Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജാട്ട് രോഷത്തിലും കർഷക അപ്രീതിയിലും മുങ്ങി പടിഞ്ഞാറൻ യുപിയിൽ ബിജെപി തോറ്റമ്പുമെന്ന പ്രവചനങ്ങൾ തെറ്റി; കർഷക കൂട്ടക്കൊല നടന്ന ലഖിംപൂർ ഖേരിയിൽ എട്ട് സീറ്റിലും വിജയം; പാർട്ടിക്ക് തുണയായത് ജാതി സമവാക്യങ്ങൾ മനസ്സിരുത്തി പ്രയോഗിച്ച തന്ത്രങ്ങൾ; എസ്‌പിയും ആർഎൽഡിയും നില മെച്ചപ്പെടുത്തി എങ്കിലും അവസാന ചിരി ബിജെപിക്ക് തന്നെ

ജാട്ട് രോഷത്തിലും കർഷക അപ്രീതിയിലും മുങ്ങി പടിഞ്ഞാറൻ യുപിയിൽ ബിജെപി തോറ്റമ്പുമെന്ന പ്രവചനങ്ങൾ തെറ്റി; കർഷക കൂട്ടക്കൊല നടന്ന ലഖിംപൂർ ഖേരിയിൽ എട്ട് സീറ്റിലും വിജയം; പാർട്ടിക്ക് തുണയായത് ജാതി സമവാക്യങ്ങൾ മനസ്സിരുത്തി പ്രയോഗിച്ച തന്ത്രങ്ങൾ; എസ്‌പിയും ആർഎൽഡിയും നില മെച്ചപ്പെടുത്തി എങ്കിലും അവസാന ചിരി ബിജെപിക്ക് തന്നെ

മറുനാടൻ ഡെസ്‌ക്‌

 ലക്‌നൗ: യുപി നിയമസഭാ തിരഞ്ഞടുപ്പിന് മുമ്പ് രാഷ്ട്രീയ നിരീക്ഷകരെല്ലാം പ്രവചിച്ചത് പടിഞ്ഞാറൻ യുപിയിൽ ബിജെപി അമ്പേ പരാജയപ്പെടുമെന്നാണ്. കാരണം കർഷകരുടെ രോഷം. എന്നാൽ, ഭരണകക്ഷിക്ക് പ്രതീക്ഷിച്ചത് പോലെ തിരിച്ചടി ഉണ്ടായതായി കാണുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പടിഞ്ഞാറൻ യുപിയിൽ ഭൂരിപക്ഷം കുറഞ്ഞുതാനും. 2012 ൽ ഈ മേഖലയിൽ വെറും 11 സീറ്റും, 2017 ൽ 51 സീറ്റുമാണ് ബിജെപി നേടിയത്. അതേസമയം, 2017 ൽ 15 സീറ്റ് നേടിയ എസ്‌പി ഇത്തവണ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസിന് രണ്ടും ആർഎൽഡിക്കും, ബിഎസ്‌പിക്കും ഓരോ സീറ്റും ഈ മേഖലയിൽ ഉണ്ടായിരുന്നു. എന്നാൽ, ഇത്തവണ ബിഎസ്‌പിക്കും കോൺഗ്രസിനും ഈ മേഖലയിൽ സീറ്റൊന്നുമില്ല. ആൽഎൽഡി ഏഴ് സീറ്റിൽ മുന്നിലാണെങ്കിലും അന്തിമ ഫലങ്ങൾ അറിയാനിരിക്കുന്നു.

ജാട്ടുകളാണ് പടിഞ്ഞാറൻ യൂപിയിൽ ഭൂരിപക്ഷം എങ്കിലും, കർഷക നിയമവും, കരിമ്പിന്റെ വിലപ്രശ്‌നവും ഒന്നും ബിജെപിക്ക് വലിയ അടി ഏൽപ്പിച്ചില്ല എന്നാണ് സൂചന. എന്നാൽ, ഈ മേഖലയിലെ പാർട്ടിക്കുള്ള പിന്തുണയുടെ അടിത്തറയ്ക്ക് ഇളക്കം തട്ടിയിട്ടുണ്ട്. ജാട്ട് സമുദായത്തിന്റെ പിന്തുണയുള്ള ജയന്ത് ചൗധരിയുടെ ആൽഎൽഡിക്കും, സഖ്യകക്ഷിയായ എസ്‌പിക്കും ഇത് നേട്ടമായി.

എന്നാൽ, ഇതിനെയെല്ലാം മറികടന്നാണ് ബിജെപിയുടെയും യോഗിയുടെയും വിജയം. മറ്റുബിജെപി മുഖ്യമന്ത്രിമാർക്ക് അനുകരിക്കാൻ കഴിയും വിധം പുതിയ ഒരു ഭരണ മാതൃക യോഗി മുന്നോട്ട് വച്ചു. രണ്ടാമതായി ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിച്ചു. യാദവ ഇതര മണ്ഡൽ വോട്ടുകൾ ബിജെപിക്ക് നഷ്ടമാകുന്നു എന്നായിരുന്നു പ്രചാരണത്തിനിടെ ഉയർന്ന വാദം. 2014 ലും, 2017 ലും 2019 ലും മണ്ഡൽ വോട്ടുകൾ ബിജെപിക്ക് കിട്ടിയിരുന്നു. എന്നാൽ, ഒബിസി വോട്ടുചോർച്ച കാര്യമായി ഉണ്ടായില്ല എന്നുവേണം തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് അനുമാനിക്കാൻ. കഴിഞ്ഞ എട്ടുവർഷത്തിനിടെ, നാലാമത്തെ തവണയാണ് ബിജെപി വോട്ടുവിഹിതം 40 ശതമാനത്തിൽ എത്തുന്നത്. 1989 ന് ശേഷം ഒരു പാർട്ടിക്കും ഇത്രയും വോട്ട് വിഹിതം നേടാൻ കഴിഞ്ഞിട്ടില്ല. ബിഎസ്‌പിയും എസ്‌പിയും ഭൂരിപക്ഷ സർക്കാരുകൾ രൂപീകരിച്ചപ്പോളും വോട്ട് വിഹിതം 30 ശതമാനം കടന്നിരുന്നില്ല. മൂന്നാമതായി വിലക്കയറ്റവും, തൊഴിലില്ലായ്മയും, കോവിഡും വരുത്തിയ ദുരിതങ്ങൾ സൗജന്യ റേഷൻ അടക്കം ജനക്ഷേമ നടപടികളിലൂടെ ബിജെപിയും യോഗിയും മറികടന്നു. ബിജെപി ഇപ്പോൾ വെറും ബ്രാഹ്മിൺ -ബനിയ പാർട്ടിയല്ല. ജനക്ഷേമ നടപടികളിലൂടെ ഒബിസി ദളിത് വോട്ടർമാരുടെ മനം കവർന്നു ബിജെപി എന്നുവേണം കരുതാൻ.

2017 ലെ തിരഞ്ഞെടുപ്പിനേക്കാൾ അഞ്ച് ശതമാനത്തോളം പുരോഗതി വോട്ട് വിഹിതത്തിൽ ബിജെപിക്കുണ്ടായി. 44.6 ശതമാനത്തോളം. അന്തിമ കണക്കുകൾ വരാനിരിക്കുന്നതേയുള്ളു. എന്നാൽ, 76 ഓളം സീറ്റുകൾ കൂടുതലായി നേടി മികച്ച പോരാട്ടം കാഴ്ച വച്ചിട്ടും ഭൂരിപക്ഷത്തിലേക്ക് അടുക്കാൻ ആയില്ലെന്ന നിരാശ അഖിലേഷിനെയും എസ്‌പിയെയും അലട്ടാതിരിക്കില്ല.

ജാതി സമവാക്യങ്ങളുടെ കളി

പടിഞ്ഞാറൻ മേഖലയിലെ ജാതിസമവാക്യങ്ങൾ വിലയിരുത്തി പിന്നോക്ക ജാതികളിൽ സ്വാധീനം ഉറപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞു. സയ്‌നി, കുശ്വാഹ, കുർമി, ജാടവ്, വിഭാഗങ്ങളിലെ നേതാക്കളെ ഉയർത്തിക്കാട്ടി വോട്ടു വാങ്ങി. ജാടവ് സമുദായത്തെ കണ്ണുവച്ച് പട്ടിക ജാതി പട്ടിക വർഗ്ഗ കമ്മീഷൻ യോഗി ആദിത്യനാഥ് പുനഃസംഘടിപ്പിച്ചു. ജാടവ് വിഭാഗത്തിൽ നിന്നുള്ള ബിജെപി എംഎൽഎ രാംബാബു ഹരിദിനെ ചെയർമാനാക്കി. മറ്റൊരു ജാടവനായ ലാൽജി നിർമലിനെ യുപി ദളിത് ഫിനാൻസ് കോർപറേഷൻ ചെയർമാനാക്കി.

യുപി പിന്നോക്ക വിഭാഗം കമ്മീഷൻ ചെയർമാനായ ജസ്വന്ത് സിങ് സയ്‌നി ആയിരുന്നു പടിഞ്ഞാറൻ യുപിയിലെ താര പ്രചാരകൻ. ഉത്തരാഖണ്ഡ് ഗവർണരായിരുന്ന ബേബി റാണി മൗര്യയും പദവി രാജി വച്ച് ബിജെപിക്കായി മത്സരത്തിനിറങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ജാട്ട് വോട്ടർമാരെ സ്വാധീനിക്കാൻ എതിരാളിയായ ജയന്ത് ചൗധരിയെ അനുനയിപ്പിക്കാനും അമിത് ഷാ ശ്രമിച്ചു. ജയന്ത് തെറ്റായ വീടാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഷാ വ്യംഗ്യമായി പറഞ്ഞു. ഇതെല്ലാം ഹിന്ദുപിന്നോക്ക വോട്ടുകളെ ബിജെപിയിലേക്ക് ആകർഷിച്ച ഘടകങ്ങളാണ്.

തിരഞ്ഞെടുപ്പ് രംഗം നന്നായി ധ്രുവീകരിക്കാനും ബിജെപിക്കായി. എസ്‌പിയെ മുസ്ലീങ്ങളുടെയും യാദവന്മാരുടെയും പാർട്ടിയായും ഹിന്ദുക്കൾക്ക് എതിരായ കലാപങ്ങളെ തുണയ്ക്കുന്നവരായും ചിത്രീകരിക്കുന്നതിൽ ബിജെപി വിജയിച്ചതായി കണക്കാക്കേണ്ടി വരും. ചില ജാട്ട് വിഭാഗങ്ങൾ ഒഴിച്ചുള്ള ഒബിസി സമുദായങ്ങൾ ബിജെപിയെ പടിഞ്ഞാറൻ യുപിയിൽ പിന്തുണച്ചതായാണ് ഫലം സൂചിപ്പിക്കുന്നത്.

ലഖിംപൂരിയിൽ എട്ടുസീറ്റിലും ബിജെപിക്ക് ജയം

കർഷക കൂട്ടക്കൊലയെ തുടർന്ന് വാർത്തകളിൽ നിറഞ്ഞ ലഖിംപൂർ ഖേരിയിൽ എട്ടു സീറ്റിലും ബിജെപി വിജയിച്ചു. ലഖിംപൂർ ഖേരി ജില്ലയിൽ പാലിയ, നിഘസൻ, ഗോല നിഘസൻ, ഗോല ഗോരഖ്നാഥ്, ശ്രീനഗർ, ധോർഹര, ലഖിംപൂർ, കസ്ത, മുഹമ്മദി എന്നി നിയമസഭ മണ്ഡലങ്ങളാണ് ഉള്ളത്. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ഈ എട്ടു മണ്ഡലത്തിലും വിജയിച്ചിരിക്കുകയാണ് ബിജെപി.

പാലിയയിൽ ഹർവീന്ദർ സിങ്ങ് സാഹ്നിയാണ് വിജയിച്ചത്. നിഹാസൻ- ശശാങ്ക് വർമ്മ, ശ്രീനഗർ- മഞ്ജു ത്യാഗി, ലഖിംപൂർ സദർ- യോഗേഷ് വർമ്മ, കസ്ത- സൗരവ് സിങ്, മുഹമ്മദി- ലോകേന്ദ്ര പ്രതാപി സിങ് എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥികൾ.

തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് ലഖിംപൂർ  ഖേരിയിൽബിജെപിക്ക് തിരിച്ചടി ഉണ്ടാവുമെന്നായിരുന്നു റിപ്പോർട്ടുകൾ. കർഷക പ്രക്ഷോഭം അടക്കമുള്ള വിഷയങ്ങൾ ബിജെപിയുടെ വോട്ട് ചോരാൻ ഇടയാക്കുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ ഫലമാണ് പുറത്തുവന്നത്. ലഖിംപൂർ ഖേരി ബിജെപി തൂത്തുവാരുന്നതാണ് ഫലം വ്യക്തമാക്കുന്നത്.

ജാട്ട് ഘടകം ആർഎൽഡിയെ സഹായിച്ചില്ല

പടിഞ്ഞാറൻ യുപിയിലെ ചില ജില്ലകളിൽ ജാട്ട് സമുദായം 18 ശതമാനത്തോളം വരും. ബിജെപി നേരത്തെ ജാട്ട് വോട്ട് കണ്ണുവച്ച് ആർഎൽഡിയുമായി സഖ്യത്തിലായിരുന്നെങ്കിലും 2014 ന് ശേഷം( മുസാഫർനഗർ കലാപത്തിന് ശേഷം) ജയന്ത് ചൗധരിക്കും പാർട്ടിക്കും വലിയ നേട്ടം തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ ആയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP