Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീകരരുടെ പ്രതിനിധിയായി മന്ത്രിസഭയിൽ എത്തിയ ഹഖാനിയുടെ നിയന്ത്രണത്തിലേക്ക് നീങ്ങി അഫ്ഗാൻ; തീവ്രത കുറഞ്ഞ താലിബാനികൾ പുറത്തേക്ക്; രണ്ടു പ്രമുഖ നേതാക്കളെ കാണാനില്ല; താലിബാനിലെ അന്തഃഛിദ്രങ്ങൾ അഫ്ഗാനെ പട്ടിണിക്കിടുമോ?

ഭീകരരുടെ പ്രതിനിധിയായി മന്ത്രിസഭയിൽ എത്തിയ ഹഖാനിയുടെ നിയന്ത്രണത്തിലേക്ക് നീങ്ങി അഫ്ഗാൻ; തീവ്രത കുറഞ്ഞ താലിബാനികൾ പുറത്തേക്ക്; രണ്ടു പ്രമുഖ നേതാക്കളെ കാണാനില്ല; താലിബാനിലെ അന്തഃഛിദ്രങ്ങൾ അഫ്ഗാനെ പട്ടിണിക്കിടുമോ?

മറുനാടൻ ഡെസ്‌ക്‌

കാബൂൾ: വിജയാഘോഷങ്ങളുടെ ലഹരി ഇറങ്ങിത്തുടങ്ങിയതോടെ താലിബാനിൽ അന്തഃഛിദ്രങ്ങൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. താലിബാനകത്തെ മിതവാദികളും തീവ്രവാദികളും തമ്മിൽ പോര് മുറുകിക്കഴിഞ്ഞതായാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താലിബാന്റെ പഴയ നേതാക്കളിൽ പ്രമുഖനും, ഖത്തറിൽ അമേരിക്കയുമായുള്ള സന്ധിസംഭാഷണങ്ങളിൽ താലിബാനെ പ്രതിനിധീകരിച്ച വ്യക്തിയുമായ മുല്ല ബരാദാർ, തീവ്രവാദി ഗ്രൂപ്പായ ഹഖാനി നെറ്റ്‌വർക്കിന്റെ തലവനും എഫ് ഐ ഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉള്ളയാളുമായ ഖലീൽ ഹഖാനിയുമായി പോരു തുടങ്ങിയിരിക്കുന്നു.

അഭ്യന്തരകലഹത്തിൽ അഫ്ഗാനിസ്ഥാന്റെ ഇപ്പോഴത്തെ റെഫ്യുജി മന്ത്രിയായ ഹഖാനി ഉപ പ്രധാനമന്ത്രിയായ ബരാദാറിനു മേൽ വിജയം കൈവരിച്ചിരിക്കുന്നു എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബരാദാർ ഇപ്പോൾ ഒളിവിലാണെന്നും പറയപെടുന്നു. യുദ്ധത്തിൽ വെടിയേറ്റ് ബരാദാർ കൊല്ലപ്പെട്ടു എന്നൊരു വാർത്ത പുറത്തുവന്നെങ്കിലും താലിബാൻ വൃത്തങ്ങൾ അത് നിഷേധിച്ചിട്ടുണ്ട്.

ഇതോടൊപ്പം പുതിയ സർക്കാരിലെ എമിറും, ബരാദാറിന്റെ ഉറ്റ സുഹൃത്തുമായ താലിബാന്റെ സമുന്നതനായ നേതാവ് ഹൈബത്തുള്ള ക്ഖുൻഡസ്ഡയെ കുറിച്ചും വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്നുള്ള വാർത്തകളും പുറത്തുവരുന്നു. ഇരുവരും കാണ്ഡഹാറിലുണ്ടെന്ന് താലിബാൻ പറയുന്നുണ്ടെങ്കിലും അതിനുള്ള തെളിവുകൾ ഒന്നും പുറത്തുവിട്ടിട്ടില്ല. ഏതായാലും ബരാദാറും ഹഖാനിയും തമ്മിലുള്ള തർക്കം മൂത്ത് താലിബാൻ ഒരു പിളർപ്പിന്റെ വക്കിലെത്തി നിൽക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

അഖുൻഡാസ, അബ്ദുൾ സലാം ഹനാഫി, മുഹമ്മദ് യാഖൂബ് തുടങ്ങിയ താലിബാനി നേതാക്കൾ ബരാദാറിനൊപ്പം ഒരു ഭാഗത്ത് നിലയുറപ്പിക്കുമ്പോൾ ഖലീൽ ഹഖാനിയും അയാളുടെ മരുമക്കളായ സിറാജുദ്ദീൻ, അനാസ് എന്നിവരടങ്ങിയ ഹഖാനി നെറ്റ്‌വർക്ക് എന്ന ഭീകരസംഘം മറുഭാഗത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭ വാഗ്ദാനം നൽകിയിരിക്കുന്ന 1.2 ബില്ല്യൺ ഡോളറിന്റെ വിദേശ സഹായത്തിലാണ് ഇരുകൂട്ടരും കണ്ണുവച്ചിരിക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ ഒരു തകർച്ചയെ അഭിമുഖീകരിക്കുന്ന സന്ദർഭത്തിൽ ഭരണകൂടത്തിൽ ഉണ്ടാകുന്ന ഭിന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കും എന്നതിൽ സംശയമൊന്നുമില്ല. അഫ്ഗാന്റെ ആസ്തികൾ ഏറെയും വിദേശ ബാങ്കുകളിലാണ്. ഇവയെല്ലാം ഇപ്പോൾ താത്ക്കാലികമായി മരവിപ്പിച്ചിരിക്കുകയുമാണ്. ഭരണകൂടം ദുർബലമാകുന്നതൊടെ രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുവാനും സാധ്യത ഏറെയാണ്. പുതിയ ഭരണകൂടം തകരുകയാണെങ്കിൽ അത് ഒരു അഭ്യന്തര യുദ്ധത്തിന് കളമൊരുക്കും. മാത്രമല്ല, നിരവധി തീവ്രവാദ സംഘടനകൾക്ക് വളരാനുള്ള മണ്ണായി അഫ്ഗാൻ മാറുകയും ചെയ്യും.

പുതിയ സർക്കാർ രൂപീകരിക്കുന്നതോടെ തന്നെ താലിബാനിലെ ഭിന്നതയും മറനീക്കി പുറത്തുവന്നിരുന്നു. മുതിർന്ന നെതാവും അമേരിക്കയുമായുള്ള സന്ധിസംഭാഷണങ്ങളിൽ താലിബാനെ പ്രതിനിധീകരിച്ച വ്യക്തിയുമായ ബരാദാരിനെതഴഞ്ഞ് താരതമ്യേന അപ്രധാന നേതാവായ ഹസ്സൻ അഖുണ്ടിനെ പ്രധാനമന്ത്രിയാക്കിയതു തന്നെ ഹഖാനിയെ പ്രീണിപ്പിക്കാനായിരുന്നു എന്ന ആരോപണം അന്നേ ഉയർന്നിരുന്നു. മാത്രമല്ല, മന്ത്രിസഭയിൽ ഹഖാനി ഗ്രൂപ്പിന് അമിതമായ പ്രാധാന്യം ലഭിക്കുകയും ചെയ്തു. ഖലീൽ ഹഖാനിയുടെ മരുമകൻ സിറാജ്ജുദ്ദീൻ ആഭ്യന്തര മന്ത്രി ആകുകയും ചെയ്തു.

ഈ ആരോപണം ശരിവയ്ക്കുന്ന രീതിയിലായിരുനു ചില താലിബാൻ നേതാക്കൾ ബി ബി സിയോട് പ്രതികരിച്ചത്. സർക്കാരിന്റെ ഘടനയെക്കുറിച്ചുള്ള തർക്കമാണ് ഹഖാനിക്കും ബരാദറിനും ഇടയിലെ പോരിന് കാരണമെന്നായിരുന്നു ഇവർ പറഞ്ഞത്. അതോടൊപ്പം അമേരിക്കയുടെ പിന്മാറ്റത്തിൽ ഇരുകൂട്ടരും അവകാശവാദം ഉന്നയിക്കുന്നുമുണ്ട്. തന്റെ നയതന്ത്രപരമായ സമീപനമാണ് അമേരിക്കയുടേ പിന്മാറ്റത്തിന് വഴിതെളിച്ചതെന്ന് ബരാദാർ വാദിക്കുമ്പോൾ, തന്റെ കൈയൂക്കിലാണ് കാര്യം സാധിച്ചതെന്നാണ് ഹഖാനിയുടെ വാദം.

ഇതിനിടയിലാണ് കൊട്ടാരവിപ്ലവം വെടിവെയ്പിൽ കലാശിച്ചെന്നും അതിൽ ബരാദാർ കൊല്ലപ്പെട്ടുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നത്. താലിബാൻ ഉടൻ തന്നെ ഇതൊക്കെ നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെ ബരാദാർ ജീവിച്ചിരിക്കുന്നു എന്നതിന് വ്യക്തമായ തെളിവ് ഹാജരാക്കാൻ താലിബാന് കഴിഞ്ഞിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP