Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രഹസ്യപൊലീസിന് പിന്നാലെ ടൈംസിന്റെ സർവ്വേയും പുറത്ത്; ത്രികോണത്തിൽ മുൻതൂക്കം വിജയകുമാറിന്; ശബരിനാഥനേക്കാൾ ജനപിന്തുണ സിപിഐ(എം) നേതാവിന്; രാജഗോപാൽ ഏശില്ലെന്നും റിപ്പോർട്ട്; അടിയൊഴുക്ക് തന്നെ നിർണ്ണായകം

രഹസ്യപൊലീസിന് പിന്നാലെ ടൈംസിന്റെ സർവ്വേയും പുറത്ത്; ത്രികോണത്തിൽ മുൻതൂക്കം വിജയകുമാറിന്; ശബരിനാഥനേക്കാൾ ജനപിന്തുണ സിപിഐ(എം) നേതാവിന്; രാജഗോപാൽ ഏശില്ലെന്നും റിപ്പോർട്ട്; അടിയൊഴുക്ക് തന്നെ നിർണ്ണായകം

തിരുവനന്തപുരം: അരുവിക്കരയിൽ ജയിക്കാൻ സിപിഐഎം സ്ഥാനാർത്ഥി എം വിജയകുമാറിന് സാധ്യതയെന്ന് ടൈംസ് ഓഫ് ഇന്ത്യ ഇപ്‌സോസ് അഭിപ്രായ സർവ്വെ. വോട്ട് വിഹിതത്തിൽ സിപിഐഎമ്മിനെക്കാൾ കോൺഗ്രസിന് ചെറിയ മുൻതൂക്കമുണ്ടെങ്കിലും ജനപിന്തുണയിൽ ശബരിയെക്കാൾ മുന്നിൽ വിജയകുമാറാണ്. മണ്ഡലത്തിൽ ത്രികോണ മത്സരത്തിനിറങ്ങിയ ബിജെപി കാര്യമായ പ്രകടനം കാഴ്‌ച്ചവെക്കില്ലെന്നും സർവ്വെ പറയുന്നു. വോട്ടെടുപ്പ് ദിവസത്തിലെ അവസാന മണിക്കൂറുകളിലുള്ള പോളിങ്ങും ബിജെപി സ്ഥാനാർത്ഥി രാജഗോപാൽ പിടിക്കുന്ന വോട്ടുമായിരിക്കും വിജയകുമാറിന്റെയും ശബരീനാഥന്റെയും വിധി നിർണയിക്കുകയെന്ന് സർവ്വെ പറയുന്നു.

ഈ മാസം 21, 22 ദിവസങ്ങളിൽ അരുവിക്കരയിലെ 14പോളിങ് സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ സർവ്വെ പ്രകാരം വോട്ട് വിഹിതത്തിൽ കോൺഗ്രസാണ് മുന്നിൽ. 40 ശതമാനം വോട്ടുവിഹിതം കോൺഗ്രസിനുള്ളപ്പോൾ 39 ശതമാനം വോട്ടുവിഹിതമാണ് സിപിഐഎമ്മിന്. അഥവാ കോൺഗ്രസിനെക്കാൾ ഒരു ശതമാനം കുറവ്. അരുവിക്കരയിൽ ശക്തമായ മത്സരം കാഴ്‌ച്ചവെക്കാനിറങ്ങിയ ബിജെപിക്ക് വെറും 20 ശതമാനം വോട്ടുവിഹിതമാണ് സർവ്വെ പ്രവചിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നേടിയതിനെക്കാൾ ഒമ്പത് ശതമാനം വോട്ടുവിഹിതം വർധിപ്പിക്കാൻ ബിജെപിക്ക് ആകും. വോട്ട് വിഹിതം ഇങ്ങനെയാണെങ്കിലും വിജയകുമാറിന്റെ വ്യക്തി മികവ് ഇടത് സ്ഥാനാർത്ഥിക്ക് തുണയാകും. അതുകൊണ്ട് സിപിഐ(എം) ജയിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. അരുവിക്കരയിൽ വിജയകുമാറും ശബരീനാഥനും തമ്മിലാകും മത്സരമെന്നും ബിജെപി സ്ഥാനാർത്ഥി രാജഗോപാൽ പിടിക്കുന്ന വോട്ടുകളും പോളിങ് ശതമാനവുമാകും ഇരു മുന്നണികളുടെയും ജയം നിർണയിക്കുകയെന്നും സർവ്വെ പറയുന്നു.

വിജയകുമാറിന്റെ മികച്ച വ്യക്തിപ്രഭാവം, യുഡിഎഫ് സർക്കാരിനെതിരായ അഴിമതി ആരോപണം, മണ്ഡലത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിലെ യുഡിഎഫ് സർക്കാരിന്റെ പരാജയം എന്നിവയാണ് വിജയകുമാറിന് ഗുണം ചെയ്യുന്ന ഘടകങ്ങൾ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രചാരണം യുഡിഎഫിനെ തുണക്കുമെന്ന് 58 ശതമാനവും കരുതുന്നു. സ്ത്രീ വോട്ടർമാരുടെ പിന്തുണയാണ് മറ്റൊരു അനുകൂല ഘടകം. യുഡിഎഫ് സർക്കാരിൽ വെറും 36 ശതമാനം വോട്ടർമാരാണ് അതൃപ്തി രേഖപ്പെടുത്തിയത് രാഷ്ട്രീയം നോക്കി വോട്ട് ചെയ്യുന്നവർ സിപിഐഎമ്മിനൊപ്പമാണുള്ളത്. 47 ശതമാനം സിപിഐഎമ്മിനെ പിന്തുണയ്ക്കുമ്പോൾ വെറും 34 ശതമാനമാണ് കോൺഗ്രസ് രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നത്. അഴിമതി ആരോപണങ്ങളിലും മറ്റും മുഖം നഷ്ടപ്പെട്ട സർക്കാരിന് ഇത് തിരിച്ചടിയാണ്. ഒപ്പം അരുവിക്കരയിലേത് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രിക്കും. സഹതാപ തരംഗത്തെയും കവച്ചുവെക്കുന്ന പ്രതിച്ഛായയാണ് വിജയകുമാറിനുള്ളതെന്ന് സർവ്വെ പറയുന്നു.

അരുവിക്കരയിലെ 500 പേരിൽ നടത്തിയ അഭിമുഖത്തിൽ 44 ശതമാനവും വിജയകുമാറിനെ പിന്തുണയ്ക്കുന്നു. ശബരീനാഥനുള്ള പിന്തുണ 30 ശതമാനം മാത്രമാണ്. അന്തരിച്ച മുൻ സ്പീക്കർ ജി കാർത്തികേയനെ കുറിച്ച് 42 ശതമാനവും നല്ല മതിപ്പ് പ്രകടിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയാകാൻ ശബരി അത്ര യോഗ്യനല്ലെന്നാണ് സർവ്വെയിൽ പങ്കെടുത്തവരുടെ പക്ഷം. വെറും 32 ശതമാനം മാത്രമാണ് കാർത്തികേയന് പകരക്കാരനാകാൻ ശബരി യോഗ്യനാണെന്ന് അഭിപ്രായപ്പെട്ടത്. കോൺഗ്രസ് അനുകൂല വോട്ടുകളെന്ന് കരുതുന്നവർക്കിടയിൽ 73 ശതമാനത്തിന് മാത്രമാണ് ശബരീനാഥൻ മികച്ച സ്ഥാനാർത്ഥിയാണെന്ന് അഭിപ്രായമുള്ളത്. അരുവിക്കരയിൽ സഹതാപ തരംഗം കോൺഗ്രസിനെ രക്ഷിക്കുമെന്ന് 34 ശതമാനം കരുതുമ്പോൾ അരുവിക്കരയിൽ സഹതാപ തരംഗം വിലപോവില്ലെന്നാണ് 37 ശതമാനത്തിന്റെയും പക്ഷം.

എന്നാൽ സ്ത്രീ വോട്ടർമാരുടെ പിന്തുണ കോൺഗ്രസ് സ്ഥാനാർത്ഥിക്കാണ്. സർവ്വെയിൽ പങ്കെടുത്ത സ്ത്രീകളിൽ 44 ശതമാനവും ശബരീനാഥനെ പിന്തുണയ്ക്കുമ്പോൾ 36 ശതമാനം മാത്രമാണ് വിജയകുമാറിനൊപ്പമുള്ളത്. 31നും 45നും ഇടയിൽ പ്രായമുള്ള വോട്ടർമാരിൽ ഭൂരിഭാഗവും ശബരീനാഥനൊപ്പമാണ്. 43 ശതമാനം. മണ്ഡലത്തിലെ വോട്ടർമാരുടെ 54 ശതമാനവും ഈ പ്രായ പരിധിയിലുള്ളവരാണ്. എന്നാൽ 18നും 30നും ഇടയിൽ പ്രായമുള്ളവരും (39ശതമാനം) 46നും 60നും ഇടയിൽ പ്രായമുള്ളവരും (41 ശതമാനം) സിപിഐഎമ്മിനെ പിന്തുണയ്ക്കുന്നു.

അരുവിക്കരയിലെ മത ജാതി വോട്ടുകളും ഇരു മുന്നണികളിലാണ് കേന്ദ്രീകരിക്കുന്നത്. ഹിന്ദു വോട്ടർമാരിൽ 39 ശതമാനം കോൺഗ്രസിനെയും 38 ശതമാനം സിപിഐഎമ്മിനെയും പിന്തുണയ്ക്കുന്നു. അതേസമയം ബിജെപിയെ വെറും 22 ശതമാനം മാത്രമാണ് അനുകൂലിക്കുന്നത്. മുസ്ലിംകളിൽ 37 ശതമാനം കോൺഗ്രസിനും 36 ശതമാനം സിപിഐഎമ്മിനുമൊപ്പമാണ്. 27 ശതമാനം പേർ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്നും സർവ്വെ പറയുന്നു. പ്രദേശത്ത് കൂടുതലുള്ള ഈഴവരുടെ പിന്തുണ പിടിച്ചുപറ്റുന്നതിൽ ഇരു പാർട്ടികളും ഒപ്പത്തിനൊപ്പമാണ്. നായർ വോട്ടുകളിൽ കോൺഗ്രസിനെക്കാൾ രണ്ട് ശതമാനം ഇടതുമുന്നണിക്കൊപ്പമാണ്.

ഇതിന് സമാനമായ റിപ്പോർ്ട്ടാണ് സംസ്ഥാന പൊലീസിന്റെ ഇന്റലിജൻസും സർക്കാരിന് കൈമാറിയത്. വിജയകുമാറിനാണ് സാധ്യതയെന്ന് പൊലീസും വിശദീകരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP