Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202228Monday

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ഇന്ത്യയ്ക്ക് മുന്നിൽ അഭയാർത്ഥി പ്രശ്‌നം; ശ്രീലങ്കയിൽ ത്രിദിന സന്ദർശനത്തിന് വിദേശകാര്യമന്ത്രി എസ് ജയ് ശങ്കർ; മാലിദ്വീപും സന്ദർശിക്കും

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ഇന്ത്യയ്ക്ക് മുന്നിൽ അഭയാർത്ഥി പ്രശ്‌നം; ശ്രീലങ്കയിൽ ത്രിദിന സന്ദർശനത്തിന് വിദേശകാര്യമന്ത്രി എസ് ജയ് ശങ്കർ; മാലിദ്വീപും സന്ദർശിക്കും

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ ശ്രീലങ്കയിൽ ത്രിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയ്ശങ്കർ കൊളംബോയിലേക്ക് പോകും. ശ്രീലങ്കൻ വിദേശ കാര്യ മന്ത്രി ജി എൽ പിരീസീന്റെ ക്ഷണപ്രകാരമാണ് തിങ്കൾ മുതൽ ബുധൻ വരെയുള്ള സന്ദർശനം. രാജ്യം നേരിടുന്ന പ്രതിസന്ധി ഉഭയകക്ഷി ചർച്ചയിൽ വിഷയമായേക്കും. രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയില്ലാതെ മുൻപോട്ട് പോകാനാവാത്ത സ്ഥിതിയിലാണ് ശ്രീലങ്ക. കൊളംബോ സന്ദർശനത്തിന് മുൻപ് എസ് ജയ് ശങ്കർ മാലിദ്വീപും സന്ദർശിക്കും.

ഈ ആഴ്ച അവസാനം മാലദ്വീപിലാവും ജയ്ശങ്കർ ആദ്യം സന്ദർശനം നടത്തുക. മാലദ്വീപ് വിദേശകാര്യമന്ത്രി അബ്ദുല്ല ഷഹീദിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സൊലീഹുമായും ജയ്ശങ്കർ ചർച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ കരാറുകൾ ഒപ്പുവയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

പട്ടിണിയും വിലക്കയറ്റവും മൂലം നട്ടംതിരിയുന്ന ശ്രീലങ്കയിൽനിന്ന് നിരവധി പേരാണ് അഭയാർഥികളായി ഇന്ത്യയിലേക്കെത്തുന്നത്. ഇക്കാര്യങ്ങളും ചർച്ചയാകുമെന്നാണ് റിപ്പോർട്ട്. ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയേറുമ്പോൾ ഇന്ത്യയിലേക്കെത്തുന്ന അഭയാർത്ഥികളുടെ എണ്ണവും ഉയരുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടേയും തമിഴ്‌നാട് ക്യു ബ്രാഞ്ചിന്റേയും റിപ്പോർട്ട്.

എന്നാൽ കടൽ കടന്നെത്തുന്ന ശ്രീലങ്കൻ സ്വദേശികളെ നിലവിലെ നയമനുസരിച്ച് ഇന്ത്യ അഭയാർത്ഥികളായി അംഗീകരിക്കില്ല. 2012ന് ശേഷം ശ്രീലങ്കയിൽ നിന്ന് എത്തുന്ന ആർക്കും ഇന്ത്യ അഭയാർത്ഥി പദവി നൽകിയിട്ടില്ല.

സാമ്പത്തിക പ്രതിസന്ധി കാരണം മറ്റൊരു രാജ്യത്ത് അഭയം തേടുന്നവർക്ക് അഭയാർത്ഥി പദവി നൽകാൻ നിലവിലെ അന്താരാഷ്ട്ര നിയമങ്ങൾ അനുശാസിക്കുന്നില്ല. മതം, വംശം, ദേശീയത തുടങ്ങിയവയുടെ അടിസ്ഥാനത്തിലോ രാഷ്ട്രീയ കാരണങ്ങളാലോ പീഡനത്തിന് ഇരയാകുമെന്ന ഭയത്തിൽ രാജ്യം വിടുന്നവരെയാണ് 1951ലെ ജനീവ കൺവെൻഷൻ അഭയാർത്ഥിയായി നിർവചിക്കുന്നത്. 1967ലെ അഭയാർത്ഥികളെ സംബന്ധിച്ച യുഎൻ പ്രോട്ടോക്കോളും സാമ്പത്തികപ്രതിസന്ധി കാരണം മറ്റൊരു രാജ്യത്ത് അഭയം തേടുന്നവരെ അഭയാർത്ഥികളായി അംഗീകരിക്കുന്നില്ല.

2009 മെയ് മാസത്തിൽ ശ്രീലങ്കൻ ആഭ്യന്തര യുദ്ധം അവസാനിച്ചതിന് ശേഷം അവിടെനിന്ന് എത്തിയ ആർക്കും ഇന്ത്യ അഭയാർത്ഥി പദവി നൽകിയിട്ടില്ല. ഇപ്പോൾ കടൽ കടന്നെത്തിയ 16 പേരിൽ രണ്ട് കുടുംബങ്ങൾ 2016ൽ തമിഴ്‌നാട്ടിലെ ഗുഡിയാട്ടം അഭയാർത്ഥി ക്യാമ്പിൽ നിന്ന് എക്‌സിറ്റ് വീസയിൽ തിരിച്ചുപോയവരാണ്. ഇവർക്ക് വീണ്ടും അഭയാർത്ഥി പദവി നൽകുന്നതിലും അന്താരാഷ്ട്ര നിയമങ്ങളുടെ തടസ്സമുണ്ട്.

കോടതി പുഴൽ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തവരെ തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക ഉറപ്പിൽ അഭയാർത്ഥി ക്യാമ്പിലേക്ക് തൽക്കാലം മാറ്റിയിട്ടുണ്ട്. ഇപ്പോൾ വന്നവരുടേയും ഇനി വരാനിരിക്കുന്നവരുടേയും കാര്യത്തിൽ എന്ത് സമീപനം സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാർ ഇതുവരെ സംസ്ഥാനത്തിന് ഔദ്യോഗിക നിർദ്ദേശം നൽകിയിട്ടുമില്ല.

ശ്രീലങ്കയിലെ ആഭ്യന്തര കലാപകാലത്ത് പലായനം ചെയ്ത മൂന്ന് ലക്ഷത്തോളം തമിഴർക്ക് ഇന്ത്യ അഭയം നൽകിയിരുന്നു. അതിൽ തൊണ്ണൂറായിരത്തിലേറെപ്പേർ ഇപ്പോഴും തമിഴ്‌നാട്ടിലെ നൂറിലേറെ അഭയാർത്ഥി ക്യാമ്പുകളിലും ക്യാമ്പുകൾക്ക് പുറത്തുമായി തുടരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP