Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വടകരയിൽ പി ജയരാജനെ കണ്ട് മുതിർന്ന നേതാക്കൾ മുണ്ടുംപൊക്കി ഓടുമ്പോൾ കടുത്ത നിരാശയിൽ യുഡിഎഫ് അണികൾ; കെ പ്രവീൺ കുമാറിന്റെ പേര് ഹൈക്കമാൻഡിന് കൈമാറി തടിതപ്പി മുല്ലപ്പള്ളി രാമചന്ദ്രൻ; ആരും മത്സരിക്കാൻ ഇല്ലെങ്കിൽ സീറ്റ് തങ്ങൾക്ക് വിട്ടു നൽകണമെന്ന് പറഞ്ഞ് കെ എസ് യുവും രംഗത്ത്; ജയസാധ്യതയുള്ള സ്ഥാനാർത്ഥി വേണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗും; ഗ്രൂപ്പു വീതം വെപ്പ് കഴിഞ്ഞപ്പോൾ ആർക്കും വേണ്ടാതെ വടകര ജയരാജനെന്ന് ഉറപ്പിക്കുന്നു

വടകരയിൽ പി ജയരാജനെ കണ്ട് മുതിർന്ന നേതാക്കൾ മുണ്ടുംപൊക്കി ഓടുമ്പോൾ കടുത്ത നിരാശയിൽ യുഡിഎഫ് അണികൾ; കെ പ്രവീൺ കുമാറിന്റെ പേര് ഹൈക്കമാൻഡിന് കൈമാറി തടിതപ്പി മുല്ലപ്പള്ളി രാമചന്ദ്രൻ; ആരും മത്സരിക്കാൻ ഇല്ലെങ്കിൽ സീറ്റ് തങ്ങൾക്ക് വിട്ടു നൽകണമെന്ന് പറഞ്ഞ് കെ എസ് യുവും രംഗത്ത്; ജയസാധ്യതയുള്ള സ്ഥാനാർത്ഥി വേണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗും; ഗ്രൂപ്പു വീതം വെപ്പ് കഴിഞ്ഞപ്പോൾ ആർക്കും വേണ്ടാതെ വടകര ജയരാജനെന്ന് ഉറപ്പിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

വടകര: വടകര ലോക്‌സഭാ മണ്ഡലത്തിൽ ഇടതുസ്ഥാനാർത്ഥി പി ജയരാജനെ കണ്ട് നേതാക്കൾ മുണ്ടുംപൊക്കി ഓടുമ്പോൾ കടുത്ത നിരാശയിലാണ് യുഡിഎഫ് അണികൾ. ഡൽഹി കേന്ദ്രീകരിച്ച് മൂന്ന് ദിവസമായി തുടർച്ചയായി ചർച്ചകൾ നടന്നിട്ടും മണ്ഡലത്തിൽ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. മുല്ലപ്പള്ളി രാമചന്ദ്രന്റെ പിന്മാറ്റമാണ് മണ്ഡലത്തെ അനാഥമാക്കിയത്. ഇതിനിടെ പി ജയരാജൻ മണ്ഡലത്തിൽ സജീവമാകുകയും ചെയ്തു. അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണം കൊഴിപ്പിക്കുമ്പോൾ തന്നെ യുഡിഎഫിൽ അടി തീർന്ന മട്ടില്ല. ആർക്കും വേണ്ടാത്ത മണ്ഡലം ഇപ്പോൾ തീർത്തും ദുർബലനായ അഡ്വ. പ്രവീൺകുമാറിനെ മത്സരിപ്പിക്കാൻ ഒരുങ്ങുകയാണ്. സംസ്ഥാന നേതാക്കൾ മണ്ഡലത്തിൽ സജീവമാകാൻ പ്രവീൺ കുമാറിനോട് നിർദ്ദേശിച്ചു കഴിഞ്ഞു.

വടകരയിൽ പ്രവീൺ കുമാർ സ്ഥാനാർത്ഥിയായേക്കും എന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനനേതൃത്വം ഹൈക്കമാൻഡിന് പേര് കൈമാറിയെന്നാണ് റിപ്പോർട്ടുകൾ. ഇടതുമുന്നണി സ്ഥാനാർത്ഥി പി.ജയരാജനെതിരെ അഡ്വ. കെ. പ്രവീൺ കുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി ആയേക്കും. വലിയ തർക്കങ്ങൾക്കു ശേഷമാണ് വടകരയിൽ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഒരു ഏകദേശ തീരുമാനത്തിലേക്ക് എത്തുന്നത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനു മേൽ വടകരയിൽ മത്സരിക്കാൻ വലിയ സമ്മർദ്ദം ഉണ്ടായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അതിനാൽ തന്നെ തന്റെ നിലപാടിൽ മാറ്റമില്ലെന്നും മുല്ലപ്പള്ളി ആവർത്തിച്ചു. ഹൈക്കമാൻഡ് സമ്മർദ്ദം ചെലുത്തിയെങ്കിലും മുല്ലപ്പള്ളി തീരുമാനത്തിൽ നിന്ന് മാറിയില്ല.

ഇതിനിടയിൽ, കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരന്റെ പേരും വടകരയിൽ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടു. എന്നാൽ, 2009ൽ തന്നെ താൻ പാർലമെന്ററി മത്സരരംഗത്തു നിന്ന് പിന്മാറിയതാണെന്നും അതുകൊണ്ട് മത്സരിക്കാനില്ലെന്നും വി എം സുധീരനും അറിയിച്ചു. പിന്നീട്, ബിന്ദു കൃഷ്ണയെ പരിഗണിച്ചെങ്കിലും മത്സരിക്കാനില്ലെന്ന് അവരും വ്യക്തമാക്കുകയായിരുന്നു.

ഇതിനിടയിലാണ് യുവനേതാവായ വിദ്യ ബാലകൃഷ്ണന്റെ പേര് പരിഗണനയിൽ വന്നത്. എന്നാൽ, ജയരാജനെ പോലുള്ള ഒരു സ്ഥാനാർത്ഥിക്ക് ശക്തനായ എതിരാളി തന്നെ വേണമെന്ന് പ്രവർത്തകരിൽ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു. ശക്തനായ സ്ഥാനാർത്ഥിയെ വടകരയിൽ നിർത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നിന്ന് സന്ദേശപ്രവാഹമായിരുന്നു. എല്ലാത്തിനും ഒടുവിലാണ് പ്രവീൺ കുമാറിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനനേതൃത്വം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ, അന്തിമതീരുമാനം ഹൈക്കമാൻഡിന്റേതാണ്.

ഇതിനിടെ സ്ഥാനാർത്ഥി നിർണയം നീണ്ടു പോകുന്ന സാഹചര്യത്തിൽ സീറ്റിന് വേണ്ടി കെഎസ് യുവും രംഗത്തെത്തിട്ടുണ്ട്. ആർക്കും വേണ്ടാത്ത സീറ്റാണെങ്കിൽ തങ്ങൾക്ക് ന്ൽകണമെന്നാണ് കെഎസ് യു ആവശ്യപ്പെട്ടിരിക്കുന്നത്. എൻഎസ് യു ദേശീയ അധ്യക്ഷൻ അബിൻ ആന്റണിയാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടു വെച്ചത്.

അതേസമയം വടകരയിൽ പി.ജയരാജനെതിനെതിരെ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യു.ഡി.ഫ് കൺവീനർ ബെന്നി ബെഹനാൻ. മുല്ലപ്പള്ളി സ്ഥാനാർത്ഥിയാവണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്. സുധീരൻ സ്ഥാനാർത്ഥിയാവണമോ എന്ന് തീരുമാനിക്കേണ്ടത് എ. ഐ. സി.സിയാണെന്നും ബെന്നി ബെഹനാൻ പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക വൈകിയെങ്കിലും ശക്തരും യോഗ്യരുമായ സ്ഥാനാർത്ഥികളെയാണ് യു.ഡി.ഫ് നിർത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ശക്തനായ സ്ഥാനാർത്ഥിയെ വേണമെന്ന ആവശ്യമാണ് മുസ്ലിംലീഗും ഉന്നയിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തിന് ചുക്കാൻ പിടിക്കുന്ന ആളാണ് പി ജയരാജൻ എന്നും കെപിഎ മജീദ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP