Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മേയർ എന്ന നിലയിലെ മികച്ച പ്രവർത്തനവും നല്ല പ്രതിച്ഛായയും തുണയായി; പ്രളയകാലത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് കേരളം മുഴുവൻ പുകഴ്‌ത്തി; യുവാക്കളുടെ മുഴുവൻ പിന്തുണയുള്ളത് മേയർ ബ്രോയ്ക്ക് തുണയാകുമെന്ന് വിലയിരുത്തി സംസ്ഥാന നേതൃത്വം; ജില്ലാ കമ്മിറ്റി സമർപ്പിച്ച രണ്ട് പേരുകളും തള്ളി സംസ്ഥാന നേതൃത്വം; തിരുവനന്തപുരം മേയർ വികെ പ്രശാന്ത് വട്ടിയൂർക്കാവിലെ ഇടത് സ്ഥാനാർത്ഥി; ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച

മേയർ എന്ന നിലയിലെ മികച്ച പ്രവർത്തനവും നല്ല പ്രതിച്ഛായയും തുണയായി; പ്രളയകാലത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് കേരളം മുഴുവൻ പുകഴ്‌ത്തി; യുവാക്കളുടെ മുഴുവൻ പിന്തുണയുള്ളത് മേയർ ബ്രോയ്ക്ക് തുണയാകുമെന്ന് വിലയിരുത്തി സംസ്ഥാന നേതൃത്വം; ജില്ലാ കമ്മിറ്റി സമർപ്പിച്ച രണ്ട് പേരുകളും തള്ളി സംസ്ഥാന നേതൃത്വം; തിരുവനന്തപുരം മേയർ വികെ പ്രശാന്ത് വട്ടിയൂർക്കാവിലെ ഇടത് സ്ഥാനാർത്ഥി; ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മേയർ വികെ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. സംസ്ഥാന സമിതി ഇത് സംബന്ധിച്ച നിർദ്ദേശം ജില്ലാ കമ്മിറ്റിയെ അറിയിച്ചു. രാവിലെ ആരംഭിച്ച ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക പ്രഖ്യാപനം അഞ്ച് മണ്ഡലങ്ങളിലേയും ചേർത്ത് വെള്ളിയേഴ്ചയായിരിക്കും ഉണ്ടാവുക. ജില്ലാ സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം അംഗങ്ങളും വികെ പ്രശാന്തിനെ പിന്തുണയ്ക്കുകയായിരുന്നു. നേരത്തെ കെ എസ് സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധു എന്നിവരുടെ പേരുകൾ പരിഗണിക്കുന്നത് സംബന്ധിച്ച് രണ്ടഭിപ്രായമുണ്ടായിരുന്നു

ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ പല മണ്ഡലങ്ങളിലും ഒന്നിലധികം പേരുകൾ വന്നിരുന്നു. എന്നാൽ വട്ടിയൂർക്കാവിൽ ആണ് തർക്കം ഏറ്റവും ഉയർന്നത്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉൾപ്പെടുന്ന രു വിഭാഗം മുൻ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ കെഎസ് സുനിൽ കുമാറിന്റെ പേര് മുന്നോട്ട് വെച്ചപ്പോൾ തലസ്ഥാനത്തെ പ്രധാന നേതാവും മന്ത്രിയുമായ കടകംപള്ളി മുന്നോട്ട് വെച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധുവിന്റെ പേരാണ്. എന്നാൽ രണ്ട് പേരെയും തള്ളിയ സംസ്ഥാന നേതൃത്വം വികെ പ്രശാന്ത് എന്ന പേരിലേക്ക് എത്തുകയായിരുന്നു.

യുവ നേതാവ് എന്നതും തലസ്ഥാന നഗരവാസികൾക്ക് സുപരിചതനെന്നതും നഗരമണ്ഡലമായ വട്ടിയൂർക്കാവിൽ പ്രശാന്തിന് നറുക്ക് വീഴുന്നതിലേക്ക് എത്തിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലും മറ്റും വലിയ പിന്തുണയാണ് പ്രളയ സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രശാന്തിന് ലഭിച്ചത്. സൗമ്യനായ നേതാവ് എന്ന വിശേഷണവുമുണ്ട്.സാമുദായിക സമവാക്യങ്ങൾ മാറ്റിവച്ച് യുവനേതാവിനെ തന്നെ കളത്തിലിറക്കാനാണ് സിപിഎം തീരുമാനം. മേയർ എന്ന നിലയിലുള്ള മികച്ച പ്രതിച്ഛായയും പ്രളയകാലത്തെ സഹായപ്രവർത്തനങ്ങളും യുവാക്കൾക്കിടയിലുള്ള സ്വീകാര്യതയും പ്രശാന്തിനു മുതൽക്കൂട്ടാകുമെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. ഇന്ന് ഉച്ചയ്ക്കു ശേഷം പാർട്ടി വട്ടിയൂർകാവ് മണ്ഡലം കമ്മിറ്റി ചേർന്നതിനു ശേഷമാകും അന്തിമ തീരുമാനം.

മുൻപ് തിരുവനന്തപുരം നോർത്ത് ആയിരുന്നപ്പോൾ മണ്ഡലം ഇടത് കോട്ടയായിരുന്നു. എന്നാൽ 2011ൽ മണ്ഡലപുനർനിർണയത്തിന് ശേഷം വട്ടിയൂർ്ക്കാവായി മാറിയ മണ്ഡലത്തിൽ രണ്ട് തവണയും ഇടത്പക്ഷത്തിന് നാണംകെട്ട തോൽവിയായിരുന്നു. 2016ൽ സംസ്ഥാനത്ത് മുഴുവൻ ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും വ്ട്ടിയൂർക്കാവിൽ ടിഎൻ സീമ മൂന്നാത് പോയി. ഇക്കഴിഞ്ഞ ലോകസഭ തെരഞ്ഞടുപ്പിലും പാർട്ടി ഇവിടെ വലിയ വ്യത്യാസത്തിലാണ് മൂന്നാമത് പോയത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ കുത്തക മണ്ഡലങ്ങളായ ആറ്റിങ്ങൽ, പാലക്കാട്, ആലത്തൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ തോൽവിയും പ്രമുഖ നേതാക്കളെ മത്സരിപ്പിച്ചിട്ടും പല മണ്ഡലങ്ങളിലും അപ്രതീക്ഷിത തിരിച്ചടിയുണ്ടായ സാഹചര്യവുമാണ് സിപിഎമ്മിന് മുന്നിലുള്ളത്. അത്കൊണ്ട് തന്നെ നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം തന്നെ സിപിഎം ലക്ഷ്യം വയ്ക്കുന്നുണ്ട്. അഞ്ച് മണ്ഡലങ്ങളിൽ അരൂർ ഒഴികെ എല്ലായിടവും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അരൂർ നിലനിർത്തുന്നതിന് പുറമെ കോന്നിയും വട്ടിയൂർക്കാവും കൂടി പിടിച്ചെടുക്കുക എന്നതും സിപിഎം ലക്ഷ്യമിടുന്നു.

അഞ്ച് മണ്ഡലങ്ങളിൽ ഏറ്റവും വലിയ ഗ്ലാമർ പോരാട്ടം നടക്കുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. പഴയ തിരുവനന്തപുരം നോർത്ത് മണ്ഡലം 2011ൽ വട്ടിയൂർക്കാവായി രൂപാന്തരം വന്ന ശേഷം നടന്ന രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് അടിതെറ്റിയ ചരിത്രമാണ് ഉള്ളത്. ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരന് ലഭിച്ചത് വെറും 29414 വോട്ടുകൾ മാത്രമാണ്. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ ടിഎൻ സീമയെ മത്സരിപ്പിച്ചിട്ടും സിപിഎം മൂന്നാം സ്ഥാനത്ത് പോയി. 40441 വോട്ടുകൾ ആണ് അന്ന് അവർക്ക് ലഭിച്ചത്. ഈ സാഹചര്യങ്ങൾ മുന്നിലുള്ളതുകൊണ്ട് തന്നെ സ്വീകാര്യനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാൽ മാത്രമെ രക്ഷയുള്ളു എന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്. ഇതാണ് വികെ പ്രശാന്തിന് തുണയായത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP