Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണേ..കരളേ.. വി എസ്സേ.... ഞങ്ങടെ ഓമന നേതാവേ...; പ്രിയ നേതാവിനെ കാണാൻ യോഗത്തിന് ഒരു മണിക്കൂർ മുൻപേ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ച് വയോധികർ ഉൾപ്പെടെയുള്ള ജനാവലി; 'അമേഠിയിൽ നിന്ന് അഭയാർഥി ഇപ്പോൾ കേരളത്തിൽ അഭയം പ്രാപിച്ചിട്ടുണ്ട്; വർഗ്ഗീയതയെ തടുക്കുന്നത് വയനാടൻ മലകളിൽ ഇരുന്നും; കേരളത്തിൽ എത്തുന്ന രാഹുൽ മോന് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മുട്ടിന് ബലം പോരെന്നും പരിഹാസം; ആറ്റിങ്ങലിലെ പ്രചരണ പരിപാടിയിൽ 95ലും താരമായി വി എസ്

കണ്ണേ..കരളേ.. വി എസ്സേ.... ഞങ്ങടെ ഓമന നേതാവേ...;  പ്രിയ നേതാവിനെ കാണാൻ യോഗത്തിന് ഒരു മണിക്കൂർ മുൻപേ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ച് വയോധികർ ഉൾപ്പെടെയുള്ള ജനാവലി; 'അമേഠിയിൽ നിന്ന് അഭയാർഥി ഇപ്പോൾ കേരളത്തിൽ അഭയം പ്രാപിച്ചിട്ടുണ്ട്; വർഗ്ഗീയതയെ തടുക്കുന്നത് വയനാടൻ മലകളിൽ ഇരുന്നും; കേരളത്തിൽ എത്തുന്ന രാഹുൽ മോന് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മുട്ടിന് ബലം പോരെന്നും പരിഹാസം; ആറ്റിങ്ങലിലെ പ്രചരണ പരിപാടിയിൽ 95ലും താരമായി വി എസ്

അരുൺ ജയകുമാർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് മാത്രം സിപിഎം ഉപയോഗിക്കുന്ന വജ്രായുധമാണ് വി എസ് അച്ചുതാനന്ദൻ എന്ന തലമുതിർന്ന നേതാവ്. അത് കഴിഞ്ഞാൽ കറിവേപ്പില പോലെ വലിച്ചെറിയും. അല്ലെങ്കിൽ ഒരു മൂലയ്ക്കിരുത്തും എന്നാണ് എതിരാളികൾ പ്രചരിപ്പിക്കുന്നത്. ഒരു പരിധിവരെ ഇത് ചില സിപിഎം അണികളും അനുഭാവികളും പോലും സമ്മതിക്കാറുണ്ട്. എന്നാൽ എന്തു തന്നെ ആയാലും ഇപ്പോൾ കേരളത്തിൽ ജീവിച്ചിരിക്കുന്ന നേതാക്കളിൽ ജനക്കൂട്ടത്തെ ആകർഷിക്കുന്ന, പിടിച്ചിരുത്തുന്ന മറ്റൊരു നേതാവ് ഇല്ല എന്നതാണ് സത്യം.

പാർട്ടി വേദികളിൽ പോലും മറ്റൊരു നേതാവിനും ലഭിക്കാത്ത സ്വീകാര്യത വി എസ് എന്ന ജന നേതാവിന് ഉണ്ട്. അതിന്റെ തെളിവാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി എ സമ്പത്തിന്റെ തെരഞ്ഞെടുപ്പ് പരിപാടിക്ക് ആവേശമായി വി എസ് എത്തിയപ്പോൾ ഉള്ള കാഴ്‌ച്ചകൾ.

ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിലെ തൊപ്പിച്ചന്ത എന്ന പ്രദേശത്തായിരുന്നു ഇന്ന് വി എസ് പങ്കെടുത്ത പരിപാടി. അഞ്ച് മണിക്കാണ് പരിപാടി എന്ന് പറഞ്ഞിരുന്നുവെങ്കിലും നാല് മണി മുതൽ തന്നെ സമ്മേളനം നടക്കുന്ന തൊപ്പിച്ചന്ത ജംഗ്ഷനിലേക്ക് പ്രിയ നേതാവിനെ കാണാനും പ്രസംഗം കേൾക്കാനും യുവാക്കൾ മുതൽ പ്രായമായവർ വരെ എത്തിയിരുന്നു.

പൊതുപരിപാടി ആരംഭിക്കുന്നതിന് മുൻപ് വി എസ് അൽപ്പസമയത്തിനുള്ളിൽ എത്തും എന്ന അനൗൺസ്മെന്റ് വന്നപ്പോൾ തന്നെ വേദിയിൽ നിലയ്ക്കാത്ത കൈയടികളായിരുന്നു. ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് കൃത്യം അഞ്ചര മണിക്ക് വി എസ് എത്തി. മൈതാനത്തിന്റെ പ്രധാന കവാടത്തിന് മുന്നിൽ അദ്ദേഹത്തെ സ്വീകരിക്കാൻ നൂറ് കണക്കിന് പാർട്ടി പ്രവർത്തകർ നിലയുറപ്പിച്ചിരുന്നു.

വാഹനത്തിന്റെ ഡോർ തുറന്ന് വി എസ് പുറത്തിറങ്ങിയപ്പോൾ മുതൽ മുദ്രാവാക്യം വിളികളാൽ അന്തരീക്ഷം നിറഞ്ഞു. 'കണ്ണേ കരളേ വി എസ്സേ..ഞങ്ങട ഓമന നേതാവേ.. ഞങ്ങട ചങ്കിലെ റോസാപ്പൂവേ...പുന്നപ്രയുടെ പൊന്നോമനയെ..സഖാവുയർത്തിയ മുദ്രാവാക്യം ഞങ്ങളി മണ്ണിൽ ശാശ്വതമാക്കും' എന്നിങ്ങനെ അനന്തമായി മുദ്രാവാക്യം വിളികൾ മുഴങ്ങി.

പിന്നീട് കാറിൽ നിന്ന് പുറത്തിറങ്ങിയ വി എസ്സിനെ മുൻ നേമം എംഎൽഎ വി ശിവൻ കുട്ടിയും മറ്റ് നേതാക്കളും ചേർന്ന് വേദിയിലേക്ക് കൈപിടിച്ച് ആനയിച്ചു. എണീറ്റ് നിന്ന് കൈയടിച്ചും കൈകളുയർത്തി അഭിവാദ്യം ചെയ്തുമാണ് ജനങ്ങൾ സ്വീകരിച്ചത്. വടി ഊന്നി നടക്കുന്ന മുത്തശ്ശിമാരും മുത്തച്ഛന്മാരും മുതൽ ചുറുചുറുക്കുള്ള യുവാക്കൾ വരെ നേതാവിന്റെ പ്രസംഗം കാതോർത്ത് കേട്ടിരുന്നു.

പ്രസംഗത്തിൽ സംഘപരിവാറിനെയാണ് വി എസ് കടന്നാക്രമിച്ചത്. ഒപ്പം തന്നെ കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും വി എസ് കണക്കിന് പരിഹസിച്ചു. അമേഠിയിൽ നിന്ന് അഭയാർഥി ഇപ്പോൾ കേരളത്തിൽ അഭയം പ്രാപിച്ചിട്ടുണ്ട് എന്ന് പ്രസംഗിച്ചപ്പോൾ നിലയ്ക്കാത്ത കൈയടികളായിരുന്നു. ബിജെപിയുടെ വർഗ്ഗീയതയെ നേരിടാൻ അവരുമായി നേരിട്ട് ഏറ്റുമുട്ടി കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ പ്രധാനമന്ത്രിയാകും എന്നാണ് രാഹുൽ മോൻ പറയുന്നത്.

പക്ഷേ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കാൽ മുട്ടിനും നട്ടെല്ലിനും ബലം പോര എന്ന്.. നീട്ടിക്കുറുക്കി പ്രസംഗം. ഉടൻ ഓടി വയനാടൻ മലനിരയിൽ കയറി ഇരിക്കുകയാണ്. ഇവിടെ വന്ന് ഇടത് പക്ഷത്തെ മുഖ്യ ശത്രുവായി കണ്ട ഒളിപ്പോര് നടത്താനാണ് പദ്ധതി എന്ന്. രാഷ്ട്രീയ പാപ്പരത്വം എന്നല്ലാതെ എന്ത് പറയാൻ എന്നായിരുന്നു വിഎസിന്റെ വിമർശനം.

ആറ്റിങ്ങൽ ഇടത് പക്ഷത്തിന്റെ കോട്ടയാണ് എന്നും എ സമ്പത്ത് തന്നെയാണ് ആറ്റിങ്ങലിന്റെ സമ്പത്ത് എന്നുമാണ് സ്ഥാനാർത്ഥിയെ വിശേഷിപ്പിച്ചത്. സമ്പത്തിന് ഭൂരിപക്ഷം ഇരട്ടിയാകുന്നതിന് വേണ്ടിയാണ് ശ്രമിക്കേണ്ടത് എന്നും വി എസ് പറഞ്ഞു. വിഎസിന്റെ പ്രസംഗം നിലയ്ക്കാത്ത കൈയടിയോടെയാണ് സ്വീകരിക്കപ്പെട്ടത്. പ്രസംഗിച്ചതിന് ശേഷം 15 മിനിറ്റോളം അദ്ദേഹം വേദിയിൽ തന്നെ ഇരുന്നു. ഈ സമയം വി ശിവൻകുട്ടിയോട് തോളിൽ കൈയിട്ട് കുശലം പറയുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.

വേദിയിൽ നിന്ന് തിരിച്ചിറങ്ങുമ്പോഴും ജനങ്ങൾ എണീറ്റ് നിന്ന് നേതാവിനോടുള്ള ആദരവ് പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ ദേശീയ, സംസ്ഥാന നേതാക്കൾ വേദികളിൽ നിന്ന് വേദികളിലേക്ക് പ്രസംഗത്തിന് പോകാറുണ്ടെങ്കിലും 95ന്റെ 'യൗവ്വനത്തിൽ' നിൽക്കുന്ന വി എസ് എന്ന നേതാവിന് ഇപ്പോഴും കിട്ടുന്നത് മറ്റാർക്കും ഇല്ലാത്ത സ്വീകാര്യത തന്നെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP