Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വടകര വീണ്ടും ചുവക്കുമോ? ഫോട്ടോ ഫിനീഷിൽ പി ജയരാജന് നേരിയ മുൻതൂക്കം; അവസാന ഘട്ടത്തിലെ സർവേകളിൽ മുന്നിലെത്തിയതിന്റെ ആവേശത്തിൽ ഇടതുക്യാമ്പ്; രാഹുൽ പ്രഭാവത്തിലും ന്യൂനപക്ഷ വോട്ടുകളിലും പ്രതീക്ഷയർപ്പിച്ച് കെ മുരളീധരൻ; അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തിൽ കാൽലക്ഷം വോട്ടിന് ജയിക്കുമെന്ന് യുഡിഎഫ്; അവസാന നിമിഷം ബിജെപി വോട്ടുകൾ യുഡിഎഫിന് മറിയുമെന്നും സൂചന; കടത്തനാടൻ മണ്ണിൽ അടിയൊഴുക്കുകൾ വിധി നിർണ്ണയിക്കും

വടകര വീണ്ടും ചുവക്കുമോ? ഫോട്ടോ ഫിനീഷിൽ പി ജയരാജന് നേരിയ മുൻതൂക്കം; അവസാന ഘട്ടത്തിലെ സർവേകളിൽ മുന്നിലെത്തിയതിന്റെ ആവേശത്തിൽ ഇടതുക്യാമ്പ്; രാഹുൽ പ്രഭാവത്തിലും ന്യൂനപക്ഷ വോട്ടുകളിലും പ്രതീക്ഷയർപ്പിച്ച് കെ മുരളീധരൻ; അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തിൽ കാൽലക്ഷം വോട്ടിന് ജയിക്കുമെന്ന് യുഡിഎഫ്; അവസാന നിമിഷം ബിജെപി വോട്ടുകൾ യുഡിഎഫിന് മറിയുമെന്നും സൂചന; കടത്തനാടൻ മണ്ണിൽ അടിയൊഴുക്കുകൾ വിധി നിർണ്ണയിക്കും

ടി പി ഹബീബ്

വടകര: കട്ടക്ക് കട്ട മൽസരം! വടകരയിൽ ശരിക്കും നടക്കുന്നത് അതാണ്. എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനും, യുഡിഎഫിനുവേണ്ടി കെ മുരളീധരനും അങ്കംകുറിക്കുന്ന കടത്തനാടൻ മണ്ണിൽ ശരിക്കും ഫോട്ടോ ഫിനീഷാണ്. യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണ്ണയം വൈകിയതോടെ ആദ്യഘട്ടത്തിൽ ജയരാജന് കിട്ടിയ മേൽക്കെ അമ്പേ തകർത്തുകൊണ്ടാണ്, മുരളീധരന്റെ മാസ് എൻട്രിയുണ്ടായത്. ആർഎംപിയുടെയും മുസ്ലീലീഗിന്റെയും ശക്തമായ പിന്തുണയോടെ അക്രമ രാഷ്ട്രീയം വിഷയമാക്കി, അടിച്ചു കയറിവന്ന മുരളി വിജയം തനിക്കൊപ്പമെന്ന പ്രതീതിയുണ്ടാക്കി.എന്നാൽ ഇതിൽ അൽപ്പം പതറിയ എൽഡിഎഫ് അതേ നാണയത്തിൽ തന്നെയാണ് തിരിച്ചടിച്ചത്.

അക്രമ രാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതിനിധിയായാണ് അവർ ജയരാജൻെ അവതരിപ്പിച്ചത്. ആർഎസ്എസുകാരുടെ ആക്രമണത്തിൽ തുന്നിക്കൂട്ടപ്പെട്ട തന്റെ ശരീരവും, നിശ്ചയമായിപ്പോയ വലതുകൈയും ചുണ്ടിക്കാട്ടി സിപിഎമ്മും ശക്തമായ പ്രതിരോധം തീർത്തു. ഗുജറാത്ത് കലാപത്തിന്റെ ഇരയായ കുത്തുബ്ദിൻ അൻസാരിയും, അന്ന് വാളെടുത്ത അശോക് മോച്ചിയുംവരെ ജയരാജനായി പ്രചാരണത്തിനെത്തി. ഇതോടെ ആർഎസ്എസിനെ പ്രതിരോധിക്കാൻ ജയരാജൻതന്നെ ജയിക്കണം എന്ന ഒരു ട്രെൻഡ് മുസ്ലിം ന്യനപക്ഷ വിഭാഗങ്ങളിൽവരെ ഉടലെടുത്തിട്ടുണ്ടെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്്. കഴിഞ്ഞതവണ യുഡിഎഫിനൊപ്പമായ ജനതാദൾ യു ഇത്തവണ എൽഡിഎഫിലേക്ക് വന്നതും ഇവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

അവസാനഘട്ടത്തിലെ ചില സർവേകൾ ജയരാജന് നല്ല ഭൂരിപക്ഷത്തിലുള്ള വിജയം പ്രവചിക്കുന്നത് എൽഡിഎഫ് ക്യാമ്പുകളിൽ ആവേശം ഉയർത്തിയിട്ടുണ്ട്. ചുരുങ്ങിയത് അമ്പതിനായിരം വോട്ടിനെങ്കിലും പി ജയരാജൻ ജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. ബിജെപി പിടിക്കുന്ന വോട്ടുകളും ഇവിടെ നിർണ്ണായകമാണ്. ബിജെപി കൂടുതൽ വോട്ടുപിടിച്ചാൽ ജയരാജൻ ജയിക്കും. വോട്ടു മറിഞ്ഞാൽ മുരളീധരനും. അവസാനഘട്ട അടിയൊഴുക്കുകൾ ആർക്കൊപ്പമാണെന്ന് ഇനിയും വ്യക്തമല്ല. ബിജെപി നേതാവ് വി കെ സജീവൻ പ്രചാരണത്തിൽ സജീവമാണ്. കഴിഞ്ഞതവണ വെറും മൂവായിരത്തോളം വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് മുല്ലപ്പള്ളി ഇവിടെ ജയിച്ചത്. അതുകൊണ്ടുതന്നെ ചെറിയ ശതമാനം വോട്ട് ഷിഫ്റ്റുപോലും വലിയ മാറ്റങ്ങൾ ഉണ്ടാക്കും.

കാൽലക്ഷം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിന് വടകര നിലനിർത്താൻ കഴിയുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. രാഹുൽ ഗാന്ധി ഇഫക്ടിൽ ന്യൂനപക്ഷവോട്ടുകൾ അനുകൂലമാവുന്നതും, അക്രമരാഷ്ട്രീയം ചർച്ചയായതുമാണ് യുഡിഎഫിന്റെ വിജയ സാധ്യത വർധിപ്പിക്കുന്നത്. കഴിഞ്ഞതവണ ഇവിടെ പതിനേഴായിരത്തോളം വോട്ടുകൾ പിടിച്ച, ആർഎംപി ഇത്തവണ പിന്തുണക്കുന്നതും ശക്തമായി പ്രചാരണം നടത്തുന്നതും മുരളീധരന് പ്രതീക്ഷയാവുന്നു.

കൊലപാതക രാഷ്ട്രീയം ആയുധമാക്കി യുഡിഎഫ്

പേരിയ ഇരട്ടക്കൊല തൊട്ട് ഷുക്കുർ, ശുഹൈബ് വധക്കേസുകൾ എടുത്തുപറഞ്ഞു കൊണ്ടും ഈ കൊലകൾക്കെല്ലാം പിന്നിൽ പി ജയരാജനാണെന്ന് സ്ഥാപിച്ചും കൊണ്ടായിരുന്നു യുഡിഎഫിന്റെ പ്രചാരണം. മുസ്ലിം ലീഗിന്റെയും ആർഎംപിയുടെയും പിന്തുണയോടെയുള്ള ഈ പ്രചാരണം മണ്ഡലത്തിൽ നന്നായി ബാധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അണിനിരത്തി സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനും ഇതുകൊണ്ട് കഴിഞ്ഞിട്ടുണ്ട്. പി ജയരാജനെ, കെ കെ രമ പരസ്യമായി കൊലപാതകിയെന്ന് വിശേഷിപ്പിച്ചത് കോടതിയിൽ എത്തുകയും ചെയ്തൂ. എന്നാൽ നിയമപരമായും രാഷട്രീയമായും കേസിനെ ആർ.എംപി നേരിടുമെന്നും തന്റെ ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കൊലയാളിയെന്ന് പി.ജയരാജനെ വിശേഷിപ്പിച്ചത് എന്നുമാണ് കെ കെ രമ പ്രതികരിച്ചത്. ടി.പി കേസിലെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെയാണ് ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ചതെന്നും രമ വ്യക്താമാക്കി.

അതുപോലെ കോലീബി സഖ്യം വീണ്ടം ചർച്ചയായ മണ്ഡലം കൂടിയാണ് വടകര. എന്നാൽ വടകരയിൽ മാ..ബി സഖ്യമെന്നാണ് മുരളീധരൻ പറയുന്നത്.മാർക്സിസ്റ്റ് -ബിജെപി സഖ്യം ഇവിടെ തങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കയാണെന്നും അദ്ദേഹം ആരോപിക്കുന്നു. സിപിഎമ്മിന്റെ നയങ്ങളെ ആക്രമിച്ചുകൊണ്ടും കൂടിയാണ് കോൺഗ്രസ് പ്രചാരണം മുന്നേറിയത്. സിപിഎമ്മിന് പല സ്റ്റേറ്റുകളിലും പല നയങ്ങളാണ്. ബംഗാളിൽ ഒരുനയം, കേരളത്തിൽ മറ്റൊരു നയം. ഇതെല്ലാ കഴിഞ്ഞ് കേന്ദ്രത്തിൽ ഒരു ഗവൺമെന്റ് ഉണ്ടാക്കുമ്പോൾ എന്താണ് നയം എന്നതിനെക്കുറിച്ച് അവർ ഒന്നു പറയുന്നില്ല. ഞങ്ങൾക്ക് ഒരു നയമുണ്ട്. ആ നയത്തിൽ എല്ലാ സെക്യുലർ പാർട്ടിയെയും ഞങ്ങൾ ഉൾക്കൊള്ളുന്നു. അതിൽ നിന്ന് ഇടതുപക്ഷത്തെ ഒരിക്കലും ഞങ്ങൾ മാറ്റി നിർത്തുന്നില്ല.- കെ മുരളീധരൻ ചൂണ്ടിക്കാട്ടുന്നു. ദേശീയതലത്തിൽ സിപിഎമ്മിന് യാതൊരു പ്രസ്‌ക്തിയുമില്ലെന്ന കോൺഗ്രസിന്റെ പ്രചാരണവും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്.

പി ജെ ഇഫക്ടിൽ  പ്രതീക്ഷയർപ്പിച്ച് സിപിഎം

വി എസ് അച്യുതാനന്ദനുശേഷം സിപിഎം അണികളിൽ ഏറ്റവും സ്വാധീനമുള്ള നേതാവ് ആരാണെന്ന് ചോദിച്ചാൽ, പി ജയരാജൻ എന്ന മറുപടിയാണ് ലഭിക്കുക. കഴിഞ്ഞ കാൽനൂറ്റാണ്ടായി നേതൃനിരയിൽ പ്രവർത്തിക്കുന്ന ഈ നേതാവിന്റെ വ്യക്തിപ്രഭാവം പാർട്ടിക്ക് മുകളിൽപോവുന്നു എന്നുപോലും ഈയിടെ സിപിഎമ്മിൽ വിമർശനമുണ്ടായിരുന്നു. ചില ബിജെപി നേതാക്കളെയും എന്തിന് കാവി ഗ്രാമങ്ങളെപോലും പാർട്ടിയിലേക്ക് മാറ്റിയും, നിരവധി പ്രക്ഷോഭസമരങ്ങൾ നയിച്ചും എന്നും പ്രവർത്തകർക്ക് ഒപ്പമായിരുന്നു പി ജയരാജൻ. അണികളുമായുള്ള ആത്മ ബന്ധവും, അഴിമതിരഹിതനെന്ന പ്രതിഛായയും, ജനകീയ അടിത്തറയുമായിരുന്നു ജയരാജന്റെ എക്കാലത്തെയും കരുത്ത്.

ആർഎസ്എസ് ആക്രമണത്തിൽ ഗുരുതരമായി വെട്ടേറ്റ മരണാസന്നനായി ഇപ്പോളും ശാരീരിക പ്രശ്നങ്ങൾ വിട്ടുമാറിയിട്ടില്ലാത്ത അദ്ദേഹം പാർട്ടി പ്രവർത്തകരുടെ വികാരം തന്നെയാണ്.ഇത് വോട്ടാകും എന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ ശരിവെക്കുന്ന രീതിയിലുള്ള വൻ സ്വീകരണമാണ് ജയരാജന് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ്കിട്ടിയത്. രാഹുൽ ഇഫക്ടിനെ വടകരിൽ പിജെ ഇഫക്ടുകൊണ്ട് പിടിച്ചുകെട്ടും എന്നാണ് സിപിഎം പറയുന്നത്. തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ ജയരാജൻ ഏറെ മുന്നേറിയ ശേഷമാണ് എതിർ സ്ഥാനാർത്ഥി എത്തിയത്. സ്ഥാനാർത്ഥി ജയരാജനാണെന്ന അറിഞ്ഞതോടെ മൽസരിക്കാൻ ആളില്ല എന്ന രീതിയിൽ ഒരുഘട്ടത്തിൽ ചർച്ചകൾ വന്നത് യുഡിഎഫിനെ കാര്യമായി ബാധിച്ചിരുന്നു.

കണ്ണൂർ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ്, കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം,കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ലോക്‌സഭാ മണ്ഡലം. ഇതിൽ കുറ്റ്യാടി ഒഴികെയുയുള്ള മുഴുവൻ നിയമസഭാ മണ്ഡലങ്ങളും നിലവിൽ എൽഡിഎഫിന്റെ കൈയിലാണ്. തലശ്ശേരി, പ്രേരാമ്പ്ര, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ലീഡാണ് എൽഡിഎഫ് പ്രതീക്ഷക്ക് ആധാരം. പക്ഷേ ഈ മണ്ഡലങ്ങളിൽ മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായകമാണ്. വടകരയുടെ ഭാഗമായ കൂത്തുപറമ്പ് ,തലശ്ശേരി നിയമസഭാ മണ്ഡലങ്ങളിൽ നിന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 46,000 ലേറെ വോട്ടുകൾ സിപിഎം.

സ്ഥാനാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട്. പി.ജയരാജൻ മത്സരത്തിനിറങ്ങിയാൽ അത് അരലക്ഷം കടക്കുമെന്ന കാര്യത്തിൽ പാർട്ടിക്ക് സംശയമില്ല. കോഴിക്കോട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളായ നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, വടകര, എന്നിവയെല്ലാം ഇടതു മുന്നണി എംഎൽഎ മാർ പ്രതിനിധീകരിക്കുന്നതാണ്. ഇവിടെ നിന്ന് 30,000 ലേറെ ഭൂരിപക്ഷം നേടാൻ കഴിയുമെന്നാണ് കരുതുന്നത്. കുറ്റ്യാടി നിയമസഭാ മണ്ഡലം മാത്രമാണ് യു.ഡി.എഫ് അനുകൂലം. എന്നാൽ അവിടെ യു.ഡി.എഫിന്റെ ലീഡ് 2000 ത്തോളം മാത്രമേ ഉയരാൻ സാധ്യതയുള്ളൂ.. ഈ സാഹചര്യത്തിൽ വടകരയെ വീണ്ടും ചുവപ്പിക്കാൻ സിപിഎമ്മിന് കഴിയുമെന്നാണ് കണക്കു കൂട്ടൽ.

ഒരുകാലത്ത് ഇടതുമുന്നണിയുടെ പ്രസ്്റ്റീജ് സീറ്റായിരന്നു വടകര. 1984 മുതൽ 2004വരെ തുടർച്ചയായി ഇടതുമുന്നണി ജയിച്ചുകൊണ്ടിരുന്ന മണ്ഡലം.. 2004 ൽ ജയരാജന്റെ സഹോദരി കൂടിയായ പി.സതീദേവി തെരഞ്ഞെടുക്കപ്പെട്ട വടകര മണ്ഡലം പിന്നീട് തുടർച്ചയായി ഇടതുമുന്നണിക്ക് നഷ്ടപ്പെടുകയായിരുന്നു. 2009 ൽ ആർ.എംപി. രൂപീകരിക്കപ്പെടുകയും ടി.പി. ചന്ദ്രശേഖരൻ മത്സരിക്കുകയും ചെയ്തപ്പോൾ ആർ.എംപി.ക്ക് 21, 833 വോട്ടുകൾ ലഭിക്കുകയും ചെയ്തു. ചന്ദ്രശേഖരൻ വധത്തിന് ശേഷം തത്വത്തിൽ ആർ.എംപി. സൗഹൃദ മത്സരം മാത്രമാണ് നടത്തിയത്. എന്നാൽ ആർ. എം. പി.യുടെ പഴയ ആധിപത്യം ഇപ്പോൾ വടകരയിൽ ഇല്ലെന്നാണ് സിപിഎമ്മിന്റെ കണക്കു കൂട്ടൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP