Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹി കലാപത്തിന്റെ അസ്വസ്ഥതകൾ ബ്രിട്ടീഷ് പാർലമെന്റിൽ; തീ പാറിയ ചർച്ചയ്ക്കു ചുക്കാൻ പിടിച്ചത് ബർമിങാം എംപി ഖാലിദ് മുഹമ്മദ്; മോദിക്കെതിരെ ആഞ്ഞടിച്ചു മുസ്ലിം വംശജരായ എംപിമാർ; മഷിയിട്ടു നോക്കിയാൽ കാണാത്ത വാർത്ത പ്രത്യക്ഷപ്പെട്ടത് പാക്കിസ്ഥാനിലെ ജിയോ ടിവിയിലും കേരളത്തിലെ ചില ചാനലുകളിലും മാത്രം

ഡൽഹി കലാപത്തിന്റെ അസ്വസ്ഥതകൾ ബ്രിട്ടീഷ് പാർലമെന്റിൽ; തീ പാറിയ ചർച്ചയ്ക്കു ചുക്കാൻ പിടിച്ചത് ബർമിങാം എംപി ഖാലിദ് മുഹമ്മദ്; മോദിക്കെതിരെ ആഞ്ഞടിച്ചു മുസ്ലിം വംശജരായ എംപിമാർ; മഷിയിട്ടു നോക്കിയാൽ കാണാത്ത വാർത്ത പ്രത്യക്ഷപ്പെട്ടത് പാക്കിസ്ഥാനിലെ ജിയോ ടിവിയിലും കേരളത്തിലെ ചില ചാനലുകളിലും മാത്രം

പ്രത്യേക ലേഖകൻ

ലണ്ടൻ: 'ഡൽഹിയെ നിലയ്ക്ക് നിർത്തണം, അതിൽ ബ്രിട്ടൻ മുന്നിൽ നിൽക്കണം', മിനിഞ്ഞാന്ന് ബ്രിട്ടീഷ് പാർലമെന്റിൽ ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും 25 എംപിമാർ നയിച്ച ചർച്ചയുടെ കാതൽ ഇതായിരുന്നു. ഇപ്പോൾ കലാപത്തെ മുന്നിർത്തി ആയിരുന്നു ചർച്ച എങ്കിൽ കഴിഞ്ഞ വർഷം കാശ്മീർ വിഷയം ആസ്പദമാക്കിയാണ് ബ്രിട്ടീഷ് പാർലമെന്റിൽ സമാന ഗതിയിൽ ഉള്ള ചർച്ച നടന്നത്. ഈ ചർച്ചയിൽ പാക് അധീന കാശ്മീരിൽ നിന്നുള്ള നേതാക്കൾ അടക്കം പങ്കെടുത്തതിനെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചപ്പോൾ രാജ്യത്തിന്റെ ഔദ്യോഗിക നിലപാടല്ല ഇത്തരം ചർച്ചകൾ എന്നായിരുന്നു ബ്രിട്ടന്റെ മറുപടി.

ഏതെങ്കിലും എംപി പാർലമെന്റ് ഹാൾ ബുക്ക് ചെയ്തു നടത്തുന്ന ചർച്ചകൾക്ക് ഔദ്യോഗിക പരിവേഷം നൽകേണ്ടെന്നും ബ്രിട്ടൻ ഇന്ത്യയെ അറിയിച്ചു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ പാർലമെന്റിൽ ഔദ്യോഗികമായി തന്നെ മുസ്ലിം വംശജരായ എംപിമാർ മുൻകൈ എടുത്തു ചർച്ച സംഘടിപ്പിച്ചത്. തങ്ങളുടെ മണ്ഡലങ്ങളിൽ ഉള്ള ഇന്ത്യൻ വംശജരായ ആളുകളുടെ ആശങ്ക മുൻനിർത്തിയാണ് ചർച്ചയെന്നും എംപിമാർ വിശദീകരിച്ചു.

അതിനിടെ കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ച ചർച്ചയുടെ വിശദാംശങ്ങൾ 24 മണിക്കൂർ പിന്നിട്ടിട്ടും മാധ്യമ ശ്രദ്ധയിൽ എത്തിയില്ല എന്നതാണ് കൗതുകം. ഇന്ത്യയെ അടിക്കാൻ വടി കിട്ടിയാൽ കാരണവശാലും നഷ്ടമാക്കാത്ത പാക്കിസ്ഥാനിലെ ഡോൺ പത്രം പോലും കാര്യമായി ഈ വിഷയം പരിഗണിക്കാതിരിക്കെ പാക്കിസ്ഥാനിൽ നിന്നും തന്നെയുള്ള ജിയോ ടിവിയാണ് വാർത്ത ലോകത്തിന്റെ മുന്നിലേക്ക് എത്തിച്ചത്. തുടർന്ന് കേരളത്തിലെ ഏതാനും ചാനലുകളിലും വാർത്ത എത്തിയിരുന്നു. അടുത്തകാലത്തായി ഇന്ത്യയിൽ നിന്നുള്ള വാർത്തകൾക്കു വിദേശ മാധ്യമങ്ങൾ നല്ല പ്രചാരം നൽകുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ചർച്ച ആവശ്യത്തിന് ഗൗരവം കിട്ടാതെ പോയതും ചർച്ചയാകുന്നുണ്ട്.

ഇന്ത്യയിൽ മുസ്ലിംങ്ങൾ വ്യാപകമായി വംശഹത്യ നേരിടുന്നു എന്നതാണ് പാർലമെന്റിൽ ചർച്ചയിൽ പങ്കെടുത്തുവർ പൊതുവായി ചൂണ്ടിക്കാട്ടിയത്. ഇത് തടയാൻ ബ്രിട്ടൻ ഇടപെടണം എന്നും ആവശ്യം ഉണ്ടായി. ഇന്ത്യയിൽ ഹിന്ദു ഭൂരിപക്ഷ പാർട്ടിയുടെ സർക്കാരിൽ നിന്നും മുസ്ലിംങ്ങൾക്ക് നീതി കിട്ടില്ലെന്നും ചർച്ചയിൽ പങ്കെടുത്തവർ ആശങ്ക ഉയർത്തി. അതോടൊപ്പം ദേശീയ പൗരത്വ രജിസ്റ്റർ വഴി മുസ്ലിം ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്താൻ ഉള്ള നീക്കവും സംശയിക്കപ്പെടണം. ഈ സാഹചര്യത്തിൽ അടുത്തിടെ നടന്ന കലാപത്തിൽ സമാധാനമായി പ്രതിഷേധം നടത്തിയവർക്ക് നേരെ അക്രമം ഉണ്ടായപ്പോൾ സർക്കാർ നിഷ്‌ക്രിയമായി നോക്കി നിന്നതു അപലപിക്കപ്പെടേണ്ടതാണ്.

പാർലമെന്റിൽ വിദേശ കാര്യാ, കോമൺവെൽത്ത് സെക്രട്ടറി ഡൊമനിക് റബ്ബിനോടുള്ള ചോദ്യമായാണ് വിഷയം ഉയർന്നത്. ഡൊമനിക് റബ്ബിന്റെ അഭാവത്തിൽ സഹമന്ത്രി നൈജിൽ ആഡംസ് ആണ് മറുപടി നൽകിയത്. ന്യൂഡൽഹിയിലെ സംഭവങ്ങൾ ബ്രിട്ടീഷ് ഹൈ കമ്മീഷണർ വളരെ ഗൗരവത്തോടെ കാണുന്നുണ്ട് എന്നും വിവരങ്ങൾ ബ്രിട്ടീഷ് സർക്കാരിനെ അറിയിക്കുന്നുണ്ട് എന്നുമാണ് നൈജിൽ മറുപടി നൽകിയത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലോർഡ് താരിഖ് അഹമ്മദും സ്ഥിഗതികൾ നിരീക്ഷിക്കുന്നുണ്ട് എന്നും നൈജിൽ വ്യക്തമാക്കി. ബ്രിട്ടന് ഇന്ത്യൻ സർക്കാരിൽ വിശ്വാസം ഉണ്ടെന്നും സ്ഥിഗതികൾ ഉടൻ നിയന്ത്രണ വിധേയം ആകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മറുപടിയിൽ വിശദമാക്കി.

കലാപത്തെ എക്കാലവും ബ്രിട്ടൻ അപലപിക്കും, ഇത് ലോകത്തു എവിടെ നടന്നാലും ഒരേ നയത്തിലാണ് പ്രതികരണം. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിച്ചു കാണുന്നത് ബ്രിട്ടന് എവിടെ ആയാലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ മറുപടിയിൽ തൃപ്തനാകാതെ ബ്രിട്ടൻ യാഥാർഥ്യത്തിൽ നിന്നും ഓടി ഒളിക്കാൻ തിടുക്കം കാട്ടുക ആണെന്ന് ഖാലിദ് മുഹമ്മദ് കുറ്റപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച വിഷയം പാർലമെന്റിൽ എത്തിച്ചിട്ടും സർക്കാർ മറുപടി നൽകാൻ ചൊവ്വാഴ്ച വരെ സമയം എടുത്തതും ഖാലിദ് ചൂണ്ടിക്കാട്ടി. പൗരത്വ രജിസ്റ്ററിൽ പേരില്ലാത്ത മുസ്ലിംകൾ തടങ്കൽ പാളയത്തിൽ എത്തുമെന്നും അദ്ദേഹം ഉന്നയിച്ചു.

ഇന്ത്യ ഹിന്ദുക്കൾക്ക് മാത്രം എന്നതാണ് മോദി ശൈലിയെന്നും ഇക്കാര്യം മോദി തന്നെ അടുത്തിടെ ഒരു മുദ്രാവാക്യം മുഖേനെ ഉയർത്തിയതാണെന്നും ഖാലിദ് പറഞ്ഞു. യുകെയിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ബന്ധുക്കൾ ഇന്ത്യയിൽ ഉള്ളതിനാൽ വിഷയം കൂടുതൽ ഗൗരവത്തിൽ ബ്രിട്ടൻ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിംങ്ങൾക്കു ഒപ്പം മതേതര വിശ്വാസികൾ ആയ ഹിന്ദുക്കളും ഉണ്ട് പ്രതിഷേധത്തിൽ എന്നതും നല്ല സൂചനയാണ്. ഇന്ത്യ യുഎൻ സുരക്ഷാ സമിതിയിൽ സ്ഥിര അംഗത്വം നേടാൻ നടത്തുന്ന ശ്രമങ്ങളെയും ഖാലിദ് വിമർശിച്ചു.

ഏകദേശം 40 മിനിട്ടു നീണ്ട ചർച്ചയിൽ പ്രധാന പാർട്ടികളിൽ നിന്നുള്ള മുസ്ലിം എംപിമാർ ആണ് പ്രധാനമായും പങ്കെടുത്തത്. അഞ്ചു വർഷത്തെ ഭരണം നൽകിയ കരുത്തിൽ നിന്നും തുടർ ഭരണം കിട്ടിയപ്പോൾ ഏകപക്ഷീയമായി മോദി സർക്കാർ മുസ്ലികൾക്കു എതിരെ തിരിയുക ആണെന്ന് ബോൾട്ടണിലെ ലേബർ എംപി യാസ്മിൻ ഖുറേഷി ആരോപണമുയർത്തി. നാസികളോട് സാമ്യപ്പെടുത്താവുന്ന ആർ എസ എസ അജണ്ടയാണ് മോദി നടപ്പാക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

സ്ലോ എംപി തൻ മൻ ജിത് സിങ് 84ൽ താൻ ഡൽഹിയിൽ പഠിച്ചിരുന്നപ്പോൾ ഉണ്ടായ കലാപത്തെ മുന്നിർത്തി നടുക്കുന്ന ഓർമ്മകളുമായാണ് സംസാരിച്ചത്. ഇദ്ദേഹം ബ്രിട്ടീഷ് പാർലിമെന്റിൽ ആദ്യ സിഖ് എംപി കൂടിയാണ്. ബെഡ്‌ഫോർഡിലെ ലേബർ എംപി മുഹമ്മദ് യാസിൻ ബ്രിട്ടീഷ് മാധ്യമങ്ങൾ നൽകിയ ഡൽഹി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് സംസാരിച്ചത്. തികച്ചും വേദനാജനകമായ സംഭവം എന്നാണ് അദ്ദേഹം വിവരിച്ചത്. ഈസ്റ്റ്ഹാമിലെ ലേബർ എംപി സ്റ്റീഫൻ ടിംസ് ഇന്ത്യ ഭരണഘടനാ തത്ത്വങ്ങളിൽ നിന്നും അകലുകയാണ് എന്ന ആശങ്കയാണ് ഉയർത്തിയത്. യുകെ മലയാളികൾ സംഘടിപ്പിക്കുന്ന പരിപാടികളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് സ്റ്റീഫൻ. ലേബറിന്റെ കവൻട്രിയിലെ പുതിയ എംപിയായ സാറ സുൽത്താന ജമ്മു കാശ്മീർന്റെ സ്വയം ഭരണ അധികാരം നഷ്ടമായതിലെ വേദനയാണ് പങ്കിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP