Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അധികാരത്തിൽ ആരെത്തുമെന്ന് തീരുമാനിക്കുന്നത് സൈന്യം; ജനാധിപത്യത്തിലെ പട്ടാള സ്വാധീനത്തിൽ നട്ടം തിരിയുന്നത് പാവം പൗരന്മാർ; ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ നാലു ശതമാനം ആയുധം വാങ്ങി കൂട്ടാൻ ഉപയോഗിക്കുമ്പോൾ പൊതുജനാരോഗ്യത്തിനുള്ളത് വെറും രണ്ടര ശതമാനം; അവസരം മുതലെടുത്ത് വളരുന്നത് മുറി വൈദ്യന്മാർ; ആശുപത്രികളിൽ സിറിഞ്ച് വാങ്ങാൻ പോലും കാശില്ല; എയിഡ്സ് പടർന്ന് പിടിക്കുന്നു; രോഗബാധിതരിൽ പിഞ്ചുകുട്ടികളും; ആണവ രാജ്യമെന്ന് വീമ്പു പറയുന്ന പാക്കിസ്ഥാനിൽ കാര്യങ്ങൾ ഇങ്ങനെ

അധികാരത്തിൽ ആരെത്തുമെന്ന് തീരുമാനിക്കുന്നത് സൈന്യം; ജനാധിപത്യത്തിലെ പട്ടാള സ്വാധീനത്തിൽ നട്ടം തിരിയുന്നത് പാവം പൗരന്മാർ; ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ നാലു ശതമാനം ആയുധം വാങ്ങി കൂട്ടാൻ ഉപയോഗിക്കുമ്പോൾ പൊതുജനാരോഗ്യത്തിനുള്ളത് വെറും രണ്ടര ശതമാനം; അവസരം മുതലെടുത്ത് വളരുന്നത് മുറി വൈദ്യന്മാർ; ആശുപത്രികളിൽ സിറിഞ്ച് വാങ്ങാൻ പോലും കാശില്ല; എയിഡ്സ് പടർന്ന് പിടിക്കുന്നു; രോഗബാധിതരിൽ പിഞ്ചുകുട്ടികളും; ആണവ രാജ്യമെന്ന് വീമ്പു പറയുന്ന പാക്കിസ്ഥാനിൽ കാര്യങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: ഇന്ത്യയെ തകർക്കും എന്ന ഭീഷണിയുമായി പാക് പ്രദാനമന്ത്രി ഇമ്രാൻ ഖാൻ വീരവാദം മുഴക്കുന്നു. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ട് അന്താരാഷ്ട്ര സംഘടനകൾ പാക്കിസ്ഥാനെ കരിമ്പട്ടികയിലും പെടുത്തുന്നു. അതുകൊണ്ട് തന്നെ സാമൂഹിക ക്ഷേമ പ്രവർത്തനത്തിന് പോലും പാക്കിസ്ഥാന് പണമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. രാജ്യത്ത് ദാരിദ്രം പടർന്ന് പന്തലിക്കുന്നു. ഇന്ത്യയെ അതും ഇതും പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ഇമ്രാൻ ഖാന് പക്ഷേ രാജ്യത്തെ ദുരിതകൾ കാണാൻ പോലും കഴിയില്ല. ഭക്ഷണവും രോഗപീഡവുമായി ദുരിതത്തിലാണ് പാക്കിസ്ഥാനികൾ. എയിഡ്‌സ് എന്ന ലൈംഗിക രോഗം പടർന്ന് പിടിക്കുന്നതും പാക്കിസ്ഥാന് വലിയ ഭീഷണിയാണ്.

മുറിവൈദ്യന്മാർ അരങ്ങുവാഴുന്നതാണ് പാക്കിസ്ഥാനിലെ ആരോഗ്യ രംഗം. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന നഗരമായ ഷാകോട്ടിലാണ് എയിഡ്‌സ് വലിയ തോതിൽ റിപ്പോർട്ട് ചെയ്തത്. പണം ലാഭിക്കാനായി ഒരു തവണ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതാണ് എയ്ഡ്‌സ് അതിവേഗം പകരാൻ കാരണമായി ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. പാക്ക് ഗ്രാമങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ നിലവാരമില്ലാത്തവയാണ്. സിറിഞ്ച് വാങ്ങാനുള്ള തുക പോലും ഇവിടെ ആശുപത്രികൾക്ക് കിട്ടുന്നില്ല. പാക് സാമ്പത്തിക സ്ഥിതിയുടെ ദയനീയ ചിത്രമാണ് ഇത്.

ഇന്ത്യയെ കാശ്മീരിന്റെ പേരിൽ പാക്കിസ്ഥാൻ ഭീഷണിപ്പെടുത്തുന്നു. അതിർത്തിയിൽ നുഴഞ്ഞു കയറ്റക്കാരെ വിട്ട് പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇങ്ങനെ ഇന്ത്യയുടെ സമാധാനം കളയാൻ മാത്രം പാക്കിസ്ഥാൻ പെടാപാടു പെടുന്നു. ആയുധങ്ങളും മറ്റും വാങ്ങിക്കൂട്ടാൻ കോടിക്കണക്കിനു രൂപ വകയിരുത്തുന്നുമുണ്ട്. യൂറോപ്പിലും അമേരിക്കയിലും റഷ്യയിലും ചൈനയിലും ഉള്ള എല്ലാ ആയുധങ്ങളും വാങ്ങി കൂട്ടും. എന്നാൽ സ്വന്തം നാട്ടുകാരുടെ ആരോഗ്യത്തിന് വലിയും നൽകാറില്ല. ഇതാണ് പാക്കിസ്ഥാനിലെ ആരോഗ്യ രംഗം താറുമാറാകാനുള്ള കാരണം. ഭരണത്തെ നിയന്ത്രിക്കുന്നത് സൈന്യമാണ്. സൈന്യം ആഗ്രഹിക്കുന്നവർക്ക് അധികാരത്തിൽ എത്താം. ഇത് മനസ്സിലാക്കി ഇമ്രാൻ ഭരണകൂടവും സൈന്യത്തിനൊപ്പമാണ് നിൽക്കുന്നത്. അതുകൊണ്ട് തന്നെ കേൾക്കുന്നത് അവർ പറയുന്നത് മാത്രം.

പാക്കിസ്ഥാനിലെ ആരോഗ്യരംഗത്തെ തഴയുന്നതിന്റെ പരിതാപകരമായ അവസ്ഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. പിന്നിട്ട വർഷം 1.2 ലക്ഷം കോടി പാക്കിസ്ഥാൻ രൂപയാണു സൈനിക ബജറ്റിനായി വകയിരുത്തിയത്. ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ നാലു ശതമാനം വരെ ഇത്തരത്തിൽ പ്രതിരോധരംഗത്തിനായി ചെലവഴിക്കുന്ന രാജ്യം ആരോഗ്യരംഗത്തിനായി വകയിരുത്തുന്നത് ജിഡിപിയുടെ രണ്ടര ശതമാനം വരെ മാത്രമെന്നാണ് റിപ്പോർട്ടുകൾ. സിറിഞ്ച് വാങ്ങാൻ പോലും ഇത് മൂലം കഴിയുന്നില്ല. എയിഡ്‌സ് പോലുള്ള മാരക രോഗങ്ങളുടെ വ്യാപനം അങ്ങനെ എളുപ്പത്തിലാകുന്നു. പ്രഥമ ശുശ്രൂഷ എന്ന നിലയിൽ അനാരോഗ്യസാഹചര്യങ്ങളിലുള്ള സൂചികൾ ഉപയോഗിച്ച് കുത്തിവയ്പ് നൽകുന്നതാണ് രോഗം അതിവേഗം പടരാൻ കാരണമെന്നാണു വിലയിരുത്തൽ.

ആറുലക്ഷത്തോളം മുറിവൈദ്യന്മാരാണ് ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് പാക്കിസ്ഥാനിൽ ഉള്ളത്. ഇതിൽ 2.7 ലക്ഷം പേരും സിന്ധ് പ്രവിശ്യയിലാണ്. ഷാകോട്ടിൽ രണ്ടു വർഷത്തിനിടെ 140ൽ അധികം പേർക്ക് എച്ച്‌ഐവി ബാധ കണ്ടെത്തിയതായി പഞ്ചാബ് പ്രവിശ്യ സർക്കാരിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം മാത്രം ഇതു വരെ 85 പേർക്കു എച്ച്‌ഐവി ബാധിച്ചതായി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി സർദാർ ഉസ്മാൻ ബസ്തറിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. നൻകാന സാഹിബിലെ ഷാക്കോട്ടിൽ പകർച്ചവ്യാധിയെന്ന പോലെയാണ് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. ഇത് അതീവ ഭീതിജനകമായ സ്ഥിതി വിശേഷമാണ്. രണ്ടു ലക്ഷം ജനസംഖ്യയുള്ള ഇവിടെ 2018 സെപ്റ്റംബർ 1 മുതൽ ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം 54 പേർക്കാണ് എയ്ഡ്‌സ് സ്ഥിരീകരിച്ചത്. എന്നാൽ ഈ വർഷം ജൂലൈ 27 വരെ 85 പേർ കൂടി എച്ച്‌ഐവി പോസിറ്റീവാണെന്ന റിപ്പോർട്ട് വന്നു. ഇതിൽതന്നെ 56 സ്ത്രീകളും എഴു വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്.

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ എയ്ഡ്‌സ് പടരുന്നതു തടയാൻ പാക്കിസ്ഥാൻ ലോകാരോഗ്യ സംഘടനയുടെ സഹായം തേടിയിരുന്നു. സിന്ധ് പ്രവിശ്യയിൽ 600ഓളം പേർ എയ്ഡ്‌സ് ബാധിതരാണെന്നാണു നിലവിലെ കണക്കുകൾ. യുഎൻ റിപ്പോർട്ട് അനുസരിച്ച് ഏഷ്യയിൽ അതിവേഗം എയ്ഡ്‌സ് പടരുന്ന രണ്ടാമത്തെ രാജ്യമാണ് പാക്കിസ്ഥാൻ. 2017ൽ മാത്രം ഇരുപതിനായിരത്തോളം പേരാണ് അസുഖബാധിതരായത്. ഏഷ്യയിൽ ഫിലിപ്പീസിലാണ് എച്ച്‌ഐവി ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുള്ളത് 170 ശതമാനം.

2019 മേയിൽ തെക്കൻ പാക്കിസ്ഥാനിലെ അല്ലാ ദിനോ സീൽറോ എന്ന ചെറുഗ്രാമത്തിൽ ഒരു മാസത്തിനിടെ 21 പേർക്ക് പുതുതായി എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൽ 17 പേർ കുട്ടികളാണ്. 1500 ഓളം പേർ മാത്രമുള്ള ഗ്രാമത്തിൽ രണ്ട് മാസത്തിനിടെ 700ഓളം പേർക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചെന്നാണ് അധികൃതരുടെ ഔദ്യോഗിക കണക്ക്. രണ്ടിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ള 537 കുട്ടികൾക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. എങ്ങനെയാണ് വൈറസ് പടർന്നുപിടിച്ചതെന്നോ എച്ച്‌ഐവി എന്തെന്നോ എങ്ങനെ പകരുമെന്നോ ഇവിടുത്തെ ഗ്രാമവാസികൾക്ക് അറിയില്ലെന്നും അല്ലാ ദിനോ സീൽറോയിലെ ഡോ. രമേശ് ലാൽ സേതിയ പറയുന്നു.

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള വസായോ ഗ്രാമത്തിൽ ഇക്കഴിഞ്ഞ മേയിൽ നാനൂറോളം പേർക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചിരുന്നു. അതിലും കുട്ടികളാണ് കൂടുതൽ. അണുബാധയുള്ള സിറിഞ്ച് ഉപയോഗിച്ച് ഒരേ ഡോക്ടർ കുത്തിവച്ചതിലൂടെയാണ് ഇത്രയധികം കുട്ടികൾക്ക് എച്ച്‌ഐവി ബാധിച്ചതെന്നാണ് സംശയിക്കുന്നത്. ശിശുരോഗ വിദഗ്ധനായി ജോലി ചെയ്യുകയായിരുന്നു ഡോ. മുസാഫർ ഘാംഗ്രോയെ ഇതിനെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ നിരപരാധിയാണെന്നും എയ്ഡ്‌സ് എങ്ങനെ പകർന്നുവെന്ന് അറിയില്ലെന്നുമായിരുന്നു ഡോക്ടറുടെ വാദം. ഡോക്ടർക്കും എച്ച്‌ഐവി ബാധിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. 65 കുട്ടികൾ ഉൾപ്പെടെ 90 പേർക്കാണ് അണുവിമുക്തമാക്കാത്ത സിറിഞ്ചിലൂടെ എച്ച്‌ഐവി പകർന്നത്.

വ്യാജ ഡോക്ടർമാരുടെ ഇടപെടലും എയ്ഡ്‌സ് വ്യാപനത്തിനു കാരണമായി. ലർകാന നഗരപരിധിയിൽ ഇക്കഴിഞ്ഞ മേയിൽ മാത്രം 18 കുട്ടികൾക്ക് എച്ച്‌ഐവി ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. എച്ച്‌ഐവി ബാധ വ്യാപകമായതോടെ രോഗബാധിതരുടെ മാതാപിതാക്കളുടെ രക്തം പരിശോധിച്ചിരുന്നു. എന്നാൽ ഇവരെ വൈറസ് ബാധിച്ചിട്ടില്ലെന്നു കണ്ടെത്തി. മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലും ലൈംഗിക തൊഴിലാളികളിലും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളിലുമാണ് ഇവിടെ കൂടുതലായും എച്ച്‌ഐവി ബാധ കണ്ടുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP