Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർവേ ഫലങ്ങൾ എന്തായാലും സിപിഎമ്മിന് ആത്മവിശ്വാസത്തിന് കുറവില്ല; വടകരയിൽ കെ.മുരളീധരനെ ഗോദായിലിറക്കിയ യുഡിഎഫിന്റെ മാസ്റ്റർ സ്‌ട്രോക്കിലും തെല്ലുമില്ല ഭയം; സിറ്റിങ് സീറ്റുകൾ നിലനിൽത്തുന്നതിനൊപ്പം വടകരയും പിടിച്ചെടുക്കും; വടകരയിൽ ദുർബലരെ നിർത്തി ബിജെപി വോട്ടുമറിക്കും; എല്ലാവരും ചേർന്ന് ഒത്തുപിടിച്ചാലും മണ്ഡലത്തിൽ വെല്ലുവിളികളെ അതിജീവിക്കുമെന്ന് പ്രതീക്ഷ; പതിമൂന്നിൽ കുറയാത്ത സീറ്റിൽ ജയിക്കുമെന്ന് കണക്കുകൂട്ടി പാർട്ടി സെക്രട്ടറിയേറ്റ്

സർവേ ഫലങ്ങൾ എന്തായാലും സിപിഎമ്മിന് ആത്മവിശ്വാസത്തിന് കുറവില്ല; വടകരയിൽ കെ.മുരളീധരനെ ഗോദായിലിറക്കിയ യുഡിഎഫിന്റെ മാസ്റ്റർ സ്‌ട്രോക്കിലും തെല്ലുമില്ല ഭയം; സിറ്റിങ് സീറ്റുകൾ നിലനിൽത്തുന്നതിനൊപ്പം വടകരയും പിടിച്ചെടുക്കും; വടകരയിൽ ദുർബലരെ നിർത്തി ബിജെപി വോട്ടുമറിക്കും; എല്ലാവരും ചേർന്ന് ഒത്തുപിടിച്ചാലും മണ്ഡലത്തിൽ വെല്ലുവിളികളെ അതിജീവിക്കുമെന്ന് പ്രതീക്ഷ; പതിമൂന്നിൽ കുറയാത്ത സീറ്റിൽ ജയിക്കുമെന്ന് കണക്കുകൂട്ടി പാർട്ടി സെക്രട്ടറിയേറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ഒരുമുഴം മുമ്പേ എറിയുന്നവർക്ക് മുൻകൈ കിട്ടുക പതിവാണ്. സ്ഥാനാർത്ഥി നിർണയം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പൂർത്തിയാക്കി എൽഡിഎഫ് മേൽക്കൈ നേടി. ഇടതുസ്ഥാനാർത്ഥികൾ മണ്ഡലം കൺവൻഷുകളും ഗൃഹസന്ദർശനങ്ങളും മറ്റുമായി ആദ്യഘട്ടം പ്രചാരണം പൂർത്തിയാക്കിയപ്പോൾ മറ്റുള്ളവർ ഒപ്പമെത്താനുള്ള ഓട്ടത്തിലാണ്. യുഡിഎഫ് വൈകിയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതെങ്കിലും വടകരയിൽ കെ.മുരളീധരനെ പ്രഖ്യാപിച്ചത് പോലെയുള്ള മാസ്റ്റർ സ്‌ട്രോക്ക് വഴി പോരിന് വെല്ലുവിളിക്കുകയും ചെയ്തു. ബിജെപി ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിക്കുന്നതും മികച്ചവരെ തിരഞ്ഞെടുക്കാൻ തന്നെ. ഏതായാലും വടകര തങ്ങൾ പിടിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. 13 ൽ കുറയാത്ത സീറ്റുകൾ കിട്ടുമെന്നും പാർട്ടി വിലയിരുത്തുന്നു.

സിറ്റിങ് സീറ്റുകൾ നിലനിർത്താനാകുമെന്നും വടകര പിടിച്ചെടുക്കുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. ജില്ലാ ഘടകങ്ങളിൽനിന്നുള്ള റിപ്പോർട്ട് വിലയിരുത്തിയാണ് ഇത്തരമൊരു നിഗമനത്തിൽ സിപിഎം നേതൃത്വം എത്തിച്ചേർന്നത്. കാസർകോഡ് സിപിഎമ്മിന്റെ പി.കരുണാകരനെയും, തൃശൂർ സിപിഐയുടെ സി.എൻ.ജയദേവനെയുമാണ് ഇത്തവണ സിറ്റിങ് എംപിമാരിൽ ഒഴിവാക്കിയത്.

പതിമൂന്നിൽ കുറയാത്ത സീറ്റുകൾ തിരഞ്ഞെടുപ്പിൽ കിട്ടുമെന്നാണ് ലഭിക്കുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്. വടകരയിൽ വെല്ലുവിളികളെ നേരിട്ട് ജയിക്കാനാകുമെന്നാണ് പ്രതീക്ഷ. കണ്ണൂർ, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ നൽകിയ റിപ്പോർട്ട് പ്രകാരമാണ് ഈ വിലയിരുത്തൽ. വടകരയിൽ മറ്റുപാർട്ടികൾ ചേർന്ന് സിപിഎമ്മിനെ തോൽപ്പിക്കാൻ ശ്രമിക്കും. ബിജെപി വോട്ട് മറിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അതിനെ അതിജീവിക്കാൻ കഴിയുമെന്നും സിപിഎം കണക്കുകൂട്ടുന്നു.

അതേസമയം, സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും തമ്മിൽ അവിശുദ്ധകൂട്ടുകെട്ടാണെന്നാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിക്കുന്നത്. മുരളീധരനെ പിന്തുണയ്ക്കാനാണ് ആർഎസ്എസിന്റെ തീരുമാനം. ദുർബല സ്ഥാനാർത്ഥിയെ നിർത്താൻ ആർഎസ്എസ് നിർദ്ദേശിച്ചു. പ്രത്യുപകാരമായി യുഡിഎഫ് ബിജെപിയെ സഹായിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.യുഡിഎഫും എസ്ഡിപിഐയും മാത്രമല്ല, യുഡിഎഫും ആർഎസ്എസും തമ്മിലും അവിശുദ്ധ കൂട്ടുകെട്ടുണ്ട്. എൻഡിഎ വടകരയിൽ മുന്നോട്ടുവെയ്ക്കാൻ പോകുന്നത് ദുർബലനായ സ്ഥാനാർത്ഥിയെയായിരിക്കും.

ബിജെപിയുടെ വോട്ടുകൾ മുരളീധരന് ലഭിക്കുന്നതിന് വേണ്ടിയാണ് അത്തരത്തിലൊരു തീരുമാനം. വടകരയെ കൂടാതെ നാല് മണ്ഡലങ്ങളിൽ കൂടി ദുർബല സ്ഥാനാർത്ഥികളെ നിർത്താൻ ആർഎസ്എസ് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊല്ലം, കണ്ണൂർ, എറണാകുളം, കോഴിക്കോട് മണ്ഡലങ്ങളിൽ ദുർബല സ്ഥാനാർത്ഥികളെ നിർത്താനാണ് നിർദ്ദേശം. പകരം തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുന്ന കുമ്മനം രാജശേഖരനെ പിന്തുണയ്ക്കണമെന്ന് യുഡിഎഫിനോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായാണ് വട്ടിയൂർക്കാവ് എംഎൽഎ മുരളീധരനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയത്. ഇക്കാര്യം ജനങ്ങൾ മനസിലാക്കണം. കോൺഗ്രസ് നേമത്ത് സഹായിച്ചതുകൊണ്ടാണ് ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നതെന്നും കോടിയേരി ആരോപിച്ചു.

കോൺഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് എൽഡിഎഫിനെ ബാധിക്കില്ല. മുൻപും ഇത്തരത്തിൽ കോലീബി സഖ്യം ഉണ്ടായിട്ടുണ്ട്. 1991 ലായിരുന്നു അത്. വടകരയിൽ ഇടത് മുന്നണി വരുന്നതിൽ ഭയമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി തരംഗമുണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

ടൈംസ് നൗ സർവേ

13 സീറ്റുകളിൽ കുറയാതെ നേടുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നതെങ്കിൽ അടുത്തിടെ വന്ന ടൈംസ് നൗ സർവേ ഫലങ്ങൾ മറിച്ചായിരുന്നു. 20 സീറ്റുകളിൽ 16 എണ്ണത്തിലും യുഡിഎഫ് സ്വന്തമാക്കും. മൂന്നെണ്ണം മാത്രമാകും എൽഡിഎഫിന് ലഭിക്കുക. ബിജെപി ചരിത്രത്തിലാദ്യമായി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് സർവേയിൽ പറയുന്നു. യുഡിഎഫ് 45%, എൻഡിഎ 21.7%, എൽഡിഎഫ് 29.3%, മറ്റുള്ളവർ 4.1% എന്നിങ്ങനെയായിരിക്കും സംസ്ഥാനത്ത് വിവിധ മുന്നണികളുടെ വോട്ടു വിഹിതം.

മറുനാടൻ മലയാളി സർവേ

ആകെയുള്ള 20 സീറ്റിൽ 11ലും ഐക്യമുന്നണിക്ക് വിജയ സാധ്യതയുള്ളപ്പോൾ ഇടതുമുന്നണിക്ക് മൂൻതൂക്കമുള്ളത് 9 സീറ്റുകളാണെന്നാണ് മറുനാടൻ മലയാളി ഫെബ്രുവരിയിൽ നടത്തിയ സർവേയിൽ കണ്ടെത്തിയത്. അതേസമയം ബിജെപിക്ക് ലോക്സഭയിൽ ഇത്തവണയും അക്കൗണ്ട് തുറക്കാൻ ആകില്ലെന്നാണ് സർവേ വ്യക്തമാക്കുന്നത്.

വയനാട്, മലപ്പുറം, പൊന്നാനി, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, മാവേലിക്കര, തിരുവനന്തപുരം എന്നീ 11 മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുമ്പോൾ, കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂർ, തൃശൂർ, കൊല്ലം, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലാണ് സർവേ പ്രകാരം എൽഡിഎഫ് മുന്നിട്ടു നിൽക്കുന്നത്. യുഡിഎഫിന് നേരിയ മേൽക്കൈയുള്ള തിരുവനന്തപുരത്ത് വെറും ഒരു ശതമാനം വോട്ടിന് എൽഡിഎഫിന്റെയും പിന്നിലായി മൂന്നാം സ്ഥാനത്താണ് ബിജെപി. മുന്നണികൾ തമ്മിലുള്ള വോട്ട് വ്യത്യാസം നേർത്തതായതിനാൽ തിരുവനന്തപുരത്ത് ബിജെപിയും പ്രതീക്ഷകൾ കൈവിട്ടിട്ടില്ല.

കാസർകോട്, പാലക്കാട്, തൃശൂർ, ആറ്റിങ്ങൽ, പത്തനംതിട്ട, കോഴിക്കോട്, ചാലക്കുടി തുടങ്ങിയ മണ്ഡലങ്ങളിലൊക്കെ ബിജെപിക്ക് വോട്ട് വർധിക്കുന്നുണ്ടെങ്കിലും ഇവിടെയാക്കെ വിജയിക്കാൻ പറ്റിയ നിലയിലേക്ക് വോട്ടുകൾ ഉയരുന്നില്ല. ആറ്റിങ്ങലും പത്തനംതിട്ടയും അടക്കമുള്ള പ്രദേശങ്ങളിലെ എൻഡിഎയുടെ വോട്ട് ശതമാനത്തിന്റെ വർധനവ്, തെക്കൻ ജില്ലകളിൽ ശബരിമല സമരം ബിജെപിയെ തുണച്ചുവെന്നതിന്റെ സൂചനയാണ്. എന്നാൽ മലബാറിൽ ശബരിമല പ്രക്ഷോഭമെന്നും ഏശിയിട്ടില്ലെന്നാണ് സർവേ സൂചിപ്പിക്കുന്നത്.

മലബാറിൽ എൽഡിഎഫിന്റെ മേൽക്കെ പ്രകടമാവുമ്പോൾ അതിന് തീർത്തും ഭിന്നമായ ചിത്രമാണ് മധ്യകേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽനിന്നും കിട്ടുന്നത്. മധ്യകേരളത്തിലെ നാലുസീറ്റുകളിൽ എൽഡിഎഫിന് ഒരിടത്തും മുന്നേറാൻ കഴിയുന്നില്ല. തെക്കൻ കേരളത്തിലെ ആറ്റിങ്ങലും, കൊല്ലവും ഒഴിച്ചുള്ള മണ്ഡലങ്ങളും യുഡിഎഫിന് ഒപ്പമാണ്. രാഷ്ട്രീയമായി നോക്കുമ്പോൾ തൃശൂർ വരെ ഇടത് ആഭിമുഖ്യവും, അവിടുന്ന് തെക്കോട്ട് വലത് ആഭിമുഖ്യവുമുള്ള ഒരു ചിത്രമാണ് സർവേയിൽ തെളിയുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്-2014-കേരളം

യുഡിഎഫ്-12 എൽഡിഎഫ്-8 കോൺഗ്രസ് വോട്ടുവിഹിതം-31.5%, സിപിഎം-21.8%, മററുള്ളവർ-28.3%

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP