Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലെ ഭരണാധികാരികൾ അടുത്തവർഷം കൊച്ചിയിൽ ഒരുമിച്ചെത്തുമോ? ഇന്ത്യയിൽ നടക്കുന്ന അടുത്ത ജി 20 ഉച്ചകോടിയുടെ ആതിഥ്യ നഗരമായി പരിഗണിക്കുന്നവയിൽ കൊച്ചിയും; കാശ്മീരിനെ പരിഗണിക്കാനുള്ള ഇന്ത്യൻ നീക്കത്തിൽ അസ്വസ്ഥരായി പാക്കിസ്ഥാനും; അധ്യക്ഷ പദവി ഏറ്റുവാങ്ങി മോദിയും

ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലെ ഭരണാധികാരികൾ അടുത്തവർഷം കൊച്ചിയിൽ ഒരുമിച്ചെത്തുമോ? ഇന്ത്യയിൽ നടക്കുന്ന അടുത്ത ജി 20 ഉച്ചകോടിയുടെ ആതിഥ്യ നഗരമായി പരിഗണിക്കുന്നവയിൽ കൊച്ചിയും; കാശ്മീരിനെ പരിഗണിക്കാനുള്ള ഇന്ത്യൻ നീക്കത്തിൽ അസ്വസ്ഥരായി പാക്കിസ്ഥാനും; അധ്യക്ഷ പദവി ഏറ്റുവാങ്ങി മോദിയും

മറുനാടൻ ഡെസ്‌ക്‌

ബാലി: ലോകത്തെ ഏറ്റവും കരുത്തരായ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 20 എന്ന പേരിൽ അറിയപ്പെടുന്ന്. പേരിൽ ഇരുപതെങ്കിലും 40ലേറെ രാജ്യങ്ങൾ ഈ കൂട്ടായ്മയിലുണ്ട്. പത്തൊൻപത് രാജ്യങ്ങളും പിന്നെ യൂറോപ്യൻ യൂണിയനും ചേർന്നതാണ് ഈ ഗ്രൂപ്പ്. ലോകജനസംഖ്യയുടെ 65 ശതമാനം ഈ രാജ്യങ്ങളിലാണ്. സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന രാജ്യങ്ങളും ഈ കൂട്ടായ്മയിലുണ്ട്. ലോക ജി.ഡി.പി.യുടെ 85 ശതമാനവും കച്ചവടത്തിന്റെ 75 ശതമാനവും കൈയാളുന്നത് ഈ ഗ്രൂപ്പിലെ രാജ്യങ്ങളാണ്.

യുഎസ് പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യൂ ബുഷിന്റെ നേതൃത്വത്തിൽ ഈ കൂട്ടായ്മക്ക് 2008-ൽ തുടക്കം കുറിച്ചപ്പോൾ ഡോ. മന്മോഹൻ സിങ്ങായിരുന്നു അന്ന് പ്രധാനമന്ത്രി. ജർമനി കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു വാഷിങ്ടണിൽ ലോകത്തിലെ 19 പ്രമുഖ വികസിത - വികസ്വര രാജ്യങ്ങളുടേയും യൂറോപ്യൻ യൂണിയനും അംഗങ്ങളായുള്ള ജി- 20 ഉച്ചകോടിക്ക് തുടക്കമാകുന്നത്. 2008 നവംബർ 14, 15 ദിവസങ്ങളിലായിട്ടായിരുന്നു ആദ്യത്തെ ജി -20 ഉച്ചകോടി. ഇതിന് ശേഷമാണ് ഈ സംഘടന കൂടുതൽ വിപുലപ്പെടുത്തിയത്.

യൂറോപ്പാകെ സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലാണെന്ന് യൂറോപ്യൻ കമ്മിഷനും പ്രഖ്യാപിച്ച സമയം കൂടിയായിരുന്നു അത്. ലോകത്തെ പിടിച്ചുലയ്ക്കുന്ന സാമ്പത്തികപ്രതിസന്ധിക്കു പ്രതിവിധികളാലോചിക്കാൻ വേണ്ടി കൂടിയായിരുന്നു ആദ്യത്തെ ജി-20 ഉച്ചകോടി. 'സ്വതന്ത്രവിപണി നയങ്ങളുമായി മുന്നോട്ടു പോവുകയാണ് ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കും സുസ്ഥിതിക്കുമുള്ള മാർഗം. സ്വതന്ത്രവിപണിയിലധിഷ്ഠിതമായ മുതലാളിത്തം ലോകമെമ്പാടും സമൃദ്ധിയുടേയും പുരോഗതിയുടേയും ചാലക ശക്തിയാണ്' ആദ്യത്തെ ജി- 20 ഉച്ചകോടിയിൽ വെച്ച് അന്നത്തെ യു.എസ്. പ്രസിഡന്റ് ജോർജ് ഡബ്ല്യൂ ബുഷ് പറഞ്ഞത് ഇപ്രകാരമായിരുന്നു. യൂറോപ്യൻ യൂണിയനും അമേരിക്കയും സാമ്പത്തികപ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അഭിപ്രായഭിന്നതകൾക്കിടെയായിരുന്നു ബുഷിന്റെ പ്രസംഗം എന്നതും ഏറെ ശ്രദ്ധേയമായിരുന്നു.

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സമ്പന്ന രാജ്യങ്ങളാണെന്നായിരുന്നു അന്നത്തെ ഇന്ത്യൻ ധനമന്ത്രിയായിരുന്ന പി. ചിദംബരം പറഞ്ഞത്. അമേരിക്കയും യൂറോപ്പും സ്വന്തം സമ്പദ് വ്യവസ്ഥയിൽ അടുക്കും ചിട്ടയുമുണ്ടാക്കണമെന്നും അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ഒരു ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കിയത്. നീണ്ട 14 വർഷങ്ങൾക്ക് ശേഷം ജി-20 കൂട്ടായ്മയുടെ അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുക്കുകയാണ്. ഇൻഡോനീഷ്യയിലെ ബാലിയിൽ നടക്കുന്ന ഉച്ചകോടിയിലാണ് ഇൻഡൊനീഷ്യയിൽനിന്ന് അധ്യക്ഷപദവി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി- 20 ഏറ്റെടുത്തത്. 'ഇന്ത്യക്കാർക്ക് അഭിമാനം' എന്നായിരുന്നു പദവി ഏറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. 'ഡാറ്റ, വികസനത്തിന്' എന്നതായിരിക്കും ഇന്ത്യ അധ്യക്ഷത വഹിക്കുന്ന കൂട്ടായ്മയുടെ പ്രധാന പ്രമേയങ്ങളിലൊന്ന് എന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡിസംബർ ഒന്നുമുതൽ ഒരുവർഷത്തേക്കാണ് ഇന്ത്യയ്ക്ക് ജി-20 അധ്യക്ഷപദവി.

മഹാ നേതാക്കളുടെ സമ്മേളനത്തിന് കൊച്ചി വേദിയാകുമോ?

ജി -20 ഉച്ചകോടി ഇന്ത്യയിൽ എത്തുമ്പോൾ പ്രധാന യോഗം രാജ്യതലസ്ഥാനത്ത് വെച്ച് നടക്കും. എന്നാൽ വിവിധ മന്ത്രിസഭാ യോഗങ്ങൾ എവിടെ വച്ചായിരിക്കും നടത്തുക എന്നത് സംബന്ധിച്ച് നേരത്തെ തന്നെ ചർച്ചകൾ നടക്കുന്നുണ്ട്. അതിഥേയ നഗരമായി പരിഗണിക്കുന്നതിൽ കേരളത്തിലെ കൊച്ചിയും പരിഗണിക്കുന്നുണ്ട്. ഇതോടൊപ്പം ജമ്മു കശ്മീർ, ലഡാക്ക്, തമിഴ്‌നാട്, ബെംഗളൂരു തുടങ്ങിയ ഇടങ്ങളും പരിഗണിക്കുന്നതായാണ് എന്നാണ് വിവരം.

ഉച്ചകോടിയുടെ മന്ത്രിതല യോഗത്തിനായിരുന്നു കൊച്ചിയെ പരിഗണിക്കുന്നതായുള്ള വിവരങ്ങളുണ്ടായിരുന്നത്. വേദിയും അനുബന്ധസൗകര്യങ്ങളും വിലയിരുത്താൻ കേന്ദ്ര ഉദ്യോഗസ്ഥസംഘം കൊച്ചിയിലെത്തുകയും ചെയ്തിരുന്നു. അതേസമയം ജമ്മു കശ്മീർ ജി -20 ഉച്ചകോടി വേദിയാകുന്നതിനെതിരേ എതിർപ്പുമായി പാക്കിസ്ഥാൻ രംഗത്തെത്തിയിരുന്നു. ഉച്ചകോടിക്കെതിരേ ജി-20 അംഗരാഷ്ട്രങ്ങളെ പ്രതിഷേധമറിയിക്കുമെന്ന് പാക് വിദേശമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. അതുകൊണ്ട് കാശ്മീരിനെ ഒഴിവാക്കാൻ സാധ്യത കൂടുതലാണ്.

അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി പറഞ്ഞത് ഇപ്രകാരമായിരുന്നു എന്നതുകൊണ്ട് തന്നെ അതിർത്തി തർക്കം നിലനിൽക്കുന്ന ചൈനയുമായുള്ള നയതന്ത്ര ചർച്ചകളും ലോകം ഉറ്റുനോക്കുന്നുണ്ട്. ബാലിയിൽ വെച്ച് നടന്ന അത്താഴവരുന്നിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും നരേന്ദ്ര മോദിയും നേർക്കുനേർ കണ്ടുമുട്ടിയിരുന്നു. ഇരുവരും ഹസ്തദാനം ചെയ്യുന്നതിന്റേയും സംഭാഷണത്തിലേർപ്പെടുന്നതിന്റേയും ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. എന്നാൽ പല രാജ്യത്തെ നേതാക്കളുമായി മോദി ചർച്ച നടത്തിയെങ്കിലും ചൈനീസ് പ്രസിഡന്റുമായി നയതന്ത്ര ചർച്ചകളിൽ ഏർപ്പെട്ടിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

സാമ്പത്തികമായി നടുവൊടിഞ്ഞു കിടക്കുകയാണെങ്കിലും കോവിഡനന്തരലോകത്ത് വിള്ളലുകൾ വളരുകയാണ്. ചേർന്നിരിക്കാനുള്ള വിമുഖതകൊണ്ടാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിൻ ഈ ഉച്ചകോടിയിൽ പങ്കെടുക്കാത്തത്. റഷ്യയെ ജി 20-ൽനിന്ന് പുറത്താക്കണം എന്നാണ് അമേരിക്കയുടെ ആവശ്യം. റഷ്യ-യുക്രൈൻ യുദ്ധം ലോകത്തെ രണ്ടുചേരിയായി തിരിച്ചിട്ടുണ്ട്. പിടിഞ്ഞാറിന്റെ ശത്രുവാണ് റഷ്യ. പക്ഷേ, ഇന്ത്യക്ക് മിത്രമാണ് അവർ. ഇത്തരമൊരു ഗ്രൂപ്പിന്റെ നേതൃത്വമാണ് ഉച്ചകോടിയിൽ നേരിട്ടു പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കുന്നത്. വലിയ വെല്ലുവിളിയാണ് ഇന്ത്യക്കു മുന്നിലുള്ളത്. വലിയ സാധ്യതകളും. ഈവർഷം ഡിസംമ്പർ ഒന്നുമുതൽ അടുത്തവർഷം നവംബർ മുപ്പതുവരെയാണ് ഇന്ത്യയുടെ നേതൃകാലം.

കരുത്തരായ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 20. 1999-ൽ കിഴക്കനേഷ്യാ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് രൂപവത്കരിക്കപ്പെട്ട ഈ കൂട്ടായ്മയുടെ പ്രാഥമികലക്ഷ്യം ലോക സാമ്പത്തികമേഖലയെ തകിടംമറിയാതെ തുഴഞ്ഞുകൊണ്ടുപോവുക എന്നതായിരുന്നു. അംഗരാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരും സെൻട്രൽ ബാങ്ക് തലവന്മാരുമായിരുന്നു ആ സമയത്ത് പ്രതിനിധികളായുണ്ടായിരുന്നത്. അടുത്ത ഒൻപതുവർഷം പൊടിപിടിച്ചുകിടന്ന ഈ കൂട്ടായ്മ വീണ്ടും സജീവമാകുന്നത് 2008-ലാണ്. ലോകം മറ്റൊരു സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിച്ച വർഷമായിരുന്നു അത്. ധനകാര്യമന്ത്രിമാർക്ക് പകരം രാഷ്ട്രത്തലവന്മാർത്തന്നെ നേരിട്ട് പങ്കെടുക്കുന്ന ഒരു വേദിയാവുന്നത് ആ വർഷമാണ്. പിന്നീടിങ്ങോട്ട് കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടയിൽ ജി 20 വലിയ കൂട്ടായ്മയായി പരിണമിച്ചു.

കേവലം സാമ്പത്തികമേഖലയ്ക്കപ്പുറം ലോകസുരക്ഷ, ഭക്ഷ്യസുരക്ഷ, ഊർജസുരക്ഷ, പരിസ്ഥിതി, പൊതുജനാരോഗ്യം തുടങ്ങി സ്റ്റാർട്ടപ്പുവരെ ചർച്ചചെയ്യുന്ന വേദിയായി ഈ സംഘടന വളർന്നിട്ടുണ്ട്. സ്ഥിരം ആസ്ഥാനമില്ല എന്നതാണ് ഈ ഗ്രൂപ്പിന്റെ മറ്റൊരു പ്രത്യേകത. പ്രസിഡൻസി ഓരോവർഷം ഓരോ രാജ്യങ്ങളിലേക്കായി തിരിഞ്ഞുവരും. അങ്ങനെ കിട്ടിയതാണ് ഇന്ത്യക്ക് ഇപ്പോൾ ഈ സ്ഥാനം.

വികസ്വര രാജ്യങ്ങളുടെപ്രതിനിധിയായാണ് ഇന്ത്യ സ്വയം നിർവചിക്കുന്നത്. അടുത്തവർഷം ഡൽഹിയിൽ നടക്കുന്ന ആഗോള സമ്മേളനത്തിനുമുമ്പ്, ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇരുനൂറോളം ചെറുസഭകൾ ചേരുന്നുണ്ട്. ഈ മീറ്റിങ്ങുകൾ സംഘടിപ്പിക്കുന്നത് ഇന്ത്യയുടെ 'ജി 20 ഷെർപ്പ' അമിതാഭ്കാന്ത് ആണ്. ലോകനേതാക്കൾ ഇതിൽ പങ്കെടുക്കും. ലോകനേതാക്കൾക്ക് വഴികാട്ടുന്ന ജി 20 സംഘാടകരെ 'ഷെർപ്പ' എന്നാണ് വിളിക്കുക. ഈ മീറ്റിങ്ങുകളിൽ ഉരുത്തിരിയുന്ന നിലപാടുകളാവും ഇന്ത്യയുടേത്. ഇൻഡൊനീഷ്യയിൽനിന്ന് ഇന്ത്യ ഏറ്റെടുക്കുന്ന പ്രസിഡന്റുസ്ഥാനം അടുത്തവർഷം ഇന്ത്യ ബ്രസീലിന് കൈമാറും. ഗ്ലോബൽ സൗത്തിൽനിന്നുള്ള മൂന്നുരാജ്യങ്ങൾ തുടർച്ചയായ മൂന്നുവർഷം ജി 20-ന്റെ നേതൃസ്ഥാനം വഹിക്കുന്നു എന്നതും ഇപ്പോഴത്തെ പ്രത്യേകതയാണ്.

ഇന്ത്യൻ നയതന്ത്രം കൂടുതൽ സമഗ്രവും ശക്തവുമാണിന്ന്. കോവിഡനന്തര ലോകം ഇന്ത്യൻ നിലപാടുകളെ കൂടുതൽ ഗൗരവമായി ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നത് ഇന്ത്യൻ നയതന്ത്ര വിജയമായിവേണം കാണാൻ. റഷ്യയോടുള്ള ഇന്ത്യയുടെ സൗഹൃദനിലപാടിനെ ചൂണ്ടിക്കാട്ടി അമേരിക്കയ്‌ക്കോ, യൂറോപ്പിനോ ഇന്ത്യയെ മാറ്റിനിർത്താൻ ഇന്ന് സാധിക്കില്ല. റഷ്യയോടും യുക്രൈനിനോടും ഒരേസമയം സമദൂരംനിന്ന് സംസാരിക്കാൻ കഴിവുള്ള അപൂർവം ലോകരാജ്യങ്ങളിലൊന്നാണ് ഇന്ന് ഇന്ത്യ. ഒട്ടേറെ വിള്ളലുകളുള്ള ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. വിള്ളലുകളെ വിളക്കിച്ചേർക്കാനും മൂന്നാംലോക രാജ്യങ്ങളുടെ ശബ്ദമാകാനും ഇന്ത്യക്ക് ലഭിച്ച വേദിയാണ് ജി 20-യുടെ അധ്യക്ഷസ്ഥാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP