Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202430Thursday

ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ

ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ഗസ്സ: ഗസ്സയിലെ നാസിർ, അൽ ശിഫ ആശുപത്രികളിൽ കണ്ടെത്തിയ കൂട്ടക്കുഴിമാടത്തിൽ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യൻ യൂനിയൻ. മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടതായാണ് വ്യക്തമാകുന്നതെന്ന് ഇ.യു വക്താവ് പീറ്റർ സ്‌റ്റെനോ പറഞ്ഞു. നേരത്തേ, വിഷയത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സഭയും പറഞ്ഞിരുന്നു. കൂട്ടക്കുഴിമാടത്തിൽ 300ലധികം മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് ഫലസ്തീൻ സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞത്.

നാസർ ആശുപത്രിയുടെ മുറ്റത്ത് കണ്ടെത്തിയ കൂട്ടക്കുഴിമാടവുമായി ബന്ധപ്പെട്ട് കൂടുതൽ ഞെട്ടലുണ്ടാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പ്ലാസ്റ്റിക് ബാഗുകളിലാക്കി തള്ളിയ മൃതദേഹങ്ങൾ മിക്കതും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. കഴിഞ്ഞ രണ്ടുമാസമായി കാണാതായ തങ്ങളുടെ ഉറ്റവർ ഇതിലുണ്ടോ എന്നറിയാൻ ആശുപത്രി പരിസരത്ത് നിരവധി പേർ തടിച്ചുകൂടി. ചിലർ കുഞ്ഞു മൃതദേഹങ്ങളുടെ ഉടുപ്പുകൾ കണ്ട് അത് തങ്ങളുടെ കുഞ്ഞുങ്ങളാണെന്ന് തിരിച്ചറിഞ്ഞു. 12 ദിവസത്തിനിടെ ഇവിടെ നാല് കൂട്ടക്കുഴിമാടങ്ങളാണ് കണ്ടെത്തിയത്.

അതേസമയം ഗസ്സ ഭക്ഷ്യക്ഷാമത്തിന്റെ പടിവാതിൽക്കലാണെന്നും യു.എൻ ഏജൻസികൾ വ്യക്തമാക്കി. ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി (യു.എൻ.ഡബ്ല്യു.ആർ.എ)ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങളാണ് ഇസ്രയേൽ നടത്തുന്നതെന്നും ഏജൻസി പൂട്ടിക്കാനുള്ള തന്ത്രപരമായ നീക്കങ്ങൾ ഇസ്രയേൽ നടത്തുന്നുണ്ടെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബൂൽ ഗെയ്ത് പറഞ്ഞു. ഈ ഏജൻസിക്കുള്ള ധനസഹായം എല്ലാ രാജ്യങ്ങളും പുനരാരംഭിക്കണമെന്നും അത് മാനുഷികവും ധാർമികവുമായ കടമയാണെന്നും അദ്ദേഹം തുടർന്നു.

ലബനീസ് ഗ്രൂപ്പായ ഹിസ്ബുല്ല കഴിഞ്ഞ ദിവസവും ഇസ്രയേലിനകത്ത് ഡ്രോൺ ആക്രമണം നടത്തി. ഏക്കർ നഗരത്തിന് വടക്കുള്ള ഇസ്രയേൽ സൈനിക കേന്ദ്രത്തിലായിരുന്നു ആക്രമണം. ഇതിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായാണ് വിവരം. ഗസ്സ യുദ്ധം തുടങ്ങിയശേഷം ഇസ്രയേൽ പ്രദേശത്തെ ഏറ്റവുമുള്ളിൽ നടക്കുന്ന ആക്രമണമാണിത്.

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ പാക്കിസ്ഥാൻ സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും ഇസ്രയേലിനെതിരെ ശക്തമായ ഭാഷയിൽ സംയുക്ത പ്രസ്താവനയിറക്കി. ഡമസ്‌കസിലെ ഇറാൻ എംബസി കോൺസുലർ വിഭാഗത്തിൽ നടത്തിയ ആക്രമണം തികഞ്ഞ നിയമലംഘനവും അംഗീകരിക്കാനാകത്തതുമാണെന്ന് പ്രസ്താവന തുടർന്നു. ഗസ്സയിലെ ഇസ്രയേൽ നരമേധവും ഇരുരാജ്യങ്ങളും അപലപിച്ചു.

കുടിവെള്ള ക്ഷാമവും മാലിന്യനീക്കമില്ലാത്തതും മൂലം ഗസ്സയിൽ ആരോഗ്യ പ്രശ്‌നങ്ങൾ അസുഖങ്ങൾ പടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഞ്ഞപ്പിത്തം, മെനിഞ്ചൈറ്റിസ് തുടങ്ങിയ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. വടക്കൻ ഗസ്സയിൽ വീണ്ടും ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ജനം പലായനം തുടങ്ങി. ബെയ്ത് ലഹിയയിലെ നാലു ജനവാസപ്രദേശങ്ങൾ പൂർണമായി ഒഴിയാനാണ് ഇസ്രയേൽ അന്ത്യശാസനം. ഗസ്സ സിറ്റിയിലും കഴിഞ്ഞ ദിവസം കനത്ത ഷെല്ലാക്രമണമുണ്ടായി.

അതിനിടെ ഗസ്സയിൽ വംശഹത്യ നടത്തുന്ന ഇസ്രയേൽ ഗവൺമെന്റിന് അമേരിക്ക ആയുധങ്ങളും ധനസഹായവും നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ജൂതമത വിശ്വാസികളെ യു.എസ് പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്കിൽ സെനറ്ററുടെ വീടിന് പുറത്ത് പ്രതിഷേധിച്ച നൂറുകണക്കിന് ഫലസ്തീൻ അനുകൂല ജൂത പ്രതിഷേധക്കാരാണ് അറസ്റ്റിലായത്.

യു.എസ് സെനറ്റംഗം ചക്ക് ഷൂമറിന്റെ ന്യൂയോർക്ക് ഗ്രാൻഡ് ആർമി പ്ലാസയിലെ വീടിനുമുന്നിൽ ജ്യൂവിഷ് വോയ്സ് ഫോർ പീസ് (ജെ.വി.പി) എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് പ്രകടനം നടത്തിയത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന യഹൂദരുടെ പെസഹാ പെരുന്നാളിന്റെ രണ്ടാംദിവസമായ ഇന്നലെ രാത്രിയാണ് സംഭവം.

ജൂത പുരോഹിതരുടെയും പ്രമുഖരുടെയും പ്രസംഗത്തിനുപിന്നാലെ പ്രതിഷേധക്കാർ പ്രകടനമായി പ്ലാസ റോഡ് ഉപരോധിക്കുകയായിരുന്നു. ഇതിനിടെ ന്യൂയോർക്ക് പൊലീസ് ഇവരെ അറസ്റ്റുചെയ്തതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതിഷേധത്തിന്റെയും പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിന്റെയും ഫോട്ടോകൾ ജെ.വി.പി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP