Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അടച്ചുപൂട്ടാൻ റെഡിയായി ബാങ്കുകൾ; അടുത്ത നേരത്തെ ഭക്ഷണം എവിടുന്ന് എന്നറിയാതെ അഫ്ഗാൻ ജനത; പണം ഉണ്ടാക്കാൻ നെട്ടോട്ടമോടി താലിബാനും; മുൻ ഉദ്യോഗസ്ഥരുടെ വീടുകളിലെ റെയ്ഡുകളിൽ കിട്ടിയത് 12 ദശലക്ഷം ഡോളർ; സർക്കാരിന്റെ സത്യപ്രതിജ്ഞയും പ്രതിസന്ധിയിൽ

അടച്ചുപൂട്ടാൻ റെഡിയായി ബാങ്കുകൾ; അടുത്ത നേരത്തെ ഭക്ഷണം എവിടുന്ന് എന്നറിയാതെ അഫ്ഗാൻ ജനത; പണം ഉണ്ടാക്കാൻ നെട്ടോട്ടമോടി താലിബാനും; മുൻ ഉദ്യോഗസ്ഥരുടെ വീടുകളിലെ റെയ്ഡുകളിൽ കിട്ടിയത് 12 ദശലക്ഷം ഡോളർ; സർക്കാരിന്റെ സത്യപ്രതിജ്ഞയും പ്രതിസന്ധിയിൽ

മറുനാടൻ ഡെസ്‌ക്‌

 കാബൂൾ: ആഭ്യന്തര യുദ്ധം തളർത്തിയ അഫ്ഗാൻ ജനത കടുത്ത ദാരിദ്ര്യം മൂലം നെട്ടോട്ടമോടുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ, മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ പണത്തിനായി റെയ്ഡ് നടത്തുകയാണ് താലിബാൻ. 12 മില്യൺ പണമായും സ്വർണമായും ഇങ്ങനെ കണ്ടുകെട്ടിയെന്നാണ് റിപ്പോർട്ട്.

മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലെയുടെ വീട്ടിൽ നിന്നാണ് കൂടുതൽ പണവും കണ്ടെടുത്തത്. അഫ്ഗാനിസ്ഥാനിലെ ബാങ്കുകൾ കടുത്ത പണക്ഷാമം നേരിടുന്നതിനാൽ വൈകാതെ അടച്ചുപൂട്ടേണ്ടി വരും. പണവും സ്വർണവും വീടുകളിൽ സൂക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥർ, ഉന്നതതല ഉദ്യോഗസ്ഥർ എന്നിവരുടെ പക്കൽ നിന്നാണ് കണ്ടുകെട്ടിയതെന്ന് അഫ്ഗാൻ സെൻട്രൽ ബാങ്ക് വാർത്താ കുറിപ്പിൽ അറിയിച്ചു. പ്രാദേശിക കറൻസിയിൽ ഇടപാട് നടത്താനും സർക്കാർ-സർക്കാരിതര സംഘടനകളോട് ബാങ്ക് ആവശ്യപ്പെട്ടു. ആഴ്ചകളോളമായി തുടരുന്ന പണക്ഷാമം മൂലം, ഭക്ഷ്യവിലക്കയറ്റവും, വൈദ്യുതി വിലക്കയറ്റവും ഉണ്ടാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

മുൻസർക്കാരുമായി ബന്ധപ്പെട്ട ചില വ്യക്തികളുടെ ലോക്കൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം, അഫ്ഗാൻ സെൻട്രൽ ബാങ്കിലുള്ള 10 ബില്യൻ ഡോളർ കരുതൽ നിക്ഷേപത്തിൽ തൊടാൻ താലിബാന് കഴിഞ്ഞിട്ടില്ല. അഫ്ഗാൻ സർക്കാർ വീണതോടെ, സെൻട്രൽ ബാങ്കിന്റെ ന്യൂയോർക്കിൽ ഉള്ളതടക്കം, 9.5 ഡോളർ ആസ്തികൾ അമേരിക്ക മരവിപ്പിച്ചിരുന്നു.

പണം പിൻവലിക്കാൻ ബാങ്കുകൾക്ക് മുന്നിൽ നീണ്ട ക്യു

ബാങ്കുകളിൽ പലതും പല പ്രവിശ്യകളിലെ ബ്രാഞ്ചുകളും അടച്ചു പൂട്ടിയിരിക്കുകയാണ്. കാബൂളിൽ ആയിരക്കണക്കിന് ആളുകളാണ് അവരുടെ പണം പിൻവലിക്കാൻ വേണ്ടി ബാങ്കുകൾക്ക് മുമ്പിൽ കാത്തു നിൽക്കുന്നത്. 'കഴിഞ്ഞ മൂന്ന് ദിവസമായി ഞാൻ ബാങ്കുകളിൽ പോവുകയാണ്. രാവിലെ 10 മണിക്ക് എത്തിയാണ് ഇവിടെ കാത്തിരിക്കുന്നത്. ഇതിനകം തന്നെ നിരയിൽ രണ്ടായിരത്തിലേറെ ആളുകളുണ്ട്. മുൻ അഫ്ഗാൻ സേനയിലുണ്ടായിരുന്ന അബ്ദുൾ റഹിം എന്ന സൈനികൻ പറയുന്നു. കിലോമീറ്ററോളം നടന്നാണ് തന്റെ പണം പിൻവലിക്കാൻ വേണ്ടി ഇവിടെ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക പോയതോടെ രക്ഷയ്ക്കായി ചൈനയും പാക്കിസ്ഥാനും

പണമില്ലാതെ താലിബാൻ വിഷമിക്കുകയാണ്. മരവിപ്പിച്ച ഫണ്ടുകൾ താലിബാന് കിട്ടാനും ഇനി സാധ്യതയില്ല. യുഎസും, പാശ്ചാത്യശക്തികളും, അഫ്ഗാനിസ്ഥാൻ വിട്ടതോടെ. വിദേശ ഫണ്ടിങ്ങും നിലച്ചു. താലിബാൻ ഭരണം കൈയടക്കിയതോടെ. ഐഎംഎഫും, ലോകബാങ്കും അഫ്ഗാനിസ്ഥാനുള്ള സാമ്പത്തിക സഹായം നിർത്തി വച്ചു. അതായാത് കടുത്ത പണഞെരുക്കം അനുഭവിക്കുന്ന താലിബാന് അതിവേഗം സഹായം കിട്ടിയേ മതിയാവൂ.

അമേരിക്ക വിട്ടുപോയ ശൂന്യത നികത്താൻ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ട്. 31 ബില്യൻ ഡോളറിന്റെ സഹായം ചൈന വാഗ്ദാനം ചെയ്തിരുന്നു. ചൈനയാണ് തങ്ങളുടെ ഏറ്റവും സുപ്രധാന പങ്കാളി എന്ന് താലിബാൻ വക്താവ് അടുത്തിടെ വ്യക്തമാക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാന് പുറത്തുള്ള സർക്കാർ ഫണ്ടുകൾ സ്വതന്ത്രമാക്കണമെന്നും ആ ആസ്തികൾ അഫ്ഗാനിസ്ഥാന്റെയും അഫ്ഗാൻ ജനതയുടേതും ആണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഷാനോ ലിജാൻ ആവശ്യപ്പെട്ടിരുന്നു.

താലിബാനെ പിന്നിൽ നിന്ന് നയിക്കുന്ന പാക്കിസ്ഥാനും സഹായവാഗ്ദാനം നടത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളിൽ ഐക്യരാഷ്ട്രസഭയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അടിയന്തര ഡോണർ കോൺഫറൻസ് വിളിച്ചിരുന്നു. അടുത്ത നേരത്തെ ഭക്ഷണം എവിടെ നിന്ന് കിട്ടുമെന്ന് അറിയാതെ വിഷമിക്കുന്ന അഫ്ഗാൻ ജനതയ്ക്ക് അടിയന്തര സഹായം ആവശ്യമാണെന്നും ഗുട്ടെറസ് പറഞ്ഞു. ഒരു ബില്യൻ ഡോളർ സഹായമാണ് അന്താരാഷ്ട്ര സമൂഹം വാഗ്ദാനം ചെയ്തത്. അമേരിക്ക 64 മില്യൻ ഡോളർ സഹായം നൽകാമെന്ന് ഏറ്റിട്ടുണ്ട്.

ദുരിതാശ്വാസ വിതരണത്തിലും ഇടങ്കോലിട്ട് താലിബാൻ

എന്നാൽ, അഫ്ഗാൻ ജനതയ്ക്ക് നൽകുന്ന ദുരിതാശ്വാസ സഹായവിതരണത്തിൽ താലിബാൻ ഇടപെടുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.ദുരിതാശ്വാസ സഹായ വിതരണം തടസ്സപ്പെടുത്തുന്നതായും വനിതാ അംഗങ്ങളെ ആളുകളെ രക്ഷിക്കുന്നതിൽ നിന്ന് തടയുന്നതായും, സഹായം സ്വീകരിക്കുന്നവർക്ക് എതിരെ പക വീട്ടൽ നടപടികൾ സ്വീകരിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ടെന്ന് യുഎന്നിലെ അമേരിക്കൻ അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു. അത് തീർത്തും അംഗീകരിക്കാൻ ആവാത്തതാണെന്നും അനുവദിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.

വാക്കിനൊത്ത പ്രവൃത്തി അല്ല താലിബാന്റേത് എന്നാണ് പൊതുവെ അന്താരാഷ്ട്രതലത്തിലെ ഇമേജ്. മിതവാദികൾ എന്ന് പുറമേ അഭിനയിക്കുമെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ അങ്ങനെയല്ല എന്നതാണ് പൊതുവെ ഉയരുന്ന പരാതി. അമേരിക്ക ഇതുവരെ താലിബാനിലെ ഇടക്കാല സർക്കാരിനെ അംഗീകരിച്ചിട്ടില്ല. പ്രവർത്തനം നോക്കി മാത്രം അംഗീകാരം എന്ന നിലപാടിലാണ് യുഎസ്. മുല്ല ഹസൻ അഖുന്ദിന്റെ നേതൃത്വത്തിൽ അഫ്ഗാനിൽ ഇടക്കാല സർക്കാർ രൂപീകരിച്ചെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാത്തതും സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് എന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP