Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ലോകത്തിന്റെ ശരികളോടൊപ്പം സഞ്ചരിക്കുന്ന പോർച്ചുഗീസുകാരെ സംതിങ് സ്പെഷ്യൽ എന്ന് വിളിക്കാമോ? ലോകത്തിന്റെ നേതൃനിരയിൽ എക്കാലവും ഇവരെത്താൻ 4 കാരണങ്ങൾ

ലോകത്തിന്റെ ശരികളോടൊപ്പം സഞ്ചരിക്കുന്ന പോർച്ചുഗീസുകാരെ സംതിങ് സ്പെഷ്യൽ എന്ന് വിളിക്കാമോ? ലോകത്തിന്റെ നേതൃനിരയിൽ എക്കാലവും ഇവരെത്താൻ 4 കാരണങ്ങൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലോകത്തേറ്റവും ബുദ്ധി കൂടിയത് ഇന്ത്യക്കാർ ആണെന്ന് പൊതുവെ ഒരു ധാരണയുണ്ട്. എന്നാൽ കേവലം ഒരു കോടി മാത്രം ജനസംഖ്യയുള്ള ഒരു കൊച്ചു രാഷ്ട്രം എങ്ങനെ എക്കാലവും ലോകത്തിന്റെ നേതൃനിരയിൽ വിരാചിക്കുന്നു? സാങ്കേതിക വിദ്യയുടെ ലോകത്ത് എക്കാലവും ജപ്പാൻ ഉണ്ടെന്നു പറയും പോലെ ലോക നിയന്ത്രിത സംവിധാനങ്ങളിൽ ഒരു പോർച്ചുഗീസ് മുഖം പോലും ഇല്ലാത്ത കാലം അപൂർവമാണ്. ഐക്യ രാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ ആകാൻ പത്തു വർഷം മുൻപ് ശ്രമിച്ച മലയാളിയും തിരുവനന്തപുരം എംപിയും ആയ ശശി തരൂരിൽ ഒതുങ്ങുകയാണ് സമീപകാല ഇന്ത്യയുടെ നേട്ടം. ലോകത്തിന്റെ പരമോന്നത സഭയുടെ തുടക്കം മുതൽ ഇന്ത്യ കൂടെയുണ്ടെങ്കിലും സുരക്ഷാ കൗൺസിൽ സ്ഥിര അംഗത്വം പോലുള്ള അവകാശം ലഭിക്കാൻ വേണ്ടിയും ഇന്ത്യ കെഞ്ചുകയാണ്, വർഷങ്ങളായി. ഒരു പക്ഷെ ഒരു വഴക്കാളി രാഷ്ട്രം എന്ന ഇമേജ് ഇന്ത്യക്കു സമ്മാനിക്കാൻ അയൽരാജ്യമായ പാക്കിസ്ഥാൻ നടത്തുന്ന ബോധ പൂർവമായ ശ്രമം ആയും അതിർത്തി സംഘർഷം വ്യാഖ്യാനിക്കപ്പെടുമ്പോൾ തന്നെ ലോകത്തിന്റെ നേതൃ സ്ഥാനത്തു ഒരു ഇന്ത്യക്കാരൻ ബഹുമാനിതനാകാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും എന്നാണ് ഈ ആഴ്ച നടന്ന ഐക്യ രാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്. ലോക വേദികളിൽ പോർച്ചുഗൽ എന്ന കൊച്ചു രാജ്യം വലിയ ബഹളങ്ങൾ ഒന്നും കാണിക്കുന്നില്ലെങ്കിലും ഇത്തരം ബഹുമാന്യ പദവികൾ എക്കാലവും അവരെ തേടിയെത്തുകയാണ്.

ആദ്യ സാമ്രാജ്യ ശക്തി

Stories you may Like

ധുനിക ലോക ചരിത്രത്തിലെ ആദ്യ ആഗോള പദവി അലങ്കരിച്ച രാഷ്ട്രം എന്നാണ് പോർച്ചുഗലിന്റെ ചരിത്രം അടയാളപ്പെടുത്തുന്നത്. കഴിഞ്ഞ അഞ്ഞൂറ് വർഷമായി അവർ ലോക പദവികളിൽ തുടരുന്ന പോരാട്ടം അഭംഗുരം മുന്നേറുകയാണ്. അത് രാഷ്ട്രീയമായാലും ആയുധ സാങ്കേതികത ആയാലും ഇവരെ വെല്ലാൻ ഇന്നും ലോകത്തിന്റെ ഭാഗത്തു നിന്നും അധികം പേർ എത്തിയിട്ടില്ല. കണ്ടുപിടുത്തങ്ങളുടെ കാലഘട്ടം ആരംഭിക്കുമ്പോൾ മുതൽ തന്നെ പോർച്ചുഗൽ മുന്നിൽ ഉണ്ട്. കഴിഞ്ഞ ഏതാനും നൂറ്റാണ്ടു കൊണ്ട് ലോകം ഇവ്വിധം ആയിത്തീർന്നതിന്റെ മുഴുവൻ ക്രെഡിറ്റും പോർച്ചുഗീസുകാരനായ കപ്പലോട്ടക്കാരൻ വാസ്‌കോ ഡി ഗാമയുടെ പേരിൽ കുറിച്ചിടുമ്പോൾ ആ നേതൃത്വ പാടവ ശേഷി ഇന്നും കൈമോശം വന്നിട്ടെല്ലെന്നാണ് കഴിഞ്ഞ ദിവസം ഐക്യ രാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ട അന്റോണിയോ ഗേറ്ററാസ് തെളിയിക്കുന്നത്. തന്റെ പ്രസിദ്ധമായ കപ്പലോട്ടത്തിൽ വാസ്‌കോ ഡി ഗാമ ഇന്ത്യ മാത്രമല്ല കണ്ടെത്തിയത്, തന്റെ പേരിനു കൂടെ എഴുതിച്ചേർക്കപ്പെട്ട ബ്രസീലും കൂടിയാണ്. ഇന്ന് ഇന്ത്യയും ബ്രസീലും പുത്തൻ സാമ്പത്തിക ശക്തികളായി വിരാചിക്കുമ്പോൾ അതിൽ പോർച്ചുഗീസുകാരുടെ കപ്പലോട്ടക്കാർ നൽകിയ സംഭാവനകൾ ചെറുതല്ല.

ലോകം എന്നും ഇവരിലൂടെ
സെക്രട്ടറി ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ ലോക ശ്രദ്ധ അന്റോണിയോ ഗെറ്ററസിനൊപ്പം പോർച്ചുഗീസ് ജനതയിലേക്കും തിരിയുകയാണ്. ഇവർ ഇതെങ്ങനെ സാധിക്കുന്നു? വാസ്‌ഗോ ഡാ ഗാമയുടെ ഇന്ത്യ കണ്ടെത്തലിനെ തുടർന്ന് ലോക കച്ചവട, ആയുധ ശക്തിയായി വളർന്ന പോർച്ചുഗൽ ഒറ്റയ്ക്ക് ലോക സാമ്രാജ്യ ശക്തിയായി ഏഷ്യയിലേക്കു കൂടി വളർന്ന കഥയാണ് പതിനാറാം നൂറ്റാണ്ടു പറഞ്ഞു തരുന്നതെങ്കിൽ അപ്രതീക്ഷിതമായി എത്തിയ കാലത്തിന്റെ തിരിച്ചടി അവരെയും കാത്തിരിക്കുന്നുണ്ടായിരുന്നു. ലിസ്‌ബൺ നഗരത്തെ തകർത്തെറിഞ്ഞ 1755 ലെ ഭൂകമ്പം, 1822 ലെ ബ്രസീലിന്റെ സ്വാതന്ത്ര്യം, ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ പിടി മുറുക്കിയത് എന്നിവയെല്ലാം പോർച്ചുഗീസിനെ ചുരുട്ടിക്കൂട്ടാൻ എത്തിയ പ്രതിബന്ധങ്ങൾ ആയിരുന്നു. എങ്കിലും ലോക ജനസംഖ്യയുടെ 0.25 ശതമാനം പോലും അവകാശപ്പെടാൻ ഇല്ലാത്ത ഈ യൂറോപ്യൻ ശക്തി ലോകത്തിനു മുന്നിൽ കാണിച്ചു തരുന്ന േെനതൃത്വ പാടവം അസൂയാവഹമാണ്. ഏഷ്യൻ രാജ്യങ്ങൾ ഇനിയും ഇത്തരം നേട്ടങ്ങൾ സ്വന്തമാക്കാൻ കാലമെത്ര കഴിയണം എന്ന ചിന്തക്ക് കൂടിയാണ് അന്റോണിയോയുടെ തിരഞ്ഞെടുപ്പ് വഴി ഒരുക്കുന്നത്.

സംതിങ് സ്പെഷ്യൽ

ലോക പദവികളിൽ മുൻപും ചെറു രാജ്യങ്ങൾ പലവട്ടം എത്തിയിട്ടുണ്ടെങ്കിലും പോർച്ചുഗൽ എല്ലായ്‌പ്പോഴും നേടുന്ന ഈ പദവികൾ അവരെ അത്ഭുതത്തോടെ നോക്കാൻ ലോകത്തെ പ്രേരിപ്പിക്കുകയാണ്. മുൻ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്‌റ് ജോസ് മാനുവൽ ബാറാസോ, യു എൻ ഏർപ്പെടുത്തിയ ആദ്യ നെൽസൺ മണ്ടേല പുരസ്‌കാരം തേടിയെത്തിയ ജോർജേ സാമ്പിയോ, യു എൻ ജനറൽ അസംബ്ലി പ്രസിഡന്റ് ആയിരുന്ന ഡീഗോ ഡീ ഫ്രയ്റ്റസ് ഡോ അമാറൽ , യൂറോപ്യൻ യൂണിയനിലെ ശക്തനായ സാമൂഹ്യ പരിഷ്‌കർത്താവ് എന്നറിയപ്പെടുന്ന് മരിയോ സൊറാസ് എന്നിവരൊക്കെ പോർച്ചുഗീസിന്റെ സംഭാവന എന്ന തിരിച്ചറിവിലാണ് ഇവരെക്കുറിച്ചു അടുത്തറിയാൻ ലോകം ആഗ്രഹിക്കുന്നത്. പോർച്ചുഗൽ ജനാധിപത്യ ഭരണ ക്രമത്തിലേക്കു ബിവന്നിട്ടു അധികം കാലം ആയില്ലെങ്കിലും അവരുടെ ജനനേതാക്കളിൽ ഇന്നേവരെ ലോക പദവികൾ തേടി എത്താത്തത് വെറും അഞ്ചു പേരെ മാത്രമേ ഉള്ളൂവെന്ന് അറിയുമ്പോൾ ആണ് ഇവരിൽ എന്തോ പ്രത്യേകത ഉണ്ടല്ലോ എന്ന് തോന്നിപ്പോകുന്നത്. വെറും നാല് പതിറ്റാണ്ട് മുൻപ് ജനായത്ത ഭരണക്രമത്തിൽ വേരുറപ്പിച്ചു നീങ്ങിയ ഒരു രാജ്യത്തെ ഭരണാധികാരികളാണ് പിന്നീട് ലോകത്തിന്റെ ശബ്ദമായി മാറുന്നത്. മറ്റു രാജ്യങ്ങളിലെ പോലെ ഭരണാധികാരികൾ അഴിമതിക്കാരോ സ്വജനപക്ഷവാദികളോ ആരോപണ വിധേയരോ ആകുന്നില്ല എന്നതാണ് ഈ ജനതയുടെ പുണ്യം. അധികാര രാഷ്ട്രീയത്തിൽ ശ്രദ്ധിക്കുന്നതിനു പകരം പലരും ലോക ജനതയുടെ ശബ്ദമാകാൻ ആഗ്രഹിക്കുന്നതാണ് സമീപകാല പോർച്ചുഗീസ് കാഴ്ച . എന്നാൽ ഇവർ എല്ലാ രംഗങ്ങളിലും സമര്ഥരാണ് എന്ന ചിന്തയും ശരിയല്ല. രാഷ്ട്രീയമാണ് പോർച്ചുഗീസുകാരുടെ മേഖല എന്ന് എഴുതി ചേർക്കുന്നതാകും കൂടുതൽ ശരി . ഫുട്‌ബോൾ ഒഴികെ ഉള്ള രംഗത്ത് നേട്ടം ഉണ്ടാക്കിയവരെ വിരളമാണ് പോർച്ചുഗീസ് ജനതയിൽ . സാഹിത്യരംഗത്തു ജോസ് സരമാഗോയും ന്യുറോളജിസ്‌റ് ഇജാസ് മോനിസും നേടിയ നോബൽ സമ്മാനങ്ങളിൽ ഒതുങ്ങും രാഷ്ട്രീയ ഇതര മേഖലയിൽ പോർച്ചുഗലിന്റെ സംഭാവന. എന്നാൽ മറ്റു യൂറോപ്യൻ രാജ്യങ്ങൾ ഈ രംഗത്തു ഏറെ മുന്നിലാണ് താനും.

രാഷ്ട്രീയ കുതിരകൾ

ലോകത്തിന്റെ രാഷ്ട്രീയം നിർണയിക്കുന്നതിലാണ് പോർച്ചുഗീസുകാരുടെ ശ്രദ്ധ എന്ന് പറയുന്നതാകും കുറച്ചു കൂടി ശരിയാവുക . ഇതിനായി പ്രധാനമായും 4 കാരണങ്ങൾ ആണ് ലോക വിദഗ്ദ്ധർ കണ്ടെത്തുന്നത്. അവയെ തരംതിരിച്ചാൽ ഇപ്രകാരം മനസിലാക്കാം.

  1. ഏകാധിപത്യത്തിൽ നിന്നും ഉയർന്ന മനോഭാവം - ഏകദേശം നാല് പതിറ്റാണ്ട് (1933 1974 ) ഏകാധിപത്യ ഭരണാധികാരിയുടെ കീഴിൽ സഞ്ചരിച്ച പോർച്ചുഗീസ് ജനത ആ ശൈലിയിൽ നിന്നും ഊർജ്ജം കൊണ്ട് വളരുക ആയിരുന്നു. അന്ന് നേതൃത്വം നൽകിയ അന്റോണിയോ ഡീ ഒലിവെറിയ സൽസാർ തന്റെ ശൈലിയുടെ പേരിൽ വെറുക്കപ്പെട്ടെങ്കിലും അതിലൂടെ തലമുറകൾ പുതുജന്മം കൊള്ളുക ആയിരുന്നു എന്ന് വേണം അനുമാനിക്കാൻ . ഇക്കാലത്താണ് മാരിയോ സോർസ് ആഫ്രിക്കയിലേക്ക് നാട് കടത്തപ്പെട്ടതും പിന്നീട് ഫ്രാൻസിൽ അഭയം പ്രാപിച്ചതും. ലിസ്‌ബണിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയാണ് ജോർജേ സാമ്പിയോ ഉയർന്നു വന്നത്. ഡുറാവോ ബർസാവോ അറിയപ്പെടുന്ന് മാവോയിസ്റ്റായി മാറുകയും ചെയ്തു.
  2. അധികാര പകർച്ച - പാതി പ്രെസിഡൻഷ്യൽ ഭരണ ക്രമം പിന്തുടരുന്ന പോർച്ചുഗൽ പ്രെസിഡന്റ്‌റ്, സർക്കാർ, പാർലിമെന്റ് , രാഷ്ട്രീയ പാർട്ടികൾ എന്നീ ചതുഷ്‌കോണ സമ്പ്രദായത്തിന്റെ ഗുണകാംക്ഷികൾ ആണെന്ന് പറയുന്നതാകും കൂടുതൽ ശരി . ഓരോ രണ്ടാഴ്ചയിലും പാർലിമെന്റിൽ അംഗങ്ങളുടെ ചോദ്യം ചെയ്യലിന് ഇരയാകുന്ന പ്രധാനമന്ത്രി ( ബ്രിട്ടനിലെ പോലെ ) എല്ലാ ആഴ്ചയും പ്രെസിഡന്റുമായും കൂടിയാലോചന നടത്തും . രാഷ്ട്രീയ പാർട്ടി വക്താക്കൾ എല്ലായ്‌പ്പോഴും മാദ്ധ്യമ സഹായത്തോടെ നയങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യുന്നു . മറ്റേതു രാജ്യത്തെക്കാളും ജനം ചോദ്യം ചെയ്യപ്പെടുന്ന രാഷ്ട്രീയ നേതൃത്വം കൂടിയാണ് പോർചുഗലിന്റെത് . വാക്കുകളിൽ സംഭവിക്കുന്ന പിഴവ് ഒരു കാരണവശാലും ജനം പൊറുക്കില്ല . ഇത് ഐയ്ക്യ രാഷ്ട്ര സഭ തെരഞ്ഞെടുപ്പിൽ അന്റോണിയോ ഗട്ടേഴ്സ് നടത്തിയ പ്രസംഗവും ചർച്ചകളും വഴി ലോകത്തിനു ബോധ്യപ്പെട്ടതുമാണ്.
  3. പക്ഷം പിടിക്കാത്ത നിലപാടുകൾ - ലോകത്തിനു മുന്നിൽ നിറമില്ലാത്ത രാജ്യം എന്നാണ് പോർച്ചുഗീസിന്റെ വിളിപ്പേര്. തർക്ക വിഷയങ്ങളിൽ കർക്കശ്യ ശബ്ദം ഉയർത്താൻ മടിയില്ലാത്ത നേതൃ നിര . യൂറോപ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവയോടൊപ്പ പണ്ട് കോളനി ആയിരുന്ന രാജ്യങ്ങളുമായി ബന്ധം നിലനിർത്തുമ്പോൾ തന്നെ പ്രത്യേക അജണ്ട ഇല്ലാതെ പെരുമാറാൻ ഇവർക്ക് കഴിയുന്നു . ലോകത്തിന്റെ ശരികളോടൊപ്പമാണ് ഇവരുടെ സഞ്ചാരം. യു എൻ സുരക്ഷാ കൗൺസിലും യൂറോപ്യൻ യൂണിയനും ഒക്കെ ഈ ചെറു രാജ്യത്തിന്റെ വാക്കുകൾക്ക് നൽകുന്ന അമിത ശ്രദ്ധ തന്നെയാണ് ഇവരാണ് ശരിയെന്നു വിളിക്കപ്പെടാൻ കാരണം.
  4. അറുന്നൂറു വർഷം നീണ്ട സാമ്രാജ്യ ശക്തി - ലോകത്തെ തങ്ങളിലൂടെ ഏറ്റവും കൂടുതൽ കാലം നടത്തിയ ശക്തി എന്ന വിശേഷണവും പോർചുഗലിനൊപ്പം തന്നെയാണ് . 1415 ലിൽ തുടങ്ങിയ ആ പടയോട്ടം 1999 ലിൽ മക്കാവോ ചൈനയ്ക്കു കൈമാറിയതോടെയാണ് അന്ത്യമായതു . എന്നാൽ കോളനി വാഴ്‌ച്ചക്കാലത്തെ പ്രതാപത്തെ പറ്റി വീമ്പിളക്കുകയോ നഷ്ടങ്ങളെ പറ്റി വിലപിക്കുകയോ ചെയ്യുന്നത് പോർച്ചുഗീസ് ശീലമല്ല. അതിർത്തികൾ കൂടുതൽ വിശാലമാണ് എന്ന തിരിച്ചറിവ് കൂടിയാണ് ഇവരുടെ പ്രധാന ശക്തി. പഴയ കാല പോർച്ചുഗീസുകാർ അപേക്ഷിച്ചു പുതു തലമുറ കുറച്ചു കൂടി ശ്രദ്ധയോടെയാണ് നീങ്ങുന്നത് . എല്ലാ രംഗത്തും നേട്ടമെടുക്കുന്ന യൂറോപ്യൻ തലമുറ എന്ന പേര് കേൾക്കാൻ ആണ് അവർ ഇഷ്ടപ്പെടുന്നത് . കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗവേഷണ ബിരുദം സമ്പാദിച്ചത് പോർച്ചുഗീസുകാരാണ് എന്നത് ഇവരുടെ ഭാവി കൂടി സൂചിപ്പിക്കുന്നു. സാംസ്കാരിക , നവ ലിബറൽ , വ്യവസായ രംഗങ്ങളിലും പോർച്ചുഗീസ് മുന്നേറ്റം സാധ്യമാക്കുന്നു. രാഷ്ട്രീയത്തെ കൂടുതൽ ഊർജ്വസ്വലമാക്കാൻ ഉള്ള ഈ ജനതയുടെ അഭിലാഷം അവരുടെ സർക്കാരിലുമുണ്ട് . നിലവിലെ വിദ്യാഭ്യാസ, സാമ്പത്തിക മന്ത്രിമാർ നാൽപതു വയസു തികയാത്തവർ ആണെന്നറിയുമ്പോൾ വക്തമാകും ഇവരുടെ ഊർജ്ജത്തിന്റെ ഉറവിടം. പാർലമെന്റിൽ ഏറ്റവും അധികം വാദമുഖങ്ങൾ ഉയർത്തുന്ന നേതാവ് മരിയാന മൊർടാഗുവ ക്കു പ്രായം 30 ഇനിയും തികഞ്ഞിട്ടില്ല. രാജ്യത്തെ കമ്മ്യുണിസ്‌റ് പാർട്ടി വക്താവിന്റെ പ്രായം 37 . വലതു പക്ഷ പാർട്ടി സി ഡി എസ - പി പി യുടെ നേതാവാകട്ടെ 41 ന്റെ ചോരത്തിളപ്പിലും. ഇദ്ദേഹം 36 വയസ്സിൽ തന്നെ മന്ത്രിയുമായി . ഇപ്പോൾ ഐയ്ക്യ രാഷ്ട്ര സഭ സെക്രട്ടറി ജെനറൽ ആയ അന്റോണിയോ ഗട്ടേഴ്‌സ് പ്രധാനമന്ത്രി പദം അലങ്കരിക്കുമ്പോൾ ഇവരൊക്കെ കൗമാരക്കാർ ആയിരുന്നു എന്നതും കൗതുകം തന്നെ. ഒരു രാജ്യം തലമുറകളുടെ വിടവില്ലാതെ പടിപടിയായി ലോകത്തെ തങ്ങളുടെ ചൂണ്ടാണി വിരലിൽ നിർത്തുന്നുണ്ടെങ്കിൽ അത് പോർച്ചുഗൽ അല്ലെന്നു പറയാൻ ഇനിയും കഴിയുമോ?

സമ്പത്തു മാത്രമല്ല ബുദ്ധിപരമായ നീക്കങ്ങൾ കൂടിയാണ് ലോക ക്രമത്തിൽ അനിവാര്യം എന്ന് തെളിയിച്ചാണ് പോർച്ചുഗൽ ഇപ്പോൾ തല ഉയർത്തുന്നത്, എക്കാലത്തെയും പോലെ തന്നെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP