Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാഹുലിനെ ഒരു ലക്ഷത്തിൽ പിടിച്ചുകെട്ടാൻ കഴിയുമോ അതോ ലീഡ് മൂന്നുലക്ഷം വരെ ഉയരുമോ? ന്യനപക്ഷ വോട്ടുകൾ കൂട്ടത്തോടെ അനുകൂലമാവുമ്പോൾ ഭൂരിപക്ഷം റെക്കോഡിടുമെന്ന് യുഡിഎഫ്; ഒരു ലക്ഷത്തിൽ താഴെയാക്കി പിടിച്ചുകെട്ടുമെന്ന് എൽഡിഎഫ്; രാഹുൽ ഇടതുപക്ഷത്തെകുറിച്ച് ഒന്നും പറയുന്നില്ലെങ്കിലും എൽഡിഎഫിന്റെ കുന്തമുന കോൺഗ്രസ് അധ്യക്ഷന് നേർക്കുതന്നെ; അവസാന വട്ടത്തിൽ വയനാട്ടിൽ ചർച്ച രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തെക്കുറിച്ച് മാത്രം

രാഹുലിനെ ഒരു ലക്ഷത്തിൽ പിടിച്ചുകെട്ടാൻ കഴിയുമോ അതോ ലീഡ് മൂന്നുലക്ഷം വരെ ഉയരുമോ? ന്യനപക്ഷ വോട്ടുകൾ കൂട്ടത്തോടെ അനുകൂലമാവുമ്പോൾ ഭൂരിപക്ഷം റെക്കോഡിടുമെന്ന് യുഡിഎഫ്; ഒരു ലക്ഷത്തിൽ താഴെയാക്കി പിടിച്ചുകെട്ടുമെന്ന് എൽഡിഎഫ്; രാഹുൽ ഇടതുപക്ഷത്തെകുറിച്ച് ഒന്നും പറയുന്നില്ലെങ്കിലും എൽഡിഎഫിന്റെ കുന്തമുന കോൺഗ്രസ് അധ്യക്ഷന് നേർക്കുതന്നെ; അവസാന വട്ടത്തിൽ വയനാട്ടിൽ ചർച്ച രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തെക്കുറിച്ച് മാത്രം

എം റിജു

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയായിരിക്കും? ഒരുലക്ഷത്തിൽ ഒതുങ്ങുമോ, അതോ മൂന്നുലക്ഷം കടക്കുമോ? തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിൽ എത്തിനിൽക്കേ വയനാട്ടിൽ എവിടെയും ചർച്ച, കോൺഗ്രസ് അധ്യക്ഷനും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തെക്കുറിച്ചുമാത്രമാണ്. സ്നേഹത്തോടെ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച് കൈയിൽ കൊടുക്കും എന്നൊക്കെ എൽഡിഎഫ് നേതാക്കൾ പ്രംസംഗിക്കുന്നുണ്ടെങ്കിലും, ഒരുലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധിയെ പിടിച്ചുകെട്ടാനായാൽ അത് തങ്ങളുടെ നേട്ടമായി കണക്കാക്കാമെന്നാണ് സിപിഎം നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നത്.

ആദ്യഘട്ടത്തിലെ അതിശക്തമായ രാഹുൽ കൊടുങ്കാറ്റിനെ ചിട്ടയായ പ്രവർത്തനം വഴിയും, നൂറുകണക്കിന് കുടുംബയോഗങ്ങൾ വഴിയും മെരുക്കാൻ കഴിഞ്ഞതായാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പങ്കെടുത്ത ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോ, ശരിക്കും വയനാടിനെ ഞെട്ടിച്ചിരുന്നു. ഇടതുപക്ഷ സ്ഥനാർഥിയും സിപിഐയുടെ നേതാവുമായ പി പി സുനീറിനും ഈ തെരഞ്ഞെടുപ്പ് അഭിമാനകരമായ നേട്ടം തന്നെയാണ് സമ്മാനിക്കുന്നത്. എതിരാളിയെക്കണ്ട് ഒട്ടും പതറാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. ബിഡിജെഎസ് സ്ഥാനാർത്ഥിയും കാടിളക്കി പ്രചാരണം നടത്തുന്നുണ്ടെങ്കിലും, അത് വോട്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. താരമമ്യേന ബിജെപി ദുർബലമായ വയനാട് മണ്ഡലത്തിൽ, വോട്ട് ഗണ്യമായി ഉയർത്തി നേട്ടമുണ്ടാക്കാമെന്ന കണക്കൂകൂട്ടലിലാണ് എൻഡിഎ.

ആവേശത്തിരയിളക്കി രാഹുൽ

ഒരാഴ്ചയോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രാഹുൽഗാന്ധിയുടെ മാസ് എൻട്രി വയനാട്ടിലെ തെരഞ്ഞെടുപ്പിനെ പൊടുന്നനെയാണ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒന്നാക്കി മാറ്റിയത്. അതോടെ ദേശീയ മാധ്യമങ്ങളെയും ദേശീയ നേതാക്കളെയും തട്ടി വയനാട്ടുകാർക്ക് വഴിനടക്കാൻ പറ്റാത്ത അവസ്ഥയായി. രാഹുലിന്റെ പേര് പ്രഖ്യാപിച്ചതുതൊട്ട് വയനാട്ടിൽ നിലനിന്ന ആവേശം പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും നിറഞ്ഞ് നിൽക്കുകയാണ്. പത്രിക സമർപ്പിക്കാൻ എത്തിയപ്പോഴും, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴും പൂഴിയിട്ടാൽ താഴെപ്പോവാത്ത പുരുഷാരമാണ് രാഹുൽ ഗാന്ധിയെ കാണാൻ തടിച്ചുകൂടിയത്. മണ്ഡലത്തിന്റെ ഭാഗമായ മൂന്ന് ജില്ലകളിലും രാഹുലെത്തിയതോടെ അവസാന വട്ട പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്താനായെന്നാണ് യു.ഡി.എഫിന്റെ കണക്ക് കൂട്ടലുകൾ. മണ്ഡലത്തെ തൊട്ടറിഞ്ഞ് വികസന പ്രശ്നങ്ങളും ജനങ്ങളുടെ ആഗ്രഹങ്ങളുമൊക്കെ പരാമർശിച്ചായിരുന്നു രാഹുലിന്റെ രണ്ടാം ഘട്ട പര്യടനം.

വയനാടിന്റെ ഹൃദയത്തിൽ തൊട്ടായിരുന്നു ബത്തേരിയിൽ നിന്നും തിരുമ്പാടി വഴി വണ്ടൂരിലേക്ക് രാഹുൽ പറന്നിറങ്ങിയത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആരും കാര്യമായി ഉന്നയിക്കാതിരുന്ന മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞ് നമുക്ക് കൂട്ടായി പരിഹരിക്കാമെന്ന രാഹുലിന്റെ വാക്കുകൾ കേട്ടുനിന്നവരെയും കോരിത്തരിപ്പിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള മലയോരത്തെ സംഘർഷം മുതൽ രാത്രി യാത്ര നിരോധനവും വരെയുള്ള പ്രശ്നങ്ങൾ രാഹുൽ എണ്ണിപ്പറഞ്ഞു. വയനാടിന്റെ സൗന്ദര്യത്തെ കുറിച്ച് വാചാലനായി. ആ സൗന്ദര്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തി്ക്കുമെന്ന വാഗ്ദാനവും നൽകി. തനിക്ക് വയനാട് നൽകേണ്ടത് ഹൃദയ ബന്ധമാണെന്ന് ഓരോയിടത്തും രാഹുൽ ആവർത്തിച്ചു. ഇതെല്ലാം കയ്യടിച്ച് ജനം സ്വീകരിച്ചത് യു.ഡി.എഫിന്റെ പ്രതീക്ഷകളെ വാനോളം ഉയർത്തുന്നു.

ന്യൂനപക്ഷ ധ്രുവീകരണം വ്യക്തം

രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ ന്യൂനപക്ഷ വോട്ടുകളിൽ കോൺഗ്രസിന് അനുകൂലമായ ധ്രുവീകരണം പ്രകടമാണ്.മുമ്പൊക്കെ മോദിപ്പേടിയിൽ ന്യുനപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കാണ് ഒഴുകിയിരുന്നത്. ഇത്തവണയും ഇടതുമുന്നണിയുടെ തന്ത്രം അതുതന്നെയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയതോടെ, മോദി വിരുദ്ധ വികാരത്തിന്റെ ഗുണം യുഡിഎഫിനാണ് പോവുന്നത്. ഇതോടെ ഇടതുപക്ഷം തങ്ങളുടെ രാഷ്ട്രീയ കുന്തമുന പെട്ടെന്ന് രാഹുൽ ഗാന്ധിക്കെതിരെ തിരിക്കേണ്ടി വന്നു. ഈ രാഷ്ട്രീയ പ്രതിരോധം എത്രകണ്ട് ഗുണം ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും ഇടതുമുന്നണിയുടെ അതിജീവന സാധ്യതകൾ. ഉത്തരേന്ത്യയിലെ ഗോഹത്യാ-ആൾക്കൂട്ട കൊലപാതകങ്ങൾ മുസ്ലീ ന്യൂനപക്ഷങ്ങളിൽ വലിയ ഭീതിയാണ് ഉണ്ടാക്കിയത്. മുമ്പൊക്കെ ഇതിന്റെ ഗുണഫലം സിപിഎമ്മിനായിരുന്നു. എന്നാൽ മോദിയെ നേരിട്ട് എതിർക്കുന്ന രാഹുൽ ഗാന്ധിയെത്തിയതോടെ, ഈ ഫാക്ടറും യുഡിഎഫിലേക്കുള്ള ഒഴുക്കിന് ആക്കം കൂട്ടുകയാണ്.

ഇതോടൊപ്പം അമിത്ഷാ അടക്കമുള്ള നേതാക്കളുടെ തീവ്രമായ പ്രസ്താവനകളും പച്ചക്കൊടി വിവാദവും ഫലത്തിൽ യുഡിഎഫിനു തന്നെയാണ് ഗുണം ചെയ്യുന്നത്. മുസ്ലിംലീഗിന്റെ പച്ചക്കൊടിയെ പാക്കിസ്ഥാൻ പതാകയാക്കിയുള്ള ചില തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രചാരണമൊക്കെ ഫലത്തിൽ മുസ്ലിം വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി ഏകീകരിക്കപ്പെടുന്ന രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടാക്കുന്നത്.

അമേഠിയും ബിജെപിയുടെ കൂടുമാറ്റവും വിഷയമാക്കി ഇടത്

രാഹുൽ വന്നതോടെ പ്രചാരണ വിഷയങ്ങളിൽ യു ടേൺ അടിക്കേണ്ടിവന്ന ഇടതുമുന്നണി, അമേഠിയുടെ പിന്നോക്കാവസ്ഥ, രാഹുൽ തന്നെ ഇടതുപക്ഷത്തെക്കുറിച്ച് പറഞ്ഞ നല്ലകാര്യങ്ങൾ, കോൺഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള കാലുമാറ്റം തുടങ്ങിയവ വിഷയമാക്കിയാണ് പ്രചാരണം കൊഴുപ്പിച്ചത്. 'രാഹുൽ ഗാന്ധിയെ അമേഠിയിൽ നിന്ന് കാണാതായിരിക്കുന്നു, അദ്ദേഹത്തെ കണ്ടെത്തിത്തരുന്നവർക്ക് തക്കതായ പ്രതിഫലം നൽകുമെന്ന്' ബിജെപി അമേഠിയിൽ ഇറക്കിയ പോസ്റ്റർ വയനാട്ടിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വർഷങ്ങളായി വി ഐ പി മണ്ഡലമായിട്ടും അമേഠിയുടെ ഇന്നത്തെ അവസ്ഥ ഒന്ന് കണ്ടു നോക്കാമെന്ന് പറഞ്ഞുള്ള വീഡിയോയും എൽഡിഎഫ് തങ്ങളുടെ എല്ലാ കുടുംബയോഗങ്ങളിലും കാണിക്കുന്നുണ്ട്.

എം പി എന്ന നിലയിൽ മണ്ഡലത്തിന് പുറത്തും രാഹുലിന്റെ സംഭാവനകൾ കാര്യമായി ഒന്നുമില്ല എന്നാണ് ഇടതുപക്ഷത്തിന്റെ മറ്റൊരു വാദം.പാർലമെന്റിലെ ഹാജർ നില വെറും 43 ശതമാനം മാത്രമാണ്. ശരാശരിയായ 76 ശതമാനത്തിലും വളരെ താഴെ. രാജ്യത്തെ ബാധിക്കുന്ന സുപ്രധാനമായ വിഷയങ്ങൾ ഏറ്റെടുക്കാനോ അവ പാർലമെന്റിൽ ഉന്നയിക്കാനോ ഒന്നും രാഹുൽ ശ്രദ്ധിച്ചിട്ടില്ല. ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കാര്യമായ വിമർശനം അദ്ദേഹം നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചില വിഷയങ്ങൾ ഉയർത്തുന്നു എന്നതൊഴിച്ചാൽ തീർത്തും പരാജയമാണ് രാഹുൽ. ദലിതരും മുസ്ലീങ്ങളും വേട്ടയാടപ്പെടുമ്പോഴും പശുവിന്റെ പേരിൽ പോലും മനുഷ്യർ കൊല്ലപ്പെടുമ്പോഴുമെല്ലാം രാഹുൽ പലപ്പോഴും മൗനിയായിരുന്നു.- എൽഡിഎഫ് വിമർശനം അങ്ങനെ പോവുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പുരോഗമനപരമായ അഭിപ്രായം പറഞ്ഞെങ്കിലും പിന്നീടത് സൗകര്യപൂർവ്വം മാറ്റിപ്പറയുകയയിരുന്നു. അമേഠി മണ്ഡലത്തിൽ ഒരു സിനിമാ തിയേറ്റർ പോലുമില്ല എന്ന കാര്യവും അടുത്തിടെ വാർത്തയായിരുന്നു. ഉറി എന്ന സിനിമ പ്രദർശിപ്പിക്കാൻ തിയേറ്റർ ഇല്ലാത്തതുകൊണ്ട് സമാന്തര പ്രദർശനം സംഘടിപ്പിച്ചതും അടുത്തിടെയായിരുന്നുവെന്നും എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതായത് രാഹുൽ ഗാന്ധി ഇടതുപക്ഷത്തിനെതിരെ കാര്യമായി ഒന്നും പറയുന്നില്ലെങ്കിലും ഇടതുപക്ഷം ശക്തമായി രാഹുലിനെ കടന്നാക്രമിക്കുന്നുണ്ട്. ഇത് ജനങ്ങളെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്റെ കൂടി അടിസ്ഥാനത്തിൽ ആയിരിക്കും, വയനാട്ടിലെ ഭൂരിപക്ഷ കണക്ക്.

എല്ലാ സർവേകളിലും രാഹുൽ തന്നെ

വയനാട്ടിൽ രാഹുൽഗാന്ധി സ്ഥനാർഥിയായശേഷമുള്ള അഭിപ്രായ സർവേകളിലും യുഡിഎഫിന് തന്നെയാണ് മൂൻതൂക്കം. എന്നാൽ ഏഷ്യാനെറ്റിന്റെ സർവേയിലൊന്നും രാഹുൽ തരംഗം പ്രവചിക്കപ്പെട്ടിട്ടില്ല. എൽഡിഎഫിന് ആശ്വാസമാകുന്നത്് അതാണ്. രാഹുൽഗാന്ധിക്ക് മുൻതൂക്കമുണ്ട്, പക്ഷേ തരംഗമില്ല എന്ന നിലപാടിലാണ് ഇടതുപക്ഷവും. എന്നാൽ മറുനാടൻ മലയാളി നടത്തിയ സർവേയിലടക്കം വ്യക്തമായ രാഹുൽ തംരംഗത്തിന്റെ സൂചനായാണ് കിട്ടുന്നത്.

മറുനാടൻ സർവേയിൽ 56 ശതമാനം വോട്ടിന്റെ വലിയ പിന്തുണയാണ് രാഹുൽ ഗാന്ധി നേടിയത്. എൽഡിഎഫ് വെറും 34 ശതമാനം വോട്ടിൽ ഒതുങ്ങും. മുന്നണികൾ തമ്മിലെ 22 ശതമാനം എന്ന വലിയ വോട്ടുവ്യത്യാസം രണ്ടുലക്ഷത്തിന് മുകളിലുള്ള വോട്ടിന് രാഹുൽ ജയിക്കുമെന്നതിന്റെ സൂചകമാണ്. കേരളംപോലെ ഒരു സ്ഥലത്തെ ഇത്ര വലിയ വോട്ടു വ്യത്യാസം ഒരു മുന്നണിക്ക് കിട്ടുക എന്നതും അപൂർവമാണ്. മാത്രമല്ല വ്യക്തമായ തരംഗത്തിന്റെയും സൂചനയാണത്. രാഹുൽ തരംഗത്തിൽ ബിജെപിക്കും വോട്ട് വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

വയനാട് ജില്ലയിലെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടുർ, നിലമ്പുർ എന്നീ എഴ് നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് വയനാട് ലോകസഭാ മണ്ഡലം. ഇതിൽ വണ്ടുർ, ഏറനാട്, ബത്തേരി എന്നീ മൂന്നു മണ്ഡലങ്ങൾ മാത്രമാണ് നിലവിൽ യുഡിഎഫിന് ഉള്ളത്. പക്ഷേ കൽപ്പറ്റ, മാനന്തവാടി, തിരുവമ്പാടി, നിലമ്പൂർ എന്നിവയൊക്കെ ചാഞ്ചാടുന്ന മണ്ഡലങ്ങളാണ്. ഏറനാട്, വണ്ടുർ, ബത്തേരി എന്നിവ യുഡിഎഫിന്റെ ഉറച്ച കോട്ടകളും. കാർഷിക വിലത്തകർച്ചയും സാമ്പത്തിക മാന്ദ്യവും വല്ലാതെ ബാധിച്ച വയനാട്ടിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കെതിരെ ഒരുപോലെ ജനരോഷം ഉണ്ടാകുന്നതായി സർവേ വിലയിരുത്തുന്നുണ്ട്. ഈ ഇരട്ട ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യവും രാഹുൽ ഗാന്ധിക്ക് ലഭിക്കുന്നുണ്ട്.

കഴിഞ്ഞ ലോക്‌സഭാ മണ്ഡലത്തിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഇവിടെ കോൺഗ്രസ് നേതാവ് എം ഐ ഷാനവാസ് ജയിച്ചു കയറിയത്. അതിനുമുമ്പത്തെ തെരഞ്ഞെടുപ്പിൽ ഷാനവാസിനുതന്നെ കിട്ടിയ ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഒറ്റയടിക്ക് ഒലിച്ചുപോയത് കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ഈ വർഷം കോഴിക്കോട് ഡിസിസി പ്രസിഡൻന്റ് ടി സിദ്ദീഖിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം നടക്കവേയാണ് രാഹുൽ ഗാന്ധിയുടെ മാസ് എൻട്രിയുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP