Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സൗദിയിലെ ഖമീസ് മുഷൈത്തിനു നേരെ വീണ്ടും മിസൈൽ ആക്രമണ ശ്രമം; ജനവാസ കേന്ദ്രത്തിനു നേരെയുള്ള നീക്കത്തെ തകർത്തത് സഖ്യസേനയെന്ന് സൗദിയുടെ ഔദ്യോഗികവാർത്ത ഏജൻസി; കിങ് ഖാലിദ് എയർബേസ് ലക്ഷ്യമാക്കിയാണ് മിസൈൽ തൊടുത്തുവിട്ടതെന്ന് ഹൂതികളുടെ അവകാശവാദം; റോക്കറ്റ് തൊടുത്ത് വിട്ടത് യമനിലെ സന പ്രവശ്യയിൽ നിന്നും; ഹൂതികളുടേത് യുദ്ധസമാനമായ പ്രവർത്തിയെന്ന് സൗദിയും; യുദ്ധഭീതിയിൽ ഗൾഫ് മേഖല

സൗദിയിലെ ഖമീസ് മുഷൈത്തിനു നേരെ വീണ്ടും മിസൈൽ ആക്രമണ ശ്രമം; ജനവാസ കേന്ദ്രത്തിനു നേരെയുള്ള നീക്കത്തെ തകർത്തത് സഖ്യസേനയെന്ന് സൗദിയുടെ ഔദ്യോഗികവാർത്ത ഏജൻസി; കിങ് ഖാലിദ് എയർബേസ് ലക്ഷ്യമാക്കിയാണ് മിസൈൽ തൊടുത്തുവിട്ടതെന്ന് ഹൂതികളുടെ അവകാശവാദം; റോക്കറ്റ് തൊടുത്ത് വിട്ടത് യമനിലെ സന പ്രവശ്യയിൽ നിന്നും; ഹൂതികളുടേത് യുദ്ധസമാനമായ പ്രവർത്തിയെന്ന് സൗദിയും; യുദ്ധഭീതിയിൽ ഗൾഫ് മേഖല

മറുനാടൻ മലയാളി ബ്യൂറോ

ഖമീസ്മുഷൈത്ത്: സൗദിയിലെ ഖമീസ് മുഷൈത്തിനു നേരെ വീണ്ടും ഹൂതി വിമതരുടെ മിസൈൽ ആക്രമണ ശ്രമം. ഇന്നലെയുണ്ടായ മിസൈൽ ആക്രമണശ്രമത്തെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകർത്തതായി സൗദി അറേബ്യയുടെ ഔദ്യോഗികവാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാന്റെ പിന്തുണയോടെയാണ് അക്രമമെന്നാണ് സഖ്യസേനയുടെ നിലപാട്. അതുകൊണ്ട് തന്നെ കടുത്ത നടപടികൾ എടുത്തേക്കും.

ഖമീസ്മുഷൈത്തിലെ ജനവാസ കേന്ദ്രത്തിനുനേരെയായിരുന്നു മിസൈൽ ആക്രമണ ശ്രമം ഉണ്ടായതെന്ന് സഖ്യസേന വക്താവ് തുർക്കി അൽ മാലിക്കി അറിയിച്ചു. ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ യമനിലെ സന പ്രവിശ്യയിൽനിന്നാണ് ഖമീസിലെ ജനവാസ കേന്ദ്രത്തിനു നേരെ മിസൈൽ തൊടുത്തുവിട്ടതെന്നാണ് സൂചന. എണ്ണകപ്പലുകളും മറ്റും പിടിച്ചെടുത്ത് ഇറാൻ പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയും റോക്കറ്റ് ആക്രമണങ്ങൾ തുടരുകയാണ്. ഏത് നിമിഷവും യുദ്ധത്തിലേക്ക് ഇത് കാര്യങ്ങളെത്തിക്കും.

കിങ് ഖാലിദ് എയർബേസ് ലക്ഷ്യമാക്കിയാണ് മിസൈൽ തൊടുത്തുവിട്ടതെന്നാണ് ഹൂതികളുടെ അവകാശവാദം. ഇതിനെ തുർക്കി അൽ മാലിക്കി തള്ളി. നിരാശയാണ് ഹൂതികളുടെ പ്രസ്താവനക്കു കാരണം. യുദ്ധക്കുറ്റത്തിനു സമാനമായ ഹൂതികളുടെ പ്രവൃത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ തെക്ക് ഭാഗത്ത് അബഹ വിമാനത്താവളത്തിനു നേരെ ജൂലായ് മൂന്നിനുണ്ടായ മിസൈൽ ആക്രമണത്തിൽ ഒമ്പത് സാധാരണക്കാർക്ക് പരിക്കേറ്റിരുന്നു.

ജൂൺ 12ന് ഇതേ വിമാനത്താവളത്തിലുണ്ടായ മിസൈൽ ആക്രമണത്തിൽ 26 സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജൂൺ 23നു അബഹ വിമാനത്താവളത്തിനുനേരെയുണ്ടായ ആക്രമണത്തിൽ ഒരു സിറിയക്കാരൻ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിനിടെ സൗദിക്ക് കൂടുതൽ സഹായം നൽകാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുകയാണ്. സൗദി അറേബ്യയ്ക്ക് ആയുധം വിൽക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള യു.എസ്. കോൺഗ്രസിന്റെ മൂന്നുപ്രമേയങ്ങൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീറ്റോ അധികാരമുപയോഗിച്ച് തടഞ്ഞു. അന്താരാഷ്ട്രതലത്തിലെ യു.എസിന്റെ മത്സരക്ഷമത കുറയ്ക്കുമെന്നും സഖ്യ-പങ്കാളിത്ത രാജ്യങ്ങളുമായുള്ള ബന്ധത്തിന് കോട്ടമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി.

''സൗദി അറേബ്യയ്ക്ക് ആയുധങ്ങൾ നൽകേണ്ടത് ആവശ്യമാണ്. സൗദിയിലെ എൺപതിനായിരത്തിലേറെ വരുന്ന യു.എസ്. പൗരന്മാരെ യെമെനിലെ ഹൂതിവിമതരുടെ ആക്രമണത്തിൽനിന്ന് സംരക്ഷിക്കേണ്ടതുണ്ട്. ഇറാന്റെ പിന്തുണയോടെ ഹൂതികൾ സാധാരണക്കാർക്കും സൈന്യത്തിനും നേരെ അവിടെ ആക്രമണം നടത്തുന്നുണ്ട്. സൗദിയിലേക്കുള്ള ആയുധവിൽപ്പന തടയുന്നത് സൗദിയിലുള്ള യു.എസ്. സൈനികരെ ബാധിക്കും. ഇറാനെ പ്രതിരോധിക്കാനുള്ള അവരുടെ ശേഷിയെയും ഇതുബാധിക്കും'' -ട്രംപ് പറഞ്ഞു. അതേസമയം, ട്രംപിന്റെ നടപടിയെ വിമർശിച്ച് ഡെമോക്രാറ്റിക് അംഗങ്ങൾ രംഗത്തെത്തി. മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകമുൾപ്പെടെ സൗദിക്ക് പങ്കുള്ള ക്രൂരമായ നടപടികൾ അവഗണിച്ചുകൊണ്ടാണ് ട്രംപിന്റെ തീരുമാനമെന്ന് പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി പറഞ്ഞു. എന്നാൽ ഇത്തരം വിഷയങ്ങൾ ട്രംപ് കാര്യമായെടുക്കില്ല.

ലോകരാഷ്ട്രങ്ങൾക്കിടയിൽ ഏറെ വിമർശനം ഉയർന്ന ഒന്നായിരുന്നു സൗദി സഖ്യത്തിന്റെ യെമനിലെ സൈനിക നടപടി. ആയിരക്കണക്കിന് സാധാരണക്കാർ ആയിരുന്നു ഇതിൽ കൊല്ലപ്പെട്ടത്. നാല് വർഷം കൊണ്ട് കാര്യമായ മുന്നേറ്റം സൃഷ്ടിക്കാനും സാധിച്ചിട്ടില്ല. വിജയിക്കാനാത്ത യുദ്ധം എന്ന രീതിയിൽ ആണ് വിദേശ നിരീക്ഷകർ സൗദി സഖ്യത്തിന്റെ യെമൻ സൈനിക നടപടിയെ വിശേഷിപ്പിക്കുന്നത്. 2015 ൽ ആയിരുന്നു സൗദിയുടെ യെമൻ സൈനിക നീക്കം തുടങ്ങുന്നത്. ഹൂതി വിമതരെ തുരത്തി യെമനിലെ ഔദ്യോഗിക സർക്കാരിനെ സ്ഥിരപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. ഇതേ തുടർന്ന് ഹൂതി വിമതർ സൗദിക്കും യുഎഇയ്ക്കും നേരെ പലതവണ ആക്രമണം നടത്തുകയും ചെയ്തിരുന്നു.

യെമനിൽ ഹൂതി വിമതർക്ക് വേണ്ട എല്ലാ പിന്തുണയും നൽകുന്നത് ഇറാൻ ആണെന്നാണ് സൗദി സഖ്യത്തിന്റെ ആരോപണം. പരമ്പരാഗത വൈരികളായ ഇറാൻ എതിർവശത്ത് നിൽക്കുമ്പോൾ സൗദിക്ക് ഈ യുദ്ധത്തിൽ നിന്ന് പിന്മാറുക എളുപ്പമല്ല. സൈനികമായ ഒരു വിജയത്തിന് വേണ്ടിയല്ല തങ്ങളുടെ ശ്രമം എന്നാണ് ഇപ്പോഴും സൗദിയുടെ നിലപാട്. തങ്ങൾ ആഗ്രഹിക്കുന്നത് യെമനിൽ ഒരു രാഷ്ട്രീയ പരിഹാരം ആണ്. എന്നാൽ സൗദിയുമായി ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള നീക്കുപോക്കുകൾക്കും ഹൂതികൾ തയ്യാറും അല്ല. സൗദി സഖ്യത്തിന്റെ യെമൻ സൈനിക നടപടിക്ക് അമേരിക്കയും പിന്തുണ നൽകുന്നുണ്ട്.

യെമനിൽ ഔദ്യോഗിക സർക്കാരിനെ പുനഃസ്ഥാപിക്കാൻ ഇതുവരെ സഖ്യസൈന്യത്തിന് ആയിട്ടില്ല. മാത്രമല്ല ഹൂതികൾ കൂടുതൽ ശക്തി നേടിയിട്ടും ഉണ്ട്. ഇതാണ് സൗദിയിലേക്കുള്ള നിരന്തര ആക്രമണങ്ങളിലൂടെ വ്യക്തമാകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP