Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊള്ളുന്ന വിലക്കയറ്റത്തിന് പിന്നാലെ രാഷ്ട്രീയ അടിച്ചമർത്തൽ കൂടി ആയതോടെ ശ്രീലങ്കയിൽ എല്ലാം പിടിവിട്ടു; മഹിന്ദ രാജപക്സെയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടു; മന്ത്രി മന്ദിരങ്ങൾക്കും തീയിട്ടതോടെ ആകെ കലാപം; ഭരണകക്ഷി എംപിമാരെ ലക്ഷ്യമിട്ട് വ്യാപക അക്രമം; ജനജീവിതം താറുമാറാക്കിയ ഭരണ നേതൃത്വത്തിനെതിരെ രോഷം അണപൊട്ടുമ്പോൾ

പൊള്ളുന്ന വിലക്കയറ്റത്തിന് പിന്നാലെ രാഷ്ട്രീയ അടിച്ചമർത്തൽ കൂടി ആയതോടെ ശ്രീലങ്കയിൽ എല്ലാം പിടിവിട്ടു; മഹിന്ദ രാജപക്സെയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടു; മന്ത്രി മന്ദിരങ്ങൾക്കും തീയിട്ടതോടെ ആകെ കലാപം; ഭരണകക്ഷി എംപിമാരെ ലക്ഷ്യമിട്ട് വ്യാപക അക്രമം; ജനജീവിതം താറുമാറാക്കിയ ഭരണ നേതൃത്വത്തിനെതിരെ രോഷം അണപൊട്ടുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: ഉത്തരാവാദിത്തമില്ലാത്ത ഭരണാധികാരികൾ എങ്ങനെയാണ് ഒരു രാജ്യത്തെ കലാപ കലുഷിതമാക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമായി ശ്രീലങ്ക. സർക്കാരിനെതിരെ അരങ്ങേറിയ പ്രക്ഷോഭങ്ങളെ തുടർന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചതിനു പിന്നാലെ ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമായിരിക്കയാണ്. പ്രതിഷേധക്കാർ മഹിന്ദ രാജപക്സെയുടെ വീടിന് തീയിട്ട അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തി.

രാജപക്സെയുടെ കുരുനഗലയിലെ വീടിനാണ് തീയിട്ടത്. എംപി മഹിപാല ഹെറാത്തിന്റെ കെഗല്ലെയിലെ വീടിനും എംപി ജോൺസ്ടൺ ഫെർണാണ്ടോയുടെ കുരുനഗലയിലെ വീടിനും തിസ്സ കുത്തിയാരച്ഛിയുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര കേന്ദ്രത്തിനും പ്രതിഷേധക്കാർ തീയിട്ടിട്ടുണ്ട്. ഭരണകക്ഷി നേതാക്കളെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

കലാപത്തിനിടെ ഭരണകക്ഷിയുടെ പാർലമെന്റംഗത്തെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എംപിയായ അമരകീർത്തി അത്തുകോറളയാണ് സംഘർഷത്തിനിടെ മരിച്ചത്. നിത്തംബുവയിൽ തന്റെ കാർ തടഞ്ഞ പ്രക്ഷോഭകർക്ക് നേരെ അമരകീർത്തി നിറയൊഴിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത കെട്ടിടത്തിൽ അഭയം തേടിയ അമരകീർത്തിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇവിടെ നിന്നുമാണ് അദ്ദേഹത്തെ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എംപിയുടെ വെടിയേറ്റ് പ്രതിഷേധക്കാരിൽ ഒരാൾ കൊല്ലപ്പെട്ടതായും, ചിലർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ സംഘർഷത്തിൽ ഇതുവരെ 139 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

മന്ത്രി മന്ദിരങ്ങൾക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് പ്രഖ്യാപിച്ച കർഫ്യൂവും ദീർഘിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴുമണി വരെയാണ് കർഫ്യൂ നീട്ടിയത്.ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടപടിയുണ്ടായതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം ഉൾപ്പെടെ പ്രയോഗിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ജനജീവിതം ദുസ്സഹമായതോടെ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകൾ തെരുവുകളിലേക്കിറങ്ങിയിരുന്നു. രാജി വെക്കാൻ നിർബന്ധിതനായതിനെ തുടർന്ന് തിങ്കളാഴ്ച രാജപക്‌സെ സ്ഥാനമൊഴിയുകയും ചെയ്തു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ ഓഫീസിലേക്ക് പ്രക്ഷോഭകർ ഇരച്ചുകയറുകയും സംഘർഷക്കാരും രാജപക്‌സെ അനുകൂലികളും തമ്മിൽ സംഘർഷമുണ്ടാകുകയും ചെയ്തു.

തലസ്ഥാനത്തും മറ്റിടങ്ങളിലും നടന്ന വിവിധ അക്രമസംഭവങ്ങളിൽ പന്ത്രണ്ടോളം പേർക്ക് ജീവൻ നഷ്ടമായി. ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും കൊളംബോയിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് കർഫ്യൂ രാജ്യവ്യാപകമാക്കി ഉത്തരവുണ്ടായി. വിവിധയിടങ്ങളിൽ നടന്ന സംഘർഷങ്ങളിൽ പരിക്കേറ്റ 78 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കൊളംബോ നാഷണൽ ഹോസ്പിറ്റൽ വക്താവ് പുഷ്പ സോയ്‌സ അറിയിച്ചു.

കോവിഡ് വ്യാപനവും ഇന്ധനവില വർധനവും കൂടാതെ ജനസമ്മതി ഉറപ്പാക്കുന്നതിനായി രാജപക്‌സ സർക്കാർ നടപ്പാക്കിയ നികുതി വെട്ടിച്ചുരുക്കലും സമ്പദ്ഘടനയെ ഏറെ പ്രതികൂലമായാണ് ബാധിച്ചത്. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ഇറക്കുമതി ഏറെക്കുറെ നിലച്ചതോടെ ആയിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി തെരുവുകളിലേക്കിറങ്ങിയത്. അഞ്ചാഴ്ചയ്ക്കിടെ രണ്ട് തവണ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

അവശ്യസാധനങ്ങൾക്ക് പൊള്ളുന്ന വിലയാണ് ശ്രീലങ്കയിൽ. വിലക്കയറ്റവും ക്ഷാമവും കാരണം പെട്രോളിനും ഡീസലിനും നിയന്ത്രണമേർപ്പെടുത്തുകയുണ്ടായി. പമ്പുകൾക്ക് മുന്നിലെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അധികൃതർ പട്ടാളത്തെ ഇറക്കുകയും ചെയ്തു. ജനജീവിതം ഏറെക്കുറെ താറുമാറായ നിലയിലാണ്. രാജ്യത്തിന്റെ പല ഭാഗത്തും യുദ്ധസമാനമായ പ്രതിസന്ധിയാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP