Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

അനുദിനം വർധിക്കുന്ന പിന്തുണയുമായി കുമ്മനം, ആഗോളപൗരനായി തരൂരും, നാട്ടുകാരനായി ദിവകാരനും; തലയെടുപ്പുള്ള നേതാക്കൾ ഏറ്റുമുട്ടുമ്പോൾ മത്സരം തീ പാറുന്നു; എല്ലാ കണ്ണുകളും ശബരിമലയും ജാതി സമവാക്യങ്ങളും സൃഷ്ടിക്കുന്ന അടിയൊഴുക്കുകളിലും; അനന്തപുരി ആർക്കൊപ്പമെന്ന് അറിയാൻ വോട്ടെണ്ണൽ വരെ കാത്തിരിക്കുക തന്നെ വേണം; തിരുവനന്തപുരത്ത് പ്രവചനം അസാധ്യമാക്കുന്ന അതിശക്തമായ ത്രികോണ മൽസരം

അനുദിനം വർധിക്കുന്ന പിന്തുണയുമായി കുമ്മനം, ആഗോളപൗരനായി തരൂരും, നാട്ടുകാരനായി ദിവകാരനും; തലയെടുപ്പുള്ള നേതാക്കൾ ഏറ്റുമുട്ടുമ്പോൾ മത്സരം തീ പാറുന്നു; എല്ലാ കണ്ണുകളും ശബരിമലയും ജാതി സമവാക്യങ്ങളും സൃഷ്ടിക്കുന്ന അടിയൊഴുക്കുകളിലും; അനന്തപുരി ആർക്കൊപ്പമെന്ന് അറിയാൻ വോട്ടെണ്ണൽ വരെ കാത്തിരിക്കുക തന്നെ വേണം; തിരുവനന്തപുരത്ത് പ്രവചനം അസാധ്യമാക്കുന്ന അതിശക്തമായ ത്രികോണ മൽസരം

അരുൺ ജയകുമാർ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ അവസാനവട്ട ചിത്രം നോക്കുമ്പോൾ തിരുവനന്തപുരത്ത് ഫോട്ടോ ഫിനീഷ് തന്നെയാണ്. ഇവിടെ ആരു ജയിക്കും എന്ന് പറയാൻ കഴിയില്ല. രണ്ടു സർവേകളിൽ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് സാധ്യത കൽപ്പിക്കുമ്പോൾ, മറ്റു രണ്ട് സർവേയിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനാണ് നേരിയ സാധ്യത.

മറുനാടൻ സർവേയിലും നേരിയ മുൻതൂക്കം ശശി തരൂരിനായിരുന്നു. എന്നാൽ അവസാനം നടന്ന് മൂന്ന് സർവേകളിൽ നേരിയ മൂൻതൂക്കം എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരനാണ്. അതുകൊണ്ടുതന്നെ തീർത്തും അപ്രവചനീയം എന്ന് കാറ്റഗറിയിലാണ് രാഷ്ട്രീയ നിരീക്ഷകർ തിരുവനന്തപുരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.

യഥാർത്ഥ ത്രികോണം തിരുവനന്തപുരത്ത്

മറ്റ് പല മണ്ഡലങ്ങളിലും ത്രികോണ മത്സരം എന്ന് കടലാസിൽ എഴുതാമെങ്കിലും കേരളത്തിൽ യഥാർത്ഥ ത്രികോണ മത്സരം നടക്കുന്നത് തിരുവനന്തപുരത്താണ്. കടുകിട വ്യത്യാസത്തിൽ പോലും വിട്ടുകൊടുത്താൽ എതിരാളി ഒരു വള്ളപ്പാടകലെ ഫിനിഷ് ചെയ്യും എന്ന അവസ്ഥ.

അത്‌കൊണ്ട് തന്നെ ദേശീയ വിഷയങ്ങൾ മുതൽ പ്രാദേശിക വികസനം വരെ ചർച്ചയാകുന്ന മണ്ഡലമാണ് തിരുവനന്തപുരം. ശബരിമല വിഷയം പത്തനംതിട്ടയിലെപ്പോലെ തന്നെ ചർച്ചയാകുന്ന മണ്ഡലമാണ് തിരുവനന്തപുരം. ബിജെപിക്ക് ഏറ്റവും വലിയ സംഘടന ശക്തിയുള്ള മണ്ഡലമാണ് തിരുവനന്തപുരം. നിയമസഭയിൽ അക്കൗണ്ട് തുറന്ന നേമവും രണ്ടാം സ്ഥാനത്ത് എത്തിയ കഴക്കൂട്ടവും വട്ടിയൂർക്കാവും, നല്ല വോട്ട് വിഹിതമുള്ള തിരുവനന്തപുരം സെൻട്രൽ എന്നിങ്ങനെ ബിജെപിക്ക് പ്രതീക്ഷ നൽകുന്ന ഘടകങ്ങൾ നിരവധിയാണ്.

ജില്ലയിലെ 14ൽ ഒൻപത് മണ്ഡലങ്ങളും ഒപ്പം നിൽക്കുന്നുവെങ്കിലും ഇതിൽ തിരുവനന്തപുരം ലോക്‌സഭയിൽ ഉൾപ്പെടുന്ന മൂന്ന് മണ്ഡലങ്ങൾ മാത്രമേ ഇടത്പക്ഷത്തിന് ഒപ്പമുള്ളു. യുഡിഎഫിന്റെ അവസ്ഥയും അങ്ങനെ തന്നെയാണ്. യുഡിഎഫ് സ്ഥാനാർത്ഥിയും ബിജെപി സ്ഥാനാർത്ഥിയും വോട്ട് ചോദിക്കുമ്പോൾ പറയുന്ന പ്രധാന കാര്യം ജയിച്ചാൽ ഒരു കേന്ദ്രമന്ത്രി എന്നത് തന്നെയാണ്. ശശി തരൂർ തിരുവനന്തപുരത്ത് വിജയിക്കുകയും ഡൽഹിയിൽ രാഹുൽ ഗാന്ധി സർക്കാർ വരികയും ചെയ്താൽ തരൂരും. കുമ്മനവും മോദി ഭരണവുമാണ് വരുന്നതെങ്കിൽ അദ്ദേഹവും മന്ത്രിയാകും എന്നതാണ് അവസ്ഥ.

അനുദിനം വർധിക്കുന്ന പിന്തുണയുമായി കുമ്മനം

എപ്ലസ് മണ്ഡലമായ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ മത്സരിച്ചാൽ വിജയം ഉറപ്പാണ് എന്ന് തന്നെയാണ് ബിജെപി ജില്ലാ ഘടകം മുതൽ ദേശീയ ഘടകം വരെ വിശ്വസിച്ചത്. അതുകൊണ്ട് തന്നെയാണ് മറ്റ് പല പേരുകളും കേട്ടിരുന്നെങ്കിലും ഒടുവിൽ കുമ്മനം തന്നെ സ്ഥാനാർത്ഥിയായി എത്തിയത്. മിസോറാം ഗവർണർ പദവി രാജിവെച്ച് വന്ന കുമ്മനത്തിന് വിജയിച്ച ഒരു സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന തരത്തിലുള്ള സ്വീകരണമാണ് ലഭിച്ചത്.

അത്‌ പോലെ തന്നെ സ്വീകരണ കേന്ദ്രങ്ങളിലും മറ്റും സ്ത്രീകളുൾപ്പടെ വൻ ജനാവലിയാണ് കുമ്മനത്തെ കാണാനെത്തിയത്. സ്വീകരണ കേന്ദ്രമായി നിശ്ചയിക്കാത്ത സ്ഥലങ്ങളിൽ പോലും വൻ ജനാവലി കുമ്മനത്തെ കാണാനെത്തി. കുടുംബ സമേതവും അത്‌പോലെ യുവാക്കളും യുവതികളും ഉൾപ്പടെ കുമ്മനത്തെ സ്വീകരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഒരു മാസം തിരുവനന്തപുരത്ത് കണ്ടത്. ലളിത ജീവിതം നയിക്കുന്ന വ്യക്തിയെന്നതും യാതൊരു അഴിമതിയിലും പെടാത്ത ആളെന്നതും കുമ്മനത്തിന് ഗുണകരമായി.

പല അഭിപ്രായ സർവ്വേകളിലും ഏറ്റവും ജനപ്രിയ നേതാവ് ആരെന്ന ചോദ്യത്തിൽ ഉമ്മൻ ചാണ്ടിയും പിണറായി വിജയനും വിഎസുമൊക്കെയാണ് എത്തിയത് എങ്കിൽ തിരുവനന്തപുരത്ത് ഒന്നാമത് കുമ്മനമാണ്. പല അഭിപ്രായ സർവ്വേകളിലും കുമ്മനം വിജയിക്കും എന്നുൾപ്പടെ പ്രഖ്യാപനം നടന്നു.

ആഗോള പൗരനായി തരൂർ

ഹാട്രിക് വിജയം ലക്ഷമിട്ട് ഇറങ്ങുന്ന തരൂരിന്റെ അന്താരാഷ്ട്ര ബന്ധം തന്നെയാണ് മണ്ഡലത്തിൽ ചർച്ചായക്കി യുഡിഫെ് വോട്ട് പിടുത്തം നടത്തിയത്. എന്നാൽ പത്ത് വർഷം മുൻപ് ആദ്യമായി എത്തിയപ്പോൾ പറഞ്ഞ കാര്യം തന്നെ ഇ്‌പോഴും പറയാതെ ആ പത്ത് വർഷം കേന്ദ്രമന്ത്രിയും എംപിയുമൊക്കെ ആയിരുന്നപ്പോൾ കൊണ്ട് വന്ന വികസന പ്രവർത്തനങ്ങളും മറ്റും പറയാൻ ധൈര്യമുണ്ടോ എന്നാണ് മറുപക്ഷങ്ങൾ ചോദിക്കുന്നു.

ടെക്‌നോപാർക്ക് കേന്ദ്രീകരിച്ച് ചില കമ്പനികൾ കൊണ്ട് വന്നതാണോ ഒരു എംപിയുടെ വികസനങ്ങൾ എന്നും ചോദ്യമുയരുന്നു. മിക്കവാറും മണ്ഡലത്തിൽ എത്താതെ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം എത്തുന്ന ദേശാടനക്കിളിയെന്നുമൊക്കെ എതിരാളികൾ പറയുന്നുവെങ്കിലും യുവാക്കൾക്ക് ഇടയിൽ തരൂരിന് വ്യക്തമായ സ്വാധീനമുണ്ട്. പത്ത് വർഷം മുൻപ് പറഞ്ഞ ബാർസലോന ഇരട്ടനഗരവും ഹൈക്കോടതി ബെഞ്ചുമൊക്കെ എവിടെ എന്നും എതിരാളികൾ ചോദിക്കുന്നു

നാട്ടുകാരനായി ദിവാകരൻ

കോട്ടയം സ്വദേശിയായ കുമ്മനം രാജശേഖരനും പാലക്കാട് സ്വദേശിയായ തരൂരും ഒക്കെ തിരുവനന്തപുരത്ത് വിജയിച്ചാലും മണ്ഡലത്തിൽ ഒന്നും ചെയ്യാൻ പോകുന്നില്ല. മാത്രമല്ല ബിജെപി സ്വകാര്യവൽക്കരണം നടത്തി തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളവും ഹിന്ദുസ്ഥാൻ ലാറ്റക്‌സുമൊക്കെ എഴുതി വിറ്റതും നാട്ടുകാർക്ക് ഒപ്പം നിൽക്കുമെന്ന ഉറപ്പും ഇടത്പക്ഷം സംസ്ഥാനത്ത് നടത്തിയ വികസന പ്രവ്രർത്തനങ്ങളും ചർച്ചയാക്കിയാണ് ഇടത്പക്ഷം വോട്ട് തേടുന്നത്.

ജാതി സമവാക്യങ്ങൾ യുഡിഎഫിനും ബിജെപിക്കും അനുകൂലം

തിരുവനന്തപുരം മണ്ഡലത്തിലെ വലിയ വോട്ട് ബാങ്കാണ് നായർ സമുദായം. ഇതിൽ തന്നെ നഗരമണ്ഡലങ്ങളായ തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നിവിടങ്ങളിൽ എൻഎസ്എസിന് വ്യക്തമായ സ്വാധീവമുണ്ട്. കഴിഞ്ഞ തവണത്തെ പോലെ യുഡിഎഫും ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്നു. എൽഡിഎഫിന്റെ പ്രതീക്ഷ മുഴുവൻ കോവളം, നെയ്യാറ്റിൻകര, പാറശ്ശാല എന്നിവടങ്ങളിൽ മുന്നിലെത്തി വിജയിക്കാമെന്നാണ്. ശബരിമല വിഷയം ഏറ്റവും കൂടുതൽ ചർച്ചയാകുന്നു എന്നത് കുമ്മനത്തിന് ഗുണകരമാകും.

എന്നാൽ നായർ വോട്ടുകൾ തരൂരിനും കുമ്മനത്തിനുമായി ഭിന്നിക്കുമ്പോൾ മറ്റ് വോട്ടുകളിലൂടെ വിജയിക്കാമെന്ന് ദിവാകകരൻ കണക്ക് കൂട്ടുന്നു. എന്നാൽ മോദി വിരുദ്ധ തരംഗം ശക്തമായ തലസ്ഥാനത്ത് കോൺഗ്രസ് അനുകൂല വികാരം ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ സജീവമാണ് എന്നത് ഇടത്പക്ഷത്തിന് ഭീഷണിയുമാണ്.

വോട്ട് മറിക്കൽ ആരോപണം

ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ വിജയിക്കും എന്ന പ്രതീതി നിലനിൽക്കുന്നതിനാൽ തന്നെ സിപിഎം വോട്ടുകൾ കോൺഗ്രസിന് മറിച്ച് കൊടുത്ത് കുമ്മനത്തെ തടയാൻ സിപിഎം ശ്രമിക്കുന്നുവെന്ന് ആരോപണം സജീവമാണ്.

നേരത്തെ കുമ്മനം വട്ടിയൂർക്കാവ് ലോക്‌സഭ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ സിപിഎം വോട്ടുകൾ കെ മുരളീധരന് മറിച്ചുകൊടുത്തുവെന്ന് ആരോപണം അന്ന് തോറ്റ സിപിഎം സ്ഥാനാർത്ഥി തന്നെ ഉന്നയിച്ചിരുന്നു. ഇപ്പോഴും വോട്ട് മറിക്കൽ നടക്കാനുള്ള സാധ്യത ബിജെപി തള്ളിക്കളയുന്നില്ല.

മുരളീധരൻ പോയത് തരൂരിന് തിരിച്ചടിയായി

വട്ടിയൂർക്കാവ് എംഎൽഎ കെ മുരളീധരനായിരുന്നു ആദ്യ ഘട്ടത്തിൽ ശശി തരൂരിന്റെ പ്രചാരണത്തിന്റെ ചുമതല. വളരെ മികച്ച രീതിയിൽ തന്നെ ഇത് മുന്നോട്ട് പോകുമ്പോഴാണ് വടകരയിലെ സ്ഥാനാർത്ഥിയായി മുരളീധരൻ പോകുന്നത്. അതൊടെ തരൂരിന്റെ നില പരുങ്ങലിലായി. പ്രചാരണം പോലും നടക്കുന്നില്ലെന്നും 300ന് മുകളിൽ ബൂത്തുകൾ നിഷ്‌ക്രിയമാണ് എന്നും ആരോപിച്ച് സ്ഥാനാർത്ഥി തന്നെ രംഗ്തത് വന്നപ്പോൾ ഹൈക്കമാൻഡ് ഉൾപ്പടെ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

എന്നാൽ ശക്തമായ ത്രികോണ മത്സരം നടക്കുമ്പോൾ ഇത്തരത്തിൽ പിന്നിലേക്ക് പോയത് തരൂരിനെ എത്രത്തോളം ബാധിച്ചുവെന്ന് അറിയാൻ മെയ് 23 വരെ കാത്തിരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP