാക്കിസ്ഥാൻ വിയന്ന കരാർ ലംഘിച്ചെന്നും നയതന്ത്രസഹായം നിഷേധിച്ചെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി വിമർശിച്ചിരുന്നു.

'പാക്കിസ്ഥാനിലെ നിയമങ്ങൾ അനുശാസിക്കുന്ന നയതന്ത്രപരമായ സഹായം ജാദവിന് നൽകും. നയതന്ത്ര ബന്ധങ്ങളെ സംബന്ധിച്ച വിയന്ന കൺവൻഷനിലെ ആർട്ടിക്കിൾ 36, ഖണ്ഡിക 1 (ബി) പ്രകാരമുള്ള അവകാശങ്ങളെ സംബന്ധിച്ച് കുൽഭൂഷൺ ജാദവിനെ കമാൻഡർ അറിയിച്ചിട്ടുണ്ട്' വ്യാഴാഴ്ച രാത്രി പാക് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

വധശിക്ഷ വിധിക്കപ്പെട്ട് പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കൂൽഭൂഷൺ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം അനുകൂല വിധി വന്നിരുന്നു. കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ച പാക്കിസ്ഥാൻ കോടതിയുടെ നടപടി അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളുകയായിരുന്നു. വധശിക്ഷ നടപ്പാക്കുന്നത് നിർത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുൽഭൂഷൺ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു.

ഇന്ത്യയ്ക്കുവേണ്ടി അന്താരാഷ്ട്ര കോടതിയിൽ ഹാജരായത് അഡ്വക്കേറ്റ് ഹരീഷ് സാൽവെയായിരുന്നു. ഒരു രൂപ പ്രതിഫലം വാങ്ങിയാണ് അദ്ദേഹം കുൽഭൂഷണുവേണ്ടി വാദിച്ചത്. ജാദവ് ചാരനാണെന്ന് സ്ഥാപിച്ചെടുക്കാൻ കോടികൾ ചിലവഴിച്ച് അഭിഭാഷകരെ ഹാജരാക്കിയാണ് പാക്കിസ്ഥാൻ ശ്രമം നടത്തിയത്. കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നയതന്ത്ര സഹായം ലഭിക്കുന്നതോടെ പാക് സൈനിക കോടതിയിൽ നടക്കുന്ന വാദങ്ങളിൽ ശക്തമായ പ്രതിരോധം തീർക്കാൻ ജാദവിന് കഴിയുമെന്ന് ലണ്ടനിലുള്ള സാൽവെ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ചാരനാണെന്ന് ആരോപിച്ചാണ് പാക് സൈനിക കോടതി ജാദവിന് വധശിക്ഷ വിധിച്ചത്. എന്നാൽ, നാവിക സേനയിൽനിന്ന് വിരമിച്ചശേഷം ബിസിനസ് ആവശ്യത്തിനായി ഇറാനിലെത്തിയ ജാദവിനെ പാക് ചാരസംഘടന അവിടെനിന്ന് തട്ടിക്കൊണ്ടു പോവുകയാണ്
ഉണ്ടായതെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP