Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

അഫ്ഗാനിൽ ഇന്ത്യ നിക്ഷേപിച്ച 3 ബില്യൻ ഡോളർ നശിക്കുമോ? താലിബാൻ പിടിമുറുക്കുമ്പോൾ തരൂർ ഉയർത്തിയ ചോദ്യം വളരെ പ്രസക്തം; അഫ്ഗാനിലെ ഇന്ത്യൻ നിർമ്മിതികളെ താലിബാൻ ലക്ഷ്യമിടുന്നതിൽ പാക്കിസ്ഥാൻ താൽപ്പര്യവും വ്യക്തം; നീക്കം ഇന്ത്യൻ അടയാളം ഇല്ലാതാക്കാൻ

അഫ്ഗാനിൽ ഇന്ത്യ നിക്ഷേപിച്ച 3 ബില്യൻ ഡോളർ നശിക്കുമോ? താലിബാൻ പിടിമുറുക്കുമ്പോൾ തരൂർ ഉയർത്തിയ ചോദ്യം വളരെ പ്രസക്തം; അഫ്ഗാനിലെ ഇന്ത്യൻ നിർമ്മിതികളെ താലിബാൻ ലക്ഷ്യമിടുന്നതിൽ പാക്കിസ്ഥാൻ താൽപ്പര്യവും വ്യക്തം; നീക്കം ഇന്ത്യൻ അടയാളം ഇല്ലാതാക്കാൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനം അരംഭിക്കും മുമ്പ് അഫ്ഗാൻ വിഷയത്തിൽ അടക്കം മോദി സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചു ശശി തരൂർ എംപി. സർക്കാരിന്റെ ആഭ്യന്തര, വിദേശ നയങ്ങൾക്കെതിരെയാണു തരൂർ വിമർശനം ഉന്നയിച്ചത്. കോവിഡിനെ നേരിടുന്നതിൽ സർക്കാർ നയം തെറ്റാണ്. രാജ്യത്ത് ആവശ്യത്തിനു വാക്‌സീൻ ലഭ്യമാക്കിയിട്ടില്ല. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ജനങ്ങൾ വരിനിൽക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

യുദ്ധം തകർത്ത അഫ്ഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം കൂടുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാടെന്താണെന്നും തരൂർ ചോദിച്ചു. 'എവിടേക്കാണ് ആ രാജ്യം (അഫ്ഗാനിസ്ഥാൻ) ഇപ്പോൾ പൊയ്‌ക്കൊണ്ടിരിക്കുന്നത്? അതിൽ ഇന്ത്യയുടെ കാഴ്ചപ്പാട് എന്താണ്? നമ്മുടെ നികുതിദായകരുടെ 3 ബില്യൻ ഡോളറാണ് അഫ്ഗാനിസ്ഥാനിൽ നിക്ഷേപിച്ചിരിക്കുന്നത്. താലിബാൻ തിരികെ അധികാരത്തിൽ വന്നാൽ അതെല്ലാം നശിക്കുമോ? ഇതൊക്കെ വളരെ പ്രധാനപ്പെട്ട ചോദ്യങ്ങളാണ്' തരൂർ പറഞ്ഞു.

ദെലാറാമിനും സൽമ അണക്കെട്ടിനും ഇടയിലുള്ള 218 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്, അഫ്ഗാൻ പാർലമെന്റ് മന്ദിരം എന്നിവ ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി മൂന്ന് ബില്യൻ ഡോളറാണ് ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നിക്ഷേപിച്ചിട്ടുള്ളത്. പാർലമെന്റ് സമ്മേളനത്തിൽ കോവിഡ് പ്രതിസന്ധിയും അഫ്ഗാൻ വിഷയവുമാകും കോൺഗ്രസ് പ്രധാനമായി ഉയർത്തുക എന്നാണ് തരൂരിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്.

അഫ്ഗാനിസ്താനിലെ ഇന്ത്യൻ നിർമ്മിത വസ്തുവകകൾ ലക്ഷ്യമിടാൻ താലിബാനിൽ ചേർന്ന പാക്കിസ്ഥാനി പോരാളികളോട് പാക് ചാരസംഘടനയായ ഐ.എസ്‌ഐ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അഫ്ഗാനിസ്താനിലെ ഇന്ത്യൻ അടയാളങ്ങളെല്ലാം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യൻ സർക്കാർ അഫ്ഗാനിസ്താന്റെ പുനർനിർമ്മാണത്തിൽ മൂന്ന് ബില്യൻ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ഡെലാറാമിനും സരഞ്ച് സൽമ ഡാമിനുമിടയിലെ 218 കിലോമീറ്റർ റോഡിലടക്കം ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ട്. 2015-ൽ ഉദ്ഘാടനം ചെയ്ത പാർലമെന്റ് കെട്ടിടം അഫ്ഗാൻ ജനതയ്ക്കുള്ള ഇന്ത്യൻ സംഭാവനയുടെ ഏറ്റവും വലിയ പ്രതീകമാണ്.

അഷ്റഫ് ഗനിയുടെ നേതൃത്വത്തിലുള്ള അഫ്ഗാനിസ്താൻ സർക്കാരിനെതിരായ താലിബാൻ ആക്രമണത്തെ പിന്തുണക്കുന്നതിനായി പതിനായിരത്തിലധികം പാക് പൗരന്മാർ അഫ്ഗാനിൽ പ്രവേശിച്ചതായി കണക്കാക്കുന്നു. ഇന്ത്യൻ നിർമ്മിത സ്വത്തുക്കൾ ലക്ഷ്യമിടുന്നതിനും ഇന്ത്യൻ അടയാളങ്ങൾ നീക്കം ചെയ്യുന്നതിനും പ്രത്യക നിർദേശങ്ങളുമായിട്ടാണ് താലിബാന് വേണ്ടി പാക്കിസ്ഥാൻ ആളുകളെ അയച്ചിട്ടുള്ളതെന്ന് അഫ്ഗാൻ സർക്കാർ നിരീക്ഷക വൃത്തങ്ങൾ അറിയിച്ചു.

അഫ്ഗാനിസ്താന്റെ വിദ്യാഭ്യാസ മേഖലക്കും ഇന്ത്യ വളരെയധികം പിന്തുണ നൽകിയിട്ടുണ്ട്. ഇവിടെയുള്ള അദ്ധ്യാപകരേയും ജീവനക്കാരേയും പരിശീലിപ്പിക്കുന്നതിൽ ഇന്ത്യ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അഫ്ഗാനിലെ പാക്കിസ്ഥാൻ പിന്തുണയുള്ള ഹഖാനി ശൃംഖലയുൾപ്പടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ വർഷങ്ങളായി ഇന്ത്യക്കെതിരെ പ്രവർത്തിച്ചുവരികയാണ്.

അമേരിക്കൻ സൈന്യം പിൻവാങ്ങിയാൽ താലിബാന്റെ സമ്മർദം അതിജീവിക്കാൻ കാബൂൾ സർക്കാരിനാവില്ലെന്നതിനാൽ അഫ്ഗാൻ സമാധാനത്തിൽ അടക്കം നിർണാക പങ്ക് വഹിക്കാൻ ഇന്ത്യക്ക് കഴിയും. ഇക്കാര്യത്തിൽ നിർണായകമായ സംഭാവനകൾ നൽകാൻ ശേഷിയുള്ള രാജ്യമാണ് ഇന്ത്യ. അഫ്ഗാന്റെ സാമ്പത്തിക പുനരുജ്ജീവനത്തിൽ ഇന്ത്യൻ സഹായം ശ്രദ്ധേയമാണ്. അഫ്ഗാനിൽ ഇരുനൂറിൽ അധികം സ്‌കൂളുകൾ ഇന്ത്യ നിർമ്മിച്ചിട്ടുണ്ട്.

16,000-ത്തിലധികം അഫ്ഗാൻ വിദ്യാർത്ഥികളെ സ്‌പോൺസർ ചെയ്യുന്നു. ആയിരത്തിലധികം സ്‌കോളർഷിപ്പുകൾ നൽകുന്നുണ്ട്. പൊതുസമൂഹത്തിലും താലിബാൻ അടക്കമുള്ള ഭീകരവാദികൾക്കിടയിൽപ്പോലും ഇന്ത്യൻ മിഷന് അംഗീകാരമുണ്ട്. പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്യുന്ന അഫ്ഗാൻ ഐ.എസ്. മാത്രമാണ് കടുത്ത ഇന്ത്യാ വിരുദ്ധനിലപാട് സ്വീകരിക്കുന്ന സംഘം. പഴയതുപോലെ ജിഹാദി ഭീകരരെ സ്പോൺസർ ചെയ്യാൻ പാക്കിസ്ഥാന് നിലവിൽ കഴിയില്ല. അമേരിക്കൻ പിന്തുണയും സാമ്പത്തികസഹായവും കുറഞ്ഞതും ആഭ്യന്തര പ്രശ്നങ്ങളുമെല്ലാം ഇതിന് കാരണങ്ങളാണ്. മേഖലയിലെ രാഷ്ട്രീയത്തിലേക്ക് റഷ്യ ശക്തമായി തിരിച്ചുവന്നതും അഫ്ഗാനിസ്താനിലെ പാക് ഇടപെടലിനെ ദുർബലപ്പെടുത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP