Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

തീതുപ്പുന്ന ചൈനീസ് വ്യാളി നേപ്പാളിനെ വിഴുങ്ങുന്നോ? നേപ്പാളുമായി അതിരുപങ്കിടുന്ന ഏഴ് ജില്ലകളിൽ വൻചൈനീസ് അധിനിവേശമെന്ന് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ; കൃഷി വകുപ്പും സർവേ വകുപ്പും ഒക്കെ ഭൂമികയ്യേറ്റം റിപ്പോർട്ട് ചെയ്തിട്ടും പ്രധാനമന്ത്രി കെ.പി.ശർമ ഒലി കണ്ട ഭാവം നടിക്കുന്നില്ല; 2005 ന് ശേഷം ചൈനയുമായി അതിർത്തി ചർച്ചകൾ നടത്താതെ വല്യേട്ടന് എല്ലാം വിട്ടുകൊടുത്ത് പിണക്കാതെ നേപ്പാൾ ഭരണാധികാരികൾ

തീതുപ്പുന്ന ചൈനീസ് വ്യാളി നേപ്പാളിനെ വിഴുങ്ങുന്നോ? നേപ്പാളുമായി അതിരുപങ്കിടുന്ന ഏഴ് ജില്ലകളിൽ വൻചൈനീസ് അധിനിവേശമെന്ന് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ; കൃഷി വകുപ്പും സർവേ വകുപ്പും ഒക്കെ ഭൂമികയ്യേറ്റം റിപ്പോർട്ട് ചെയ്തിട്ടും പ്രധാനമന്ത്രി കെ.പി.ശർമ ഒലി കണ്ട ഭാവം നടിക്കുന്നില്ല; 2005 ന് ശേഷം ചൈനയുമായി അതിർത്തി ചർച്ചകൾ നടത്താതെ വല്യേട്ടന് എല്ലാം വിട്ടുകൊടുത്ത് പിണക്കാതെ നേപ്പാൾ ഭരണാധികാരികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നേപ്പാളിനെ ചൈന വിഴുങ്ങുകയാണോ? ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ അത്തരമൊരു മുന്നറിയിപ്പാണ് നൽകുന്നത്. അതിരുപങ്കിടുന്ന ഏഴ് ജില്ലകളിൽ നിരവധി സ്ഥലങ്ങളിൽ ചൈന നേപ്പാളിൽ കടന്നുകയറിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്. അനധികൃത കയ്യേറ്റത്തിലൂടെ കൂടുതൽ ഭൂമി പിടിച്ചെടുത്ത് ചൈന മുന്നോട്ട് നീങ്ങുകയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അധിനിവേശ അജണ്ട മറച്ചുപിടിക്കാൻ നേപ്പാളീസ് കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുന്നതുകൊണ്ട് കാര്യങ്ങൾ പുറമേ കാണുന്നതിലും വഷളാകാനാണ് സാധ്യത എന്നും ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ട്.

നേപ്പാൾ സർവേ വകുപ്പ് ഭുമി പിടിച്ചെടുക്കാനുള്ള ചൈനീസ് നീക്കം റിപ്പോർട്ട് ചെയ്‌തെങ്കിലും പ്രധാനമന്ത്രി കെ.പി.ശർമ ഒലി അത് ഗൗനിച്ചില്ല എന്നാണ് വിമർശനം. ദൊലാഖ, ഗോർഖ, ദർചൂല, ഹംല, സിന്ധുപാൽചൗക്ക്, ശങ്കുവസഭ, റസുവ എന്നീ നേപ്പാളി ജില്ലകളിലാണ് ചൈനയുടെ ഭൂമികയ്യേറ്റ നീക്കം പുരോഗമിക്കുന്നത്.

ദോലാഖയിൽ അന്താരാഷ്ട്ര അതിർത്തി 1500 മീറ്ററോളം നേപ്പാളിന്റെ ഉള്ളിലേക്ക് ചൈന തള്ളിയിട്ടുണ്ട്. 57 ാം നമ്പർ അതിർത്തി സ്തൂപം ദോലാഖയിലെ കൊർലാങ് മേഖലയിൽ അകത്തേക്ക് തള്ളിയതായാണ് റിപ്പോർട്ട്. ദോലാഖയിലെ പോലെ ഗോർഖ ജില്ലയിലെ 35,37, 38 സ്തൂപങ്ങളും, സോലുകുമ്പു നമ്പ ബൻജിയാങ്ങിലെ 62 ാം നമ്പർ സ്തൂപവും സമാനമായ രീതിയിൽ മാറ്റ് സ്ഥാപിച്ചു. ഇതിൽ ആദ്യ മൂന്നു സ്തൂപങ്ങളും റുയിഗ്രാമത്തിലും ടോം നദിക്കരയിലും ആയിട്ടാണ് സ്ഥിതി ചെയ്തിരുന്നത്.

നേപ്പാളിന്റെ ഔദ്യോഗിക ഭൂപടത്തിൽ ഗ്രാമത്തെ രാജ്യത്തിന്റെ ഭാഗമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമീണർ നികുതി അടയ്ക്കുന്നതും നേപ്പാൾ സർക്കാരിനാണ്. എന്നാൽ, ചൈനയാകട്ടെ, ഈ മേഖലയെ 2017 ൽ ടിബറ്റ് സ്വയം ഭരണ മേഖലയിൽ ചേർത്തുവെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നേപ്പാൾ കൃഷി മന്ത്രാലയലവും ഇത്തരത്തിൽ ചൈനീസ് അധിനിവേശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാല് നേപ്പാളി ജില്ലകളിലെ 11 സ്ഥലങ്ങളിലെങ്കിലും ചൈന ഭൂമി പിടിച്ചെടുത്തിട്ടുണ്ട്. വിവിധ നദികളുടെ വൃഷ്ടിപ്രദേശമാണ് ഇതുപോലെ കൈയടക്കിയിരിക്കുന്നത്.

അതേസമയം, 2005 ന് ശേഷം ചൈനയുമായുള്ള അതിർത്തി ചർച്ചകളിൽ നിന്ന് നേപ്പാൾ മനഃപൂർവം വിട്ടുനിൽക്കുകയാണെന്നും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ പറയുന്നു. തങ്ങളുടെ ഭൂമി തിരിച്ചുചോദിച്ച് ചൈനയെ പിണക്കേണ്ടതില്ല എന്ന നയമാണ് നേപ്പാളി സർക്കാർ പിന്തുടരുന്നത്.

നേപ്പാളിന് കിട്ടിയത് എട്ടിന്റെ പണി

ഇടക്കാലം കൊണ്ട് ചൈനീസ് ബാന്ധവത്തിന് കൊതിച്ച നേപ്പാളിന് എട്ടിന്റെ പണിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ ചൈനീസ് താൽപ്പര്യമുള്ള നേപ്പാൾ പ്രധാനമന്ത്രിയെ വരുതിയിൽ നിർത്താൻ ഇന്ത്യയിലും ശ്രമങ്ങളുണ്ടായി. അജിത് ഡോവൽ നേരിട്ടു കളത്തിൽ ഇറങ്ങിയതോടെ നേപ്പാളിൽ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഇതിനിടെ നേപ്പാൾ സന്ദർശിച്ച റോയുടെ തലവൻ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്‌ച്ച നടത്തി.

ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ ചാരസംഘടന റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) മേധാവി സാമന്ത് കുമാർ ഗോയൽ നേപ്പാളിൽ അനൗദ്യോഗിക സന്ദർശനം നടത്തിയത്. ഒൻപതംഗ സംഘത്തിനൊപ്പം ബുധനാഴ്ച നേപ്പാൾ തലസ്ഥാനത്ത് എത്തിയ ഗോയൽ ചർച്ചകൾക്കുശേഷം ഇന്ത്യയിലേക്കു മടങ്ങി.

നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി, മുൻ പ്രധാനമന്ത്രിമാരായ പുഷ്പകമൽ ദഹൽ (പ്രചണ്ഡ), ബഹാദുർ ദുബെ, മാധവ്കുമാർ നേപ്പാൾ എന്നിവരുമായി ചർച്ച നടത്തിയെന്നാണു റിപ്പോർട്ട്. പ്രധാനമന്ത്രിയെന്ന നിലയിലും പാർട്ടി ചെയർമാൻ എന്ന നിലയിലും ഒലിയുടെ പ്രവർത്തന ശൈലിക്കെതിരെ മുതിർന്ന നേതാക്കളായ പ്രചണ്ഡയും മാധവ്കുമാറും കലാപക്കൊടി ഉയർത്തിയതോടെയാണു കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമായത്.

പ്രചണ്ഡയും ഒലിയും തമ്മിൽ ഓഗസ്റ്റിൽ ധാരണയിൽ എത്തിയിരുന്നെങ്കിലും പ്രധാനമന്ത്രിക്കെതിരെ കഴിഞ്ഞയാഴ്ച അവിശ്വാസ പ്രമേയം വന്നതു വീണ്ടും പ്രശ്‌നങ്ങൾക്കു കാരണമായി. പ്രചണ്ഡയുടെ അടുപ്പക്കാരനായ കർണാലി പ്രവിശ്യ മുഖ്യമന്ത്രി മഹേന്ദ്ര ബഹാദുർ ഷാഹിക്കെതിരെ ഒലി വിഭാഗവും അവിശ്വാസപ്രമേയം കൊണ്ടുവന്നു. പ്രചണ്ഡയുമായുള്ള അഭിപ്രായഭിന്നതകൾ ഇന്ത്യയുടെ സഹായത്തോടെ പരിഹരിക്കണമെന്ന് ഒലി ആഗ്രഹിക്കുന്നുണ്ടെന്നും ആ സാഹചര്യത്തിലാണ് റോ മേധാവി കാഠ്മണ്ഡുവിൽ എത്തിയതെന്നും മുതിർന്ന നേതാക്കൾ പറയുന്നു.

എന്നാൽ ഗോയലുമായി ഒലി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സൂര്യ ഥാപ്പ നിഷേധിച്ചു. മറ്റൊരു രാജ്യത്തെ അന്വേഷണ ഏജൻസി മേധാവിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയതിനെതിരെ നേപ്പാളിൽ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗോയലിന്റെ സന്ദർശനം രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നതാണെന്നു നേപ്പാളി കോൺഗ്രസ് നേതാവ് ധൻരാജ് ഗുരുങ് പറഞ്ഞു.

ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ നവംബർ മൂന്നിന് നേപ്പാൾ സന്ദർശനം നടത്തുന്നതിനു മുന്നോടിയായാണ് റോ മേധാവി എത്തിയതെന്നതു ശ്രദ്ധേയമാണ്. നിലവിലെ നേപ്പാൾ ഭരണകൂടം ചൈനയുമായി അടുക്കുന്നു എന്നതാണ് ഇന്ത്യയെ അസ്വസ്ഥപ്പെടുത്തുന്നത്. ഉത്തരാഖണ്ഡിലെ ദർചുലയെ ലിപുലേഖ് പാസുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ തന്ത്രപ്രധാന പാത മെയ് എട്ടിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തതോടെയാണ് ഇന്ത്യ- നേപ്പാൾ ബന്ധത്തിൽ വിള്ളൽ വീണത്.

ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ ലിപുലേഖ്, കാലാപാനി, ലിംപിയാദുര എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടവുമായി നേപ്പാൾ രംഗത്തുവന്നു. ഈ മേഖലകൾ ഉൾപ്പെടുത്തി 2019ൽ ഇന്ത്യ ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. നേപ്പാളിന്റെ ഏകപക്ഷീയ നടപടിക്കെതിരെ ഇന്ത്യ കടുത്ത എതിർപ്പ് അറിയിച്ചു. എന്നാൽ ഇന്ത്യൻ ഭാഗങ്ങൾ അടയാളപ്പെടുത്തിയ ഭൂപടത്തിന് ജൂണിൽ നേപ്പാൾ പാർലമെന്റ് അംഗീകാരം നൽകി.

ഭൂപട പരിഷ്‌കരണത്തിനു പിന്നാലെ ഇന്ത്യയ്ക്കെതിരെ 'സെൻസസുമായും നേപ്പാൾ രംഗത്തുവന്നിരുന്നു. ഇന്ത്യൻ പ്രദേശങ്ങളായ ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ പ്രദേശങ്ങളിൽ സെൻസസ് നടത്താൻ നേപ്പാൾ ഒരുങ്ങുകയും ചെയ്തിരുന്നുന്നു. 10 വർഷം കൂടുമ്പോഴാണു നേപ്പാളിൽ സെൻസസ് നടക്കുന്നത്. അടുത്ത വർഷം മേയിലാണ് ഇനി സെൻസസ് നടക്കേണ്ടത്. നാഷനൽ പ്ലാനിങ് കമ്മിഷൻ, സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയാണു രാജ്യവ്യാപകമായി സർവേ സംഘടിപ്പിക്കുന്നത്.

നേപ്പാളിലെ രാഷ്ട്രീയ നേതൃത്വത്തിലെ 'പ്രാപ്പിടിയൻ ഘടകങ്ങൾ' ആണ് ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നിവിടങ്ങളിലും സെൻസസ് വേണമെന്ന് ആവശ്യപ്പെടുന്നതെന്നായിരുന്നു റിപ്പോർട്ട്. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻവേണ്ട ശ്രമങ്ങളാണ് റോ മേധാവിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP