Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടനിലെ കുഞ്ഞാലിക്കുട്ടിക്കും തല ഉയർത്താം! പെണ്ണുങ്ങളുടെ അഹങ്കാരത്തിന്റെ പത്തി ഒടിച്ചു ബ്രിട്ടീഷ് ജനത; ആദ്യമായി ടർബൻ ധരിച്ച സിഖുകാരനും സിഖ് വനിതയും പാർലമെന്റിൽ; ഇന്ത്യൻ പ്രാധിനിത്യം 12 ആയി; അടിതെറ്റിയത് 9 മന്ത്രിമാർക്ക്

ബ്രിട്ടനിലെ കുഞ്ഞാലിക്കുട്ടിക്കും തല ഉയർത്താം! പെണ്ണുങ്ങളുടെ അഹങ്കാരത്തിന്റെ പത്തി ഒടിച്ചു ബ്രിട്ടീഷ് ജനത; ആദ്യമായി ടർബൻ ധരിച്ച സിഖുകാരനും സിഖ് വനിതയും പാർലമെന്റിൽ; ഇന്ത്യൻ പ്രാധിനിത്യം 12 ആയി; അടിതെറ്റിയത് 9 മന്ത്രിമാർക്ക്

കെ ആർ ഷൈജുമോൻ

ലണ്ടൻ: തെരേസയുടെ സ്വപ്നങ്ങൾക്ക് കടിഞ്ഞാൺ ഇട്ടതു മാർജിനൽ സീറ്റുകൾ- 20 സീറ്റുകൾ കൈവിട്ടു, 9 മന്ത്രിമാരും തോൽവിയുടെ രുചിയറിഞ്ഞു. ലേബറിന്റെ ക്രൂ, ന്യൂകാസിൽ ലിം, ടോറികളുടെ സൗത്താംപ്ടൺ, റിച്ച്മണ്ട്, സ്‌കോട്ടിഷ് പാർട്ടിയുടെ ഗ്ലാസ്ഗോ സൗത്ത് വെസ്റ്റ്, ഗ്ലാസ്ഗോ ഈസ്റ്റ് അടക്കമുള്ള സീറ്റുകളിൽ മലയാളി വോട്ടുകൾ നിർണ്ണായകമാവുകയും ചെയ്തു. ഇവിടെ വിജയം രണ്ടക്ക വോട്ടുകൾക്ക് മാത്രമായിരുന്നു. ആരോപണത്തിലും പൊലീസ് കേസിലും കീത് വ്യാസ് ഭൂരിപക്ഷം ഉയർത്തിയതും ശ്രദ്ധേയമായി. അതുകൊണ്ട് തന്നെ ഇനി വീട്ടിലും നാട്ടിലും അദ്ദേഹത്തിന് തല ഉയർത്താം

1983 ലെ താച്ചറെ പോലെ 44% വോട്ടു നേടിയിട്ടും തെരേസക്ക് സീറ്റുകളുടെ എണ്ണം കുറഞ്ഞു തിരിച്ചടിയായി. അന്ന് താച്ചർക്കു 397 സീറ്റ് കിട്ടി. ഇന്ന് തെരേസക്ക് 318ഉം. കോർബിനു ലേബർ മുൻഗാമികൾക്കു നേടാൻ കഴിയാത്ത ജനപിന്തുണകിട്ടി. 40% വോട്ടുകളാണ് ലഭിച്ചത്. ഭരണകക്ഷിയിലെ 20 അംഗങ്ങൾ തോൽവിയുടെ രുചി അറിഞ്ഞപ്പോൾ കൂടെ 9 മന്ത്രിമാരും പരാജിതരുടെ പട്ടികയിലായി. ടോറികളുടെ ''ചത്ത'' പ്രകടന പത്രിക എഴുതിയ ബെൻ ഗെമ്മർക്ക് വമ്പൻ തോൽവിയാണുണ്ടായത്.

അഹങ്കാരത്തിന്റെ ശബ്ദമായി കണക്കാക്കപ്പെട്ട ബ്രിട്ടനിലെ രണ്ടു സ്ത്രീകളുടെ കൊമ്പു കുത്തിയ ദിവസമായി ജൂൺ ഒൻപതിനെ ചരിത്രം രേഖപ്പെടുത്തും. ബ്രിട്ടനിൽ തെരേസ മെയ്‌ക്കും സ്‌കോട്ടിലന്റിൽ നിക്കോള സ്റ്റർജനും രണ്ടല്ല, നാല് കൊമ്പു വീതം ഉണ്ടായിരുന്നു എന്ന മട്ടിലാണ് ഇരുവരും പെരുമാറിയിരുന്നത്. തന്റെ രഹസ്യാന്വേഷണ റിപ്പോർട്ടിൽ ഒരു ഘട്ടത്തിൽ 120 മുതൽ മുകളിലേക്ക് എത്ര വേണമെങ്കിലും ഭൂരിപക്ഷം ഉയരാം എന്ന് കേട്ടതോടെ പഴയ ഓക്സ്ഫോർഡ് വിദ്യാർത്ഥിനിയുടെ ആവേശത്തോടെ എടുത്തു ചാടിയതാണ് തെരേസയുടെ ഒന്നാമത്തെ തെറ്റ്. പഴയ സഹപാഠിയും പാർലമെന്റിൽ തന്റെ മൂർച്ചയുള്ള വാക്കുകൾക്കു മുന്നിൽ ചൂളി ഇരിക്കുന്ന ജെറെമി കോർബിൻ എന്ന പടയാളിയെ വിലയിരുത്തുന്നതിൽ ഉണ്ടായ പാളിച്ചയാണ് രണ്ടാമത്തെ തെറ്റ്.

ബ്രെക്സിറ്റ് എന്ന് കേട്ടപ്പോൾ ആവേശത്തോടെ വോട്ടു കുത്തിയ ജനം അതിന് വേഗത നൽകാൻ കൂടുതൽ ആവേശം കാട്ടും എന്ന വിലയിരുത്തിയത് മൂന്നാമത്തെ തെറ്റ്. അനാവശ്യമായ തെരുഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ ഏറ്റവും ശ്രദ്ധ നൽകേണ്ട പ്രകടന പത്രികക്ക് പകരം അമിത ആത്മവിശ്വാസിയായ ബെൻ ഗെമ്മറിനെ ആ പണി ഏൽപ്പിച്ചത് നാലാമത്തെ തെറ്റ്. തന്റെ അനാവശ്യ തിടുക്കമാണ് തിരഞ്ഞെടുപ്പിലേക്ക് എത്തിച്ചതെന്ന് വ്യക്തം ആയിട്ടും കോർബിന് എതിരെ നിന്ന് നേർക്ക് നേർ പോരാടാതെ നിഴൽ യുദ്ധം നയിക്കാൻ ഇറങ്ങിയത് തെരേസയുടെ അഞ്ചാമത്തെ തെറ്റ്.

ഇങ്ങനെ തെറ്റുകളുടെ വലിയൊരു കൂമ്പാരം തലയിലേറ്റി നടന്ന തെരേസക്ക് ഇന്നലെ ബ്രിട്ടനിൽ മുന്നിൽ മാത്രമല്ല ലോകത്തിനു മുന്നിൽ തന്നെയാണ് തല കുനിക്കേണ്ടി വന്നത്. സമാനമായ അനുഭവം തന്നെയാണ് സ്‌കോട്ടിഷ് നേതാവ് നിക്കോൾ സ്റ്റർജനും ഉണ്ടായതും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെയുള്ള 59 സീറ്റിൽ 56 ലും വിജയം ഉറപ്പിച്ച അഹങ്കാരത്തിൽ രണ്ടാം റഫറണ്ടം എന്ന് പറഞ്ഞു ബ്ലാക് മെയിൽ രാഷ്ട്രീയത്തിന് ഇറങ്ങിയ നികോളക്കു ഇന്നലെ ഉണ്ടായ തിരിച്ചടിയോടെ ഇനി വാ തുറക്കാൻ രണ്ടാമതൊന്നു കൂടി ആലോചിക്കേണ്ടി വരും. കാരണം കഴിഞ്ഞ തവണ മുഖ്യ കക്ഷികളെ ഓരോ സീറ്റിൽ ഒതുക്കി കെട്ടിയ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി ഇത്തവണ 35 സീറ്റു കൊണ്ട് തൃപ്തിപ്പെടുകയാണ്.

അതിനേക്കാൾ പ്രധാനം സ്‌കോട്ടിഷ് മലകളിൽ ആധിപത്യം കാട്ടി കൺസർവേറ്റീവുകൾ 13 സീറ്റിലും ലേബർ ഏഴിടത്തും ലിബറൽ ഡെമോക്രാറ്റ് നാലിടത്തും ജയിച്ചു കയറി എന്നതാണ്. അതായതു എസ്എൻപിയുടെ വോട്ടു ബാങ്കിൽ വിള്ളൽ വീഴ്‌ത്തി ബ്രിട്ടീഷ് മുഖ്യ ധാര പാർട്ടികൾ വീണ്ടും കടന്നുകയറ്റം നടത്തി എന്ന് തന്നെയാണ് തെളിയുന്നത്. ഈ സാഹചര്യത്തിൽ വീണ്ടും റഫറണ്ടം എന്ന വാക്ക് ഉപയോഗിക്കാൻ തന്നെ നിക്കോള ഭയപ്പെടും. തെരേസയോടൊപ്പം അഹങ്കാരത്തിന്റെ ശബ്ദം വീണ്ടും ഉയർത്താൻ ഈ വനിതയും തൽക്കാലം ധൈര്യപ്പെടില്ല എന്നതാണ് ഇന്നലത്തെ ഫലങ്ങൾ നൽകുന്ന സൂചനകൾ.

ബ്രിട്ടനിലെ കുഞ്ഞാലിക്കുട്ടിക്കു തല ഉയർത്താം

രാഷ്ട്രീയത്തിൽ ആരോപണങ്ങളും വിവാദങ്ങളും മൈലേജ് കൂട്ടുന്നത് ഇന്ത്യൻ ശൈലിയാണ്. നെഗറ്റീവ് ഇമേജിൽ എതിരാളിയില്ലാതെ വളർന്നു വന്ന നരേന്ദ്ര മോദി തന്നെ ഒന്നാന്തരം ഉദാഹരണം. കേരളത്തിലെ കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ സോളാർ വിവാദത്തിൽ പേര് വന്നവർ തോൽക്കുമെന്ന് പൊതുസമൂഹം കരുതിയെങ്കിലും ഫലം വന്നപ്പോൾ കണ്ടത് മറ്റൊന്നാണ്. വർഷങ്ങൾക്കു മുൻപ് ഐസ് ക്രീം വിവാദത്തിൽ പേര് വന്ന ശേഷം മത്സരിച്ച തിരഞ്ഞെടുപ്പിൽ ഒക്കെ റെക്കോർഡ് സ്വന്തമാക്കുന്ന വിജയമാണ് ലീഗ് എംപി ആയ കുഞ്ഞാലിക്കുട്ടിയുടേത്. ഇപ്പോൾ അതിനു സമാനമായ ഒരു വിജയം ലെസ്റ്ററിലും ഉണ്ടായിരിക്കുന്നു. യാദൃശ്ചികത എന്നോണം ഇന്ത്യൻ വംശജനായ കീത് വ്യാസ് എം പിയാണ് ഈ ''നേട്ടം'' സ്വന്തമാക്കിയിരിക്കുന്നത്. പാർലമെന്റിൽ മുപ്പതു വർഷം പൂർത്തിയാക്കുന്ന കീത്തിന്റെ എട്ടാം ഇലക്ഷൻ ആണ് കഴിഞ്ഞു പോയത്.

ഇത്തവണ കീത്തിനു സീറ്റ് ഉണ്ടാകരുത് എന്ന് സ്വന്തം പാർട്ടിയിൽ പോലും പലരും ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മുപ്പതു വർഷമായി ലെസ്റ്റർ ഈസ്റ്റിനെ നയിക്കുന്ന കീത്തിനു ഇത്തവണ റെക്കോർഡ് ഭൂരിപക്ഷവും കിട്ടി. മയക്കു മരുന്നു നൽകി പുരുഷന്മാരെ കീത് വ്യാസ് ലൈംഗിക കേളികൾക്കു ഉപയോഗപ്പെടുത്തി എന്ന ആരോപണം സൺഡേ മിറാർ പത്രം പുറത്തു വിട്ടത് ഓഡിയോ ക്ലിപ്, ചിത്രങ്ങൾ സഹിതം ആയിരുന്നു. തുടർന്ന് കീത്തിന്റെ വീട്ടിലും കലാപം ഉണ്ടായി. പാർലമെന്റിൽ പ്രത്യേക പദവികൾ രാജി വച്ചാണ് അന്ന് അദ്ദേഹം തല ഊരിയത്. ഇപ്പോൾ തല ഉയർത്താൻ മികച്ചൊരു വിജയവും.

ടർബൻ ധരിച്ച ദേശി സിങ്, സിഖ് വനിതാ ശബ്ദമായി പ്രീത് ഗിൽ

സ്ലോ സീറ്റിൽ നിന്നും വിജയക്കൊടി പാറിച്ച യുവതാരം തൻ മൻ സിങ് ദേശി ഇന്നലെ ബിബിസിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആവേശത്തോടെ പറഞ്ഞത് ബ്രിട്ടീഷ് പാർലമെന്റിൽ ടർബൻ ധരിച്ചെത്തുന്ന ആദ്യ അംഗം താൻ ആണെന്നാണ്. ബ്രിട്ടീഷ് രാഷ്ട്രീയം മാറുന്നതിന്റെ വ്യക്തമായ സൂചനയാണ് തൻ മാനിന്റെ വാക്കുകളിൽ നിറഞ്ഞത്. കൂടെ സിഖ് സമുദായത്തിൽ നിന്നും ആദ്യമായി ഒരു വനിതയും കൂട്ടിനെത്തുന്നു. ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൻ സീറ്റിൽ വിജയിച്ച പ്രീത് കൗർ ജിൽ. തെരേസ മേ മന്ത്രിസഭയിൽ വിദേശ വികസന വകുപ്പിൽ മന്ത്രിയായി തിളങ്ങിയ പ്രീതി പട്ടേലിന് ശേഷം കൂടുതൽ ഇന്ത്യൻ ശബ്ദം പാർലമെന്റിൽ എത്തുന്നു എന്ന് തെളിയിക്കുകയാണ് ദേശി സിംഗിന്റെയും ജില്ലിന്റെയും വിജയങ്ങൾ. ഇരുവരുടെയും വിജയം ഇന്നലെ ഇന്ത്യയിലും മാധ്യമങ്ങൾ നന്നായി ആഘോഷിച്ചു. കഴിഞ്ഞ വട്ടം 10 ഇന്ത്യൻ വംശജർ ഉണ്ടായിരുന്നത് ഇക്കുറി 12 ആയി ഉയർന്നു. ഏഴു പേര് ലേബർ ഭാഗത്തും അഞ്ചു പേര് ടോറി പക്ഷത്തും.

കഴിഞ്ഞ തവണ ജയിച്ച പത്തു പേരും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഇന്ത്യൻ ശക്തിയുടെ കൂടെ വിജയമായി. ഒന്നേകാൽ നൂറ്റാണ്ടു മുൻപ് 1892 ൽ ദാദാഭായ് നവറോജി ഫിൻസ്ബറി സീറ്റിൽ നിന്നും ജയിച്ച ശേഷം ഇന്ത്യൻ ശബ്ദം ഏറെ പരിചിതമാണ് ബ്രിട്ടീഷ് രാഷ്ട്രീത്തിനും പാർലമെന്റിനും. പ്രീതി പട്ടേലും കീത് വ്യാസും വീരേന്ദ്ര ശർമ്മയും ഒക്കെയായി ബ്രിട്ടീഷ് പാർലമെന്റിൽ ഇന്ത്യൻ ശബ്ദം ശ്രദ്ധിക്കപ്പെടുമ്പോൾ കൂടുതൽ പേർക്ക് മത്സരിക്കാൻ അവസരം കിട്ടുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ലേബറിന് വേണ്ടി ടെലഫോഡിൽ കളത്തിലിറങ്ങിയ കുൽദീപ് സഹോദ നിർഭാഗ്യം കൊണ്ടാണ് പരാജയപ്പെട്ടത്. വെറും 720 വോട്ടുകൾക്കാണ് അദ്ദേഹം കൺസർവേറ്റീവ് സ്ഥാനാർത്ഥിയോട് പരാജയം രുചിച്ചത്.

പുതിയ പാർലമെന്റിൽ ഇന്ത്യൻ സാന്നിധ്യം കീത് വ്യാസ് ലെസ്റ്റർ ഈസ്റ്റ്, വലേറി വ്യാസ് വാൽസൽ സൗത്ത്, സീമ മൽഹോത്ര ഫെൽതം, ലിസ നന്ദി വിഗാൻ, വീരേദ്ര ശർമ്മ സൗത്താൽ, തൻ മാൻ സിങ് ദേശി സ്ലോ, പ്രീത് കൗർ എഡ്ജ്ബാസ്റ്റൻ എല്ലാവരും ലേബർ വിജയികൾ. സുള്ള്യ ഫെർണാഡസ് ഫാർഹം, പ്രീതി പട്ടേൽ വിതം, അലോക് ശർമ്മ റീഡിങ് വെസ്റ്റ്, ഋഷി സുനാക് റിച്ച്മണ്ട് നോർത്ത് യോർക്ക്, ശൈലേഷ് വരെ നോർത്ത് വെസ്റ്റ് കേംബ്രിജ് എല്ലാവരും കൺസർവേറ്റീവ് വിജയികൾ.

അടിയൊഴുക്കിൽ തറ പറ്റിയത് 20 വമ്പന്മാർ, കൂടെ 9 മന്ത്രിമാരും

ആരും കാണാതെ ഒഴുകിയ കോർബിൻ അടിയൊഴുക്കിൽ വിശ്വസിക്കാനാകാത്ത പല തോൽവികളും ടോറികളെ തേടിയെത്തി. മന്ത്രിസഭയിലെ രണ്ടാം സ്ഥാനത്തുള്ള ആഭ്യന്തര സെക്രട്ടറി ആംബർ റോഡ് പോലും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഹേസ്റ്റിങ് മണ്ഡലത്തിൽ രണ്ടാമതും വോട്ടു എണ്ണിയപ്പോൾ വെറും 346 വോട്ടായി ആംബറിന്റെ ഭൂരിപക്ഷം ചുരുങ്ങിയിരുന്നു. തോൽവികളിൽ പ്രമുഖ സ്ഥാനത്തുള്ള പേരാണ് ക്രോയിഡോണിലേ ഗവിൻ ബർവെല്ലിന്റേത്. വിജയ സാധ്യത കുറഞ്ഞ സീറ്റിൽ എങ്ങനെ വിജയിക്കാം എന്ന് പുസ്തകം എഴുതിയിട്ടുള്ള ആളാണ് ഗർവിൻ.

ഓക്സ്ഫോർഡ് വെസ്റ്റിൽ പരാജയപ്പെട്ട ആരോഗ്യ സഹമന്ത്രി നിക്കോള ബ്ലാക്വൂഡ്, ബട്ടർഷ്യയിൽ തോറ്റ സാമ്പത്തിക സഹമന്ത്രി ജെയിൻ എല്ലിസൺ, ഇപ്സ്വിച്ചിൽ പരാജയം രുചിച്ച ടോറി പ്രമുഖൻ ബെൻ ഗെമ്മർ, ബ്രൈറ്റണിൽ തോൽവി രുചിച്ച സിറ്റി മിനിസ്റ്റർ സൈമൺ കിർബി, വാറിങ്ടണിൽ തോറ്റ ആരോഗ്യ സഹ മന്ത്രി ഡേവിഡ് മോവാട്ട്, ക്രൂവിൽ തോറ്റ കുട്ടികളുടെയും കുടുംബങ്ങളുടെയും സഹമന്ത്രി എഡ്വേർഡ് ടൈമ്പ്സൺ, റീഡിങ് ഈസ്റ്റിൽ തോറ്റ ചാരിറ്റി സഹമന്ത്രി റോബ് വിത്സൺ, സ്റ്റോക്സ്റ്റണിൽ സീറ്റ് നഷ്ടപ്പെടുത്തിയ സാമ്പത്തിക വളർച്ച സഹമന്ത്രി ജെയിംസ് വാർട്ടൻ, കിങ്സ്റ്റണിൽ തോറ്റ ജെയിംസ് ബാരി, ഹൈ പീക്കിൽ തോറ്റ ആൻഡ്രൂ ബിൻഹാം, 99 വർഷത്തിന് ശേഷം കാന്റർബറി സീറ്റ് കൈവിട്ടുകളഞ്ഞ ജൂലിയൻ ബ്രെസിയർ, സ്റ്റൗഡിൽ തോറ്റ നീൽ ക്രമിച്ചാൽ, വെയിൽ തോറ്റ ജെയിംസ് ഡേവീസ്, പോർട്സ്മൗത്ത് സൗത്തിൽ പരാജയപ്പെട്ട ഫ്ലിക് ഡർമാൻഡ്, ബാത്തിൽ തോറ്റ ബെൻ ഹൗലറ്റ്, പീറ്റേർബറോയിൽ തോറ്റ സ്റ്റുവർട്ട് ജാക്സൺ, ബ്രിസ്റ്റോൾ നോർത്ത് വെസ്റ്റിൽ തോൽവി രുചിച്ച ഷാർലറ്റ് ലെസ്ലി, ട്വികൻഹാമിൽ തോറ്റ ഡോ റ്റാനിയ മതിയാസ്, ബാരി നോർത്തിൽ തോൽവിയറിഞ്ഞ ഡേവിഡ് നട്ടാൽ എന്നിവരൊക്കെയാണ് തെരേസ മേയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്.

ലേബർ പക്ഷത്തു നിലവിലെ സീറ്റ് നഷ്ടപ്പെടുത്തിയ പ്രമുഖർ മാൻസ്ഫീൽഡിലെ അലൻ മീയാലും വാൽസാൽ നോർത്തിൽ ഡേവിഡ് വിനിങ്ങും മാത്രമാണ്. എന്നാൽ ലിബറൽ ഡെമോക്രാറ്റ് പക്ഷത്തു മുൻ ഉപപ്രധാനമന്ത്രിയും പാർട്ടി തലവനുമായ നിക് ക്ലെഗിന്റെ ഷെഫീൽഡിലെ തോൽവി പാർട്ടിക്ക് വൻ ആഘാതമായി. കൂടാതെ സെറിഡിയനിൽ ബെൻ മോർഗൻ ലേക്കും, ലീഡ്സ് നോർത്ത് വെസ്റ്റിൽ ഗ്രെഗ് മൽഹോളണ്ടും റിച്ചമോണ്ടിൽ സാറ ഒനീലിയും പാർട്ടിയുടെ സീറ്റ് നഷ്ടപ്പെടുത്തിയവരാണ്. സ്‌കോട്ടിഷ് പാർട്ടി എസ് എൻ പി പക്ഷത്തും ഒട്ടേറെ വൻവീഴ്ചകൾ ഉണ്ടായി. ഇക്കൂട്ടത്തിൽ ഏറ്റവും ദയനീയമായതു മുൻ പ്രധാനമന്ത്രി ഗോർഡൻ സീറ്റിലെ അലക്സ് ഹമ്മോൻഡിന്റെ തോൽവിയാണ്. ഇതോടൊപ്പം 21 സീറ്റുകളാണ് പാർട്ടിക്ക് നഷ്ടമായത്. കൂടെ സ്‌കോട്ടിഷ് രണ്ടാം റഫറണ്ടം എന്ന സ്വപ്നവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP