Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിപിയുടെ ഘാതകരെ ന്യായീകരിക്കാൻ വിഎസിനെ കിട്ടില്ല; കെകെ രമയുടെ കണ്ണീരിന്റെ വില തിരിച്ചറിഞ്ഞ് സഖാവിന്റെ തീരുമാനം; വടകരയിൽ ജയരാജനായി വോട്ട് പിടിക്കാൻ വി എസ് പോകില്ല; അക്രമ രാഷ്ട്രീയം ചർച്ചയാകുന്ന കണ്ണൂരും കാസർഗോട്ടും ഒഴിവാക്കും; പിള്ളയെ ചൊല്ലിയും നീരസങ്ങൾ ഏറെ; ആവേശത്തിരയിളക്കി പോരാട്ടവീര്യം ജ്വലിപ്പിക്കുന്ന വിഎസിന്റെ പോസ്റ്ററുകളിലെ അസാന്നിധ്യവും ചർച്ചാവിഷയം; തെരഞ്ഞെടുപ്പിൽ നിന്ന് വിഎസിന്റെ മുഖം മാറ്റുന്നതിന്റെ പേരിൽ സിപിഎമ്മിൽ പുതിയ വിവാദം

ടിപിയുടെ ഘാതകരെ ന്യായീകരിക്കാൻ വിഎസിനെ കിട്ടില്ല; കെകെ രമയുടെ കണ്ണീരിന്റെ വില തിരിച്ചറിഞ്ഞ് സഖാവിന്റെ തീരുമാനം; വടകരയിൽ ജയരാജനായി വോട്ട് പിടിക്കാൻ വി എസ് പോകില്ല; അക്രമ രാഷ്ട്രീയം ചർച്ചയാകുന്ന കണ്ണൂരും കാസർഗോട്ടും ഒഴിവാക്കും; പിള്ളയെ ചൊല്ലിയും നീരസങ്ങൾ ഏറെ; ആവേശത്തിരയിളക്കി പോരാട്ടവീര്യം ജ്വലിപ്പിക്കുന്ന വിഎസിന്റെ പോസ്റ്ററുകളിലെ അസാന്നിധ്യവും ചർച്ചാവിഷയം; തെരഞ്ഞെടുപ്പിൽ നിന്ന് വിഎസിന്റെ മുഖം മാറ്റുന്നതിന്റെ പേരിൽ സിപിഎമ്മിൽ പുതിയ വിവാദം

എം മനോജ് കുമാർ

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്റെ ഓർമ്മകൾ ഉറങ്ങുന്ന വടകരയുടെ മണ്ണിലേക്ക് ഇക്കുറിയും തിരഞ്ഞെടുപ്പ് പ്രചാരണവുമായി വി എസ് എത്തില്ല. കണ്ണൂർ ലോബിയുടെ ശക്തനായ വക്താവായി നിലകൊള്ളുന്ന പി.ജയരാജൻ സ്ഥാനാർത്ഥിയാകുന്ന വടകര ലോക്‌സഭാ മണ്ഡലത്തിൽ ജയരാജന് അനുകൂലമായി ശബ്ദിക്കാനും , വോട്ടു പിടിക്കാനും താനില്ലെന്ന ഉറച്ച തീരുമാനമാണ് വിഎസിൽ നിന്നും വരുന്നത്. ആർഎംപിയേയും, ടിപിയുടെ വിധവ രമയേയും അലോസരപ്പെടുത്തുന്ന ഒരു തീരുമാനവും തന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന വിഎസിന്റെ പരസ്യപ്പെടുത്തൽ കൂടിയാണ് മലബാർ ബഹിഷ്‌ക്കരിക്കാനുള്ള വിഎസിന്റെ തീരുമാനത്തിൽ നിന്നും വരുന്നത്. ഇതോടെ സിപിഎം ശക്തമായ മത്സരം നേരിടുന്ന വടകരയിലും കണ്ണൂരും, കാസർകോടും സിപിഎമ്മിന്റെ നില കൂടുതൽ പരുങ്ങലിലായിരിക്കുകയാണ്.

അക്രമ രാഷ്ട്രീയം സജീവ ചർച്ചയാകുന്ന കണ്ണൂരിന്റെ മണ്ണിലേക്ക് വി എസ് എത്താത്തത് യുഡിഎഫും ബിജെപിയും ഈ തെരഞ്ഞടുപ്പിൽ ഉയർത്തിക്കാണിക്കുകയും ചെയ്യും. ഇത് പെരിയ, ഷുഹൈബ്, ടിപി, അരിയിൽ ഷുക്കൂർ വധത്തിന്റെ പേരിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന സിപിഎമ്മിന് വമ്പൻ രാഷ്ട്രീയ തിരിച്ചടികൂടിയാകും. അക്രമ രാഷ്ട്രീയം നിലനിൽക്കുന്ന കണ്ണൂരിന്റെ മണ്ണിൽ മാത്രമല്ല ഇതേ പ്രശ്‌നം നേരിടുന്ന കാസർകോടിന്റെ മണ്ണിലേക്കും വി എസ് എത്തുന്നില്ല എന്നതും ശ്രദ്ധേയമായി മാറുകയാണ്.

ഒരു കാലത്ത് തന്റെ വിശ്വസ്തനായിരുന്ന സതീഷ് ചന്ദ്രൻ സ്ഥാനാർത്ഥിയായിട്ടുകൂടി കാസർകോടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വി എസ് എത്തുന്നില്ല. പെരിയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് വി എസ് കാസർകോട് ഒഴിച്ച് നിർത്തുന്നത്. കോഴിക്കോട് എത്തുമ്പോൾ അതിനടുത്ത മൂന്നു മണ്ഡലങ്ങളാണ് വടകരയും കണ്ണൂരും കാസർകോടും. വടകര പി.ജയരാജൻ ഇടതുമുന്നണി സ്ഥാനാർത്ഥിയാകുമ്പോൾ, കണ്ണൂരിൽ പി.കെ.ശ്രീമതിയും കാസർകോട് സതീഷ് ചന്ദ്രനുമാണ് ഇടത് സ്ഥാനാർത്ഥികൾ. ഒരു കാലത്തു തനിക്ക് പ്രിയങ്കരനായിരുന്ന എ.പ്രദീപ്കുമാറിന് വോട്ടു തേടി വി എസ് എത്തുമ്പോൾ കണ്ണൂർ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു നോക്കില്ലെന്ന നിലപാടാണ് വി എസ് കൈക്കൊള്ളുന്നത്.

ടി.പി.വധവും അക്രമ രാഷ്രീയവും മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാകുന്ന വടകരയിൽ സിപിഎമ്മിനായി വിഎസിന്റെ ശബ്ദം ഉയരുമോ എന്ന കാര്യം ചർച്ചാവിഷയമാകുമ്പോഴാണ് ഇപ്പോൾ സിപിഎമ്മിനായി വോട്ടുതേടി മലബാറിലേക്ക് ഇല്ലെന്നു വി എസ് തന്നെ വ്യക്തമാക്കുന്നത്. അക്രമരാഷ്ട്രീയത്തിനനുകൂലമായി സിപിഎം നിലകൊള്ളുന്നുണ്ടെങ്കിലും വി എസ് ഇപ്പോഴും തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. കേരളത്തിലെ ജനപ്രിയ നേതാവായ വി എസ്.അച്യുതാനന്ദന്റെ പോസ്റ്ററുകൾ ഇല്ലാതെയാണ് ഇപ്പോൾ തിരഞ്ഞെടുപ്പിനെ നേരിടാൻ സിപിഎം നീക്കം നടത്തുന്നതും. കഴിഞ്ഞ നിയമസഭാ ലോക്‌സഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇക്കുറി ഇടതുമുന്നണി പോസ്റ്ററുകളിൽ വിഎസിന്റെ അസാന്നിധ്യം പ്രകടമാണ്. ഇടതുമുന്നണിയുടെ എക്കാലത്തെയും തിരഞ്ഞെടുപ്പ് തുറുപ്പ് ചീട്ടുകളിൽ ഒന്നായ വിഎസിന്റെ സാന്നിധ്യം ഇതുവരെ പ്രകടമായിട്ടില്ല.തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ തരംഗമാകുന്ന വിഎസിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടി പാർട്ടി അണികൾ ഇപ്പോഴേ രംഗത്തുണ്ട്. തരംഗമാകുന്ന വി എസ് വരാത്തതിൽ നേതാക്കളിലും ആശങ്ക മൊട്ടിട്ടുണ്ട്. പോസ്റ്ററുകളിൽ നിന്ന് വിഎസിനെ ഇല്ലാതാക്കാനുള്ള നീക്കം നടത്തുമ്പോൾ തിരിച്ച് വിഎസും തന്റെ അതൃപ്തി പ്രകടമാക്കിക്കൊണ്ടിരിക്കുന്നുമുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ഇടതുമുന്നണി ആരംഭിച്ചപ്പോൾ സി ദിവാകരന്റെ സെൻട്രൽ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനും ആലപ്പുഴയിൽ അരൂരിന്റെ കൺവെൻഷനിലും മാത്രമാണ് വി എസ് എത്തിയത്. . അക്രമ രാഷ്ട്രീയവും പിള്ളയുമാണ് വി എസ് ഇടഞ്ഞു നിൽക്കുന്നതിന്റെ രണ്ടു കാരണങ്ങൾ. അതൃപ്തി വി എസ് എപ്പോഴും പ്രകടമാക്കുന്നുമുണ്ട്.പിള്ളയെ മുന്നണിയിൽ എടുത്തത് മുതൽ ഇടതുമുന്നണി യോഗങ്ങൾക്ക് വി എസ് എത്തിയിട്ടുമില്ല ആർ.ബാലകൃഷ്ണയെ മുന്നോക്ക സമുദായ കോർപറേഷൻ ചെയർമാനായി തിരഞ്ഞെടുത്തതുമുതൽ വി എസ് സിപിഎം ഔദ്യോഗിക നേതൃത്വവുമായി അകന്നു കഴിയുകയാണ് . വിഎസിന്റെ കടുത്ത എതിർപ്പിനെ മറികടന്നാണ് മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും ഇടതുമുന്നണി ഘടകകക്ഷി സ്ഥാനവും പിള്ളയ്ക്ക് നൽകിയത്. വിഎസിനെ തള്ളി എൻഎസ്എസിന്റെ പിന്തുണ തേടിയുള്ള ശക്തമായ നീക്കമാണ് ബാലകൃഷ്ണ പിള്ളയുടെ കാര്യത്തിൽ സിപിഎം നടത്തിയത്.

പക്ഷെ വിഎസിന്റെ എതിർപ്പ് നിലനിൽക്കുമ്പോൾ തന്നെ പിള്ള വഴിയുള്ള എൻഎസ്എസ് പിന്തുണ സിപിഎമ്മിനു ലഭിച്ചതുമില്ല. ശബരിമല യുവതീ പ്രവേശന വിഷയത്തോടെ എൻഎസ്എസും സിപിഎമ്മും തമ്മിൽ അകന്നു. എൻഎസ്എസിന്റെ പിന്തുണയിൽ ഇടതുമുന്നണി പ്രവേശനം തരമാക്കിയ പിള്ള എൻഎസിൽ നിന്നും അകലുകയും ഇടതുമുന്നണിയുടെ ഭാഗമായി സിപിഎമ്മിന്റെ ശബരിമല നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്തു. ഇതുകൊണ്ട് തന്നെ പിള്ളയുടെ കാര്യത്തിൽ എൻഎസ്എസ് പിന്തുണ സിപിഎമ്മിന് ലഭ്യമായില്ല. അതേസമയം പിള്ളയുടെ കാര്യത്തിൽ വിഎസിന്റെ എതിർപ്പ് നേരിടേണ്ടി വരുകയും ചെയ്തു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പിള്ളയെ മുന്നോക്ക സമുദായ കോർപറേഷൻ ചെയർമാനാക്കിയപ്പോൾ ശക്തമായി രംഗത്ത് വന്നതാണ് വി എസ്. അതേ വിഎസിന്റെ പാർട്ടിയാണ് ഇക്കുറി അധികാരത്തിൽ വന്നപ്പോൾ ബാലകൃഷ്ണപിള്ളയ്ക്ക് മുന്നോക്ക സമുദായ കോർപറേഷൻ ചെയർമാൻ സ്ഥാനവും പിള്ളയുടെ പാർട്ടിയായ കേരളാ കോൺഗ്രസ് (ബി) യ്ക്ക് ഇടതുമുന്നണി അംഗത്വവും നൽകിയത്. ഇടമലയാർ കേസിലെ അഴിമതിയുടെ പേരിൽ വി എസ് നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് പിള്ളയ്ക്ക് ശിക്ഷയും പൂജപ്പുരയിലെ കാരാഗ്രഹവാസവും ലഭിച്ചത്. ഇതേ പിള്ളയെ പാർട്ടിയായ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ആനയിച്ച് നടക്കുന്നതിൽ പ്രകടമായ അസംതൃപ്തിയിലാണ് വി എസ്. അതുകൊണ്ട് തന്നെ പിള്ള ഇടതുമുന്നണിയിൽ വന്നതുമുതലുള്ള ഇടതു മുന്നണി യോഗങ്ങൾക്ക് വി എസ് പങ്കെടുക്കാറില്ല. ഇരയും വേട്ടക്കാരനും ഒരേ മുന്നണിയിൽ ഒരേ കാബിനറ്റ് റാങ്കിൽ തുടരുന്നതാണ് വിഎസിനെ കൂടുതൽ പ്രകോപിപ്പിക്കുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങളും പിള്ള മുന്നണിയിൽ വന്നതുകാരണമുള്ള കടുത്ത എതിർപ്പുമാണ് വിഎസിന്റെ വിട്ടുനിൽക്കലിനു പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള സിപിഎം നേതാക്കൾക്കുമറിയാം. ഇതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പുകളിൽ മാറാറുള്ള വി എസ് ഇക്കുറി തരംഗമായി സിപിഎം ഭാഗത്ത് നിന്നതുമില്ല. പ്രായാധിക്യം കാരണമുള്ള അവശതകൾ വിഎസിന് പ്രകടമാണെങ്കിലും എപ്പോഴും ഒരു പോരാളിയുടെ പോരാട്ടവീര്യം നിലനിർത്തുന്ന നേതാവാണ് വി എസ്. അനുകൂല അവസ്ഥയിൽ ആണെങ്കിൽ വി എസ് ആവേശം ജ്വലിപ്പിക്കുന്ന ഒരു പോരാട്ടം സിപിഎമ്മിന് വേണ്ടി നടത്തിയേനെ. അതേസമയം പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞു വിഎസിനെ തന്നെ സജീവമാകാനുള്ള ശ്രമങ്ങൾ പക്ഷെ ഇപ്പോൾ പാർട്ടിയുടെ ഭാഗത്ത് നിന്നും ആരംഭിച്ചിട്ടുമുണ്ട്.

പൂജപ്പുരയിൽ ജയിൽ ശിക്ഷ അനുഭവിച്ച പിള്ളയ്ക്കും ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ പദവിയിൽ തുടരുന്ന വിഎസിനും നിലവിൽ കാബിനെറ്റ് പദവികളാണ് ഉള്ളത്. ഈ കാര്യം വിഎസിന്റെ മനസിലുമുണ്ട്. അഴിമതിക്കെതിരായ പ്രഖ്യാപിത നിലപാട് എടുക്കുന്ന ഇടതുമുന്നണിയും സിപിഎമ്മും ധാർമ്മികതയിൽ നിന്ന് വ്യതിചലിച്ചുള്ള രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നതിലാണ് വിഎസിനു കടുത്ത എതിർപ്പ്. അതുകൊണ്ട് തന്നെ ഇടതു വിരുദ്ധ ശബരിമല കാറ്റ് ആഞ്ഞു വീശുന്ന ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ശക്തമായി പിന്തുണയ്ക്കുന്ന നീക്കങ്ങൾക്ക് എന്തായാലും ഇതുവരെ വി എസ് തയ്യാറായിട്ടില്ല.

എന്നാൽ വി എസ് തിരഞ്ഞെടുപ്പിൽ സജീവമല്ല എന്ന ആരോപണങ്ങൾ വിഎസിന്റെ ഓഫീസ് മറുനാടനോട് നിഷേധിച്ചു. രണ്ടു ദിവസമായി വി എസ് മലമ്പുഴയിൽ എം.ബി.രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാണ്. വരുന്ന മാസം വിവിധ ലോക്‌സഭാ മണ്ഡലങ്ങളിൽ വി എസ് പ്രചാരണത്തിനെത്തുമെന്നു വിഎസിന്റെ ഓഫീസ് വ്യക്തമാക്കുന്നു. ആറ്റിങ്ങൽ, കൊല്ലം, തിരുവനന്തപുരം, മാവേലിക്കര,പത്തനംതിട്ട, ആലത്തൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ വി എസ് എത്തും- വിഎസിന്റെ ഓഫീസ് വ്യക്തമാക്കുന്നു. വിഎസിന്റെ ഓഫീസ് ഇതുപറയുമ്പോഴും വി എസ് എത്താത്ത മണ്ഡലങ്ങളുടെ പേര് ഈ ലിസ്റ്റിൽ മുഴച്ചു നിൽക്കുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP