Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതം നോക്കി വോട്ട് പിടിക്കുന്നത് കേരളത്തിന് അപമാനം; തൃക്കാക്കരയിൽ സ്വന്തം വോട്ട് പോകാതെ മുഖ്യമന്ത്രി നോക്കട്ടെ; സ്ഥാനാർത്ഥിയെ നൂലിൽകെട്ടി ഇറക്കിയതിന്റെ പരിഭവം തീർക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം; പ്രചരണത്തിനായി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നു: എൽഡിഎഫിനെതിരെ വി ഡി സതീശൻ

മതം നോക്കി വോട്ട് പിടിക്കുന്നത് കേരളത്തിന് അപമാനം; തൃക്കാക്കരയിൽ സ്വന്തം വോട്ട് പോകാതെ മുഖ്യമന്ത്രി നോക്കട്ടെ; സ്ഥാനാർത്ഥിയെ നൂലിൽകെട്ടി ഇറക്കിയതിന്റെ പരിഭവം തീർക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം; പ്രചരണത്തിനായി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നു: എൽഡിഎഫിനെതിരെ വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിൽ ക്യാംപ് ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൃക്കാക്കരയിൽ മന്ത്രിമാർ അവരവരുടെ ജാതിയിലും മതത്തിലും പെട്ടവരുടെ വീടുകൾ മാത്രം കയറിയിറങ്ങി വോട്ട് തേടുയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. ഇത് മതേതര കേരളത്തിന് അപമാനമാണ്. എന്നിട്ടും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെന്നാണ് പറയുന്നത്. പ്രചരണത്തിനായി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എല്ലാ മുഖ്യമന്ത്രിമാരും ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ മണ്ഡലത്തിൽ എത്താറുണ്ട്. പക്ഷെ തൃക്കാക്കരയിൽ പാർട്ടിയുടെ വോട്ടാണ് മുഖ്യമന്ത്രി ആദ്യം ഉറപ്പിച്ച് നിർത്തേണ്ടത്. പാർട്ടി നേതാക്കൾ തമ്മിലടിച്ചതിന്റെ ഭാഗമായി മറ്റൊരു സ്ഥാനാർത്ഥിയെ നൂലിൽകെട്ടിയിറക്കിയതിന്റെ പരിഭവത്തിൽ പാർട്ടി വോട്ടുകൾ പോകുമെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം. പാർട്ടി വോട്ടുകൾ പിടിച്ച് നിർത്താനും ഭരണസ്വാധീനം ഉപയോഗിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

മണ്ഡലത്തിലെ വോട്ടർപട്ടികയിലും ക്രമക്കേട് നടന്നെന്ന് സതീശൻ ആരോപിച്ചു. യു.ഡി.എഫ് പുതുതായി 6500 വോട്ടർമാരെ പട്ടികയിൽ ചേർക്കാൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ അപേക്ഷകളിൽ നിന്നും ആകെ 3600 വോട്ടുകൾ മാത്രമാണ് ചേർക്കപ്പെട്ടത്. യു.ഡി.എഫ് നൽകിയ അയ്യായിരത്തോളം അപേക്ഷകളാണ് ഒഴിവാക്കിയത്. ഒഴിവാക്കിയ വോട്ടുകൾ ചേർക്കാനും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനും ചീഫ് ഇലക്ട്രൽ ഓഫീസർ തയാറാകണം. വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥയെയാണ് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറായി നിയമിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമപരമായ നടപടി എടുത്തില്ലെങ്കിൽ യു.ഡി.എഫ് നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1999- 2000 കാലഘട്ടത്തിന് ശേഷം ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം കൂപ്പ് കുത്തുകയാണ്. ആറ് വർഷക്കാലത്തെ ഇടത് സർക്കാരിന്റെ ബാക്കിപത്രമാണ് ഈ സാമ്പത്തിക പ്രതിസന്ധി. വികസന പ്രവർത്തനങ്ങളെല്ലാം സ്തംഭിച്ച് ട്രഷറി നിരോധനമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിയിൽ ശമ്പളം കൊടുക്കാൻ പോലും കഴിയുന്നില്ല. മാനേജ്‌മെന്റ് കൊടുക്കട്ടേയെന്നാണ് മന്ത്രി പറയുന്നത്. കെ.എസ്.ആർ.ടി.സിയെ സർക്കാർ തകർത്ത് തരിപ്പണമാക്കി. ഇതു തന്നെയാണ് മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെയും അവസ്ഥ. വൈദ്യുതി ബോർഡും വാട്ടർ അഥോറിറ്റിയും ഉൾപ്പെടെ സാധാരണക്കാരുമായി നേരിട്ട് ബന്ധമുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. ഇത്രയും വലിയ സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന് എങ്ങനെയാണ് വരുത്തിവച്ചതെന്ന് സർക്കാർ വ്യക്തമാക്കണം. നിലവിലുള്ള സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിച്ച് സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണം.

വരുമാനമില്ലാതെയും അനാവശ്യ ചെലവുകളിലൂടെയും ഉണ്ടാക്കിയ പ്രതിസന്ധി ശ്രീലങ്കയിൽ ഏത് ഘട്ടം വരെ പോയി എന്നത് നമുക്ക് മുന്നിലുള്ള ഉദാഹരണമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക നില സംബന്ധിച്ച് യു.ഡി.എഫ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. കിഫ്ബി വഴി എടുക്കുന്ന കടവും സംസ്ഥാനത്തിന്റെ പൊതുകടമായി വരും. ആയിരം കോടി പോലും കടമെടുക്കാൻ പറ്റാത്ത സാഹചര്യത്തിലേക്കാണ് സംസ്ഥാനം പോകുന്നത്. ഈ അവസ്ഥയിലാണ് രണ്ട് ലക്ഷം കോടി രൂപയുടെ കമ്മീഷൻ റെയിലിനെ കുറിച്ച് സർക്കാർ പറയുന്നത്.

കൊലപാതക രാഷ്ട്രീയത്തിനും കേരളത്തെ തകർക്കുന്ന കെ-റെയിലിനും എതിരാണെന്ന് ട്വന്റി ട്വന്റിയും എ.എ.പിയും വ്യക്തമാക്കിയിട്ടുണ്ട്. അവരുടേത് സർക്കാർ വിരുദ്ധ വോട്ടുകളാണ്. സ്ഥാനാർത്ഥി ഇല്ലാത്ത സാഹചര്യത്തിൽ ആ വോട്ടുകളും യു.ഡി.എഫിന് കിട്ടും. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയുമായി യു.ഡി.എഫ് സന്ധി ചെയ്യില്ല. വോട്ടിന് വേണ്ടി വർഗീയ നിലപാടുള്ള ഒരു സംഘടനയുമായും ഒരു ചർച്ചയും നടത്തില്ല എന്നും പ്രതിപക്ഷ നേതാവ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP