Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർലമെന്റ് പിരിച്ചു വിട്ടതിന് പിന്നാലെ കാനഡയിൽ പ്രചരണം ആരംഭിച്ച് ജസ്റ്റിൻ ട്രൂഡോ; തിരഞ്ഞെടുപ്പ് അടുത്ത മാസം; പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നു ഭരണകക്ഷിയായ ലിബറൽ പാർട്ടി നേരിടുന്നത് വൻ വെല്ലുവിളി; ട്രൂഡോയ്ക്ക് വിനയാകുന്നത് സമ്പദ് വ്യവസ്ഥയിലും വരുമാനത്തിലെ അസമത്വങ്ങളിലും ജനങ്ങൾക്കിടയിലുള്ള പ്രതിഷേധവും ലാവ്ലിൻ വിവാദവും

പാർലമെന്റ് പിരിച്ചു വിട്ടതിന് പിന്നാലെ കാനഡയിൽ പ്രചരണം ആരംഭിച്ച് ജസ്റ്റിൻ ട്രൂഡോ; തിരഞ്ഞെടുപ്പ് അടുത്ത മാസം; പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നു ഭരണകക്ഷിയായ ലിബറൽ പാർട്ടി നേരിടുന്നത് വൻ വെല്ലുവിളി; ട്രൂഡോയ്ക്ക് വിനയാകുന്നത് സമ്പദ് വ്യവസ്ഥയിലും വരുമാനത്തിലെ അസമത്വങ്ങളിലും ജനങ്ങൾക്കിടയിലുള്ള പ്രതിഷേധവും  ലാവ്ലിൻ വിവാദവും

മറുനാടൻ ഡെസ്‌ക്‌

ടൊറന്റോ; കാനഡയിൽ പാർലമെന്റ് പിരിച്ചുവിട്ടതിനു പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ബുധനാഴ്ച, ഗവർണർ ജൂലിയ പെയറ്റിനെ കണ്ടാണ് പാർലമെന്റ് പിരിച്ചുവിടണമെന്ന് ട്രൂഡോ അഭ്യർത്ഥിച്ചത്. ലിബറൽ പാർട്ടി നേതാവായ ട്രൂഡോ 2015 ലാണ് കാനഡയിൽ അധികാരത്തിലെത്തുന്നത്. ലിംഗസമത്വം ഉറപ്പാക്കും, പരിസ്ഥിതി സംരക്ഷിക്കും സ്വവർഗാനുരാഗ അവകാശങ്ങൾ, തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഒക്ടോബർ 21നു നടക്കുന്ന തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഔദ്യോഗിക പ്രചാരണവും ട്രൂഡോ ആംഭിച്ചു. ഇത്തവണ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നു കടുത്ത വെല്ലുവിളിയാണ് ഭരണകക്ഷിയായ ലിബറൽ പാർട്ടി നേരിടുന്നത്. 338 അംഗ പാർലമെന്റിൽ നിലവിൽ ലിബറൽ പാർട്ടിക്ക് 177ഉം കൺസർവേറ്റീവ് പാർട്ടിക്ക് 95 സീറ്റുകളാണ് ഉള്ളത്. 170 ആണ് സീറ്റുകൾ ലഭിച്ചാൽ ഭരണം നേടാം.

എസ്എൻസി ലാവ്ലിൻ കമ്പനിയുമായി ബന്ധപ്പെട്ട് ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെയും സർക്കാരിനെതിരെയും നേരത്തെ അഴിമതി ആരോപണമുയർന്നിരുന്നു. കേസ് കൈകാര്യം ചെയ്യുന്നതിൽ അതൃപ്തിയുണ്ടെന്നാരോപിച്ച് കാനഡയിലെ മുതിർന്ന മന്ത്രിയടക്കം രാജിവയ്ക്കുകയും ചെയ്തു. ഇതെല്ലാം ട്രൂഡോയ്ക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. കഴിഞ്ഞ നാലുവർഷമായി ഞങ്ങൾ വളരെയധികം കാര്യങ്ങൾ ചെയ്തുവെന്ന് ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു. വെട്ടിക്കുറയ്ക്കലിലും ചെലവുചുരുക്കലിലും വിശ്വസിക്കുന്ന യാഥാസ്ഥിതിക സർക്കാരിന്റെ പരാജയപ്പെട്ട നയങ്ങളിലേക്ക് തിരിച്ചുപോവണോ എന്ന് കനേഡിയന്മാർ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു

ലോകമെമ്പാടും സാന്നിധ്യമുള്ള നിർമ്മാണ കമ്പനി എസ്എൻസി-ലാവലിനുമായി ബന്ധപ്പെട്ട് മാതൃരാജ്യത്തിലും രാഷ്ട്രീയഭൂകമ്പം. ലിബിയയിൽ നിർമ്മാണകരാറുകൾ ലഭിക്കാൻ കോടികളൊഴുക്കിയെന്ന കേസിൽ കമ്പനിയെ നിയമനടപടകളിൽനിന്ന് ഒഴിവാക്കുന്നതിനായി അറ്റോർണി ജനറലിനുമേൽ സമ്മർദം ചെലുത്തിയെന്ന രാഷ്ട്രീയവിവാദം ചെന്നെത്തി നിൽക്കുന്നത് ഒരു മന്ത്രിയുടെ രാജിയിലും തുടർഅന്വേഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലുമാണ്. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നാണ് സമ്മർദമുണ്ടായതെന്ന വാർത്ത പുറത്തുവന്നതോടെ പ്രതിരോധത്തിലായ ജസ്റ്റിൻ ട്രൂഡോയെപ്പോലും അമ്പരിപ്പിച്ചാണ് മുൻ അറ്റോർണി ജനറൽ കൂടിയായ വെറ്ററൻസ് അഫയേഴ്‌സ് മന്ത്രി ജോഡി വിൽസൻ റേബോൾഡിന്റെ രാജി.

താനോ തന്റെ ഓഫിസോ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്ന് നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയുള്ള മന്ത്രിയുടെ രാജി ട്രൂഡോയ്ക്ക് കനത്ത ആഘാതമായി. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നതരെയും സാക്ഷികളാക്കി ഇക്കാര്യത്തിൽ വിശദീകരണം തേടണമെന്ന പ്രതിപക്ഷത്തിന്റെ മറ്റും ആവശ്യം തള്ളിയ നീതിന്യായ സമിതി, അന്വേഷണമാകാമെന്നും ആരിൽനിന്നൊക്കെ തെളിവു ശേഖരിക്കണമെന്നത് ഉൾപ്പെടെയുള്ള കാര്യത്തിൽ നിയന്ത്രണങ്ങൾ പാലിച്ചതുമാണ് വിവാദവുമായി ബന്ധപ്പെട്ട ഒടുവിലത്തെ സംഭവവികാസം. അന്വേഷണമാകാം, പക്ഷേ ഏത്ര വ്യാപകമായി, ആരെയൊക്കെ ഉൾപ്പെടുത്താം എന്നതു സംബന്ധിച്ച് പ്രതിപക്ഷ ആവശ്യത്തിന് ഭരണകക്ഷി അംഗങ്ങൾ വഴങ്ങിയില്ല. രാജിവച്ച മന്ത്രി ജോഡി വിൽസൻ റെയ്‌ബോൾഡ്, ട്രൂഡോയുടെ മുതിർന്ന ഉപദേശകൻ ജെറാൾഡ് ബട്ട്‌സ് എന്നിവരെ സാക്ഷികളാക്കി വിസ്തരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ലിംഗസമത്വത്തിന്റെയും പരിസ്ഥിതിയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് 2015 നവംബറിൽ അധികാരത്തിലേറിയ ട്രൂഡോയ്ക്ക് എന്നാൽ ഇത്തവണ കാര്യങ്ങൾ അത്ര നിസ്സാരമാകില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും വരുമാനത്തിലെ അസമത്വങ്ങളിലും ജനങ്ങൾക്കിടയിൽ പ്രതിഷേധം പുകയുന്നുണ്ട്. ഇനിയും വളരെയധികം ജോലികൾ ചെയ്യാനുണ്ടെന്നും ലിബറൽ സർക്കാരിനു കീഴിൽ തന്നെ കാനഡ മുന്നോട്ടു കുതിക്കുമെന്നു പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ട് ട്രൂഡോ പ്രഖ്യാപിച്ചു. 1935നു ശേഷം വന്ന എല്ലാ പ്രധാനമന്ത്രിമാരും ഒന്നിൽ കൂടുതൽ തവണ അധികാരത്തിലേറിയിട്ടുണ്ടെന്ന ചരിത്രവും ട്രൂഡോയ്ക്ക് ആത്മവിശ്വാസം പകരുന്നു.

എന്നാൽ തുടക്കസമയത്ത് പ്രശസ്തിയുടെയും ജനപിന്തുണയുടെയും കൊടുമുടിയിൽ നിന്ന ട്രൂഡോ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ എടുത്ത തീരുമാനങ്ങൾ വീണ്ടും അധികാരത്തിലേറുന്നതിന് അദ്ദേഹത്തിനു തടസ്സമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ലിബറൽ പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷ ലഭിക്കാനുള്ള സാധ്യതയും വിരളമാണെന്ന് ഇവർ സൂചിപ്പിക്കുന്നു. മറ്റു പ്രതിപക്ഷ പാർട്ടികളും സഹായത്തോടെ ഒരുപക്ഷേ ട്രൂഡോ വീണ്ടും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പടികൾ കയറിയേക്കാം.

രാജ്യത്തെ ഒരു കെട്ടിട നിർമ്മാണ കമ്പനിയെ അഴിമതിക്കേസിൽ വിചാരണ നേരിടുന്നതിൽ നിന്ന് ഒഴിവാക്കാൻ ട്രൂഡോ നിയമമന്ത്രിക്കു മേൽ സമ്മർദം ചെലുത്തിയതായി കാനഡയിലെ ഒരു പ്രമുഖ ദിനപത്രം കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെ രാജ്യത്ത് പ്രതിഷേധം കനത്തത്. പ്രധാനമന്ത്രിയുടെ ധാർമികത കൈമോശം വന്നെന്നും അദ്ദേഹം വിശ്വാസിക്കാൻ കൊള്ളാത്ത മനുഷ്യനാണെന്നു തെളിഞ്ഞെന്നുമാണ് പ്രതിപക്ഷ നേതാവ് ആൻഡ്രൂ ഷീർ ബുധനാഴ്ച ഇതിനോടു പ്രതികരിച്ചത്. ഇതു സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ട്രൂഡോ ഒഴിഞ്ഞു മാറിയതും പ്രതിഷേധത്തിനിടയാക്കി.

ചൊവ്വാഴ്ച നാനോ റിസർച്ച് പുറത്തിറക്കിയ എക്‌സിറ്റ് പോൾ ഫലത്തിൽ, തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിക്ക് 34.6 ശതമാനവും കൺസർവേറ്റീവ് പാർട്ടിക്ക് 30.7 ശതമാനവും വോട്ടുകൾ ലഭിക്കുമെന്നാണ് പ്രവചനം. എന്നാൽ ജനസഭയിൽ കേവലം ഭൂരിപക്ഷം നേടുന്നതിന് ഇത്രയും വോട്ടുകൾ പര്യാപ്തമാകില്ലെന്നാണ് ഇരുകക്ഷികളുടെയും കണക്കൂകൂട്ടൽ.

കാനഡയിലെ മോൺട്രിയോൾ ആസ്ഥാനമായുള്ള ലാവലിൻ കമ്പനിയെ സ്വദേശത്തും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികൾക്ക് വഴിയൊരുക്കിയേക്കാമെന്നിരിക്കെ, നിയമ നടപടികളിൽനിന്ന് ഒഴിവാക്കാൻ പബ്‌ളിക് പ്രോസിക്യൂഷൻസ് ഡയറക്ടർ കാത്‌ലീൻ റോസലിനോട് ആവശ്യപ്പെടാൻ അറ്റോർണി ജനറലായിരുന്ന ജോഡിക്കുമേൽ സമ്മർദമുണ്ടായെന്ന 'ഗ്ലോബ് ആൻഡ് മെയിൽ' പത്രത്തിലെ വാർത്തയാണ് ഭരണകക്ഷിക്ക് ഇരുട്ടടിയായത്. ആരോപണം അച്ചടിച്ചുവന്നത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. മന്ത്രി രാജിവച്ചത് ചൊവ്വാഴ്ചയും. വൻകിട കമ്പനികൾ ഇത്തരം കേസിൽപ്പെട്ടാൽ, പിഴ ഈടാക്കി നിയമനടപടികളിൽനിന്ന് ഒഴിവാക്കാൻ വഴിയൊരുക്കി കഴിഞ്ഞവർഷം നിയമഭേദഗതി കൊണ്ടുവന്നിരുന്നു.

രാഷ്ട്രീയവിവാദത്തിന് കാരണമായ ഇപ്പോഴത്തെ കേസിന് തുടക്കംകുറിച്ചത്, ലിബിയിൽ നിർമ്മാണ കരാറുകൾ ലഭിക്കാൻ ഗദ്ദാഫിയുടെ മകൻ സാദി ഗദ്ദാഫിക്കും ഉദ്യോഗസ്ഥർക്കുമൊക്കെയായി 2001നും 2011നും മധ്യേ 48 ദശലക്ഷം ഡോളർ കൈക്കൂലി നൽകിയെന്ന ആരോപണത്തെത്തുടർന്ന് 2012ൽ എസ്എൻസി-ലാവലിൻ കമ്പനിയുടെ മോൺട്രിയോൾ ഓഫിസുകളിൽ ആർസിഎംപി ഉദ്യോഗസ്ഥർ പരിശോധന നടത്തിയതോടെയാണ്. ഈ കേസിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പിന്നീട് നടപടികളും ആരംഭിച്ചു. ബംഗ്ലാദേശിലും കംബോഡിയയിലും സമാനമായ ഇടപാടുകളിൽ ആരോപണമുയർന്നതിനെത്തുടർന്ന് 2013ൽ ലോകബാങ്ക് ഗ്രൂപ്പ് എസ്എൻസി-ലാവലിനെയും ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും പത്തുവർഷത്തേക്ക് കരിമ്പട്ടികയിലാക്കിയിരുന്നു. ഇപ്പോഴത്തെ സിഇഒ നീൽ ബ്രൂസ് നാലു വർഷം മുന്പാണ് ചുമതലയേറ്റത്. ഇദ്ദേഹമാകട്ടെ, ശുദ്ധികലശ നടപടികളിൽ വ്യാപൃതനായിരിക്കെയാണ് പുതിയ വിവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP