Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

യുവതി സ്പീക്കറുടെ ലാപ് ടോപ് മോഷ്ടിച്ചത് ക്യാപിറ്റോൾ കലാപത്തിനിടെ; 22കാരി ശ്രമിച്ചത് റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് ഡാറ്റ വിൽക്കാനും; റിലേ ജൂൺ വില്യംസ് അറസ്റ്റിലായത് മുൻ കാമുകന്റെ വെളിപ്പെടുത്തലിനെ തുടർന്ന്

യുവതി സ്പീക്കറുടെ ലാപ് ടോപ് മോഷ്ടിച്ചത് ക്യാപിറ്റോൾ കലാപത്തിനിടെ; 22കാരി ശ്രമിച്ചത് റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് ഡാറ്റ വിൽക്കാനും; റിലേ ജൂൺ വില്യംസ് അറസ്റ്റിലായത് മുൻ കാമുകന്റെ വെളിപ്പെടുത്തലിനെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: യുഎസ് ക്യാപിറ്റോൾ കലാപത്തിനിടെ ഡെമോക്രാറ്റ് നേതാവും സ്പീക്കറുമായ നാൻസി പെലോസിയുടെ ഓഫീസിൽ നിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ചതായി സംശയിക്കുന്ന ഡൊണാൾഡ് ട്രംപ് അനുകൂലിയെ അറസ്റ്റ് ചെയ്തു. 22 വയസ്സുകാരിയായ റിലേ ജൂൺ വില്യംസാണ് പിടിയിലായത്. അക്രമാസക്തമായും നിയമവിരുദ്ധമായും കെട്ടിടത്തിൽ പ്രവേശിച്ചു, മാന്യമല്ലാത്ത പെരുമാറ്റം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് റിലേ ജൂൺ വില്യംസിനെ പെൻ‌സിൽ‌വാനിയയിൽ വെച്ച് അറസ്റ്റ് ചെയ്തത്. റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് ഡാറ്റ വിൽക്കാൻ ഉദ്ദേശിച്ചുള്ള നീക്കമാണ് യുവതി നടത്തിയതെന്ന് ഇവരുടെ മുൻകാല കാമുകൻ വെളിപ്പെടുത്തിയിരുന്നു.

ജനുവരി ആറിന് കാപ്പിറ്റോളിൽ നടന്ന കലാപത്തിൽ കടുത്ത ട്രംപ് അനുകൂലിയായ ജൂൺ വില്യംസും പങ്കാളിയായിരുന്നു. കലാപത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽനിന്ന് യുവതിയെ തിരിച്ചറിയുകയും ചെയ്തു. വിവിധ മാധ്യമങ്ങൾ കലാപത്തിന്റെ ദൃശ്യങ്ങൾ സഹിതമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിനുപിന്നാലെയാണ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ ഓഫീസിൽനിന്ന് ലാപ്‌ടോപ്പ് മോഷണം പോയെന്ന വിവരം പുറത്തുവരുന്നത്. സ്പീക്കറുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഡ്ര്യൂ ഹാമ്മിൽ ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.

ലാപ്‌ടോപ്പ് മോഷണത്തിന് പിന്നിൽ ജൂൺ വില്യംസാണെന്ന് ഇവരുടെ മുൻകാമുകനാണ് അന്വേഷണ ഏജൻസിക്ക് വിവരം നൽകിയത്. ജൂൺ ലാപ്‌ടോപ്പ് മോഷ്ടിക്കുന്ന വീഡിയോ സുഹൃത്തുക്കൾ പങ്കുവെച്ചെന്നും ലാപ്‌ടോപ്പ് റഷ്യയിലെ സുഹൃത്തിന് കൈമാറാനാണ് ആസൂത്രണം ചെയ്തതെന്നുമാണ് ഇയാൾ എഫ്.ബി.ഐ.ക്ക് നൽകിയ മൊഴി. ലാപ്‌ടോപ്പിലെ വിവരങ്ങൾ റഷ്യൻ വിദേശകാര്യ ഇന്റലിജൻസ് സർവീസായ എസ്.വി.ആറിന് നൽകാനായിരുന്നു പദ്ധതിയെന്നും ഇയാളുടെ മൊഴിയിലുണ്ട്. കോടതിയിൽ നൽകിയ രേഖകളിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും നിലവിൽ ലാപ്‌ടോപ്പ് മോഷണത്തിന് കുറ്റംചുമത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. മാത്രമല്ല, ലാപ്‌ടോപ്പ് മോഷണത്തിന്റെ വീഡിയോ പരിശോധിച്ചെന്നോ ഇല്ലെന്നോ എഫ്.ബി.ഐ. വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് മാത്രമാണ് എഫ്.ബി.ഐ. ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക പ്രതികരണം.

കാപ്പിറ്റോൾ കലാപത്തിൽ പങ്കാളിയാണെന്ന് കണ്ടെത്തിയതോടെ ജൂൺ വില്യംസിനെ പിടികൂടാൻ എഫ്.ബി.ഐ. വിപുലമായ അന്വേഷണം നടത്തിയിരുന്നു. മകൾ ഒന്നുംപറയാതെ വീട് വിട്ടിറങ്ങിയെന്നായിരുന്നു ജൂൺ വില്യംസിന്റെ മാതാവിന്റെ പ്രതികരണം. അതിനിടെ, യുവതി അന്വേഷണ ഏജൻസിക്ക് മുന്നിൽ കീഴടങ്ങിയതാണെന്നും വിവരമുണ്ട്. അതേസമയം, കുറ്റപത്രത്തിൽ ലാപ്‌ടോപ്പ് മോഷണത്തെക്കുറിച്ച് പരാമർശമില്ലെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്. കാപ്പിറ്റോളിൽ അതിക്രമിച്ചുകയറിയതും അക്രമം നടത്തിയതുമാണ് യുവതിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം.

ട്രംപ് അനുകൂലികൾ ജനുവരി 6 ന് യുഎസ് കോൺഗ്രസിനെ ആക്രമിച്ചതിനെ തുടർന്ന് അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ജോ ബിഡന്റെ തെരഞ്ഞെടുപ്പ് വിജയം സ്ഥിരീകരിക്കാൻ നിയമനിർമ്മാതാക്കൾ കൂടിക്കാഴ്ച നടത്തിയതിനാൽ പ്രസിഡന്റിന്റെ അനുയായികൾ കാപ്പിറ്റോൾ കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറിയതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത 200 ലധികം കേസുകളിൽ ഒന്നാണ് മിസ് വില്യംസിന്റെ കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP