Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രക്ഷോഭം മുറുകിയ ഹോങ്കോങ്ങിൽ ചൈനീസ് സൈന്യം ഇറങ്ങി; ചൈനീസ് വിരുദ്ധ പ്രക്ഷോഭം തുടങ്ങിയ ശേഷം ആദ്യമായി സേന ഇടപെടുമ്പോൾ എങ്ങും പടരുന്നത് ആശങ്ക; ഹോങ്കോങ്ങിൽ സജ്ജമാക്കിയ താത്കാലിക ക്യാമ്പിൽ എത്തിയ സൈനികർ പ്രക്ഷോഭകർ താറുമാറാക്കിയ റോഡുകളിലെ തടസങ്ങൾ നീക്കുകയും ഉപേക്ഷിച്ച് പോയ കല്ലുകളും മറ്റും എടുത്തുമാറ്റുകയും ചെയ്തു; സർക്കാറിനെ സഹായിക്കാൻ വേണ്ടിയല്ല തങ്ങൾ എത്തിയതെന്ന് ചൈനീസ് സൈന്യം പറയുമ്പോഴും വീണ്ടുമൊരു ടിയാന്മെൻ സ്‌ക്വയർ ആവർത്തിക്കുമോ എന്നു ഭയന്ന് ലോകം

പ്രക്ഷോഭം മുറുകിയ ഹോങ്കോങ്ങിൽ ചൈനീസ് സൈന്യം ഇറങ്ങി; ചൈനീസ് വിരുദ്ധ പ്രക്ഷോഭം തുടങ്ങിയ ശേഷം ആദ്യമായി സേന ഇടപെടുമ്പോൾ എങ്ങും പടരുന്നത് ആശങ്ക; ഹോങ്കോങ്ങിൽ സജ്ജമാക്കിയ താത്കാലിക ക്യാമ്പിൽ എത്തിയ സൈനികർ പ്രക്ഷോഭകർ താറുമാറാക്കിയ റോഡുകളിലെ തടസങ്ങൾ നീക്കുകയും ഉപേക്ഷിച്ച് പോയ കല്ലുകളും മറ്റും എടുത്തുമാറ്റുകയും ചെയ്തു; സർക്കാറിനെ സഹായിക്കാൻ വേണ്ടിയല്ല തങ്ങൾ എത്തിയതെന്ന് ചൈനീസ് സൈന്യം പറയുമ്പോഴും വീണ്ടുമൊരു ടിയാന്മെൻ സ്‌ക്വയർ ആവർത്തിക്കുമോ എന്നു ഭയന്ന് ലോകം

മറുനാടൻ ഡെസ്‌ക്‌

ഹോങ്കോങ്: ഹോങ്കോങ് പൗരന്മാരെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർദിഷ്ട കുറ്റവാളി കൈമാറ്റ നിയമഭേദഗതിക്കെതിരെ ഹോങ്കോങ്ങിൽ തുടങ്ങിയ പ്രക്ഷോഭം നിയന്ത്രിക്കാൻ ഭരണകൂടത്തിന് കഴിയാതെ വരുന്ന സാഹചര്യത്തിൽ ചൈനീസ് സൈന്യം ഇറങ്ങിയത് ലോകത്തെ ആശങ്കപ്പെടുത്തുന്നു. ജനാധിപത്യം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളെ അടിച്ചമർത്തി മാത്രം ശീലിച്ച ചൈനയുടെ നീക്കമാണ് ആശങ്കപ്പെടുത്തുന്നത്. പ്രക്ഷോഭം തുടങ്ങിയ ശേഷം ആദ്യമായാണ് ഹോങ്കോങ്ങിൽ സൈന്യത്തെ ചൈന വിന്യസിച്ചത്. തീർത്തും അപ്രതീക്ഷിതമായി ചൈനീസ് സൈന്യം ഇറങ്ങിയതോടെ എങ്ങും ആശങ്കയാണ് ശക്തമായിരിക്കുന്നത്. വീണ്ടുമൊരു ടിയാന്മെൻ സ്‌ക്വയർ ദുരന്തം ആവർത്തിക്കുമോ എന്നാണ് ലോകം ഭയപ്പെടുന്നത്.

പ്രക്ഷോഭം ശക്തിപ്പെട്ടിട്ട് മാസങ്ങൾ ആയെങ്കിലും ഇതാദ്യമായാണ് ചൈനീസ് സൈന്യം ഹോങ്കോങ്ങിൽ വിന്യസിക്കപ്പെടുന്നത്. ഹോങ്കോങ്ങിൽ സജ്ജമാക്കിയ താത്കാലിക ക്യാമ്പിൽ എത്തിയ സൈനികർ പക്ഷെ പ്രക്ഷോഭകർ താറുമാറാക്കിയറോഡുകളിലെ തടസങ്ങൾ മാറ്റുകയും പ്രക്ഷോഭകർ ഉപേക്ഷിച്ച് പോയ കല്ലുകളും മറ്റും എടുത്തുമാറ്റുകയുമാണ് ചെയ്തത്. സൈനിക യൂണിഫോമിന് പകരം പച്ച നിറത്തിലുള്ള ടീ ഷർട്ടും കറുത്ത ഷോർട്സും ധരിച്ചാണ് ഇവർ ശുചീകരണത്തിനിറങ്ങിയത്. പ്രക്ഷോഭത്തിൽ സർക്കാരിനെ സഹായിക്കുന്നതിന് വേണ്ടിയല്ല തങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് ചൈനീസ് സൈന്യം പറയുന്നത്. മാസങ്ങളായി തുടങ്ങിയ ചൈന വിരുദ്ധ പ്രക്ഷോഭം നിയന്ത്രിക്കാൻ ഹോങ്കോങ്ങ് പൊലീസിന് സാധിച്ചിരുന്നില്ല. ഇതോടെയാണ് സൈന്യം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം ചൈനീസ് നിയമം അനുസരിച്ച് സൈന്യത്തിന് സ്വമേധയാ ഇങ്ങനെ ഇറങ്ങി പ്രവർത്തിക്കാനാകില്ല. അതിന് പ്രാദേശിക ഭരണകൂടങ്ങളുടെ അഭ്യർത്ഥന ഉണ്ടായിരിക്കണം. എന്നാൽ കഴിഞ്ഞ 22 വർഷത്തിനിടെ ഒരിക്കൽ പോലും ഹോങ്കോങ്ങിൽ നിന്ന് സഹായ അഭ്യർത്ഥന ഉണ്ടായിട്ടില്ല. എന്നാൽ ഹോങ്കോങ്ങിലെ സുരക്ഷാ കാര്യങ്ങൾക്കുള്ള സെക്രട്ടറി ജോൺ ലീ കാ ചിയു സൈന്യത്തെ വിളിക്കുന്നത് സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു. ഹോങ്കോങ്ങിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന കാര്യത്തിൽ ചൈനീസ് സൈന്യത്തിന് തീരുമാനമെടുക്കാമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇങ്ങനെ അഭ്യർത്ഥന ഇല്ലാതെ തന്നെ ചൈനീസ് സൈന്യം ഹോങ്കോങ്ങിൽ രക്ഷാപ്രവർത്തനത്തിനും മറ്റും മുമ്പ് എത്തിയിട്ടുമുണ്ട്.

ഹോങ്കോങ് പൗരന്മാരെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർദിഷ്ട കുറ്റവാളി കൈമാറ്റ നിയമഭേദഗതിക്കെതിരെ ജനങ്ങൾ അക്രമാസക്തരായാണ് ഹോങ്കോങ്ങിൽ ഇറങ്ങിയത്. ലെജിസ്ലേറ്റീവ് കൗൺസിലിന് മുന്നിൽ പത്ത് ലക്ഷത്തോളം പ്രക്ഷോഭകരാണ് അണിനിരന്ന പ്രകടനവും അരങ്ങേറിയിരുന്നു. യുവാക്കളാണ് കറുത്ത വസ്ത്രം ധരിച്ചാണ് ജനങ്ങൾ പ്രതിഷേധ പ്രകടനം നടത്തിയത്.

2014-ലെ ജനാധിപത്യാവകാശ സമരത്തിന് ശേഷമുള്ള ഏറ്റവും വലിയ തെരുവ് പ്രതിഷേധങ്ങളാണ് ഹോങ്കോങ് സാക്ഷിയായത്. പ്രബലരായ ബിസിനസ് സമൂഹവും നിയമഭേദഗതിക്കെതിരാണ്. എന്നാൽ, ചൈന അനുകൂലികൾക്കു ഭൂരിപക്ഷമുള്ള 70 അംഗ കൗൺസിൽ നിയമം അംഗീകരിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ച നിയമഭേദഗതി ഏപ്രിലിലാണ് ചൈന അനുകൂലികൾക്ക് ഭൂരിപക്ഷമുള്ള കൗൺസിലിൽ അവതരിപ്പിച്ചത്. ചൈനയെ വിമർശിക്കുന്നവരെ കുടുക്കാൻ നിയമം ദുരുപയോഗിക്കുമെന്നാണ് പ്രതിഷേധക്കാരുടെ ആശങ്ക.

യൂറോപ്യൻ യൂണിയനും നിയമഭേദഗതിക്കെതിരെ രംഗത്തെത്തി. എന്നാൽ പ്രശ്‌നം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നാണ് ചൈനയുടെ നിലപാട്. 1997 ലാണ് ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ ചൈനയുടെ കീഴിലായത്. ഹോങ്കോങ് സ്വദേശിയായ യുവതി തായ്ലൻഡിൽ കൊല്ലപ്പെട്ടതും പ്രതിയായ കാമുകൻ ഹോങ്കോങ്ങിലേക്ക് മടങ്ങിയെത്തിയതുമാണ് നിയമഭേദഗതിക്ക് കാരണമെന്നാണ് ഹോങ്കോങ് പറയുന്നത്. തായ്ലൻഡുമായി കൈമാറ്റ ഉടമ്പടി ഇല്ലാത്തതിനാൽ പ്രതിയെ അവിടേക്ക് വിട്ടുകൊടുക്കാനായില്ല. തായ്ലൻഡിൽ നടന്ന കുറ്റകൃത്യത്തിനു ഹോങ്കോങ്ങിൽ കേസെടുക്കാനും സാധ്യമല്ലായിരുന്നു. ഈ സാഹചര്യത്തിലാണു ഭേദഗതി കൊണ്ടുവന്നതെന്നാണു അധികൃതരുടെ വാദം. 2015-ൽ ഹോങ്കോങ്ങിലെ അഞ്ച് പുസ്തകവ്യാപാരികളെ കാണാതായ സംഭവം വിവാദമായിരുന്നു. ചൈനീസ് രഹസ്യപൊലീസ് ഇവരെ തട്ടിക്കൊണ്ടുപോയതാണെന്നാണ് ആരോപണം.

ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ 1997-ലാണ് ചൈനയുടെ കീഴിലായത്. സ്വന്തമായി നിയമ, സാമ്പത്തികകാര്യ വ്യവസ്ഥയും പൗരാവകാശ നിയമങ്ങളും ഹോങ്കോങ്ങിനുണ്ട്. എന്നാൽ ഭരണത്തിലും നിയമവാഴ്ചയിലും ചൈനയുടെ ഇടപെടലുകൾ ശക്തമാണ്. ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ' എന്ന ക്രമീകരണത്തിലാണ് ഇവിടെ ഇപ്പോഴും ഭരണം നടക്കുന്നത്. കമ്യൂണിസ്റ്റ് ചൈനയിൽ കാണാത്ത അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് ഹോങ്കോങുകാർ അനുഭവിക്കുന്നത്. എന്നാൽ ചൈന കരാറിൽനിന്നും പിന്മാറുന്നുവെന്ന ഭയപ്പാടാണ് പുതിയ നിയമം ജനങ്ങളിൽ ഉണ്ടാക്കിയത്. രണ്ടു തരത്തിലുള്ള പ്രധിഷേധ പ്രകടനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP