Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യ കൈവിട്ട കോകോ ദ്വീപിൽ ചൈനയ്ക്ക് താവളം; മ്യാന്മാറിൽ നിന്നും വിലക്കു വാങ്ങിയ ദ്വീപിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രവർത്തനങ്ങൾ സജീവം; യുദ്ധമുണ്ടായാൽ ചൈനക്ക് തന്ത്രപരമായ മുൻതൂക്കം ലഭിക്കുമെന്ന് സൂചന; ശ്രീലങ്കയിൽ പാട്ടത്തിനെടുത്ത ഹമ്പന്തോഡ തുറമുഖവും പാക്കിസ്ഥാനിലെ ഗ്വാദാർ തുറമുഖവും ചൈനക്ക് താവളമായേക്കും; സമുദ്രാതിർത്തി വഴിയുള്ള ആക്രമണം ചൈന ലക്ഷ്യമിടുന്നെന്ന സൂചനയെ തുടർന്ന് ആൻഡമാൻ ദ്വീപുകൾക്കു സമീപം നാവികസേന സുരക്ഷ ശക്തമാക്കി

ഇന്ത്യ കൈവിട്ട കോകോ ദ്വീപിൽ ചൈനയ്ക്ക് താവളം; മ്യാന്മാറിൽ നിന്നും വിലക്കു വാങ്ങിയ ദ്വീപിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രവർത്തനങ്ങൾ സജീവം; യുദ്ധമുണ്ടായാൽ ചൈനക്ക് തന്ത്രപരമായ മുൻതൂക്കം ലഭിക്കുമെന്ന് സൂചന; ശ്രീലങ്കയിൽ പാട്ടത്തിനെടുത്ത ഹമ്പന്തോഡ തുറമുഖവും പാക്കിസ്ഥാനിലെ ഗ്വാദാർ തുറമുഖവും ചൈനക്ക് താവളമായേക്കും; സമുദ്രാതിർത്തി വഴിയുള്ള ആക്രമണം ചൈന ലക്ഷ്യമിടുന്നെന്ന സൂചനയെ തുടർന്ന് ആൻഡമാൻ ദ്വീപുകൾക്കു സമീപം നാവികസേന സുരക്ഷ ശക്തമാക്കി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യൻ ഭൂമി ചൈന കൈയേറിയത് ഇന്ത്യയെ വളയും വിധത്തിലുള്ള തന്ത്രപരമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ്. ഇരു രാജ്യങ്ങളുടെയും സൈനികശക്തി തുലനം ചെയ്യുമ്പോൾ മേധാവിത്വം ചൈനക്ക് അവകാശപ്പെട്ടതാണെങ്കിലും മിസൈൽ കരുത്തിൽ ഇന്ത്യയാണ് മുന്നിൽ. നാവികസേനയുടെ കാര്യത്തിലും ഇന്ത്യ മുന്നിലാണ്. എങ്കിലും ഈ കുറവു നികത്താൻ ചൈന ഇന്ത്യക്ക് ചുറ്റുമുള്ള തന്ത്രപ്രധാനമായ ചില ദ്വീപുകളും കൈയടക്കിയിട്ടുണ്ട്. കൂടുത് അഞ്ച് തുറമുഖങ്ങളും അവർക്ക് കരുത്തായി മാറും. 5 രാജ്യങ്ങളിൽ അവർ തുറമുഖങ്ങൾ വാടകയ്ക്ക് എടുക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട് ചൈന. ഒപ്പം മ്യാന്മറിൽ നിന്ന് വാങ്ങിയ കോകോ ദ്വീപുകളിൽ വലിയൊരു വിമാനത്താവളം പണിയുകയും വ്യോമനിരീക്ഷണ കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു.

ആൻഡമാൻ നിക്കോബാർ ദ്വീപിനും മലാക്ക കടലിടുക്കിനും സമീപം സ്ഥിതി ചെയ്യുന്ന കോകോ ദ്വീപുകളിലെ ഈ പുതിയ താവളം ചൈനയ്ക്കു യുദ്ധതന്ത്രപരമായി 2 കാര്യങ്ങളിൽ മുൻതൂക്കം നൽകുന്നു. 1 ഇവിടെനിന്നു നിരീക്ഷിച്ചാൽ ആൻഡമാനിൽ ഇന്ത്യയുടെ വ്യോമ, നാവികതാവളങ്ങളിലെ നീക്കങ്ങൾ മനസ്സിലാക്കാം. 2ചൈനയുടെ എണ്ണ 90 ശതമാനവും കൊണ്ടുവരുന്നതു മലാക്ക കടലിടുക്കിലൂടെയാണ്. അവിടെ കപ്പലുകളുടെ നീക്കവും നിരീക്ഷിക്കാം.

ബ്രിട്ടിഷുകാർ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം ഇന്ത്യയ്ക്കു കൈമാറിയപ്പോൾ കോകോ ദ്വീപുകളെ സ്വന്തമായി നിലനിർത്താൻ ആഗ്രഹിച്ചതാണ്. അന്ന് ഇന്ത്യ ഈ ദ്വീപുകൾക്ക് അവകാശവാദം ഉന്നയിച്ചില്ല. പ്രായോഗിക ബുദ്ധിമുട്ടുകൾ കരുതി ബ്രിട്ടിഷുകാർ ഇവ വേണ്ടെന്നു വച്ചു. മ്യാന്മറിനു കൈമാറുകയും ചെയ്തു. 1992 വരെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കടന്നിരുന്ന ദ്വീപുകൾ ചൈന പാട്ടത്തിന് എടുത്തതാണെന്നും അതല്ല വിലയ്ക്കു വാങ്ങിയതാണെന്നും രണ്ടു പക്ഷമുണ്ട്.

ഇവിടെ 50 മീറ്റർ ഉയരമുള്ള നിരീക്ഷണ നിലയവും 1000 മീറ്ററുള്ള റൺവേയും 1994ൽ ചൈന പണിഞ്ഞു. എന്നാൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ റൺവേയുടെ നീളം 2500 മീറ്ററാക്കിയതോടെ വലിയ യുദ്ധവിമാനങ്ങൾക്കും ഇറങ്ങാം. വ്യോമനിരീക്ഷണ ടവർ ഉയർത്തി. റഡാർ സംവിധാനം ഉൾപ്പെടെയുണ്ട്. ആൻഡമാനിൽ ഇന്ത്യയുടെ താവളത്തിൽനിന്ന് മിസൈൽ വിക്ഷേപിച്ചാൽ ആ നിമിഷം അതു ചൈനയ്ക്കു മനസ്സിലാക്കാം. ഗ്രേറ്റ് കോകോ ദ്വീപുകളിലാണു വിമാനത്താവളം. ലിറ്റിൽ കോകോ ദ്വീപിലാണു വ്യോമ ടവർ.

സമുദ്രാതിർത്തി വഴിയുള്ള ആക്രമണം ചൈന ലക്ഷ്യമിടുന്നെന്ന സൂചനയെ തുടർന്ന് ആൻഡമാൻ ദ്വീപുകൾക്കു സമീപം നാവികസേന സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പ്രധാന ഭൂപ്രദേശത്തിൽ നിന്ന് 700 നോട്ടിക്കൽ മൈൽ അകലെയുള്ള ആൻഡമാൻ ദ്വീപുകൾ സുരക്ഷാ ഭീഷണയിലാണെന്ന് നാവികസേനാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി മേഖലയിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) പ്രവർത്തനങ്ങൾ സജീവമാണ്. ഡിസംബറിൽ ഇന്ത്യൻ സമുദ്രാതിർത്തിക്ക് തൊട്ടടുത്ത് വരെ ചൈനയുടെ മുങ്ങിക്കപ്പലുകൾ കണ്ടെത്തിയിരുന്നു. ദക്ഷിണ ചൈനാക്കടലിൽ ചൈന ഇതിനകം തന്നെ കൃത്രിമ ദ്വീപുകൾ നിർമ്മിച്ചിട്ടുണ്ട്. ഏതു സമയവും സൈനിക താവളങ്ങളായി മാറ്റാവുന്നതാണ് അത്. റിപ്പോർട്ടുകൾ പ്രകാരം, തർക്ക പ്രദേശത്ത് ഇതിനകം തന്നെ അത്തരം ഏഴ് താവളങ്ങളുണ്ട്. ഈ താവളങ്ങളിലെല്ലാം ഹെലിപാഡുകൾ, റഡാർ സൗകര്യങ്ങൾ, മറ്റ് സൈനിക സൗകര്യങ്ങൾ എന്നിവയുണ്ട്.

ആൻഡമാനിലെ ഇന്ത്യൻ ആധിപത്യം ഇന്ത്യൻ സമുദ്ര മേഖലയിലെ (ഐഒആർ) ചൈനീസ് സ്വപ്നങ്ങൾക്ക് ഭീഷണിയാണ്. 2019 ജനുവരിയിൽ ഇന്ത്യൻ നാവികസേന ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഒരു പുതിയ എയർബേസ് ആരംഭിച്ചിരുന്നു. സമുദ്രാതിർത്തിയിൽ വർധിച്ചുവരുന്ന ചൈനയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുകയായിരുന്നു ലക്ഷ്യം. ഈ എയർബേസ് രൂപീകരണം പിഎൽഎ അംഗീകരിച്ചിരുന്നു.

2019 ഡിസംബറിൽ ആൻഡമാനിലെ പോർട്ട് ബ്ലെയറിനു സമീപം ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ 1 മടങ്ങാൻ ഇന്ത്യൻ നാവികസേന നിർദ്ദേശം നൽകിയിരുന്നു. ഗൽവാനിൽ പിഎൽഎയ്ക്ക് തിരിച്ചടിയേറ്റതിനാൽ ഇന്ത്യചൈന സംഘർഷത്തിന്റെ തുടർച്ച ഇനി ആൻഡമാൻ ദ്വീപുകളിലേക്ക് മാറിയേക്കാമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. ആൻഡമാനിൽ ഇന്ത്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ആൻഡമാൻ നിക്കോബർ ദ്വീപുകളിലെ മുൻ കമാൻഡർ ഇൻ ചീഫ് വൈസ് അഡ്‌മിറൽ പി.കെ.ചാറ്റർജി പറഞ്ഞു.

ശ്രീലങ്കയിലെ ഹമ്പന്തോഡ തുറമുഖം 99 വർഷത്തേക്ക് ചൈന എടുത്തിരിക്കയാണ്. പാക്കിസ്ഥാനിലെ ഗ്വാദാർ തുറമുഖം ചൈനയാണു വികസിപ്പിക്കുന്നത്. ബംഗ്ലാദേശിലെ ചിറ്റഗോങ്, മ്യാന്മറിലെ ക്യാവൂപ്യാവ് എന്നീ തുറമുഖങ്ങളും ചൈനയാണു കൈകാര്യം ചെയ്യുന്നത്. മാലി ദ്വീപിലെ ഫൈദൂ ഫിനോദൂ ദ്വീപ് ചൈന പാട്ടത്തിനെടുത്ത് തുറമുഖവും വിമാനത്താവളവും പണിഞ്ഞു കഴിഞ്ഞു. ആൻഡമാനിൽ ഇന്ത്യയുടെ നാവിക വ്യോമ താവളങ്ങളും വികസിപ്പിച്ചു കഴിഞ്ഞു. 3000 മീറ്റർ റൺവേയാണ് ഇവിടെയുള്ളത്. മുങ്ങിക്കപ്പലുകൾ അടക്കം നങ്കൂരമിടാനുള്ള സൗകര്യവുമുണ്ട്.

ഇന്ത്യൻ അതിർത്തിയിലെ കാലാപാനി, ലിപുലേഖ്, ലിംബിയാധുര പ്രദേശങ്ങൾ തങ്ങളുടേതെന്ന് അവകാശപ്പെട്ട് നേപ്പാൾ അവരുടെ എഫ്എം റേഡിയോ ചാനലുകളിൽ പ്രക്ഷേപണം നടത്തി. ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളും നേപ്പാളി എഫ്എം റേഡിയോയിൽ പാട്ടു കേൾക്കാറുണ്ട്. പാട്ടുകൾക്കിടയിലാണ് ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നുണ്ട്. കൂടാതെ ബംഗ്ലാദേശുമായു കുടുതൽ വ്യാപാര കരാറുകളിലേക്കും ചൈന കടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP