Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രെക്‌സിറ്റിന് മുമ്പ് പ്രമേയം പാസാക്കാൻ ചരട് വലിച്ചത് പാക് അധീന കാശ്മീരിൽ ജനിച്ച പാക് അനുകൂലിയായ മെമ്പർ; ഒടുവിൽ ജയിച്ചത് ഇന്ത്യൻ നീക്കവും; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം വോട്ടിനിടുന്നത് നീട്ടി വച്ച് യൂറോപ്യൻ പാർലമെന്റ്; വോട്ടെടുപ്പിൽ പങ്കെടുത്ത 271 പേരും പിന്തുണച്ചത് മോദി സർക്കാരിന്റെ തന്ത്രപരമായ ഇടപെടലിനെ; പാക് നീക്കത്തെ അനുകൂലിച്ചത് 199 പേരും; യൂറോപ്യൻ യൂണിയനിൽ ഇന്ത്യ നേടിയത് നയതന്ത്ര വിജയം

ബ്രെക്‌സിറ്റിന് മുമ്പ് പ്രമേയം പാസാക്കാൻ ചരട് വലിച്ചത് പാക് അധീന കാശ്മീരിൽ ജനിച്ച പാക് അനുകൂലിയായ മെമ്പർ; ഒടുവിൽ ജയിച്ചത് ഇന്ത്യൻ നീക്കവും; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം വോട്ടിനിടുന്നത് നീട്ടി വച്ച് യൂറോപ്യൻ പാർലമെന്റ്; വോട്ടെടുപ്പിൽ പങ്കെടുത്ത 271 പേരും പിന്തുണച്ചത് മോദി സർക്കാരിന്റെ തന്ത്രപരമായ ഇടപെടലിനെ; പാക് നീക്കത്തെ അനുകൂലിച്ചത് 199 പേരും; യൂറോപ്യൻ യൂണിയനിൽ ഇന്ത്യ നേടിയത് നയതന്ത്ര വിജയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനുള്ള നീക്കം യൂറോപ്യൻ പാർലമെന്റ് നീട്ടി വച്ചു. പ്രമേയം പിൻവലിപ്പിക്കാൻ നീക്കവുമായി ഇന്ത്യ ഇടപെടൽ നടത്തിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് പ്രമേയത്തിലെ വോട്ടെടുപ്പ് നീട്ടി വയ്ക്കാനുള്ള തീരുമാനത്തിലേക്ക് കാര്യങ്ങളെത്തിയത്. മാർച്ചിലാകും ഇനി വോട്ടെടുപ്പ്. അതുവരെ പ്രമേയത്തിൽ ചർച്ച തുടരും. ഇന്ത്യൻ വാദങ്ങൾ അംഗങ്ങളെ ബോധിപ്പിക്കാനും കഴിയും. എല്ലാത്തിലും ഉപരി ബ്രെക്‌സിറ്റ് സാഹചര്യം ഇന്ത്യയ്ക്ക് അനുകൂലമാവുകയും ചെയ്യും. പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം അനുസരിച്ച് വിദേശകാര്യമന്ത്രി ജയശങ്കർ നടത്തിയ ഇടപെടലാണ് ഫലം കണ്ടത്.

യൂറോപ്യൻ യൂണിയനിൽ പ്രമേയത്തിന്റെ വോട്ടെടുപ്പ് നീട്ടിവയ്ക്കാനുള്ള വോട്ടെടുപ്പിൽ 483 അംഗങ്ങളാണ് പങ്കെടുത്തത്. ഇതിൽ 271പേരും വോട്ടെടുപ്പ് നീട്ടി വയ്ക്കാനായി നിലപാട് എടുത്തു. 199 പേർ മാത്രമാണ് വോട്ടെടുപ്പ് ഉടൻ വേണമെന്ന നിലപാട് എടുത്തത്. 13 പേർ വിട്ടു നിൽക്കുകയും ചെയ്തു. യൂറോപ്യൻ പീപ്പിൾ പാർട്ടിയുടെ പ്രതിനിധിയാണ് വോട്ടെടുപ്പ് നീട്ടിവയ്ക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. യൂറോപ്യൻ യൂണിയനിൽ 182 അംഗങ്ങളുടെ പിന്തുണ ഈ പാർട്ടിക്കുണ്ട്. ഈ സാഹചര്യത്തിലാണ് നീക്കം വിജയിച്ചത്. ഇന്ത്യയ്‌ക്കെതിരായ പ്രമേയത്തിന് പിന്നിൽ പാക് അനുകൂലികളാണെന്ന ഇന്ത്യൻ വാദം തത്വത്തിൽ അംഗീകരിക്കപ്പെടുകയാണ്.

വലിയ നയതന്ത്രവിജയം ഇന്ത്യ നേടിയെന്നതിന്റെ സൂചനയായും വോട്ടെടുപ്പ് നീട്ടിയതിനെ വിലയിരുത്തുന്നുണ്ട്. യൂറോപ്യൻ യൂണിയനിലെ എല്ലാ പ്രതിനിധികളേയും കാര്യങ്ങൾ ധരിപ്പിക്കാൻ ശ്രമിക്കും. പാക് അധീന കാശ്മീരിൽ ജനിച്ച പാക് അനുകൂലിയായ പ്രതിനിധിയാണ് ഈ പ്രമേയത്തിന് പിന്നിലെന്ന് ഇന്ത്യ ആരോപിക്കുന്നു. ബ്രെക്‌സിറ്റ് പാസാകുന്നതിന് മുമ്പ് തന്നെ പ്രമേയം പാസാക്കിയെടുക്കാനായിരുന്നു ഷഫഖ് മുഹമ്മദിന്റെ ശ്രമം. ഇതാണ് ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളിൽ പൊളിയുന്നത്. ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ ഇന്ത്യയ്ക്ക് യൂറോപ്യൻ യൂണിയനിൽ കൂടുതൽ പിന്തുണ ഉണ്ടാകും. അതുകൊണ്ട് തന്നെ പ്രമേയം പാസാകാനുള്ള സാധ്യതയും കുറയും. വോട്ടെട്ടുപ്പ് നീട്ടാനുള്ള തീരുമാനത്തിന് കിട്ടിയ അംഗീകാരം ഇതിന് തെളിവാണ്.

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയവുമായി യൂറോപ്യൻ യൂണിയനിലെ ഒരു സംഘം എംപിമാർ രംഗത്ത് എത്തിയത് ഇന്ത്യ ഗൗരവത്തോടെ കണ്ടിരുന്നു. പൗരത്വം നൽകാനുള്ള ഇന്ത്യയിലെ നിയമങ്ങളെ അപകടകരമായ രീതിയിൽ വഴിതിരിച്ചുവിടുന്ന ഈ നിയമം, ലോകത്തെ തന്നെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കുമെന്നും, ഇത് നിരവധി മനുഷ്യരുടെ ദുരിതത്തിന് കാരണമാകുമെന്നും പ്രമേയം പറയുന്നു. 150-ലധികം എംപിമാർ ചേർന്നാണ് പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. നിയമം കൊണ്ടുവന്ന കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമാണ് പ്രമേയത്തിലുള്ളത്. ഈ പ്രമേയമാണ് വോട്ടിനിടുന്നത് നീട്ടി വയ്ക്കുന്നത്.

''രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വിവേചനം ചെയ്യുകയും, ഉപദ്രവിക്കുകയും നിയമത്തിന്റെ നൂലാമാലക്കുരുക്കിലാക്കുകയും ചെയ്യുകയാണ് ഈ നിയമത്തിലൂടെ സർക്കാർ ചെയ്യുന്നത്. ഇതിനെതിരെ പ്രതികരിക്കുന്ന പ്രതിപക്ഷത്തെയോ മനുഷ്യാവകാശ സംഘടനകളെയോ മാധ്യമപ്രവർത്തകരെയോ നിശ്ശബ്ദരാക്കുന്നു സർക്കാർ'', എന്ന് പ്രമേയം വിമർശിക്കുന്നു. മനുഷ്യാവകാശങ്ങളും ജനാധിപത്യവും പാലിച്ചില്ലെങ്കിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനിലെ ഏത് രാജ്യവും തമ്മിൽ വ്യാപാരക്കരാറുകളുണ്ടാക്കുന്നതിൽ നിയന്ത്രണങ്ങളും കർശനഉപാധികളും വയ്ക്കുമെന്ന ചട്ടം വയ്ക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

പൗരത്വനിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നെന്ന് പറയുന്ന പ്രമേയത്തിൽ പ്രതിഷേധക്കാർക്ക് എതിരെയുള്ള കേസുകൾ പിൻവലിച്ച് ചർച്ചകൾക്ക് സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു. ''ഇന്ത്യ ലക്ഷക്കണക്കിന് മുസ്ലിങ്ങളുടെ പൗരത്വവും, പൗരത്വം ലഭിക്കാനുള്ള നിയമപരമായ അവകാശവും എടുത്ത് കളയുകയാണ് ഈ നിയമത്തിലൂടെ ചെയ്തിരിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്ററിനെ സിഎഎയ്ക്ക് ഒപ്പം ഉപയോഗിച്ചാൽ അത് നിരവധി മുസ്ലിം പൗരന്മാർക്ക് പൗരത്വമില്ലാതെയാക്കും'', പ്രമേയം പറയുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 15-ാം അനുച്ഛേദം ലംഘിക്കുന്നതാണ് ഇന്ത്യയുടെ നിയമമെന്നും, എല്ലാവർക്കും പൗരത്വം ലഭിക്കാൻ നിയമപരമായ അവകാശമുണ്ടെന്നും, അതിന് മതം ഒരു തടസ്സമാകരുതെന്നും പ്രമേയം വ്യക്തമാക്കുന്നു. ഈ നിയമത്തിന്റെയും എൻആർസിയുടെയും അടിസ്ഥാനത്തിൽ ആരുടെയും പൗരത്വം കവരരുതെന്നും പ്രമേയം ആവശ്യപ്പെടുന്നു.

ജമ്മു കശ്മീരിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിൽ നിർദ്ദേശങ്ങൾ പാലിക്കണമെന്ന കർശനമായ നിർദ്ദേശം ഇന്ത്യക്ക് നൽകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഒക്ടോബറിലും ജനുവരിയിലുമായി യൂറോപ്യൻ യൂണിയനിലെ ഒരു സംഘം എംപിമാർ കശ്മീർ സന്ദർശിച്ചിരുന്നു. കേന്ദ്രസർക്കാറിന്റെ ക്ഷണപ്രകാരമല്ലാതെ വന്ന ഇവരുടെ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനവുമായാണ് കേന്ദ്രം രംഗത്ത് വന്നത്. ഇതിനിടെ സിഎഎക്കെതിരെ യൂറോപ്യൻ പാർലമെന്റ് പാസാക്കുന്നത് തടയാനും വാദങ്ങൾ വ്യക്തമായി അവതരിപ്പിക്കാനും ഇന്ത്യ നീക്കം തുടങ്ങിയിരുന്നു. യൂറോപ്യൻ പാർലമെന്റ് പ്രമേയം യുറോപ്യൻ കൗൺസിലിന്റെയോ യൂറോപ്യൻ കമ്മീഷന്റെയോ തീരുമാനങ്ങളെ ബാധിക്കില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. അതേസമയം, യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധത്തെ താൽക്കാലികമായി ചെറിയ തോതിൽ ബാധിക്കുമെന്നും വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇടപെടൽ.

ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ചിൽ ബ്രസ്സൽസിലെത്തുന്നുണ്ട്. അതിന് മുന്നോടിയായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ബ്രസ്സൽസിലേക്ക് ഫെബ്രുവരി മധ്യത്തോടെ തിരിക്കും. ഇന്ത്യ നടപ്പാക്കിയ സിഎഎ നിയമത്തെ സംബന്ധിച്ച് വിശദമായ ചർച്ച നടത്തുമെന്ന് യൂറോപ്യൻ പാർലമെന്റ് വക്താവ് വിർജിനി ബട്ടു-ഹെന്റിക്‌സൺ പറഞ്ഞിരുന്നു. ഇതിനിടെ സിഎഎ സംബന്ധിച്ച് ഇന്ത്യൻ ഭാഗം വിശദീകരിക്കാൻ ഇന്ത്യൻ പ്രതിനിധി ഗായത്രി കുമാറിനെ ബ്രസ്സൽസിലേക്കയയ്ക്കുകയും ചെയ്തു. പാക്കിസ്ഥാൻ ഇടപെടലിനെ തുടർന്ന് ബ്രിട്ടീഷ് ലേബർ പാർട്ടിയിലെയും ലിബറൽ ഡെമോക്രാറ്റുകളുടെയും അംഗങ്ങളാണ് പ്രമേയത്തിന് പിന്നിലെന്നാണ് ഇന്ത്യ കരുതുന്നത്.

ജനുവരി 31ന് ബ്രെക്‌സിറ്റ് പാസാകുന്നതോടെ 73 അംഗങ്ങൾ യൂറോപ്യൻ പാർലമെന്റ് വിടും. ഈ സാഹചര്യം മുതലെടുക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിന് കരുത്ത് പകരുന്നതാണ് പ്രമേയാവതരണം നീട്ടിയവ്ക്കാനുള്ള തീരുമാനം. സിഎഎ പൂർണമായും ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്. യൂറോപ്യൻ പാർലമെന്റിന്റെ പ്രമേയം പാസാക്കാനുള്ള തീരുമാനം അനാവശ്യമാണെന്ന് സ്പീക്കർ ഓം ബിർല വ്യക്തമാക്കിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP