Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ഇസ്രയേലിനോട് പോരടിച്ച് സാമ്പത്തികമായി തകർന്ന് ഫലസ്തീൻ; അമ്പതിനായിരത്തോളം വരുന്ന ജീവനക്കാരുടെ ശമ്പളം ഫലസ്തീൻ അഥോറിറ്റി 60 ശതമാനത്തോളം വെട്ടിക്കുറച്ചു; വ്യാപാര മാന്ദ്യവും വിലക്കയറ്റവും വിനയാകുന്നു; ബജറ്റിന്റെ തൊണ്ണൂറു ശതമാനവും ചെലവാകുന്നത് ബോംബാക്രമണത്തിൽ തകരുന്ന കെട്ടിടങ്ങൾ പുനർ നിർമ്മിക്കാൻ; നാട്ടുകാർ നോമ്പു തുറ സൽക്കാരങ്ങൾ നടത്തുന്നതുപോലും കടംവാങ്ങിയും സ്വർണം പണയംവെച്ചും; പുണ്യമാസമായ റമാദാനിലും അര വയർ നിറക്കാനാവാതെ ഗസ്സ നിവാസികൾ

ഇസ്രയേലിനോട് പോരടിച്ച് സാമ്പത്തികമായി തകർന്ന് ഫലസ്തീൻ; അമ്പതിനായിരത്തോളം വരുന്ന ജീവനക്കാരുടെ ശമ്പളം ഫലസ്തീൻ അഥോറിറ്റി 60 ശതമാനത്തോളം വെട്ടിക്കുറച്ചു; വ്യാപാര മാന്ദ്യവും വിലക്കയറ്റവും വിനയാകുന്നു; ബജറ്റിന്റെ തൊണ്ണൂറു ശതമാനവും ചെലവാകുന്നത്  ബോംബാക്രമണത്തിൽ തകരുന്ന കെട്ടിടങ്ങൾ പുനർ നിർമ്മിക്കാൻ; നാട്ടുകാർ നോമ്പു തുറ സൽക്കാരങ്ങൾ നടത്തുന്നതുപോലും കടംവാങ്ങിയും സ്വർണം പണയംവെച്ചും; പുണ്യമാസമായ റമാദാനിലും അര വയർ നിറക്കാനാവാതെ ഗസ്സ നിവാസികൾ

മറുനാടൻ ഡെസ്‌ക്‌

റാമെള്ള: ലോകത്തിലെ ഏറ്റവും നിർഭാഗ്യജനതകളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്നവരാണ് ഗസ്സയിലെ മുസ്ലീങ്ങൾ. ഇസ്ലാം മത വിശ്വാസികൾ പുണ്യമാസമായി കാണക്കാക്കുന്ന റമദാനിൽ പോലും പട്ടിണിയിലും പരിവട്ടത്തിലുമാണ് ആ ജനത. ശമ്പളം 60 ശതമാനത്തോളം വെട്ടിക്കുറയ്ക്കുന്ന സർക്കാരും സ്വകാര്യ കമ്പനികളും. ഉള്ള ശമ്പളം തന്നെ കിട്ടുന്നത് മൂന്നു മാസത്തിൽ ഒരിക്കൽ. കടുത്ത വ്യാപര മാന്ദ്യം. ഇസ്രയേൽ തകർത്ത കെട്ടിടങ്ങൾ പുനർനിർമ്മിക്കാൻ പോലും പണമില്ല. എന്തിന് റമദാൻ മാസത്തിൽ നോമ്പുതുറ സൽക്കാരങ്ങൾ പോലും നടത്താൻ പണമില്ലാതെ ഗസ്സാ നിവാസികൾ കഷ്ടപ്പെടുകയാന്നെന്നാണ് ബിബിസിയും അൽജസീറയും പോലുള്ള ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആഗോള ഇസ്ലാമിക ലോകം ഈ വിഷയത്തിൽ പ്രതിക്കൂട്ടിൽ നിർത്തുന്നത് ഇസ്രയേലിനെയാണ്. ഇസ്രയേലിന്റെ നിരന്തരമായ ആക്രമണങ്ങൾ ഗസ്സയെ തകർക്കുകയാണെന്ന് ഇവർ പറയുന്നു. പക്ഷേ ചുണ്ടങ്ങ കൊടുത്ത് വഴുതിനങ്ങ വാങ്ങുന്നപോലെയാണ് ഗസ്സയിലെ ഹമാസ് അടക്കമുള്ള സംഘടനകളുടെ നടപടിയെന്ന് നിഷ്പക്ഷരായ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ആദ്യ പ്രകോപനം ഉണ്ടാവുക ഗസ്സയിലെ തീവ്രാവാദികളുടെ ഭാഗത്തുനിന്നാണ്. എന്നാൽ കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന ശൈലിയാണ് ഇസ്രയേലിന്. ഒരു മിസൈൽ ഗസ്സയിൽനിന്ന് ഉയർന്നാൽ തിരിച്ചവർ പത്ത് റോക്കറ്റുകൾ അയക്കും. മിസൈൽ പ്രതിരോധ കവചം ഉള്ളതിനാൽ ഇസ്രയേലിന് ഒരു കുഴപ്പവും പറ്റില്ല. പകരം ഗസ്സ് മുനമ്പിൽ ആകട്ടെ ഗുരുതര നാശവും. തങ്ങളുടെ ഒരാളെ വധിച്ചാൽ പത്തുപേരെ എടുക്കുമെന്ന രീതിയിൽ ക്രൂരമായാണ് ഇസ്രയേൽ തിരിച്ചടിക്കുക. തീവ്രവാദികൾ സ്ത്രീകളെയും കുട്ടികളെയും മുൻ നിർത്തി മനുഷ്യകവചം ഉണ്ടാക്കിയാൽ പോലും ഇസ്രയേൽ അലിയാറില്ല. ബോംബിട്ടും വെടിവെച്ചും ആ മുനുഷ്യകവചത്തെ തകർത്ത് ഭീകരവാദികളെ തീർത്തശേഷം മാത്രമേ ഇസ്രയേൽ അടങ്ങാറുള്ളൂ. അങ്ങിനെയല്ലെങ്കിൽ തങ്ങളുടെ രാഷ്ട്രത്തെ അത് ബാധിക്കുമെന്നും ഭീകരതയോട് യാതൊരു സന്ധിയുമില്ലെന്നുമാണ് ഈ യഹൂദരാഷ്ട്രത്തിന്റെ പക്ഷം.

Stories you may Like

റമദാൻ മാസത്തെ ആദ്യദിവസം ഗസ്സ തുടങ്ങിയത് തലേന്ന് ഇസ്രയേലി വ്യോമസേന നടത്തിയ മിസൈലാക്രമണങ്ങളിൽ മരിച്ചുവീണ തങ്ങളുടെ ഉറ്റബന്ധുക്കളുടെ ഖബറടക്കത്തോടെയാണ്. രണ്ടു ദിവസം നീണ്ടുനിന്ന ആ ആക്രമണങ്ങളിൽ നൂറുകണക്കിന് വീടുകളും, വ്യാപാരസ്ഥാപനങ്ങളും ഒക്കെ തകർന്നടിഞ്ഞു. ഇങ്ങനെ അടിക്കടിയുണ്ടാവുന്ന ആക്രമണങ്ങൾ ഫലത്തിൽ കടുത്ത സാമ്പത്തിക മാന്ദ്യത്തിനാണ് ഫലസ്തീനിൽ വഴിയൊരുക്കുന്നത്. ബജറ്റിന്റെ തൊണ്ണൂറു ശതമാനവും ചെലവാകുന്നത് ബോംബാക്രമണത്തിൽ തകരുന്ന കെട്ടിടങ്ങൾ പുനർ നിർമ്മിക്കാനാണെന്നാണ് കണക്കുകൾ പറയുന്നത്. പലപ്പോഴും യുഎൻ സഹായം ഒന്നുകൊണ്ടുമാത്രാണ് ഈ പ്രദേശത്തുകാർ നിലനിന്നുപോകുന്നത്.

തൊഴിലില്ലായ്മ രൂക്ഷം; വിപണിയും തകർന്നു

കഴിഞ്ഞ രണ്ടുവർഷമായി തുടരുന്ന സാമ്പത്തികമാന്ദ്യം ഇപ്പോൾ ഗസ്സയിൽ പരകോടിയിൽ എത്തിയിരിക്കയാണ്. ഗസ്സയിൽ തൊഴിലില്ലായ്മ 52 ശതമാനമാണ്. ഇന്ത്യയിൽ അത് ആറ് ശതമാനമാണെന്നോർക്കണം. ഗസ്സയിലെ ഇരുപതു ലക്ഷം വരുന്ന ഫലസ്തീനിയൻ വംശജരിൽ പകുതിയും യുഎന്നിൽ നിന്നുള്ള സഹായങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്.

2007 തൊട്ട് ഇസ്രയേൽ ഗസ്സാ സ്ട്രിപ്പിനു മേലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും, നിരന്തരം അവരുടെ സൈന്യം നടത്തുന്ന ഷെല്ലിങ്ങും, പരിശോധനകളുടെ പേരിൽ നടത്തുന്ന വിരട്ടലുകളും ഗസ്സയ്ക്കുള്ളിൽ തന്നെയുള്ള ഫലസ്തീനിയൻ അഥോറിറ്റി - ഹമാസ് വേർതിരിവുകളും ഒക്കെയായി ഗസ്സാനിവാസികളായ ഫലസ്തീനി മുസ്ലീങ്ങളുടെ ജീവിതം ആകെ കലുഷിതമാണ്. റമദാൻ വന്നു പടിവാതിൽക്കൽ നിൽക്കുന്ന ഈ വേളയിലും ഓരോ ദിവസം കഴിയുന്തോറും ഗസ്സയിലെ കാലുഷ്യം വർധിക്കുന്നതേയുള്ളൂ.

ഇങ്ങനെ, നാലുപാടും നിന്നുള്ള സമ്മർദ്ദങ്ങളിൽ പെട്ട ഗസ്സയിലെ സാമ്പത്തിക പസ്ഥിതി ആകെ തകരാറിലായിരിക്കുകയാണ്. പലരുടെയും ഉപജീവനമാർഗമാണ് ഒരു രാത്രികൊണ്ട് ഇല്ലാതെയായത്. വിപണി നിർജീവമാണ്. റമദാനായിട്ടും കച്ചവടങ്ങൾക്കൊന്നും ഒരു ഉന്മേഷവുമില്ല. ഗസ്സയിൽ തൊഴിലില്ലായ്മ അതിന്റെ പരമകാഷ്ഠയിലാണ്. പലരുടെയും ശമ്പളങ്ങൾ മുടങ്ങി. പച്ചക്കറി, പലചരക്കു സാധനങ്ങൾ വാങ്ങാനുള്ള പണം തികയാത്ത അവസ്ഥയിൽ പകൽ നോമ്പ് പിടിച്ച് വിശന്നുവലഞ്ഞ് വന്നിട്ട്, സന്ധ്യയ്ക്ക് ചുരുങ്ങിയ തോതിൽ ഒന്ന് നോമ്പുതുറക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനുപോലും ഇപ്പോൾ അവർ പെടാപ്പാടു പെടുകയാണ്.

പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫലസ്തീനിയൻ അഥോറിറ്റി മാർച്ച് 2017 തൊട്ട് ഗസ്സയിലെ അമ്പതിനായിരത്തോളം വരുന്ന തങ്ങളുടെ ജീവനക്കാർക്ക് കൊടുക്കുന്ന ശമ്പളത്തിൽ നിന്നും അറുപതു ശതമാനവും സാമ്പത്തിക പ്രതിസന്ധി എന്ന പേരിൽ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. 'റമദാൻ മാസമാണെന്നേ തോന്നുന്നില്ല. ഒരു സന്തോഷവുമില്ല ഉള്ളിൽ..' എന്നാണ് ഫലസ്തീനിയൻ അഥോറിറ്റിയിലെ ജീവനക്കാരിയായ അമൽ അൽ സത്താറി പറഞ്ഞത്. മുമ്പെന്ന പോലെ റമദാൻ ഷോപ്പിങ് നടത്താനുള്ള പണമൊന്നും ഇപ്പോൾ അമലിന്റെ കയ്യിലില്ല. പിതാവ് അകാലത്തിൽ മരിച്ചതിന്റെ കുറവ് അറിയിക്കാതെയാണ് അമൽ തന്റെ ആറുമക്കളെയും വളർത്തുന്നത്..' റമദാൻ മാസത്തിൽ ശമ്പളം മുഴുവനായി തരും അഥോറിറ്റി എന്നാണ് കരുതിയത്. അവർ പക്ഷേ, വെട്ടിക്കുറയ്ക്കൽ വീണ്ടും വർധിപ്പിക്കുകയാണ് ചെയ്തത്. ഇത്തവണ 40% ശമ്പളം മാത്രമാണ് അവർ തന്നത്..'- വിദേശ മാധ്യമ പ്രവർത്തകരോട് തദ്ദേശീയർ പരാതിപ്പെടുന്നു.

വിശപ്പടക്കാൻ ഗതിയില്ലാതെ ഒരു ജനത

'റമദാൻ മാസമായി. എന്റെ വീട്ടിലെ ഫ്രിഡ്ജ് കാലിയാണ്. എന്റെ മക്കൾ റമദാൻ റാന്തലുകൾ വേണമെന്നും പറഞ്ഞ് ഒരേ വാശി പിടിക്കുന്നു.. എന്റെ കയ്യിലാണെങ്കിൽ അവർക്കുവേണ്ട ഭക്ഷണം വാങ്ങിക്കാനുള്ള കാശുപോലുമില്ല..' കഴിഞ്ഞ മാസം തൊഴിൽ നഷ്ടപ്പെട്ട്, ഇപ്പോൾ വീട്ടിലിരിക്കുന്ന ഒരു കൺസ്ട്രക്ഷൻ തൊഴിലാളിയായ മുഹമ്മദ് അല്ലാവി പറഞ്ഞു. 'ഒരു റമദാൻ റാന്തൽ വാങ്ങണമെങ്കിൽ ചുരുങ്ങിയത് രണ്ടു ഡോളറെങ്കിലും വേണ്ടി വരും.. ആ കാശുണ്ടായിരുന്നെങ്കിൽ ഞാൻ ആദ്യം ഇവർക്ക് നോമ്പുതുറക്കാനുള്ള വെള്ളവും, വിശപ്പടക്കാനുള്ള ഭക്ഷണവും വാങ്ങുന്നതിനെപ്പറ്റിയെ ഓർക്കൂ. മക്കളുടെ ഇത്ര ചെറിയ മോഹങ്ങൾ പോലും സാധിച്ചുകൊടുക്കാനാവാത്തതിന്റെ സങ്കടം തീർത്താൽ തീരില്ല.. ' അദ്ദേഹം തുടർന്നു.

'ലോകത്ത് മറ്റെല്ലാവരും വിശുദ്ധ റമദാൻ മാസത്തിൽ ഏറ്റവും നല്ല ഭക്ഷണങ്ങൾ ഇഫ്താറിന് ഒരുക്കാൻ ശ്രമിക്കും. അയല്പക്കത്തുള്ളവരെ ഇഫ്താർ വിരുന്നുകൾക്ക് വിളിക്കും.. ഞങ്ങൾ ഗസ്സയിലുള്ള ഭാഗ്യദോഷികൾക്ക് മാത്രം ഇഫ്താർ എന്നുപറഞ്ഞാൽ അരവയർ ഭക്ഷണം എന്നാണർത്ഥം.. അതും ഭാഗ്യമുണ്ടെങ്കിൽ മാത്രം..' അദ്‌നാൻ എന്ന ഒരു ആശുപത്രി ജീവനക്കാരൻ പറഞ്ഞു. പലരും അവരുടെ ഭാര്യമാരുടെ അവസാന തരി പൊന്നും പണയപ്പെടുത്തി റമദാൻ മാസം കടത്തിവിടാൻ പരിശ്രമിക്കുന്നു. ചിലർ കടം വാങ്ങി മക്കളെ നോമ്പ് തുറപ്പിക്കുന്നു. ഗസ്സയിലെ കച്ചവടക്കാർക്കും ഈ സാമ്പത്തികമാന്ദ്യം വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. പുലർച്ചെ മുതൽ പാതിരവരെ കടകൾ തുറന്നിരുന്നിട്ടും അവർക്ക് കാര്യമായ മെച്ചമൊന്നും ഉണ്ടാക്കാൻ കഴിയുന്നില്ല കച്ചവടം കൊണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP