Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആശുപത്രി കിടക്കയിൽ കിടന്നു പണി ഇരന്നുവാങ്ങി ബെന്നി ബഹനാൻ; ഒരു കാര്യവുമില്ലാതെ ട്വന്റി 20ക്കെതിരെ പ്രതികരിച്ചതോടെ ബെന്നിക്കെതിരെ ഓരോ വോട്ടും ഉറപ്പാക്കാൻ രംഗത്തിറങ്ങി കിഴക്കമ്പലം ഭരിക്കുന്ന കിറ്റക്‌സ് പാർട്ടി; തൊട്ടുപിന്നാലെ തെറ്റയിൽ കേസുയർത്തി ബെന്നിയെ പ്രതിരോധത്തിലാക്കി യുവതിയുടെ രംഗപ്രവേശവും; യുഎഫ് ഉറപ്പായും ജയിക്കേണ്ട സീറ്റിൽ അവസാന അടിയൊഴുക്കുകൾ എല്ലാം ഇടതു മുന്നണിക്ക് അനുകൂലം: തോൽവി മണത്തു മാറാൻ ശ്രമിച്ച ഇന്നസെന്റിനെ രണ്ടാം വട്ടവും ചാലക്കുടി തുണയ്ക്കുമോ?

ആശുപത്രി കിടക്കയിൽ കിടന്നു പണി ഇരന്നുവാങ്ങി ബെന്നി ബഹനാൻ; ഒരു കാര്യവുമില്ലാതെ ട്വന്റി 20ക്കെതിരെ പ്രതികരിച്ചതോടെ ബെന്നിക്കെതിരെ ഓരോ വോട്ടും ഉറപ്പാക്കാൻ രംഗത്തിറങ്ങി കിഴക്കമ്പലം ഭരിക്കുന്ന കിറ്റക്‌സ് പാർട്ടി; തൊട്ടുപിന്നാലെ തെറ്റയിൽ കേസുയർത്തി ബെന്നിയെ പ്രതിരോധത്തിലാക്കി യുവതിയുടെ രംഗപ്രവേശവും; യുഎഫ് ഉറപ്പായും ജയിക്കേണ്ട സീറ്റിൽ അവസാന അടിയൊഴുക്കുകൾ എല്ലാം ഇടതു മുന്നണിക്ക് അനുകൂലം: തോൽവി മണത്തു മാറാൻ ശ്രമിച്ച ഇന്നസെന്റിനെ രണ്ടാം വട്ടവും ചാലക്കുടി തുണയ്ക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

അങ്കമാലി: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് പറഞ്ഞ് പിന്മാറാൻ ഒരുങ്ങിയ വ്യക്തിയാണ് ചാലക്കുടി എംപിയായിരുന്ന ഇന്നസെന്റ്. തോൽവിക്ക് സാധ്യത കൂടുതലാണ് എന്നതുകൊണ്ടായിരുന്നു ഇന്നസെന്റ് പിന്മാറാൻ ഒരുങ്ങിയത്. എന്നാൽ, പാർട്ടി പറഞ്ഞതു കൊണ്ട് വീണ്ടും കളത്തിലിറങ്ങിയ ഇന്നസെന്റ് പ്രചരണം മുറുകുമ്പോൾ രണ്ടാം ഘട്ടത്തിൽ എതിരാളി ബെന്നി ബഹനാനെയും വിറപ്പിച്ച് മുന്നേറുകയാണ്. കടുത്ത മത്സമാണ് ഇവിടെ നടക്കുന്നതെന്ന് വ്യക്തമാണ്. അതിനിടെ ബെന്നിക്കെതിരെ ട്വന്റി 20- കിഴക്കമ്പലം പഞ്ചായത്തുകാരും രംഗത്തിറങ്ങിയതോടെ ഫലം പ്രവചനാതീതമായി മാറുകയാണ്.

ട്വന്റി 20-യെയും കിഴക്കമ്പലം പഞ്ചായത്തിനെയും പരസ്യമായി അവഹേളിച്ചെന്നാരോപിച്ച് ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ബെന്നി ബഹനാനെതിരേ കിഴക്കമ്പലത്ത് പ്രതിഷേധ റാലി നടത്തി. കിഴക്കമ്പലം അന്ന ജങ്ഷൻ മുതൽ ട്വന്റി 20 നഗർ വരെയാണ് റാലി സംഘടിപ്പിച്ചത്. ആഴ്ചകൾക്കു മുമ്പ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ നടത്തിയ വാർത്താ സമ്മേളനങ്ങളിൽ കിഴക്കമ്പലത്തെ ട്വന്റി 20 സംഘടനയെ അറിയില്ലെന്നും പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും കിഴക്കമ്പലം പഞ്ചായത്തിലേക്ക് അല്ലെന്നുമുള്ള ബെന്നി ബഹനാന്റെ പരിഹാസമാണ് ട്വന്റി 20 പ്രതിഷേധിക്കാൻ കാരണമായത്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആകെയുള്ള 19 സീറ്റിൽ 17 സീറ്റും നേടി ഇരു മുന്നണികളെയും പരാജയപ്പെടുത്തി ഓരോ വാർഡിലും വൻ ഭൂരിപക്ഷം നേടിയാണ് ട്വന്റി 20 പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. സാഹചര്യം ഇതായിരിക്കെ ട്വിന്റി 20 പ്രസ്ഥാനം തിരഞ്ഞെടുപ്പിൽ ബെന്നി ബഹനാന് വോട്ട് നൽകേണ്ടതില്ല എന്ന തീരുമാനത്തിലാണ്. ട്വന്റി 20 നടത്തിയ കുടുംബയോഗങ്ങളിലാണ് പ്രതിഷേധം ശക്തമായത്.

ട്വന്റി 20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ്, ചെയർമാൻ ബോബി എം. ജേക്കബ്, കോൺഫെഡറേഷൻ റസിഡന്റ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സാന്റി മാത്യു എന്നിവർ പ്രസംഗിച്ചു. ജേക്കബ് തോമസ്, സെക്രട്ടറി അഗസ്റ്റിൻ ആന്റണി, പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബ്, ബോർഡ് മെമ്പർമാരായ ബിജോയ് ഫിലിപ്പോസ്, പി.ഐ. ഉലഹന്നാൻ, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.

അതേസമയം ബെന്നിക്കെതിരെ പരാതിയുമായി തെറ്റയിൽ കേസിൽ പെട്ട യുവതിയും രംഗത്തെത്തി. ജോസ് തെറ്റയിലിന്റെ അശ്ലീല വീഡിയോയ്ക്ക് പിന്നിൽ ബെന്നി ബെഹനാനാണെന്ന് വെളിപ്പെടുത്തിയ യുവതി തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സോളാർ വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ലൈംഗിക വീഡിയോ പുറത്തുവിട്ടതെന്നും യുവതി വെളിപ്പെടുത്തി. ബെന്നി ബെഹനാന്റെ നിർദ്ദേശപ്രകാരമാണ് ജോസ് തെറ്റയിലിനെ വീഡിയോയിൽ കുടുക്കിയത്. താൻ വിശ്വസിച്ച് ഏൽപ്പിച്ച വീഡിയോ ദൃശ്യങ്ങളിലെ ചില ഭാഗങ്ങൾ അവർ ചാനലുകൾ വഴി പ്രദർശിപ്പിച്ചതായും പരാതിക്കാരി പറഞ്ഞു.

മറ്റ് കോൺഗ്രസ് നേതാക്കളും ഇതിന് പിന്നിലുണ്ട്. വിവാദ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പിടിച്ചുവാങ്ങി. ഇതിലെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞാണ് ഭീഷണിയെന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. ബെന്നി ബെഹനാണ് പുറമെ ഭാര്യയ്ക്കെതിരെയും യുവതി പരാതി നൽകിയിട്ടുണ്ട്. തെറ്റയിലിന്റെ വീഡിയോയിൽ ഉൾപ്പെട്ട യുവതിയും ഇത്തവണ ചാലക്കുടിയിൽ മത്സരിക്കുന്നുണ്ട്. ഇവരെ പിന്തുണക്കാൻ ചില ഇടതു പ്രവർത്തകരും രംഗത്തുണ്ടെന്നാണ് പുറത്തുവരുന്ന സൂചന.

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബെന്നി ബഹാനാൻ കഴിഞ്ഞ ദിവസമാണ് വീണ്ടും വോട്ടുപിടിക്കാൻ രംഗത്തിറങ്ങിയത്. ബെന്നി ബഹനാൻ വീണ്ടും തെരഞ്ഞെടുപ്പ് വേദിയിൽ എത്തിയപ്പോൾ പടക്കം പൊട്ടിച്ചും പുത്തിരി കത്തിച്ചും കണ്ടംപൊട്ടുമാറ് ഉച്ചത്തിൽ ജയ് വിളിച്ചുമാണ് യുഡി എഫ് പ്രവർത്തകർ എതിരേറ്റത്.

സ്ഥാനാർത്ഥിയുടെ തിരിച്ചുവരവ് അക്ഷരാർത്ഥത്തിൽ പ്രവർത്തകരെ ആഹ്‌ളാദ ഭരിതരാക്കിയിട്ടുണ്ടെന്നാണ് യോഗസ്ഥലത്തെ വരവേൽപ്പ് വ്യക്തമാക്കുന്നത്. എന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചിരുന്ന ബെന്നിയുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് എ കെ ആന്റണി പറഞ്ഞപ്പോൾ ജനക്കൂട്ടം നിർത്താതെ കൈയടിച്ചും ആർപ്പുവിളിച്ചുമാണ് ആഹ്‌ളാദം പങ്കിട്ടത്. കുറച്ച് ദിവസം കൂടി ഡോക്ടർ പറയുന്നത് അനുസരിക്കണം. ബെന്നിയെ ചാലക്കുടിയിലെ എം പി ആക്കിയിട്ടേ വിശ്രമിക്കാവു എന്നും പ്രവർത്തകരെ ഓർമ്മിപ്പിച്ച ശേഷമാണ് ആന്റണി പ്രസംഗത്തിന്റെ ഗതി മാറ്റിയത്. അതിശക്തമായ മത്സരമാണ് ഇപ്പോൾ മണ്ഡലത്തിൽ നടക്കുന്നതെന്ന് നേതാക്കൾ അണികളെ ഓർമ്മിപ്പിച്ചു കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP