Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

കീഴടങ്ങിയ 22 അഫ്ഗാൻ സൈനികരെ താലിബാൻ വെടിവെച്ചു കൊന്നത് 'അല്ലാഹു അക്‌ബർ' എന്നു വിളിച്ചു കൊണ്ട്; സർക്കാർ ഉദ്യോഗസ്ഥരെ കണ്ടാൽ വെടിവെച്ചു കൊല്ലുന്ന സ്ഥിതി; താലിബാൻ പിടിമുറിക്കിയത് എങ്ങും പലായനം; ഭയാനക സ്ഥിതി നേരിടാൻ ഇന്ത്യൻ സഹായം തേടി അഫ്ഗാനിസ്ഥാൻ

കീഴടങ്ങിയ 22 അഫ്ഗാൻ സൈനികരെ താലിബാൻ വെടിവെച്ചു കൊന്നത് 'അല്ലാഹു അക്‌ബർ'  എന്നു വിളിച്ചു കൊണ്ട്; സർക്കാർ ഉദ്യോഗസ്ഥരെ കണ്ടാൽ വെടിവെച്ചു കൊല്ലുന്ന സ്ഥിതി; താലിബാൻ പിടിമുറിക്കിയത് എങ്ങും പലായനം; ഭയാനക സ്ഥിതി നേരിടാൻ ഇന്ത്യൻ സഹായം തേടി അഫ്ഗാനിസ്ഥാൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സേന പൂർണമായും പിന്മാറ്റം പ്രഖ്യാപിച്ചതോടെ എല്ലാം താലിബാന്റെ നിയന്ത്രണത്തിലേക്ക് പതിയെ എത്തിത്തുടങ്ങി. അതീവ വിനാശകാരികളായ താലിബാന് സംഘം അഫ്ഗാനിസ്ഥാൻ ഭരണം പിടിക്കുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കീഴടങ്ങിയ അഫ്ഗാൻ സൈനികരെ പോലും നിർദയം വെടിവെച്ചു കൊല്ലുകയാണ് താലിബാൻ തീവ്രവാദികൾ. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ മാസം ഫരിയാബ് പ്രവിശ്യയിൽ 22 സൈനികരെ താലിബാൻ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. കൈകൾ ഉയർത്തി കീഴടങ്ങിയവരെ അല്ലാഹു അക്‌ബർ മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് തീവ്രവാദികൾ വെടിവെച്ചു കൊന്നത്. ഒരു രക്ഷാപ്രവർത്തനത്തിന് എത്തിയ വേളയിലായിരുന്നു അഫ്ഗാൻ കമാൻഡോകളെ വളഞ്ഞ താലിബാൻ തീവ്രവാദികൾ കൊലപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിൽ യുഎസ് സൈന്യം പോയാൽ എന്താണ് സംഭവിക്കുന്നതെന്ന നേർചിത്രമാണ് ഇത്.

അതേസമയം താലിബാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ അഫ്ഗാനിസ്ഥാൻ സർക്കാർ ഇന്ത്യയുടെ സൈനിക സഹായം പ്രതീക്ഷിക്കുന്നെന്ന് അഫ്ഗാനിസ്ഥാൻ അംബാസഡർ ഫരീദ് മമുന്ദ്സെ വ്യക്തമാക്കി. ഇന്ത്യയിൽനിന്ന് അഫ്ഗാനിസ്ഥാൻ പ്രതീക്ഷിക്കുന്നത് സൈനികരെ അയയ്ക്കുന്ന സഹായമല്ലെന്നും പരിശീലനം, സാങ്കേതിക സഹായം തുടങ്ങിയ മേഖലകളിലേതാണെന്നും അദ്ദേഹം വ്യക്തമാക്കി.

'താലിബാനുമായുള്ള സമാധാന ചർച്ച പരാജയപ്പെട്ടാൽ, ഒരുപക്ഷേ ഇന്ത്യയുടെ കൂടുതൽ സൈനിക സഹായം തേടേണ്ടിവരും.' അദ്ദേഹം പറഞ്ഞു. 376 ജില്ലകളിലെ 150ലും അഫ്ഗാൻ സേന താലിബാനുമായി പോരാടുന്നതിനാൽ രാജ്യത്തെ നിലവിലെ സ്ഥിതി ഭയാനകവും പ്രശ്‌നകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും പോരാട്ടത്തിലാണ്. 2021 ഏപ്രിൽ മുതൽ രണ്ടു ലക്ഷത്തിലധികം പേർ പലായനം ചെയ്തു. 4000 ത്തോളം പേർ കൊല്ലപ്പെട്ടു.

സൈനിക പരിശീലനവും വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പികളും അടക്കം ഇന്ത്യ തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നൽകുന്ന 1000 വാർഷിക സ്‌കോളർഷിപ്പിലൂടെ 20,000ത്തോളം അഫ്ഗാൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. പുതിയ അഫ്ഗാൻ പാർലമെന്റ് നിർമ്മാണം, ഡാമുകളുടെ നിർമ്മാണം തുടങ്ങി ഇന്ത്യ സഹായിക്കുന്ന മറ്റു അടിസ്ഥാന സൗകര്യ പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.

സമാധാന ചർച്ചകൾക്ക് അഫ്ഗാൻ സർക്കാരുമായി താലിബാൻ സഹകരിക്കുമെന്നു കരുതിയെങ്കിലും അവർ അക്രമത്തിന്റെ പാത തിരഞ്ഞെടുത്തെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ഓഗസ്റ്റ് അവസാനത്തോടെ അഫ്ഗാനിസ്ഥാനിൽനിന്ന് യുഎസ് സൈനികരെ പിൻവലിക്കുകയാണ്. മാത്രമല്ല, ദോഹയിൽ വച്ച് അഫ്ഗാൻ പ്രതിനിധികൾ താലിബാനുമായി നടത്തിയ ചർച്ചയിലും കാര്യമായ പുരോഗതിയുണ്ടായില്ല. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ രൂക്ഷമായതിനെ തുടർന്ന് കാണ്ഡഹാറിലെ കോൺസുലേറ്റിൽനിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഇന്ത്യ ഒഴിപ്പിച്ചിരുന്നു.

സെപ്റ്റംബറോടെ മുഴുവൻ യുഎസ്-നാറ്റോ സേനയും അഫ്ഗാനിസ്ഥാൻ വിടുമെന്നായിരുന്നു 2021 ഏപ്രിലിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം. അഫ്ഗാൻ സൈന്യത്തിനു തുണയായി യുഎസ് സൈന്യത്തിന്റെ ഒരു വിഭാഗം യുഎസിൽ തുടരണമെന്ന പെന്റഗണിന്റെ നിർദ്ദേശം തള്ളിയായിരുന്നു നിരുപാധികമായ പൂർണ സേനാപിന്മാറ്റത്തിനു യുഎസ് പ്രസിഡന്റ് ഉത്തരവിട്ടത്. ഇതോടെ സെപ്റ്റംബർ വരെ കാത്തുനിൽക്കാതെ ഈ മാസം പകുതിയോടെ പിന്മാറ്റം പൂർത്തിയാക്കാൻ സൈനികനേതൃത്വം തീരുമാനിച്ചു.

കഴിഞ്ഞയാഴ്ച കാബൂളിനു സമീപത്തെ തങ്ങളുടെ മുഖ്യ വ്യോമസേനാ താവളമായ ബാഗ്രാം യുഎസ് സൈന്യം ഒഴിഞ്ഞു. കാബൂളിലെ യുഎസ് എംബസിയുടെ കാവലിനുള്ള യുഎസ് സൈനികർ മാത്രം അഫ്ഗാനിൽ ബാക്കിയായി. മുന്നേറുന്ന താലിബാനുമായി ഏറ്റുമുട്ടി വരും ദിവസങ്ങളിൽ സൈനികർക്കു ജീവഹാനിയുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണു പിന്മാറ്റം വേഗത്തിലാക്കിയതെന്നും വിലയിരുത്തലുണ്ട്. ട്രംപ് ഭരണകൂടം താലിബാനുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണു ബൈഡൻ ഭരണകൂടം വേഗത്തിലാക്കിയത്.

മെയ്‌ മാസത്തോടെ പിന്മാറാമെന്നാണു ട്രംപ് ഭരണകൂടം താലിബാനുമായി ഒപ്പുവച്ച ധാരണ. അൽ ഖായിദ അടക്കം യുഎസ് സുരക്ഷയ്ക്കു ഭീഷണിയായ ഭീകര സംഘടനകൾക്കു അഫ്ഗാനിൽ താവളമോ സഹായമോ താലിബാൻ നൽകില്ലെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു ഈ കരാർ. ഈ കരാറിലാകട്ടെ അഫ്ഗാൻ സർക്കാർ കക്ഷിയല്ല. യുഎസ് സേനയുടെ പിന്മാറ്റത്തിനുശേഷം അഫ്ഗാനിൽ ആഭ്യന്തരയുദ്ധം ഉണ്ടായാൽ എങ്ങനെ കൈകാര്യം ചെയ്യുമെന്നു പെന്റഗൺ തീരുമാനിച്ചിട്ടില്ല. യുഎസിന്റെ റീപ്പർ ഡ്രോൺ അടക്കം പോർവിമാനങ്ങളുടെ സഹായം അഫ്ഗാൻ സേനയ്ക്കു തുടരുമോ എന്ന ചോദ്യത്തിനും നിലവിൽ ഉത്തരമില്ല. ആഭ്യന്തരഭീഷണി നേരിടാനുള്ള കരുത്ത് അഫ്ഗാൻ സൈന്യത്തിനുണ്ട് എന്ന മറുപടിയാണു ജോ ബൈഡൻ നൽകുന്നത്.

2011ൽ അഫ്ഗാനിസ്ഥാനിൽ ഒരു ലക്ഷത്തോളം യുഎസ് സൈനികരുണ്ടായിരുന്നു. ട്രംപ് ഭരണകാലമായപ്പോഴേക്കും അതു 3500 ആയി കുറഞ്ഞു. നാറ്റോ സഖ്യത്തിലെ സൈനികരുടെ പിന്മാറ്റവും സെപ്റ്റംബറിൽ പൂർത്തിയാകും. ജർമനിയുടെ 1100 സൈനികർ മേയിൽ അഫ്ഗാൻ വിട്ടു. കാണ്ടഹാർ എയർഫീൽഡ് അടക്കം അഫ്ഗാനിലെ മറ്റു യുഎസ് സേനാതാവളങ്ങൾ കഴിഞ്ഞ മാസത്തോടെ അടച്ചിരുന്നു. സൈനികർക്കു പിന്നാലെ യുഎസ് പോർവിമാനങ്ങൾ അടക്കമുള്ള സൈനിക സാമഗ്രികളും വരും ദിവസങ്ങളിൽ അഫ്ഗാൻ വിടും.

കാബൂൾ രാജ്യാന്തര വിമാനത്താവളത്തിന്റെയും എംബസികളുടെയും സുരക്ഷയാണു അവശേഷിക്കുന്ന പ്രധാന പ്രശ്‌നം. നാറ്റോ അംഗമായ തുർക്കിയുടെ നൂറുകണക്കിനു സൈനികരാണു നിലവിൽ വിമാനത്താവളത്തിന്റെ കാവൽ. അവർ തുടരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ആവശ്യത്തിനു സുരക്ഷയില്ലെങ്കിൽ വിവിധ രാജ്യങ്ങളുടെ എംബസികളുടെ പ്രവർത്തനം തുടരുന്നത് അവതാളത്തിലാകും. സുരക്ഷാസാഹചര്യം മെച്ചപ്പെടും വരെ എംബസി അടച്ചിടുമെന്ന് ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു.

യുഎസ് സേനാജോലികളുമായി ബന്ധപ്പെട്ട് അഫ്ഗാനിലുള്ള 17,000 വിദേശ കരാറുകാരും രാജ്യം വിടുകയാണ്. ഇതിൽ 6000 പേർ യുഎസ് പൗരന്മാരാണ്. യുഎസ് താവളങ്ങളിലെ വിവിധ നിർമ്മാണ, വിദഗ്ധ ജോലികളും വിവിധ സ്ഥാപനങ്ങളുടെ നടത്തിപ്പും സാങ്കേതിക ജോലികളും അറ്റകുറ്റപ്പണികളും ചെയ്തിരുന്നത് ഇവരായിരുന്നു. 2010നുശേഷം മാത്രം അഫ്ഗാൻ സംഘർഷത്തിൽ ഒരു ലക്ഷം സാധാരണമനുഷ്യർ കൊല്ലപ്പെട്ടെന്നാണ് ഐക്യരാഷ്ട്ര സംഘടന ഏജൻസിയുടെ കണക്ക്.

ഇപ്പോഴത്തെ നിലയിൽ, 6-12 മാസത്തിനകം അഫ്ഗാൻ സർക്കാർ വീഴുമെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തലുകൾ. അഷ്‌റഫ് ഗാനി സർക്കാർ 2 വർഷം തുടർന്നേക്കുമെന്നായിരുന്നു ആദ്യ വിലയിരുത്തൽ. പ്രതീക്ഷിച്ചതിനെക്കാൾ നേരത്തേ താലിബാൻ അധികാരം പിടിക്കുമെന്നാണു സൂചന. താലിബാൻ മേധാവിത്വം നേടുകയും അൽ ഖായിദ പോലെയുള്ള ഭീകരസംഘടനകൾ വീണ്ടും ശക്തിപ്രാപിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ നേരിടാൻ അയൽ രാജ്യങ്ങളിൽ യുഎസ് സൈനികത്താവളങ്ങൾ തുടരുന്നതിന്റെ സാധ്യതകളും ചർച്ച ചെയ്യപ്പെട്ടിരുന്നു.

മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ തജിക്കിസ്ഥാൻ, കസഖ്സ്ഥാൻ. ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ അയൽരാജ്യങ്ങളിൽ റഷ്യയുടെ സ്വാധീനം ശക്തമാണ്. അവിടെ യുഎസ് ഇടപെടലിന് അവസരമില്ല. ദശകങ്ങളായി താലിബാനെ പിന്തുണയ്ക്കുന്ന നയമാണു പാക്കിസ്ഥാനുള്ളത്. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള അടുപ്പം കൂടി പരിഗണിക്കുമ്പോൾ പാക്ക് അതിർത്തിയിലും യുഎസിന് സൈനികതാവളത്തിന് അനുകൂല സാഹചര്യമില്ല. അഫ്ഗാൻ വ്യോമസേനയുടെ കരുത്ത് സമീപകാലത്തു ഉയർന്നിട്ടുണ്ട്. എന്നാൽ യുഎസ് ഡ്രോണുകളുടെയും വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും അസാന്നിധ്യത്തിൽ യുദ്ധമുഖത്തെ മുന്നേറ്റം ദുർബലമാകാനാണു സാധ്യത.

യുഎസുമായുള്ള കരാറിൽ, അഫ്ഗാൻ മണ്ണിൽ ഭീകരസംഘടനകൾക്കു സഹായം നൽകില്ലെന്നു താലിബാൻ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇതു പാലിക്കപ്പെടാൻ സാധ്യതയില്ല. അൽഖായിദ ബന്ധം താലിബാൻ ഉപേക്ഷിച്ചിട്ടില്ല. അൽ ഖായിദ അംഗങ്ങളിൽ നല്ലൊരു ശതമാനം ഇപ്പോൾ താലിബാന്റെ കൂടെയാണുള്ളത്. സ്വാഭാവികമായും താലിബാൻ, അൽഖായിദ അനുയായികളെ തമ്മിൽ വേർതിരിക്കുക പ്രയാസകരമാണ്. യുഎസ് സേനാപിന്മാറ്റം പൂർത്തിയായതോടെ അഫ്ഗാൻ സൈന്യവുമായുള്ള സംഘർഷം ശക്തമാക്കുകയാണു താലിബാൻ ചെയ്യുന്നതെന്നു ഐക്യരാഷ്ട്ര സംഘടന നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

യുഎസ് സേന പിന്മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ അഫ്ഗാൻ സർക്കാർ പ്രാപ്തമാണെന്ന നിലപാടിലാണ് യുഎസ്. എന്നാൽ, നിലവിൽ അഫ്ഗാനിസ്ഥാന്റെ പകുതിയോളം ഭൂപ്രദേശങ്ങളിൽ താലിബാനു ഗണ്യമായ മേൽക്കൈ ഉണ്ട്. മൂന്നിലൊന്നു പ്രദേശങ്ങൾ അവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലുമാണ്. തലതാഴ്‌ത്തിക്കിടക്കുന്ന ഭീകരവിഭാഗങ്ങൾ ശക്തിസംഭരിക്കുന്നതും വരും മാസങ്ങളിൽ പ്രതീക്ഷിക്കണം. താലിബാൻ-യുഎസ് ചർച്ചകൾ ആരംഭിച്ചപ്പോൾ അൽ ഖായിദ ബുദ്ധിപൂർവം മാളങ്ങളിലേക്കു പിന്മാറി. താലിബാൻ നേതൃത്വവുമായുള്ള ആശയവിനിമയവും അവർ പരിമിതപ്പെടുത്തി.

എന്നാൽ താലിബാൻ കാബൂൾ പിടിച്ചാൽ ഈ തണുപ്പൻ സ്ഥിതി മാറിമറിയും. തെക്കു കിഴക്കൻ അഫ്ഗാനിലെ 15 ജില്ലകളിൽ അൽ ഖായിദയുടെ ജബത്തുൽ നുസ്‌റ വിഭാഗത്തിനു ശക്തമായ വേരുകളുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ നിരീക്ഷണ സംഘം കഴിഞ്ഞ ദിവസം നൽകിയ റിപ്പോർട്ട്. പാക്ക് ആസ്ഥാനമായുള്ള ഹഖാനി ഗ്രൂപ്പ് വഴിയാണു താലിബാൻ നിലവിൽ അൽ ഖായിദ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തുന്നത്. അഫ്ഗാനിലെ ഐഎസ് വിഭാഗമാണു മറ്റൊരു പ്രധാന ഭീഷണി. അഫ്ഗാൻ ഐഎസിൽ പരമാവധി 3000 അംഗങ്ങൾ ഉണ്ടാകാമെന്നാണു പാശ്ചാത്യ ഏജൻസികളുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP