Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരുമകൻ ജാരെദ് കുഷ്നർ ഹിസ്റ്ററിയിൽ ട്യൂഷനെടുത്തപ്പോൾ ട്രംപ് തീരുമാനിച്ചു: ഗോലാൻ കുന്നുകളുടെ അധിപർ ഇസ്രയേൽ തന്നെ; അമേരിക്ക ശരിവച്ചതോടെ ഒന്നുംവിട്ടുകൊടുക്കേണ്ടി വരില്ലെന്ന് ഉറപ്പിച്ച് ഇസ്രയേലികൾ; പലായനം ചെയ്ത ഭൂമിയിലേക്ക് ഒരുവട്ടം കൂടി എത്താനാകുമോയെന്ന ആശങ്കയോടെ സിറിയക്കാർ; ഗോലാൻ കുന്നുകളെ ട്രംപ് ഹൈറ്റ്സാക്കി വേഷം മാറ്റുമ്പോൾ ടൂറിസത്തിൽ വൻനിക്ഷേപത്തിന് ഒരുങ്ങി യുഎസ് വ്യവസായികൾ; ട്രംപ് മാറ്റുന്ന ചരിത്രം ഇങ്ങനെ

മരുമകൻ ജാരെദ് കുഷ്നർ ഹിസ്റ്ററിയിൽ ട്യൂഷനെടുത്തപ്പോൾ ട്രംപ് തീരുമാനിച്ചു: ഗോലാൻ കുന്നുകളുടെ അധിപർ ഇസ്രയേൽ തന്നെ; അമേരിക്ക ശരിവച്ചതോടെ ഒന്നുംവിട്ടുകൊടുക്കേണ്ടി വരില്ലെന്ന് ഉറപ്പിച്ച് ഇസ്രയേലികൾ; പലായനം ചെയ്ത ഭൂമിയിലേക്ക് ഒരുവട്ടം കൂടി എത്താനാകുമോയെന്ന ആശങ്കയോടെ സിറിയക്കാർ; ഗോലാൻ കുന്നുകളെ ട്രംപ് ഹൈറ്റ്സാക്കി വേഷം മാറ്റുമ്പോൾ ടൂറിസത്തിൽ വൻനിക്ഷേപത്തിന് ഒരുങ്ങി യുഎസ് വ്യവസായികൾ; ട്രംപ് മാറ്റുന്ന ചരിത്രം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

യെരുശലേം: ഞായറാഴ്ച അക്കാര്യത്തിൽ തീരുമാനമായി. അര നൂറ്റാണ്ടായി ഉറങ്ങിക്കിടന്ന ഒരുഗ്രാമം പൊടുന്നനെ ഉണർന്നത് പോലെ. വലിയൊരു വിപ്ലവത്തിലേക്ക് കണ്ണുതുറന്നത് പോലെയാണ് ബ്രൂച്ചിം ഗ്രാമനിവാസികൾക്ക് തോന്നുന്നത്. ഗോലാൻ കുന്നുകൾ ട്രംപ് ഹൈറ്റ്സായി വേഷം മാറിയപ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ ചെറുതല്ല. ഗ്രാമം വലുതാവുകയാണ്. 28 വർഷം മുമ്പ് നിലവിൽ വന്ന ഗ്രാമത്തിൽ ആളനക്കം കൂടുന്നു. ആദ്യഘട്ടത്തിൽ 100 വീടുകൾ. പിന്നീട് 400 വീടുകൾ. എല്ലാം മാറുകയാണ്. ഈ മാറ്റത്തിനായി തങ്ങൾ ദാഹിക്കുകയായിരുന്നുവെന്നാണ് ഗോലാൻ പ്രാദേശിക കൗൺസിൽ മേയർ ഹെയിം റൊക്കാച്ച് പറയുന്നത്.

ആഗോള സമൂഹത്തെ മുഴുവൻ മാറ്റി നിർത്തി ഗോലാൻ കുന്നുകളിലെ ഇസ്രയേൽ അധിനിവേശത്തെ ട്രംപ് സാധൂകരിച്ചപ്പോൾ, ഇസ്രയേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ സമ്മാനം-കുന്നുകൾക്ക് പേര് ട്രംപ് ഹൈറ്റ്സ്. ഇസ്രയേൽ സിറിയയിൽനിന്ന് പിടിച്ചെടുത്ത് കൈവശംവെച്ചിരിക്കുന്ന ഗോലാൻ കുന്നുകളാണ് ട്രംപ് ഹൈറ്റ്‌സ് എന്ന പുതിയ പേരിലേക്ക് കൂടുമാറിയത്. പല പേരും ആലോചിച്ചിരുന്നു. ട്രംപ്സ് ഓയസിസ്, ട്രംപ്സ് സോൾ. ഒടുവിൽ ഉറപ്പിച്ചു, ട്രംപ് ഹൈറ്റ്സ്

ആരാകിലെന്ത്..ട്രംപ് താൻ നമ്മ ആൾ

ട്രംപ് ആരായാലും ഗോലാൻ കുന്നു നിവാസികൾക്കോ ഇസ്രയേലികൾക്കോ ചേതമൊന്നുമില്ല. എന്തൊക്കെ പറഞ്ഞ് അമേരിക്കൻ പ്രസിഡന്റിനെ അധിക്ഷേപിച്ചാലും അവർക്ക് പ്രശനമില്ല. മറ്റാരും ചെയ്യാത്തത് ട്രംപ് ചെയ്തിരിക്കുന്നു. ട്രംപിന്റെ വ്യക്തിത്വം എന്തുമാവട്ടെ, വിഷയത്തെ വസ്തുനിഷ്ഠമായി കാണാനൊന്നും അവർ തയ്യാറല്ല. രാജ്യമാണ് അവർക്ക് എല്ലാം, ഭാവിയാണ് സുപ്രധാനം. മേയർ പോലും ഇതുശരിവയ്ക്കുന്നു. ഇസ്രയേലിന് വേണ്ടി എന്തുചെയ്യുന്നുവെന്നതിനെ ആശ്രയിച്ചാണ് ട്രംപിനെ വിലയിരുത്തുന്നത്. അദ്ദേഹം ഇസ്രയേലിന്റെ ഉറ്റചങ്ങാതി തന്നെ. ഇതാണ് അവിടുത്തെ പൊതുവികാരം. മാർച്ച് 25 തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതൻ യാഹുവിന്റെ സാന്നിധ്യത്തിലാണ് ട്രംപ് ഗോലാൻ കുന്നുകൾ ഇസ്രയേലിന്റെ ഭാഗമാണെന്ന പ്രഖ്യാപനത്തിൽ ഒപ്പു വെച്ചത്.

ഇപ്പോഴും കാണാം പഴയ സിറിയൻ ജീവിതത്തിന്റെ അവശിഷ്ടങ്ങൾ

1967-ലാണ് ഗോലാൻ കുന്നുകൾ സിറിയയിൽനിന്ന് യുദ്ധത്തിലൂടെ ഇസ്രയേൽ കൈവശപ്പെടുത്തിയത്. പിന്നീടത് സ്വന്തം രാജ്യത്തോട് ചേർക്കുകയും ചെയ്തു. 1,30,000 സിറിയക്കാരാണ് അന്ന് വീട്് വിട്ടോടിയത്. ഒരിക്കലും തിരിച്ചുവരാനാകാത്ത പലായനം. സിറിയക്കാർ താമസിച്ചിരുന്ന ഗ്രാമങ്ങളും വയലുകളുമെല്ലാം നശിപ്പിച്ചു. എന്നിരുന്നാലും കല്ലിൽ പണിത പല വീടുകളുടെയും അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം. ഗോലാൻ കുന്നിന്റെ പല ഭാഗങ്ങളും മൈനുകളുടെ ഖനിയുമാണ്. പ്രദേശത്ത് അവേശഷിക്കുന്ന സിറിയക്കാർ, കൂടുതലും ഡ്രൂസ് അറബികൾക്ക് ഇസ്രയേൽ സർക്കാർ പൗരത്വം വാഗ്ദാനം ചെയ്തെങ്കിലും അവർ അത് തള്ളിക്കളഞ്ഞു. അതേസമയം, തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ഇസ്രയേൽ ഇവിടെ സൈനിക താവളങ്ങൾ പണിതു. 20,000 ത്തോളം കുടിയേറ്റക്കാർക്കായി സൗകര്യങ്ങൾ ഒരുക്കി.

കന്നുകാലി ഫാമുകൾ, വൈൻ നിർമ്മാണകേന്ദ്രങ്ങൾ, ചെറുകിട ടൂറിസം അങ്ങനെ പോകുന്നു ഇവരുടെ ജീവിതായോധന മാർഗ്ഗങ്ങൾ. വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ പ്രദേശത്ത് കുടിയേറിയ പാർത്തവരെ പോലെയാണ് ഇവരും ചിന്തിക്കുന്നത്. ബൈബിൾ സംബന്ധിയായി തങ്ങൾക്ക് അവകാശങ്ങളുള്ള സ്ഥലം, അങ്ങനെയാണ് അവർ സംഗതി നിരീക്ഷിക്കുന്നത്. ഒരുസമാധാന ഉടമ്പടി വന്നിരുന്നെങ്കിൽ ഗോലാൻ കുന്നുകൾ കൈവിട്ടുപോകുമായിരുന്നുവെന്ന് പല ഇസ്രയേലികളും കരുതുന്നു. 2000 ത്തിൽ അങ്ങനെയൊന്ന് സംഭവിക്കുമായിരുന്നു. സിറിയയിലെ അന്നത്തെ പ്രസിഡന്റ ഹാഫിസ് അൽ അസ്സദും ഇസ്രയേലും തമ്മിലുള്ള കരാർ നടപ്പിലായിരുന്നെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമായിരുന്നു. എന്നാൽ, അവസാന നിമിഷം എല്ലാം തകിടം മറിഞ്ഞു. സിറിയക്കാർക്ക് ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത വണ്ണം.

ഗോലാൻ കുന്നുകൾ സിറിയയ്ക്ക് മടക്കി നൽകേണ്ടി വരുമെന്ന വലിയ ഭീതിയാണ് ട്രംപിന്റെ അംഗീകാരത്തോടെ ഒഴിഞ്ഞത്. എല്ലാവരും ഇപ്പോൾ ആശ്വാസത്തിലാണ്. ഇസ്രയേൽ പക്ഷപാതികളായ അമേരിക്കൻ കോടീശ്വരന്മാർ പലരും വെസ്റ്റ് ബാങ്കിലെ യഹൂദ കുടിയേറ്റ കേന്ദ്രങ്ങളെ പോലെ തന്നെ ഗോലാൻ കുന്നുകളിലും നിക്ഷേപത്തിന് തയ്യാറാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന ഡോണർമാരായ മിരിയവും ഷെൽഡൻ ആഡൽസണും 200 മുറിയുള്ള ഹോട്ടൽ നിർമ്മിക്കാൻ പോകുന്നു.

ഗോലാൻ കുന്നുകൾ ഒരുസവിശേഷ സ്ഥലമായി വികസിപ്പിച്ചെടുക്കുകയാണ് ഇസ്രയേലികളുടെ സ്വപ്നം. 1992 മുതൽ ഇവിടെ താമസിക്കുന്ന നവോമി പറയുന്നു. ഞങ്ങൾക്ക് ആടും കോഴിയും, നായ്ക്കളും ഒക്കെയുണ്ട്. സാമാന്യം ഭേദപ്പെട്ട ജീവിതവുമുണ്ട്. എന്നാൽ, ഗോലാൻ ഒരിക്കലും പൂർണവികസിതമായിരുന്നില്ല. എന്റെ മൂന്നുമക്കളും ഇവിടം വിട്ടുപോയി. ഇവിടേക്ക് വന്നിട്ട് അവർക്ക് ഒന്നും കിട്ടാനില്ല, നവോമി പറഞ്ഞു. ഇനി ഒരുപക്ഷേ അതൊക്കെ മാറിയേക്കും.

ആറുദിവസത്തെ യുദ്ധം ചരിത്രം മാറ്റി

1967 വരെ ഗോലാൻ സിറിയൻ മേഖലയായിരുന്നു. ആറുദിവസം നീണ്ട യുദ്ധത്തിൽ ഇസ്രേയൽ ഗോലാൻ കുന്നുകളെ കൈയടക്കി. പിന്നീട് 1981 ൽ രാജ്യത്തോട് കൂട്ടിച്ചേർത്തു. എന്നാൽ, അന്താരാഷ്ട്രതലത്തിൽ അംഗീകാരം കിട്ടിയില്ല. യുഎൻ സുരക്ഷാ സമിതിയും ഇസ്രയേലിനോട് മുഖം തിരിച്ചു. യുദ്ധത്തിൽ ഗോലാൻ കുന്നുകൾക്കൊപ്പം വെസ്റ്റ് ബാങ്ക്, ഗസ്സ, സീനായ് ഉപദ്വീപ് കിഴക്കൻ ജറുസലേം എന്നിവ ഇസ്രയേൽ പിടിച്ചെടുത്തു. ഏകീകൃത ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള പരിശ്രമങ്ങൾ അന്നുമുതൽ ആരംഭിച്ചു. പിന്നീട് ട്രംപ് അതുശരിവച്ചു.

1973 ലെ അറബ്-ഇസ്രയേലി യുദ്ധത്തിൽ ഗോലാന്റെ നിയന്ത്രണം വീണ്ടെടുക്കാൻ സിറിയ പരാജയപ്പെട്ടു. 1974 ൽ വെടിനിർത്തൽ ഉണ്ടായെങ്കിലും, സിറിയക്ക് നഷ്ടം മാത്രം. വെടിനിർത്തൽ രേഖയിൽ യുഎൻ നിരീക്ഷണ സേനയെ നിയോഗിച്ചു. ഇസ്രയേലുമായുള്ള ഏതുസമാധാന കരാറിനും ഗോലാൻ കുന്നുകൾ മടക്കി വേണമെന്നാണ് സിറിയ ആവശ്യപ്പെടുന്നത്. പലവട്ടം നേരിട്ട് ചർച്ച നടന്നെങ്കിലും കരാറിൽ എത്താതെ അവസാനിച്ചു. സൈനിക നിയന്ത്രണത്തിലായിരുന്ന പ്രദേശം 1981ൽ ഗോലാൻ ഹൈറ്റ്‌സ് നിയമത്തിലൂടെ ഇസ്രയേലിനോട് കൂട്ടിച്ചേർക്കുകയും അവിടെ യഹൂദ കുടിയേറ്റം ആരംഭിക്കുകയും ചെയ്തു. ''സ്വന്തം നിയമങ്ങളും നിയമവാഴ്ചയും ഭരണവും സിറിയൻ ഗോലാൻ കുന്നുകളിൽ നടപ്പാക്കാനുള്ള ഇസ്രയേലിന്റെ തീരുമാനം അന്താരാഷ്ട്ര നിയമമനുസരിച്ച് അസാധുവാണെ'ന്ന് യു എൻ പ്രമേയം കൃത്യമായി വ്യക്തമാക്കുന്നുണ്ട്.

ഗോലാനിലെ താമസക്കാർ

ഗോലാനിൽ 40,000 ത്തോളം പേരാണ് താമസക്കാർ. പകുതിയോളം യഹൂദ കുടിയേറ്റക്കാർ. അവശേഷിക്കുന്നത് ഡ്രൂസ് അറബികളും, ന്യൂനപക്ഷമായ അലവൈറ്റുകളും. ഡ്രൂസ് അറബികൾ തങ്ങളെ സിറിയക്കാരായാണ് കണക്കാക്കുന്നത്. അലവൈറ്റുകൾ ഷിയ മുസ്ലീങ്ങളുടെ ഉപവിഭാഗമാണ്. സിറിയൻ പ്രസിഡന്റ് ബാഷർ അസദും മറ്റുചില പ്രമുഖരും അലവൈറ്റുകളാണ്.

ഗോലാൻ കുന്നുകൾ തന്ത്രപ്രധാനം

ലെബനനോടും, സിറിയയോടും, ജോർദാൻ താഴ് വരയോടും മുഖാമുഖമുള്ള 1200 ചതുരശ്രകിലോമീറ്റർ പീഠഭൂമിയാണ് ഗോലാൻ. സിറിയയിൽ നിന്ന് 60 കിലോമീറ്റർ മാത്രം ദൂരം. അതിർത്തിയിലെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ ഇസ്രയേലിന് മികച്ച പ്രതിരോധ സ്ഥലം. മറിച്ചായാൽ, സിറിയയ്ക്ക് ഗോലാനിന്റെ നിയന്ത്രണം കൈവന്നാൽ, ഇസ്രയേലിനെതിരെ തന്ത്രപരമായ മുൻതൂക്കം കൈവരികയും ചെയ്യും. ഇപ്പോൾ അതങ്ങനെയല്ലെങ്കിലും.സിറിയയിലെ ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ ഇസ്രയേലിന് ഗോലാൻ കുന്നുകൾ വലിയ രക്ഷാകവചം തന്നെ. ഇറാന്റെയും, ഹിസ്ബുള്ളയുടെയും ഭീഷണി നേരിടാൻ ഒന്നാന്തരം സുരക്ഷാ പരിച. വരണ്ട പ്രദേശത്ത് വെള്ളത്തിന്റെ ഖനി കൂടിയാണ് ഗോലാൻ. ജോർദ്ദാൻ നദിയിലേക്കും ഗലീലി കടലിലേക്കുമുള്ള വെള്ളത്തിന്റെ സ്രോതസ്. മുന്തിരികൃഷിക്കും, ഫലവൃക്ഷ കൃഷിക്കും ഉത്തമം. ഇസ്രയേലിലെ ഏക സ്‌കീ റിസോർട്ടും ഇവിടെ തന്നെ. ചെറുകിട ടൂറിസം ഇനി വൻകിട ടൂറിസമായേക്കും.

ട്രംപ് വരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങൾ

സുരക്ഷ-കുടിവെള്ള പ്രശ്നത്തേക്കാളൊക്കെ വലിയ മാനങ്ങളുണ്ട് ഗോലാനിൽ ഇസ്രയേലിന്റെ പരമാധികാരം അംഗീകരിച്ച ട്രംപിന്റെ തീരുമാനത്തിന്. അന്താരാഷ്ട്ര നിയമം ലംഘിച്ച് ഒരുരാജ്യത്തിന്റെ പ്രദേശം യുദ്ധത്തിലൂടെ കൈയടക്കാമെന്ന കീഴ് വഴക്കം സൃഷ്ടിച്ചു. 2014 ൽ ഉക്രൈനിൽ നിന്ന് ക്രിമിയ കൂട്ടിച്ചേർത്തപ്പോൾ എന്തൊക്കെ ബഹളങ്ങളായിരുന്നു. പുടിന് ഇപ്പോൾ ചോദിക്കാം, ഇതല്ലേ ഇരട്ടത്താപ്പെന്ന്. യുഎൻ സുരക്ഷാസമിതിയുടെ 242, 497 പ്രമേയങ്ങളുടെ ലംഘനം. ഇസ്രയേലിന്റെ ഏകപക്ഷീയമായ കൈയടക്കൽ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമെന്നാണ് സമിതി വിലയിരുത്തിയത്. പ്രമേയങ്ങളെ അന്ന് അമേരിക്കയും പിന്തുണച്ചിരുന്നു.

നീണ്ടുനിന്ന ആഭ്യന്തര യുദ്ധം സിറിയയിലെ ഭരണകൂടത്തെ തീർത്തും ദുർബലമാക്കിയിരിക്കുന്നു. ഗോലാന്റെ മേൽ അവകാശവാദം ഊട്ടിയുറപ്പിക്കാൻ ഇത് ഇസ്രയേലിന് മികച്ച അവസരമായി. 2017 ൽ ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുകയും ഏംബസി അവിടേക്ക് മാറ്റുകയും ചെയ്ത അമേരിക്കയുടെ ചങ്ങാത്തം തന്നെയാണ് ഇസ്രയേലിന് ഗുണകരമായത്.

സിറിയയ്ക്ക് എല്ലാ വഴികളും അടഞ്ഞോ?

ഗോലാൻ കുന്നുകൾ കൈയടക്കി വയ്ക്കുന്ന നയതന്ത്രത്തിന് ഇസ്രയേലിൽ ആഭ്യന്തര എതിർപ്പുകളും ഉണ്ടായിട്ടുണ്ട്. മേഖലയിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാവാൻ കാരണം ഇതാണെന്ന് അവർ വിശ്വസിക്കുന്നു. 1973 ൽ സിറിയ പൊരുതി നോക്കിയെങ്കിലും ഗോലാൻ കുന്നുകൾ തിരിച്ചുപിടിക്കുന്നതിൽ പരാജയപ്പെട്ടു. ട്രംപ് അംഗീകാരം ചൊരിഞ്ഞതോടെ എല്ലാ ചർച്ചകളും അവസാനിച്ചുവെന്നാണ് ഗോലാൻകുന്ന് പക്ഷപാതികളുടെ പ്രതീക്ഷ. എല്ലാം അന്തിമമാണെന്ന് അവർ കരുതുന്നു. ഗോലാൻ കുന്നുകളിലെ ഇസ്രയേൽ അധിനിവേശത്തിന് അംഗീകാരം നൽകിയതിന് പുറമേ എരിതീയിൽ എണ്ണ ഒഴിക്കുന്ന ചില നടപടികളും ട്രംപ് സ്വീകരിച്ചിരുന്നു. ഫലസ്തീനുള്ള അമേരിക്കൻ സഹായം റദ്ദാക്കിയതിനൊപ്പം നയതന്ത്രബന്ധം വിച്ഛേദിക്കുകയും, ഫലസ്തീന്റെ ഭാഗമെന്ന് അവർ അവകാശപ്പെടുന്ന ജറുസലേം ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുകയും ചെയ്തു.

തന്റെ മരുമകനായ ജാരെദ് കുഷ്നറിൽ നിന്നും കിട്ടിയ ചരിത്ര പാഠപ്രകാരമാണ് താൻ ഗോലാൻ കുന്നുകളുടെ കാര്യത്തിൽ തീരുമാനമെടുത്തതെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. കൈയടക്കിയ ഭൂമിക്ക് തന്റെ പേര് നൽകിയതിലൂടെ തന്നെ ആദരിച്ച നെതന്യാഹുവിനോടുള്ള സ്‌നേഹം തിരിച്ചുപ്രകടിപ്പിക്കാനും അദ്ദേഹം തയ്യാറായി. ഇസ്രയേൽ തനിക്ക് നൽകിയ വലിയ ആദരവാണിതെന്ന് നെതന്യാഹുവിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് നടത്തിയ ട്വീറ്റിൽ ട്രംപ് അഭിപ്രായപ്പെട്ടു. ഞായറാഴ്ച ബ്രൂച്ചിമിൽചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഗോലാൻ കുന്നുകൾക്ക് ട്രംപിന്റെ പേര് നൽകാൻ തീരുമാനിച്ചത്. നെതന്യാഹുവും യു.എസ്. അംഹാസഡർ ഡേവിഡ് ഫ്രീഡ്മാനും ചേർന്ന് ട്രംപ് ഹൈറ്റ്‌സ് അനാച്ഛാദനം ചെയ്യുകയും ചെയ്തു. ഇംഗ്ലീഷിലും ഹീബ്രുവിലും ട്രംപ് ഹൈറ്റ്‌സ് എന്ന് ഇവിടെ രേഖപ്പെടുത്തിയിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP