Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

അജിത് ഡോവലിന്റെ സൂപ്പർസ്‌പൈ ബുദ്ധി ഫലം കണ്ടില്ല; വിദേശരാജ്യങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിൽ ഇന്ത്യൻ ഏജൻസി അമ്പേ പരാജയമെന്ന് വ്യക്തമായ സന്ദർഭം; കൊല്ലപ്പെട്ടെന്ന് ദൃക്‌സാക്ഷി മൊഴികൾ ഉണ്ടായിട്ടും സർക്കാർ വിവരം മറച്ചുവെച്ചത് വിദേശനയതന്ത്രത്തിലെ വീഴ്‌ച്ചകൾ പുറത്തറിയാതിരിക്കാനോ? ഐസിസ് ഭീകരവാദികളാൽ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവം സ്ഥിരീകരിക്കാൻ നാല് വർഷം എടുത്തത് വ്യക്തമാകുന്നത് നയതന്ത്ര-ഇന്റലിജന്റ്‌സ് വീഴ്‌ച്ചകളിലേക്ക്

അജിത് ഡോവലിന്റെ സൂപ്പർസ്‌പൈ ബുദ്ധി ഫലം കണ്ടില്ല; വിദേശരാജ്യങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിൽ ഇന്ത്യൻ ഏജൻസി അമ്പേ പരാജയമെന്ന് വ്യക്തമായ സന്ദർഭം; കൊല്ലപ്പെട്ടെന്ന് ദൃക്‌സാക്ഷി മൊഴികൾ ഉണ്ടായിട്ടും സർക്കാർ വിവരം മറച്ചുവെച്ചത് വിദേശനയതന്ത്രത്തിലെ വീഴ്‌ച്ചകൾ പുറത്തറിയാതിരിക്കാനോ? ഐസിസ് ഭീകരവാദികളാൽ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവം സ്ഥിരീകരിക്കാൻ നാല് വർഷം എടുത്തത് വ്യക്തമാകുന്നത് നയതന്ത്ര-ഇന്റലിജന്റ്‌സ് വീഴ്‌ച്ചകളിലേക്ക്

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: ഇറാഖിൽ ഐസിസ് തീവ്രവാദികളാൽ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടു എന്ന വാർത്ത സ്ഥിരീകരിക്കാൻ ഇന്ത്യൻ സർക്കാർ നാല് വർഷത്തെ സമയമെടുത്തത് വിവിധ കോണുകളിൽ നിന്നും വിമർശനത്തിന് ഇടയാക്കുന്നു. വിദേശ-ഇന്റലിജൻസ് രംഗത്ത് ഇന്ത്യ എങ്ങനെ അമ്പേ പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ് ഈ സംഭവം. അതുകൊണ്ട് തന്നെ ഈ വീഴ്‌ച്ചകൾ പുറത്തറിയാതിരിക്കാനാണ് ഇത്രയും കാലം ഈ വിഷയം മറച്ചുവെച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഉറ്റവരുടെ മരണത്തെ കുറിച്ച് മാധ്യമ വാർത്തകളും ദൃക്‌സാക്ഷി മൊഴികളും ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഈ സംഭവം മറച്ചുവെച്ചതെന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. പലപ്പോഴും സത്യം വെളിപ്പെടുത്തുന്നതിന് പകരം നുണപറഞ്ഞ് താൽക്കാലികമായി ആശ്വാസം നൽകുകയായിരുന്നു വിദേശകാര്യമന്ത്രി അടക്കമുള്ളവർ ചെയ്തത്.

ഉറ്റവരുടെ മരണവിവരം അറിഞ്ഞിട്ടും എന്താണ് സർക്കാർ തങ്ങളോട് ആ വിവരം പറയാതിരുന്നത് എന്ന ചോദ്യവുമായി ഇറാഖിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ. നാലു വർഷം കഴിഞ്ഞ് ഇടിത്തീപോലുള്ള ഒരു വാർത്തയാണ് തങ്ങളെ തേടിയെത്തിയതെന്ന് അമൃത്‌സറിൽനിന്നുള്ള സർവൺ പറഞ്ഞു. ഇയാളുടെ 31 വയസ്സുള്ള സഹോദരൻ നിഷാനും കൊല്ലപ്പെട്ട 39 ഇന്ത്യക്കാരിൽപെടും.

ഉറ്റവരെ കാണാതായ സംഭവത്തിൽ കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ 12 തവണ കണ്ടുവെന്നും അപ്പോഴെല്ലാം അവർ ജീവനോടെയുണ്ടെന്നാണ് പറഞ്ഞതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾക്ക് അവരെക്കുറിച്ച് കൃത്യമായ വിവരമില്ല എന്നായിരുന്നു അധികാരികൾ പറയേണ്ടിയിരുന്നത്. അതിന് പകരം അവർ വ്യാജ പ്രസ്താവന ഇറക്കുകയായിരുന്നു. ഇത് സർക്കാറിന്റെ വൻ പരാജയമാണ്. കേരളത്തിൽനിന്നുള്ള നഴ്‌സുമാരെ രക്ഷിച്ച സർക്കാർ എന്തുകൊണ്ടാണ് മറ്റുള്ളവരുടെ കാര്യത്തിൽ പരാജയപ്പെട്ടത് -അദ്ദേഹം തുടർന്നു.

27 വയസ്സുള്ള സഹോദരൻ മഞ്ജീന്ദർ സിങ്ങിനെ നഷ്ടപ്പെട്ട ഗുർപീന്ദർ കൗറും സമാനമായ ചോദ്യമാണ് ഉന്നയിച്ചത്. എങ്ങനെയാണ് ഇത് സംഭവിച്ചത് എന്ന കാര്യം സർക്കാർ വ്യക്തമാക്കണമെന്ന് അവർ പറഞ്ഞു. തങ്ങളോട് നേരിട്ട് വിവരം പറയാൻപോലും ആരുമെത്തിയില്ല. ടെലിവിഷൻ വഴിയാണ് വിവരങ്ങൾ അറിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു. സർക്കാറിൽനിന്ന് വ്യാജ ഉറപ്പുകളാണ് തങ്ങൾക്ക് കിട്ടിയതെന്ന് ധർമീന്ദർ കുമാറിന്റെ സഹോദരി ഡിംപ്ൾജീത് കൗർ പറഞ്ഞു. തങ്ങളുടെ എല്ലാ പ്രതീക്ഷകളും തകർന്നടിഞ്ഞിരിക്കുകയാണ്. ഗുർദാസ്പുർ ജില്ലക്കാരനായ കുമാർ കുടുംബം പോറ്റാനായി 2014ലാണ് ഇറാഖിലേക്ക് പോയത്. മതിയായ ഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ ജോലിയും വേണമെന്നും മരിച്ചവരുടെ ചില ബന്ധുക്കൾ ആവശ്യപ്പെട്ടു.

ഇറാഖിൽ 2014 ജൂണിൽ ബന്ദികളാക്കപ്പെട്ട 39 പേർ കൊല്ലപ്പെട്ടുവെന്ന് മൂന്നേമുക്കാൽ വർഷത്തിനുശേഷം മാത്രം സർക്കാർ സ്ഥിരീകരിക്കുന്നത്. ലോകശക്തിയെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ത്യക്ക് ഒട്ടും പറ്റിയതല്ല ഈ വീഴ്‌ച്ചകൾ. നയതന്ത്ര-ഇന്റലിജന്റ്‌സ് വീഴ്‌ച്ചകളെ തുറന്നു കാണിക്കുന്നതാണ് ഈ സംഭവം. ബന്ദികളാക്കപ്പെടുന്നവരുടെ മോചനം സംബന്ധിച്ച ചർച്ചകളിലൊക്കെയും കേന്ദ്രത്തിൽ വിദേശകാര്യവകുപ്പു കൈകാര്യം ചെയ്ത ഇ.അഹമ്മദിനെ പോലുള്ളവരുടെ അഭാവം കേന്ദ്രത്തെ ശരിക്കും വലയ്ക്കുന്നുണ്ട്. യുപിഎ സർക്കാർ നേരിട്ട ബന്ദിപ്രതിസന്ധികളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ അഹമ്മദിന്റെ സാന്നിധ്യം കൊണ്ട് സാധിച്ചിരുന്നു.

വിദേശരാജ്യങ്ങളിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്നതിൽ ഇന്ത്യയുടെ ഏജൻസി തീർത്തും പ്രഫഷനൽ അല്ലെന്നതിന്റെ അടുത്തകാലത്തെ ഉദാഹരണം ഫാ. ടോം ഉഴുന്നാലിലിന്റെ മോചനമാണ്. മാധ്യമങ്ങളിലൂടെയാണു മോചനം കേന്ദ്രസർക്കാർ അറിയുന്നത്. ഫാ. ടോം ഒമാനിൽ എത്തിയപ്പോൾ. അദ്ദേഹത്തെ റോമിൽ എവിടെയാണു പാർപ്പിച്ചിരിക്കുന്നത് എന്നറിയാൻ വിദേശത്തെ ഇന്ത്യൻ ഉദ്യോഗസ്ഥർ കേരളത്തിൽവരെ വിളിച്ച് അന്വേഷിച്ചു. വത്തിക്കാന്റെ ഇടപെടലാണ് ഇവിടെ വിജയം കണ്ടതെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ് താനും.

ഒരു കാലത്ത് അതിശക്തമായിരുന്ന റോയുടെ പ്രവർത്തനം പോലും ഇപ്പോൾ ദുർബലമായിരിക്കയാണ്. മധ്യപൂർവേഷ്യൻ രാജ്യങ്ങളിലുൾപ്പെടെ ഇപ്പോഴും ശക്തമായ വിവരശേഖരണ സംവിധാനവും ശൃംഖലയുമുള്ളതാണു റഷ്യൻ ചാരസംഘടനയായ കെജിബി. വിദേശനയത്തിലെ യുഎസ് ആഭിമുഖ്യം ഇന്ത്യൻ ഏജൻസിക്കു കെജിബിയുമായുണ്ടായിരുന്ന നല്ല ബന്ധത്തെപ്പോലും ദോഷകരമായി സ്വാധീനിച്ചിട്ടുണ്ട്. ഇറാഖിൽ െഎഎസിന്റെ ബന്ദികളാക്കപ്പെട്ടവരുടെ കാര്യത്തിൽ പല തവണ മന്ത്രി സുഷമ സ്വരാജ് പല തരത്തിൽ സംസാരിച്ചത് അടിസ്ഥാന വിവരങ്ങൾ ലഭ്യമാകാതിരുന്നതാണു സൂചിപ്പിക്കുന്നത്. കുവൈത്ത് ആക്രമിക്കപ്പെട്ടപ്പോൾ ഇന്ത്യക്കാരുടെ മോചനം സാധ്യമായെങ്കിൽ, അന്നു സദ്ദാം ഹുസൈന്റെ വ്യവസ്ഥാപിത ഭരണകൂടമുണ്ടായിരുന്നു. അവരുമായി ചർച്ച നടത്താനായി. യുപിഎ സർക്കാരിന്റെ കാലത്ത് ഇറാഖിൽ ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിന് അഹമ്മദ് ഏറെ പ്രയോജനപ്പെടുത്തിയതു സുന്നികളുടെ രാജ്യാന്തര നേതാക്കളെയാണ്. ഖത്തറിലെയും മറ്റു ചില നേതാക്കളും അന്നു സഹായിച്ചു.

വ്യവസ്ഥാപിത ഭരണകൂടമല്ലാത്ത െഎഎസുമായി പരസ്യമായി സമ്പർക്കം പുലർത്തി ഇന്ത്യയെ സഹായിക്കാൻ സുന്നി രാജ്യങ്ങൾ തയാറാവില്ലെന്നു 2014ൽത്തന്നെ പല നയതന്ത്രജ്ഞരും അഭിപ്രായപ്പെട്ടിരുന്നു. സുന്നി നേതാക്കളെ അനൗദ്യോഗിക മാർഗങ്ങളിലൂടെ സമീപിച്ചു സഹായം സാധ്യമാക്കണമെന്ന് ഉപദേശമുണ്ടായിരുന്നു. സാധ്യമായ എല്ലാ വഴികളിലൂടെയും ശ്രമിച്ചെന്നാണു വിദേശകാര്യ മന്ത്രിയുടെ നിലപാട്. പ്രതിസന്ധിയെ അവസരമാക്കുക, പ്രതിബന്ധത്തെ ചവിട്ടുപടിയാക്കുക ഇതാണു നയതന്ത്രജ്ഞരുടെ രീതിയെന്നാണ് ഇറാഖിൽ ബന്ദികളാക്കപ്പെട്ടവരെ രക്ഷിക്കാനുള്ള മാർഗങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ 2014 ജൂലൈയിൽ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞത്. നഴ്‌സുമാരുടെ കാര്യത്തിൽ ഇന്ത്യയുടെ ശ്രമങ്ങൾ വിജയം കണ്ടു; 39 നിർമ്മാണത്തൊഴിലാളികളുടെ കാര്യത്തിൽ പരാജയം സംഭവിച്ചു.

39 ഇന്ത്യക്കാർ ഇറാഖിൽ എപ്പോൾ, എങ്ങനെ മരിച്ചുവെന്ന് ഇപ്പോഴും തിട്ടപ്പെടുത്താനായിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രി ഇപ്പോഴും പറയുന്നത്. അതും വീഴ്‌ച്ച തന്നെയാണ്. അജിത് ഡോവലിനെ പോലൊരു സൂപ്പർസ്‌പൈ ഉണ്ടായിട്ടും ഇന്ത്യക്ക് വേണ്ട വിധത്തിൽ പ്രവർത്തിക്കാൻ സാധിച്ചില്ല. ബന്ദികളാക്കപ്പെട്ട 40 ഇന്ത്യക്കാരെ ആദ്യം ഒരു വസ്ത്രനിർമ്മാണശാലയിലാണ്‌ െഎഎസ് ഭീകരർ പാർപ്പിച്ചിരുന്നത്. താൻ ബംഗ്ലാദേശുകാരൻ അലിയാണെന്നു പറഞ്ഞു ഹർജിത് മാസിഹ് രക്ഷപ്പെട്ടതിനുശേഷം മറ്റുള്ളവരെ ബാദുഷിലെ ജയിലിലേക്കു മാറ്റിയെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

മൊസൂളിൽനിന്ന് 25 കിലോമീറ്റർ അകലെയാണു ബാദുഷ്. അവിടത്തെ ജയിൽ ബോംബാക്രമണത്തിൽ നാമാവശേഷമായെന്ന് അവിടം സന്ദർശിച്ച മാധ്യമ സംഘങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മൊസൂൾ ഐഎസിന്റെ പിടിയിലായപ്പോൾ ഇറാഖികൾ ഏറെയും അവിടം വിട്ടുപോയി. അവിടെ തുടർന്ന ഇന്ത്യക്കാരെയും ബംഗ്ലാദേശികളെയുമാണ് ഐഎസ് ബന്ദികളാക്കിയത്. ബംഗ്ലാദേശികളെ പിന്നീട് ഇർബിലിലേക്കു വിട്ടു.

കഴിഞ്ഞ ജൂലൈ ഒൻപതിനാണു മൊസൂൾ െഎഎസിന്റെ നിയന്ത്രണത്തിൽനിന്നു മോചിപ്പിക്കപ്പെട്ടത്. ഉടൻതന്നെ വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് അവിടെയെത്തി. സുഷമ സ്വരാജിന്റെ പ്രസ്താവന പ്രകാരമാണെങ്കിൽ, ബാദുഷ് ജയിലിലാണു സഹമന്ത്രിയും ഇറാഖിലെ ഇന്ത്യൻ സ്ഥാനപതിയും മറ്റും ആദ്യം പരിശോധന നടത്തിയത്. ബാദുഷിൽ ഒരു മലയുടെ ചുവട്ടിൽ മൃതദേഹങ്ങളുടെ കൂമ്പാരം കണ്ടതായി നാട്ടുകാരനായ ഒരാളാണു വിവരം നൽകിയത്. വിവരം കൃത്യമാണെന്ന് ഉറപ്പാക്കാൻ ഡീപ്‌ െപനിട്രേഷൻ റഡാറുകൾ ഉപയോഗിച്ചു. മൊത്തം 39 മൃതശരീരങ്ങളുണ്ടെന്നു വ്യക്തമായി. മൃതദേഹങ്ങൾ അവിടെനിന്നു ബഗ്ദാദിലേക്കു മാറ്റി. ഡിഎൻഎ പരിശോധനയായിരുന്നു ഉദ്ദേശ്യം.

എഎസ് നിയന്ത്രണത്തിൽനിന്നു മോചിക്കപ്പെട്ട മേഖലകളിൽ മൃതദേഹങ്ങൾ കൂട്ടമായി മറവു ചെയ്ത സ്ഥലങ്ങളിൽ ഇറാഖി മാർട്ടയേഴ്‌സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ഇന്ത്യക്കാരുടെ മൃതദേഹങ്ങളും കണ്ടെത്തിയേക്കുമെന്നായിരുന്നു അവരുടെ നിഗമനം. അതുകൊണ്ടുതന്നെ, കാണാതായ ഇന്ത്യക്കാരുടെ ബന്ധുക്കളുടെ ഡിഎൻഎ സാംപിൾ വിദേശകാര്യ മന്ത്രാലയം ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഇക്കാര്യം വിദേശകാര്യ മന്ത്രി ലോക്‌സഭയെ അറിയിച്ചിരുന്നു. ഈ സാംപിളുകളാണു ബഗ്ദാദിലെ പരിശോധനയിൽ ഉപയോഗിച്ചത്. പരിശോധനയ്ക്കു മുൻപുതന്നെ, മലയുടെ ചുവട്ടിൽ കണ്ടെത്തിയത് ഇന്ത്യക്കാരെ തന്നെയെന്നു സ്ഥിരീകരിച്ചിരുന്നു. നീണ്ട മുടി, കൈത്തള, ഇറാഖിനു പുറത്തുനിന്നുള്ള ഷൂ, തിരിച്ചറിയൽ കാർഡ് തുടങ്ങിയവയാണ് അതിനു സഹായകമായത്. നീണ്ട മുടിയും കൈത്തളയുമുള്ളവർ സിഖുകാരെന്ന് ഉറപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP