Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202328Tuesday

അരുണാചൽ പ്രദേശിൽ നിന്നുള്ള വുഷു താരങ്ങൾക്ക് ഏഷ്യൻ ഗെയിംസിനുള്ള വീസ നിഷേധിച്ച് ചൈന; ഏഷ്യൻ ഗെയിംസ് നടത്തിപ്പ് നിയമങ്ങളുടെ ലംഘനമെന്ന് ഇന്ത്യ; ചൈന സന്ദർശനം റദ്ദാക്കി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

അരുണാചൽ പ്രദേശിൽ നിന്നുള്ള വുഷു താരങ്ങൾക്ക് ഏഷ്യൻ ഗെയിംസിനുള്ള വീസ നിഷേധിച്ച് ചൈന; ഏഷ്യൻ ഗെയിംസ് നടത്തിപ്പ് നിയമങ്ങളുടെ ലംഘനമെന്ന് ഇന്ത്യ; ചൈന സന്ദർശനം റദ്ദാക്കി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് വുഷു താരങ്ങൾക്ക് ഏഷ്യൻ ഗെയിംസിനുള്ള വീസ നിഷേധിച്ച ചൈനയുടെ നടപടിയിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യ. വനിതാ താരങ്ങളായ ന്യേമൻ വാങ്‌സു, ഒനിലു ടെഗ, മെപുങ് ലാംഗു എന്നിവർക്കാണ് ട്രാവൽ ഡോക്യുമെന്റ് ലഭിക്കാത്തത്. നേരത്തെ ഗെയിംസ് സംഘാടകരിൽനിന്ന് ഇവർക്ക് അക്രഡിറ്റേഷൻ കാർഡുകൾ ലഭിച്ചിരുന്നു. വുഷു ടീമിലെ മറ്റ് അംഗങ്ങൾ ബുധനാഴ്ച തന്നെ പുറപ്പെട്ടിരുന്നു.

പ്രതിഷേധ സൂചകമായി കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കൂർ ചൈനയിലേക്കുള്ള യാത്ര റദ്ദാക്കി. ചൈനയുടെ നടപടി ഏഷ്യൻ ഗെയിംസ് നടത്തിപ്പ് നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്ത്യൻ പൗരന്മാരെ രണ്ടായി കാണുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഡൽഹിയിലും ബെയ്ജിങിലും പ്രതിഷേധം അറിയിക്കുമെന്നും അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നേരത്തെയും സമാന രീതിയിൽ ഇന്ത്യൻ താരങ്ങളോട് ചൈന പെരുമാറിയിരുന്നു. ജൂലൈയിൽ ചൈനയിൽ നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസിൽ പങ്കെടുക്കാനിരിക്കെ വുഷു താരങ്ങളുടെ വീസയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് പ്രതിഷേധ സൂചകമായി ഇന്ത്യ മത്സരത്തിൽനിന്ന് പിന്മാറുകയായിരുന്നു. സെപ്റ്റംബർ 24നാണ് ഏഷ്യൻ ഗെയിംസ് വുഷു മത്സരങ്ങൾ ആരംഭിക്കുന്നത്.

ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനായുള്ള യാത്രയാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ റദ്ദാക്കിയത്. ചൈനയാകട്ടെ അരുണാചൽ പ്രദേശിന് മേലുള്ള അവകാശവാദം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രില്ലിൽ അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങൾക്ക് ചൈന പുതിയ പേരുകൾ നൽകിയിരുന്നു. ഈ സ്ഥലങ്ങൾ ഉൾപ്പെടുന്ന പ്രദേശത്തെ 'ടിബറ്റിന്റെ തെക്കൻ ഭാഗമായ സാങ്നാൻ' എന്നാണ് ചൈന വിശേഷിപ്പിച്ചത്.

ചൈനയുടെ കാബിനറ്റായ സ്റ്റേറ്റ് കൗൺസിൽ പുറപ്പെടുവിച്ച പേരുകൾ ചൈനീസ്, ടിബറ്റൻ, പിൻയിൻ എന്നീ ഭാഷകളിലുള്ള അക്ഷരങ്ങളിലൂടെ ചൈനീസ് ആഭ്യന്തരകാര്യ മന്ത്രാലയമാണ് നേരത്തെ പ്രസിദ്ധീകരിച്ചത്. രണ്ട് ഭൂപ്രദേശങ്ങൾ, രണ്ട് ജനവാസ മേഖലകൾ, അഞ്ച് പർവതശിഖരങ്ങൾ, രണ്ട് നദികൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ സ്ഥല പട്ടിക. ഇത് മൂന്നാം തവണയാണ് അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന പേരുകൾ നൽകുന്നത്. 2017ൽ ആറ് സ്ഥലങ്ങൾക്കും 2021ൽ 15 സ്ഥലങ്ങൾക്കും ചൈനീസ് ആഭ്യന്തര കാര്യ മന്ത്രാലയം ഇത്തരത്തിൽ പേര് നൽകിയിരുന്നു.

അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള ചൈനയുടെ നീക്കം ഇന്ത്യ നേരത്തെ തള്ളിയിരുന്നു. അരുണാചൽ പ്രദേശ് എല്ലായ്‌പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന പുതിയ പേരുകൾ നൽകുന്നത് ഈ വസ്തുതയ്ക്ക് മാറ്റം വരുത്തില്ലെന്നും ഇന്ത്യ തിരിച്ചടിച്ചു. പുതിയ പേരുകൾ പ്രഖ്യാപിക്കുന്നത് നിയമാനുസൃത നീക്കമാണെന്നും ഭൂമിശാസ്ത്രപരമായി പേരുകൾ നൽകുന്നത് ചൈനയുടെ അവകാശമാണെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP