Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുൽഭൂഷൻ ജാദവിന് നയതന്ത്ര സഹായം നൽകാനുള്ള തീവ്രശ്രമം തുടരുമെന്ന് ഇന്ത്യ; ഇക്കാര്യത്തിൽ പാക്കിസ്ഥാനുമായി വീണ്ടും ആശയവിനിമയം നടത്തും; അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിപ്രസ്താവം പൂർണമായും നടപ്പാക്കിക്കിട്ടാനുള്ള ശ്രമം തുടരുമെന്നും വിദേശകാര്യവക്താവ് രവീഷ് കുമാർ

കുൽഭൂഷൻ ജാദവിന് നയതന്ത്ര സഹായം നൽകാനുള്ള തീവ്രശ്രമം തുടരുമെന്ന് ഇന്ത്യ; ഇക്കാര്യത്തിൽ പാക്കിസ്ഥാനുമായി വീണ്ടും ആശയവിനിമയം നടത്തും; അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിപ്രസ്താവം പൂർണമായും നടപ്പാക്കിക്കിട്ടാനുള്ള ശ്രമം തുടരുമെന്നും വിദേശകാര്യവക്താവ് രവീഷ് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കുൽഭൂഷൻ ജാദവിന് നയതന്ത്ര സഹായം നൽകാനുള്ള തീവ്രശ്രമം തുടരുമെന്ന് വ്യക്തമാക്കി ഇന്ത്യ. ഇന്ത്യൻ ചാരനെന്നാരോപിച്ച് പാക്കിസ്ഥാൻ വധശിക്ഷയ്ക്ക് വിധിച്ച ജാദവിന് രണ്ടാമത് നയതന്ത്രസഹായം നൽകില്ലെന്ന പാക്കിസ്ഥാന്റെ നിലപാടിനോട് പ്രതികരിക്കവെയാണ് വിദേശകാര്യവക്താവ് രവീഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ പാക്കിസ്ഥാനുമായി ആശയവിനിമയം തുടരും. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിപ്രസ്താവം പൂർണമായും നടപ്പാക്കിക്കിട്ടാനുള്ള ശ്രമം തുടരുമെന്നും വിദേശകാര്യവക്താവ് പറഞ്ഞു.

ഇന്ത്യൻ ചാരനെന്നാരോപിച്ച് പാക്കിസ്ഥാൻ തടവിലാക്കിയ കുൽഭൂഷൻ ജാദവിന് നയതന്ത്രസഹായം നൽകില്ലെന്ന് പാക്കിസ്ഥാൻ ഇന്ന് വ്യക്തമാക്കിയിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട ജാദവിന്റെ പുനർവിചാരണ നടത്തണം എന്നും ഇതിനായി അദ്ദേഹത്തിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ആഴ്‌ച്ച ഡപ്യൂട്ടി ഇന്ത്യൻ ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയ ഇസ്ലാമാബാദിലെ പാക് വിദേശകാര്യമന്ത്രാലയത്തിലെത്തി കുൽഭൂഷൺ ജാദവിനെ കണ്ടിരുന്നതാണ്. 2019 ജൂലൈ 17ലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിപ്രകാരമായിരുന്നു കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ഒരു തവണ കോൺസുലാർ സഹായം നൽകിയതോടെ അന്താരാഷ്ട്ര കോടതിയുടെ വിധി പാലിക്കപ്പെട്ടെന്നും രണ്ടാമതൊരു തവണ കോൺസുലാർ സഹായം നൽകാൻ പാക്കിസ്ഥാന് ബാധ്യതയില്ലെന്നുമാണ് പാക് വിദേശകാര്യമന്ത്രാലയം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

മറ്റൊരു രാജ്യത്തെ പൗരനെ പട്ടാളക്കോടതിയിൽ നയതന്ത്രസഹായമില്ലാതെ വിചാരണ ചെയ്ത് വധശിക്ഷയ്ക്ക് വിധിച്ച് വിയന്ന കരാർ ലംഘിച്ചതായി ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ നീക്കത്തിലൂടെ പാക്കിസ്ഥാൻ വീണ്ടും വിയന്ന കരാർ ലംഘിക്കാനാണ് തയ്യാറെടുക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിന് മേൽ പാക്കിസ്ഥാന്റെ കടുത്ത സമ്മർദ്ദമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്റെ കള്ളക്കഥ തത്തയെപ്പോലെ ഏറ്റുപറയാൻ കടുത്ത സമ്മർദ്ദമാണ് കുൽഭൂഷണ് മേൽ ചുമത്തുന്നത്. ഇന്ത്യൻ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയുണ്ടാകുമെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ കുൽഭൂഷൻെ അമ്മയോട് സംസാരിച്ചെന്നും വിശദാംശങ്ങൾ ധരിപ്പിച്ചെന്നും ഇന്ത്യ പിന്നീട് വ്യക്തമാക്കിയിരുന്നു.

കുൽഭൂഷൺ യാദവിനെ കാണാൻ ഒരു തടസ്സവും ഇല്ലാതെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥനെ അനുവദിച്ചതെന്നും, സ്വന്തം ഭാഷയിൽ സംസാരിക്കാൻ കുൽഭൂഷണെ അനുവദിച്ചുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പാക്കിസ്ഥാൻ വിശദീകരിച്ചിരുന്നു. അതേസമയം സംഭാഷണം റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി. സംഭാഷണം റെക്കോർഡ് ചെയ്യുമെന്നതുൾപ്പടെയുള്ള ഉപാധികൾ സമ്മതമല്ലെന്ന് ആദ്യം ഇന്ത്യ അറിയിച്ചിരുന്നു. എന്നാൽ ഉപാധികളോടെ മാത്രമേ കുൽഭൂഷണെ ഇന്ത്യൻ ഉദ്യോഗസ്ഥൻ കാണാവൂ എന്ന കടുത്ത നിലപാടിലായിരുന്നു പാക്കിസ്ഥാൻ.

2016 മാർച്ച് 3-നാണ് പാക് സുരക്ഷാ ഏജൻസികൾ ബലോചിസ്ഥാനിൽ വച്ച് കുൽഭൂഷൺ ജാദവിനെ അറസ്റ്റ് ചെയ്യുന്നത്. ചാരപ്രവൃത്തി ആരോപിച്ചായിരുന്നു അറസ്റ്റ്. തുടർന്ന് പാക് പട്ടാളക്കോടതി നടത്തിയ വിചാരണയിൽ ജാദവ് കുറ്റക്കാരനെന്ന് കണ്ടെത്തി. വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യ ജാദവിനെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. പാക് ചാരന്മാർ ഇറാനിലെ ഛബഹർ തുറമുഖത്ത് നിന്ന് ജാദവിനെ അനധികൃതമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്നായിരുന്നു ഇന്ത്യയുടെ മറുവാദം.

ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചു. വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാക്കിസ്ഥാൻ കുൽഭൂഷണിനെ തടവിൽ വച്ചതും അറസ്റ്റ് ചെയ്തതുമെന്നുമായിരുന്നു ഇന്ത്യയുടെ ആരോപണം. തുടർന്ന് വധശിക്ഷ നടപ്പാക്കുന്നത് നിർത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുൽഭൂഷൺ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അതിനായി കുൽഭൂഷണ് നയതന്ത്രസഹായം പാക്കിസ്ഥാൻ ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിടുകയായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP