Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാക് മണ്ണിൽ എത്തി പാക്കിസ്ഥാനെ വെല്ലുവിളിച്ച് രാജ്‌നാഥ് സിങ്; നല്ല ഭീകരരും ചീത്ത ഭീകരരും ഇല്ലെന്ന് മനസ്സിലാക്കിക്കാൻ സാർക്ക് സമ്മേളനത്തിൽ ആഭ്യന്തരമന്ത്രി; പാക് ആഭ്യന്തരമന്ത്രിയുടെ വിരുന്ന് ബഹിഷ്‌കരിച്ചും ഹസ്തദാനം നിഷേധിച്ചും കടുത്ത നിലപാട് വ്യക്തമാക്കി ഇന്ത്യ

പാക് മണ്ണിൽ എത്തി പാക്കിസ്ഥാനെ വെല്ലുവിളിച്ച് രാജ്‌നാഥ് സിങ്; നല്ല ഭീകരരും ചീത്ത ഭീകരരും ഇല്ലെന്ന് മനസ്സിലാക്കിക്കാൻ സാർക്ക് സമ്മേളനത്തിൽ ആഭ്യന്തരമന്ത്രി; പാക് ആഭ്യന്തരമന്ത്രിയുടെ വിരുന്ന് ബഹിഷ്‌കരിച്ചും ഹസ്തദാനം നിഷേധിച്ചും കടുത്ത നിലപാട് വ്യക്തമാക്കി ഇന്ത്യ

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സാർക്ക് സമ്മേളനത്തിൽ ഭീകരത ഉയർത്തി ഇന്ത്യൻ ആഭ്യന്തര മന്ത്രിയുടെ നയതന്ത്രനീക്കം. ഭീകരതയ്‌ക്കെതിരെയും അതിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെയും ശക്തമായ നടപടിവേണമെന്ന് സാർക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തിൽ മന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. ഭീകരരെ രക്തസാക്ഷികൾ എന്ന് വാഴ്‌ത്തരുതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിൽ സുരക്ഷാസേന വധിച്ച ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹൻ വാനിയെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് രക്തസാക്ഷിയെന്ന് വിളിച്ചിരുന്നു. ഇതിനെയാണ് പാക്കിസ്ഥാനിൽ രാജ്‌നാഥ് വിമർശിച്ചത്. ഇന്ത്യാ-പാക് ബന്ധം വഷളായതിന്റെ എല്ലാ സൂചനകളും സാർക്ക് സമ്മേളനത്തിൽ ദൃശ്യമായി

ഇസ്ലാമാബാദിൽ സമ്മേളനം നടന്ന സെറീന ഹോട്ടലിൽ ഊഷ്മളമായ സ്വീകരണമല്ല ഇന്ത്യയുടെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് ലഭിച്ചത്. സെറീന ഹോട്ടലിന്റെ കവാടത്തിൽ അതിഥികളെ സ്വീകരിക്കാൻനിന്ന പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി ചൗധരി നിസാർ അലി ഖാൻ രാജ്‌നാഥിനോട് സൗഹൃദം കാട്ടിയില്ല. ഇരുനേതാക്കളും മുഖാമുഖമെത്തിയെങ്കിലും ഔപചാരികമായ കൈകൊടുക്കൽ ഉണ്ടായില്ല. കഷ്ടിച്ചൊന്ന് കൈകൊടുത്തെന്നുവരുത്തി രാജ്‌നാഥ് സമ്മേളനഹാളിലേക്കു പോയി. സമ്മേളനത്തിനുശേഷം ഖാൻ നടത്തിയ ഉച്ചവിരുന്ന് രാജ്‌നാഥ് ബഹിഷ്‌കരിച്ചു. ആതിഥേയനായ ഖാൻതന്നെ വിരുന്നിന്റെ വേദിവിട്ടുപോയതാണ് രാജ്‌നാഥിന്റെ ബഹിഷ്‌കരണത്തിനുകാരണം. ഇന്ത്യയിൽനിന്നുള്ള സംഘത്തിനൊപ്പം ഹോട്ടൽമുറിയിൽ അദ്ദേഹം ഭക്ഷണംകഴിച്ചു. അതിനുശേഷം ഇന്ത്യയിലേക്കു മടങ്ങി.

'നല്ല ഭീകരരും ചീത്ത ഭീകരരും' എന്ന നിലപാടു പറ്റില്ലെന്നും ഭീകരരെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നുമാണ് ഏഴാമതു സാർക് സമ്മേളനത്തിൽ രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടത്. 'ഭീകരവാദത്തെ സംരക്ഷിക്കാനോ മഹത്വവൽക്കരിക്കാനോ ഏതെങ്കിലും രാജ്യം ശ്രമിക്കരുത്. കടുത്ത നടപടി ഭീകരർക്കും ഭീകരസംഘടനകൾക്കും എതിരെ മാത്രം പോരാ, അവരെ പിന്തുണയ്ക്കുന്ന വ്യക്തികൾക്കും രാജ്യങ്ങൾക്കും എതിരെയും വേണം. ഒരു രാജ്യത്തെ ഭീകരവാദി മറ്റൊരു രാജ്യത്തിന് രക്തസാക്ഷി ആകുന്നതെങ്ങനെ? ഞാൻ ഇക്കാര്യം പറയുന്നത് ഇന്ത്യക്കു വേണ്ടിയോ സാർക് രാജ്യങ്ങൾക്കു വേണ്ടിയോ അല്ല, മനുഷ്യരാശിക്കു വേണ്ടിയാണ്. ഒരു കാരണവശാലും ഭീകരരെ രക്തസാക്ഷിയെന്നു വിശേഷിപ്പിക്കാൻ പാടില്ല.' - രാജ്‌നാഥ് സിങ് പറഞ്ഞു.

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സമാധാനജീവിതത്തിന് ഭീകരവാദം ഭീഷണിയാണ്. പഠാൻകോട്ട്, ധാക്ക, കാബൂൾ അടക്കമുള്ള സ്ഥലങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾ ഉദാഹരണം. ഇന്ത്യ ഈ ഭീഷണിയെ ഉന്മൂലനം ചെയ്യാൻ ശക്തമായ നടപടികളെടുത്തുകഴിഞ്ഞു. 'നല്ല ഭീകരൻ' എന്നും 'ചീത്ത ഭീകരൻ' എന്നും വേർതിരിക്കേണ്ടതില്ല. ഒരു തരത്തിലുള്ള ഭീകരവാദത്തെയും അംഗീകരിക്കരുത്. എങ്കിൽ മാത്രമേ പഠാൻകോട്ടെയും മുംബൈയിലെയും ഭീകരാക്രമണത്തിൽ മരിച്ചവരോട് നീതിപുലർത്താനാവൂ. ഭീകരപ്രവർത്തനത്തോട് വിട്ടുവീഴ്ചയേ പാടില്ല. സാർക് യോഗം ഭീകരതയെ ചെറുക്കാനുള്ള നയങ്ങൾക്ക് രൂപം നൽകണം. സമൂഹ മാദ്ധ്യമങ്ങൾ ഭീകരതയുടെ മാദ്ധ്യമമാകുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ഭീകരതയ്ക്കും മയക്കുമരുന്നിനുമെതിരെയുള്ള സാർക് കൂട്ടായ്മകൾ ശക്തിപ്പെടുത്തണമെന്ന് സമ്മേളനത്തിൽ രാജ്‌നാഥ് ആവശ്യപ്പെട്ടു. മയക്കുമരുന്നുകടത്തുവഴിയുണ്ടാക്കുന്ന പണവും കള്ളനോട്ടുകളും ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിനെത്തിയ മറ്റ് ആഭ്യന്തരമന്ത്രിമാർക്കൊപ്പം രാജ്‌നാഥും നവാസ് ഷെരീഫിനെ സന്ദർശിച്ചു. ഔപചാരികസന്ദർശനം മാത്രമായിരുന്നു ഇതെന്ന് അധികൃതർ അറിയിച്ചു. 20 മിനിറ്റ് ഷെരീഫിനൊപ്പം സംഘം ചെലവഴിച്ചു. എന്നാൽ സമ്മേളനത്തിൽ രാജ്‌നാഥിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്യാൻ ഇന്ത്യയിൽനിന്നുള്ള മാദ്ധ്യമങ്ങളെയോ പാക്കിസ്ഥാനിലെ സ്വകാര്യ മാദ്ധ്യമങ്ങളെയോ അനുവദിച്ചില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഈ വാർത്ത തെറ്റാണെന്ന് ഇന്ത്യ അറിയിച്ചു.

സമ്മേളനത്തിൽ ആതിഥേയരാജ്യത്തിന്റെ പ്രതിനിധി നടത്തുന്ന പ്രസ്താവനമാത്രമേ റിപ്പോർട്ട് ചെയ്യാറുള്ളൂവെന്ന് സർക്കാർ വ്യക്തമാക്കി. ബാക്കി നടപടിക്രമങ്ങൾ മാദ്ധ്യമങ്ങളുടെ സാന്നിധ്യത്തിലല്ല നടക്കാറെന്നും സർക്കാർ പറഞ്ഞു. ന്യൂഡൽഹിയിൽ തിരിച്ചെത്തിയ രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് സമ്മേളനം സംബന്ധിച്ച വിവരങ്ങൾ ധരിപ്പിച്ചു. വൈകിട്ട് 4.30ന് ഡൽഹിയിൽ എത്തിയ രാജ്‌നാഥ് വിമാനത്താവളത്തിൽ നിന്ന് നേരെ പ്രധാനമന്ത്രിയെ സന്ദർശിക്കാനാണ് പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP