Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് വാക്സിൻ തരാം ഒപ്പം നിൽക്കണമെന്ന് ചൈന; സഹോദര ബന്ധത്തിൽ പാക്കിസ്ഥാനെ കണ്ട് പഠിക്കാൻ അഫ്ഗാനിസ്ഥാനും നേപ്പാളിനും ഉപദേശവും; മേഖലയിൽ തങ്ങളുടെ അപ്രമാദിത്വം ഉറപ്പിക്കാൻ കോവിഡിനെയും കൂട്ടുപിടിച്ച് ചൈന

കോവിഡ് വാക്സിൻ തരാം ഒപ്പം നിൽക്കണമെന്ന് ചൈന; സഹോദര ബന്ധത്തിൽ പാക്കിസ്ഥാനെ കണ്ട് പഠിക്കാൻ അഫ്ഗാനിസ്ഥാനും നേപ്പാളിനും ഉപദേശവും; മേഖലയിൽ തങ്ങളുടെ അപ്രമാദിത്വം ഉറപ്പിക്കാൻ കോവിഡിനെയും കൂട്ടുപിടിച്ച് ചൈന

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: മേഖലയിൽ തങ്ങളുടെ അപ്രമാദിത്വം ഉറപ്പിക്കാൻ ചൈന കൂട്ടുപിടിക്കുന്നത് കോവിഡിനെയും. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങളെ കോവിഡ് വാക്സിൻ നൽകി സഹായിക്കാം എന്ന വാ​ഗ്ദാനമാണ് ചൈന മുന്നോട്ട് വെച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധം, സാമ്പത്തിക തകർച്ചയിൽനിന്നുള്ള തിരിച്ചുവരവ്, ബെൽറ്റ് ആൻഡ് റോഡ് പദ്ധതി തുടങ്ങിയ കാര്യങ്ങളിലെ പുരോഗതിയും തുടർനടപടിയും ചർച്ച ചെയ്യാൻ വിളിച്ച യോ​ഗത്തിലാണ്, വാക്സിൻ വികസിപ്പിച്ചാലുടൻ കൈമാറാൻ തയ്യാറാണെന്ന് ചൈന അറിയിച്ചിരിക്കുന്നത്. പൊതുജനാരോ​ഗ്യ മേഖലയിൽ മൂന്ന് അയൽ രാജ്യങ്ങൾക്കും സംരക്ഷണം വാ​ഗ്ദാനം ചെയ്യുമ്പോൾ പകരം വ്യാപാര-സൈനിക താത്പര്യങ്ങൾ ഈ രാജ്യങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് ചൈനീസ് തന്ത്രം.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നീ രാജ്യങ്ങളുമായി നടത്തിയ ആദ്യ സംയുക്ത വിർച്വൽ യോഗത്തിൽ നാലിന പദ്ധതിയാണ് ചൈന ചർച്ചയിൽ മുന്നോട്ടുവച്ചത്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അഫ്ഗാൻ ആക്ടിങ് വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് അത്മറും നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് കുമാർ ഗ്യാവാലിയും പങ്കെടുത്തതായി ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കു പകരം സാമ്പത്തിക കാര്യമന്ത്രി മഖ്ദൂം ഖുസ്റോ ബക്തിയാർ ആണ് പങ്കെടുത്തത്.

കോവിഡ് പ്രതിരോധത്തിൽ സംയുക്ത സഹകരണം ആവശ്യപ്പെട്ട ചൈനീസ് വിദേശകാര്യ മന്ത്രി പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള 'ഉരുക്ക് സഹോദര' ബന്ധം ഊന്നിപറഞ്ഞു. ഈ ബന്ധം ഉദ്ധരിച്ച് വ്യാപാര-ഗതാഗത ഇടനാഴികളിലൂടെയുള്ള ഒഴുക്ക് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ആവശ്യപ്പെട്ടു. മഹാമാരിക്കെതിരെ ഐക്യത്തോടെ പോരാടണമെന്നും അതിനെ രാഷ്ട്രീയവൽക്കരിക്കുന്നത് ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കണമെന്നും യോഗത്തിൽ ധാരണയായി. ഈ മാസമാദ്യം ഡബ്ല്യുഎച്ച്ഒയിൽനിന്ന് യുഎസ് പിന്മാറുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയെ ട്രംപ് ഭരണകൂടം ഔദ്യോഗികമായി അറിയിച്ചിരുന്നു. മഹാമാരിയെ പ്രതിരോധിക്കാൻ ഈ നാലു രാജ്യങ്ങളും പ്രാദേശിക സഹകരണം രൂപീകരിക്കണമെന്നും ചൈന – പാക്കിസ്ഥാൻ സഹകരണം ചൂണ്ടിക്കാട്ടി വാങ് യി വ്യക്തമാക്കി. ചൈനീസ് വാക്സിൻ വികസിപ്പിച്ചുകഴിയുമ്പോൾ ഈ മൂന്നു രാജ്യങ്ങൾക്കും നൽകാമെന്നും അവരുടെ പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്താൻ സഹായിക്കാമെന്നും യി വാഗ്ദാനം ചെയ്തിട്ടുണ്ട്..

മഹാമാരിക്കുശേഷം ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്കായി യോജിച്ചു പ്രവർത്തിക്കണമെന്നും യി ആവശ്യപ്പെട്ടു. ബെൽറ്റ് റോഡ് പദ്ധതിയുടെ ഭാഗമായി പാക്കിസ്ഥാനിലേക്കുള്ള ചൈനയുടെ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക്ക് അധിനിവേശ കശ്മീരിലൂടെയാണ്. ഇതിൽ ഇന്ത്യ എതിർപ്പ് അറിയിച്ചിട്ടുണ്ട്. നേപ്പാളിനെ ചൈനയുമായി ബന്ധിപ്പിക്കുന്ന, ടിബറ്റിലൂടെ പോകുന്ന പാതയുടെ കാര്യത്തിലും ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. അതേസമയം, ഭൂമിശാസ്ത്രപരമായ മേന്മകൾ കണക്കിലെടുക്കണമെന്നും ഈ നാലു രാജ്യങ്ങളും മറ്റ് മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള സഹകരണവും ഇടപാടുകളും ശക്തിപ്പെടുത്തണമെന്നും മേഖലയിലെ സമാധാനവും സ്ഥിരതയും സംരക്ഷിക്കണമെന്നും യി പറഞ്ഞു. ഇന്ത്യ – ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ഈ ചർച്ചയ്ക്കു പിന്നിൽ ചൈനയുടെ നയതന്ത്ര, രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടിയുള്ളതായി നിരീക്ഷകർ കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP