Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

മൂന്നു വർഷമായിട്ടും പരിഹാരമില്ലാത്ത ബ്രെക്സിറ്റ് ഡിവോഴ്സ്' യാഥാർഥ്യമാകുമ്പോൾ ബ്രിട്ടന്റെ രാഷ്ട്രീയ ചിത്രവും മാറ്റി വരയ്ക്കാം; കൺസർവേറ്റിവുകൾ ആധിപത്യം കാട്ടുമ്പോൾ ലേബർ നൂറ്റാണ്ടിനിടയിലെ വമ്പൻ പ്രതിസന്ധിയിൽ; ചെറുപാർട്ടികൾക്കും നിലനിൽപ്പ് പ്രധാനമാകും; ബോറിസിന്റെ വിജയം മോദി ഇന്ത്യയിൽ നേടിയ ആധിപത്യത്തിന് സമാനം; ഐക്യ ബ്രിട്ടൻ ഓർമ്മയായി മാറുമോ?

മൂന്നു വർഷമായിട്ടും പരിഹാരമില്ലാത്ത ബ്രെക്സിറ്റ് ഡിവോഴ്സ്' യാഥാർഥ്യമാകുമ്പോൾ ബ്രിട്ടന്റെ രാഷ്ട്രീയ ചിത്രവും മാറ്റി വരയ്ക്കാം; കൺസർവേറ്റിവുകൾ ആധിപത്യം കാട്ടുമ്പോൾ ലേബർ നൂറ്റാണ്ടിനിടയിലെ വമ്പൻ പ്രതിസന്ധിയിൽ; ചെറുപാർട്ടികൾക്കും നിലനിൽപ്പ് പ്രധാനമാകും; ബോറിസിന്റെ വിജയം മോദി ഇന്ത്യയിൽ നേടിയ ആധിപത്യത്തിന് സമാനം; ഐക്യ ബ്രിട്ടൻ ഓർമ്മയായി മാറുമോ?

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: നാലര പതിറ്റാണ്ടു നീണ്ടു നിന്ന ഒരു ദാമ്പത്യം മുറിച്ചു മാറ്റുന്നതിന്റെ സകല വേദനയും നിറച്ചാണ് കഴിഞ്ഞ മൂന്ന് വർഷമായി ബ്രെക്സിറ്റ് ചർച്ചകൾ നടക്കുന്നത്. വീടുകളിലെ അത്താഴ മേശകളിൽ പോലും കടുത്ത വാഗ്വാദം ഉയർത്തിയാണ് ബ്രെക്സിറ്റ് ബ്രിട്ടീഷ് ജനതയെ രണ്ടായി വേർതിരിച്ചത്, അനുകൂലിക്കുന്നവരും എതിർക്കുന്നവരും. ആറു രാജ്യങ്ങൾ ചേർന്ന് രൂപം നൽകിയ യൂറോപ്യൻ യൂണിയനിൽ ആദ്യം ചേരാതെ മടിച്ചു നിന്ന ബ്രിട്ടൻ നീണ്ട 16 വർഷങ്ങൾക്കു ശേഷം യൂറോപ്പിൽ അംഗത്വം എടുത്തതിന്റെ നാലര പതിറ്റാണ്ട് പൂർത്തിയാകുമ്പോഴാണ് വിമോചനം എന്ന വാദം ശക്തമാകുന്നത്. യാഥാർഥ്യത്തിൽ ഇപ്പോഴത്തെ പ്രധാനമന്ത്രി ബോറീസും മുൻ പ്രധാനമന്ത്രിമാരായ തെരേസയും കാമറോണും ഒക്കെ ഓക്സ്ഫോർഡിൽ വിദ്യാർത്ഥി യൂണിയൻ നേതാക്കളായിരിക്കെ എൺപതുകളുടെ മധ്യത്തിൽ ഉയർന്നു വന്ന യൂറോപ്യൻ വിരോധമാണ് സമീപ കാലത്തേ ബ്രെക്സിറ്റിലേക്കു നയിച്ച ചർച്ചകളുടെയും തുടക്കം എന്നതാണ് സത്യം. അതിനാൽ യൂറോപ്പിൽ നിന്നുള്ള മോചനം ബോറിസിനെ സംബന്ധിച്ചിടത്തോളം നീണ്ട കാലത്തേ ഒരുക്കത്തിന്റെ കൂടി ഭാഗമാണ്. ഒടുവിൽ അതിന്റെ പേരിൽ ഒരു തിരഞ്ഞെടുപ്പ് കൂടി പൂർത്തിയായപ്പോൾ ബ്രിട്ടന്റെ രാഷ്ട്രീയ ചിത്രം കൂടിയാണ് മാറ്റിവരയ്ക്കപ്പെടുന്നത്.

ഒരർത്ഥത്തിൽ ഇന്ത്യയിൽ ബിജെപി ഭരണത്തിൽ നരേന്ദ്ര മോദി ആധിപത്യം സ്ഥാപിച്ചതിനോട് ഉപമിക്കാവുന്നതാണ് ബോറിസ് ഇത്തവണ പാർട്ടിക്ക് വേണ്ടി ഉറപ്പിച്ചെടുത്ത വിജയം. ഒരിക്കലും കൺസർവേറ്റിവുകളോടെ ആഢ്യത്ത മനോഭാവത്തോടു യോജിച്ചു പോകാൻ കഴിയാത്ത കുടിയേറ്റക്കാരെ കൂടി പാർട്ടിക്കൊപ്പം നിർത്താൻ സാഹചര്യം അദ്ദേഹത്തിന് അവസരം ഒരുക്കിയപ്പോൾ തൊട്ടുകൂടായ്മ രാഷ്ട്രീയം ഇന്ത്യയിൽ ഏറെ അനുഭവിച്ച ബിജെപിയുടെ രാഷട്രീയ വിജയത്തോടു ചേർന്ന് നിൽക്കുന്നതായി ബ്രിട്ടനിൽ കൺസർവേറ്റിവുകൾ അധികമായി കണ്ടെത്തിയ ഇന്ത്യൻ വംശജരുടേതു ഉൾപ്പെടെയുള്ള വോട്ടു ബാങ്കുകൾ. യുകെ മലയാളികൾ ഉൾപ്പെടെ പലരും ജീവിതത്തിൽ ആദ്യമായി കൺസർവേറ്റീവ് പക്ഷത്തോട് ചേർന്ന് നിന്ന് വോട്ടു രേഖപ്പെടുത്തിയതും ഇതാദ്യമാണ്. ചിലരാകട്ടെ വീട് തോറും കയറിയുള്ള ഫീൽഡ് പ്രവർത്തനത്തിൽ വരെ പങ്കാളികളായി. ഒരിക്കൽ കയ്യിൽ കിട്ടിയാൽ ഇത്തരം വോട്ടുകൾ ബഹുഭൂരിഭാഗവും കൂടെ ചേർന്ന് നിന്നുകൊള്ളും എന്ന രാഷ്ട്രീയ തന്ത്രം ഭാവി ബ്രിട്ടന്റെ രാഷ്ട്രീയത്തെ തന്നെ പുതിയ നിർവചനം നല്കാൻ കരുത്തുള്ള മാറ്റമായി കാണുന്നവരാണ് അധികവും. മാത്രമല്ല എൺപതുകളിൽ പാർട്ടി അധികാരത്തിൽ ഇരിക്കെ ആയിരങ്ങൾക്ക് തൊഴിൽ നഷ്ടമായ മൈനിങ്, സ്റ്റീൽ കമ്പനികളുടെ നാടായ ഉത്തര ഇംഗ്ലണ്ടിലും വെയ്ൽസിലും ഒക്കെ ആദ്യമായി കൺസർവേറ്റിവുകൾ സീറ്റ് സ്വന്തമാക്കി എന്നത് ഇപ്പോഴും ഇലക്ഷൻ രാത്രിയിലെ അത്ഭുതമായി വീക്ഷിക്കുകയാണ് മാധ്യമ ലോകം ഉൾപ്പെടെയുള്ളവർ.

Stories you may Like

കൺസർവേറ്റിവുകൾ നേടിയ വിജയത്തിന് ഒപ്പം ചേർത്ത് വയ്ക്കാവുന്നതാണ് സ്‌കോട്ടിഷ് നാഷണൽ പാർട്ടിയുടെ അവിശ്വസനീയ തേരോട്ടവും. കഴിഞ്ഞ തവണത്തേക്കാൾ 13 സീറ്റുകൾ അധികമായി പിടിച്ചു സ്‌കോട്ട്ലന്റിലെ 59 ൽ 48 ഉം സ്വന്തം അക്കൗണ്ടിൽ ചേർത്ത എസ എൻ പി ഐക്യ ബ്രിട്ടന് തന്നെ ഭീക്ഷണിയാവുകയാണ്. സ്വന്തം സ്വതന്ത്ര രാജ്യം എന്ന് എസ് എൻ പി നയം കടുപ്പിക്കുമ്പോൾ രാജ്യത്തെ ഒന്നായി ചേർത്ത് നിർത്താൻ ഭരണകക്ഷിക്ക് എത്രത്തോളം താഴ്ന്നു കൊടുക്കേണ്ടി വരും എന്നതും കണ്ടറിയണം.

അതേ സമയം ഇരിക്കുന്ന കൊമ്പു മുറിക്കുന്ന പണിയാണ് അനാവശ്യ പ്രസ്താവനയിലൂടെ ലേബർ പാർട്ടി ഇത്തവണ നടത്തിയത്. ഏറെ സുരക്ഷിതമായിരുന്ന കുടിയേറ്റ വോട്ടുകളിൽ ഒരു പങ്കു ചോർന്നൊലിക്കുന്നത് കണ്ടു നിൽക്കാൻ മാത്രമേ പാർട്ടിക്ക് കഴിയുമായിരുന്നുള്ളൂ. ഇതിനെതിരെ ചെറിയൊരു പ്രതിരോധം തീർക്കാൻ പോലും ലേബർ തയാറാകാതിരുന്നത് അതിശകരമാണ്, അതും പ്രചാരണ രംഗത്ത് എല്ലാ പാർട്ടികളും നിറം കെട്ട പ്രകടനവും അടിത്തറയില്ലാത്ത തിരഞ്ഞെടുപ്പ് പ്രകടന പത്രികയുമായി എത്തി എന്ന് പ്രധാന മാധ്യമങ്ങൾ കുറ്റപ്പെടുത്തിയ സാഹചര്യത്തിലും. ഒരു ക്ഷമ പറച്ചിൽ പോലും മുറിവേൽപ്പിക്കപ്പെട്ടവരെ സ്വാന്ത്വനിപ്പിക്കും എന്ന് പാർട്ടി കേന്ദ്രങ്ങൾക്ക് പലരും ഉപദേശം നൽകിയെങ്കിലും അതിനൊന്നും മിനക്കെടാതിരുന്ന ലേബർ പാർട്ടി 85 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനവുമായി 203 സീറ്റുകളിലേക്ക് ഒതുങ്ങുക ആയിരുന്നു. തുടർച്ചയായ നാലു വട്ടം തിരസ്‌കരണം നേരിടേണ്ടി വന്ന പാർട്ടിയെ രക്ഷിക്കാൻ ഇനി മിശിഹായായി ആര് അവതരിക്കും എന്നതാണ് പ്രസക്തമാകുന്നത്.

അതിനേക്കാൾ പ്രധാനം പാർട്ടിക്ക് ഒരിക്കലും നഷ്ടമാകില്ലെന്നു കരുതിയ ചില പോക്കറ്റുകളിൽ കൺസർവേറ്റിവുകൾ നടത്തിയ നുഴഞ്ഞു കയറ്റമാണ്. കയ്യിലിരുന്ന 59 സീറ്റുകൾ നഷ്ടപ്പെടുത്തിയതിനു പാർട്ടിക്ക് ഒരു കാരണവും പറയാൻ ഇല്ലെങ്കിലും രാജി വയ്ക്കും എന്ന് കരുതിയിരുന്ന പാർട്ടി തലവൻ ജെറെമി കോർബിൻ ഇപ്പോൾ നിലപാട് മാറ്റിയതും കൗതുകമായി. പാർട്ടിയുടെ അടിത്തറയെ പോലും ചോദ്യം ചെയ്യുന്നതാണ് സ്‌കോട്ട്ലന്റിലെ പ്രകടനവും. ഒരിക്കൽ ബഹുഭൂരിഭാഗം സീറ്റുകൾ ജയിച്ചിരുന്ന ഇവിടെ ഒരൊറ്റ സീറ്റിലെ വിജയം കൊണ്ട് പാർട്ടിക്ക് ഒതുങ്ങേണ്ടി വന്നു. മിക്ക മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തു എത്താൻ പോലും ക്ലേശിക്കുക ആയിരുന്നു എന്നതാണ് വസ്തുത.

ഇതിനൊപ്പം തന്നെയാണ് ലിബറൽ ഡെമോക്രറ്റുകൾ നേരിടുന്ന രാഷ്ട്രീയ ഭീഷണിയും. പാർട്ടിയുടെ നേതാവ് ജോ സ്വിൻസൺ തന്നെ പരാജയപെട്ടിടത്തു തങ്ങൾ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ എത്രത്തോളം ജനം വിലകൽപ്പിക്കുന്നു എന്ന ചോദ്യവും കൂടിയാണ് ലിബറലുകൾ നേരിടുന്നത്. കഴിഞ്ഞ പാർലിമെന്റിൽ ഉണ്ടായിരുന്നതിൻക്കാൾ ഒരു സീറ്റ് മാത്രം കുറവാണു ഇത്തവണ എന്ന് ആശ്വസിക്കാമെങ്കിലും ഒൻപതു വർഷം മുൻപ് ഭരണത്തിൽ പങ്കാളിയായിരുന്ന പാർട്ടിയുടെ അവസ്ഥ ഇപ്പോൾ ദയനീയം എന്ന വാക്കിൽ ഒതുക്കാവുന്നതല്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP