Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുദ്ധവിരുദ്ധ പ്രകടനങ്ങൾ പെരുകുന്നു; പട്ടാളത്തിൽ ചേരാതിരിക്കാൻ പൗരന്മാർ ജോർജ്ജിയയിലേക്ക് നാടു വിടുന്നു; ഇരുകൂട്ടരെയും തടവിലാക്കാൻ പൊലീസ് രംഗത്ത്; ഇന്ത്യയും ചൈനയും യുദ്ധം നിർത്താൻ സമ്മർദ്ദം ചെലുത്തുന്നു; സകലതും പിഴച്ച പുടിൻ യുദ്ധത്തിൽ നിന്നും തലയൂരാൻ വഴി തേടുന്നു

യുദ്ധവിരുദ്ധ പ്രകടനങ്ങൾ പെരുകുന്നു; പട്ടാളത്തിൽ ചേരാതിരിക്കാൻ പൗരന്മാർ ജോർജ്ജിയയിലേക്ക് നാടു വിടുന്നു; ഇരുകൂട്ടരെയും തടവിലാക്കാൻ പൊലീസ് രംഗത്ത്; ഇന്ത്യയും ചൈനയും യുദ്ധം നിർത്താൻ സമ്മർദ്ദം ചെലുത്തുന്നു; സകലതും പിഴച്ച പുടിൻ യുദ്ധത്തിൽ നിന്നും തലയൂരാൻ വഴി തേടുന്നു

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: യുക്രൈനിൽ കയറി ആക്രമണം നടത്തി ഒരാഴ്‌ച്ച കൊണ്ട റഷ്യ എല്ലാം കീഴടക്കി തിരിച്ചിറങ്ങും എന്നായിരുന്നു യുദ്ധം തുടങ്ങിയ വേളയാൽ ലോകം കരുതിയത്. പുടിന്റെ കണക്കുകൂട്ടലും ഏതാണ്ട് ഇതുപോലെ ആയിരുന്നു. എന്നാൽ, കാര്യങ്ങളെല്ലാം തകിടം മറിക്കുന്ന വിധത്തിലുള്ള ചെറുത്തു നിൽപ്പാണ് യുക്രൈന്റെ ഭാഗത്തു നിന്നും ഉണ്ടായത്. യുദ്ധം തുടങ്ങി മാസങ്ങൾ പിന്നിടുമ്പോൾ കനത്ത തിരിച്ചടിയാണ് റഷ്യൻ സൈന്യം നേരിടേണ്ടി വന്നത്. ഇതോടെ യുദ്ധത്തിന് തുടക്കമിട്ട പുടിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

റഷ്യൻ നഗരങ്ങളിലെല്ലാം ഇപ്പോൾ പുടിൻ വിരുദ്ധ പ്രകടനങ്ങൾ ശക്തമാണ്. യുദ്ധം ഞങ്ങൾക്ക് വേണ്ടെന്ന ബാനറുകൾ ഉയർത്തി ആളുകൾ സംഘടിക്കുന്നത് മോസ്‌കോയിൽ അടക്കം സ്ഥിരം കാഴ്‌ച്ചയാണ്. യുദ്ധം ഇങ്ങനെ പോയാൽ പട്ടാളത്തിൽ സാധാരണ യുവാക്കൾ അടക്കം സേവനം ചെയ്യേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതോടെ പട്ടാളത്തിൽ ചേരാതിരിക്കാൻ നാടുവിടുകയാണ് യുവാക്കൾ. ഇങ്ങനെ ജോർജ്ജിയ അടക്കമുള്ള അതിർത്തി രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന യുവാക്കളെ തടവിലാക്കാൻ പൊലീസും രംഗത്തുണ്ട്.

അതേസമയം ഷ്യയോടു കൂട്ടിച്ചേർക്കുന്നതിനു മുന്നോടിയായി യുക്രെയ്‌നിലെ 4 പ്രവിശ്യകളിൽ ഹിതപരിശോധന നടക്കുന്നതിനിടെ, റഷ്യൻ നഗരങ്ങളിൽ പുട്ടിൻവിരുദ്ധ പ്രകടനങ്ങൾ ശക്തമാണ്. യുക്രെയ്‌നിൽ യുദ്ധം ചെയ്യാനായി മക്കളെ വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് സ്ത്രീകളടക്കമാണു നിർബന്ധിത സൈനിക സേവനത്തിനെതിരെ പ്രതിഷേധിക്കുന്നത്.

യുക്രെയ്‌നിലെ തെക്കൻ പ്രവിശ്യകളായ സാപൊറീഷ്യ, ഖേർസൻ, കിഴക്കൻ മേഖലയിലെ ലുഹാൻസ്‌ക്, ഡോണെറ്റ്‌സ്‌ക് എന്നിവിടങ്ങളിലാണു വെള്ളിയാഴ്ച ഹിതപരിശോധന ആരംഭിച്ചത്. നിലവിൽ റഷ്യൻസേനയുടെ നിയന്ത്രണത്തിലായ ഈ പ്രദേശങ്ങളിലെ നല്ലൊരു വിഭാഗം ജനങ്ങൾ നേരത്തേ പലായനം ചെയ്തതാണ്. യുക്രെയ്ൻ സേന ചെറുത്തുനിൽക്കുന്ന തെക്കൻ മേഖലയിൽ രൂക്ഷയുദ്ധമാണു നടക്കുന്നത്.

7 മാസം പിന്നിടുന്ന യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് കൂടുതൽ സൈനികരെ നിയോഗിക്കാൻ പുട്ടിൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ 3 ലക്ഷം റിസർവ് സൈനികരെ സമാഹരിക്കാനാണ് തീരുമാനം. എന്നാലിത് 10 ലക്ഷം വരെയായേക്കുമെന്നും റിപ്പോർട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കാതിരിക്കുകയോ വിട്ടുപോകുകയോ ചെയ്യുന്ന സൈനികർക്കു കടുത്ത ശിക്ഷ നൽകുന്ന ബില്ലിലും ശനിയാഴ്ച പുട്ടിൻ ഒപ്പിട്ടു. ഇതോടെ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ പുടിൻ വിരുദ്ധ വികാരം ശക്തമാണ്.

അതേസമയം, റഷ്യജോർജിയ അതിർത്തിയിൽ രാജ്യം വിടാൻ തിക്കിത്തിരക്കി റഷ്യൻ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. വീസയില്ലാതെ പ്രവേശിക്കാവുന്ന രാജ്യങ്ങളിലേക്കു വിമാനടിക്കറ്റ് നേടാനാണ് തിരക്ക്. കിലോമീറ്ററോളം വാഹനങ്ങളുടെ നിര നീണ്ടതായി റിപ്പോർട്ടുണ്ട്. 18നും 65 നും ഇടയിൽ പ്രായമുള്ളവർ രാജ്യം വിടുന്നതു വിലക്കി സർക്കാർ ഉത്തരവിട്ടിരുന്നു.

യുക്രെയ്‌നെതിരായ യുദ്ധത്തിൽ മൂന്നുലക്ഷം റിസർവ് സൈനികരെ വിന്യസിക്കാനുള്ള തീരുമാനത്തിനെതിരെയും പ്രതിഷേധം ഇരമ്പുകയാണ്. ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു. റഷ്യയിൽനിന്ന് അയൽരാജ്യങ്ങളിലേക്ക് കൂട്ടപ്പലായനവും തുടങ്ങി. അതേസമയം റിസർവ് സൈനികരോട് ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ട് അധികൃതർ നോട്ടിസ് നൽകാൻ ആരംഭിച്ചു.

റിസർവ് സൈന്യത്തെ വിന്യസിക്കാനുള്ള തീരുമാനം വന്നതിനു പിന്നാലെ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. സെന്റ്പീറ്റേഴ്‌സ്ബർഗിലും മോസ്‌കോയിലും ഉൾപ്പെടെ വൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. സൈന്യത്തിനൊപ്പം ചേരാൻ നോട്ടിസ് ലഭിച്ചവരും പ്രതിഷേധത്തിൽ അണിനിരന്നു. പ്രതിഷേധത്തെ റഷ്യൻ പൊലീസ് അതിക്രൂരമായാണ് നേരിട്ടത്. ലാത്തിച്ചാർജ് നടത്തുകയും ആളുകളെ തല്ലിച്ചതക്കുകയും ചെയ്തു. ആയിരത്തി മൂന്നൂറോളം പേരെ ഇതുവരെ അറസ്റ്റ് ചെയ്തു.

പ്രതിഷേധത്തിന് ആഹ്വാനം നൽകുകയോ പ്രതിഷേധത്തിൽ പങ്കെടുക്കുകയോ ചെയ്താൽ 15 വർഷം തടവുവരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തുമെന്ന് പൊലീസ് മുന്നറിയിപ്പുനൽകി. മുൻപ് ഹ്രസ്വ സൈനിക പരിശീലനം നേടിയവരാണ് റിസർവ് സൈന്യത്തിലുള്ളത്. എന്നാൽ ഒരിക്കൽ പോലും സൈനിക പരശീലനം ലഭിക്കാത്ത യുവാക്കൾക്കും ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ട് നോട്ടിസ് ലഭിക്കുന്നുണ്ട്.

ഇന്ത്യയും ചൈനയും പുടിനോട് യുദ്ധം ഒഴിവാക്കാൻ നിർദ്ദേശിച്ചതും റഷ്യയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഒന്നും നേടാതെ യുദ്ധത്തിൽ നിന്നും പിന്മാറില്ലെന്നതാണ് പുടിന്റെ വ്യക്തിപരമായ പ്രശ്‌നം. തോൽവി അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ തന്നെ പുടിൻ പിന്മാറാതെ കടുംപിടുത്തം തുടരുന്നു.

യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 'ഒതുക്കാൻ' ശ്രമിക്കുന്ന യുഎസിനും സഖ്യകക്ഷികൾക്കും തിരിച്ചടി നൽകാൻ, ഇന്ത്യയെയും ചൈനയെയും കൂട്ടുപിടിച്ചായിരുന്നു പുടിന്റെ പ്രതിരോധം. എന്നാൽ മോദി നേരിട്ട് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യുക്രെയ്‌നിൽ നടത്തിയ അധിനിവേശത്തിന്റെ പേരിൽ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട റഷ്യ, അതിനുശേഷം നടത്തുന്ന ആദ്യ സുപ്രധാന സൈനിക അഭ്യാസത്തിലാണ് ഇന്ത്യയും ചൈനയും പങ്കാളികളാകുന്നത്.

യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങൾ ഒറ്റപ്പെടുത്തുമ്പോഴും, റഷ്യയെ കൈവിടാത്ത നിലപാടായിരുന്നു ഇന്ത്യയുടേത്. ആയുധങ്ങൾക്കായി റഷ്യയെ ആശ്രയിക്കുന്നതും ചൈന, പാക്കിസ്ഥാൻ എന്നീ അയൽക്കാരുമായുള്ള പ്രശ്‌നങ്ങളുമാണ് ഇത്തരമൊരു നിലപാടിന് ഇന്ത്യയെ പ്രേരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP