Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അടുക്കാതെ നിന്ന തുഷാർ വെള്ളാപ്പള്ളിയെ സമ്മർദ്ദത്തിൽ വീഴ്‌ത്തി ബിജെപി; മകൻ വെള്ളാപ്പള്ളി തൃശ്ശൂരിൽ ജനവിധി തേടും; ഘടകകക്ഷികളിൽ ബിഡിജെഎസിന് 5 സീറ്റ്; തൃശ്ശൂരിന് പുറമെ പാർട്ടി മത്സരിക്കുക വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂർ മണ്ഡലങ്ങളിൽ; കോട്ടയം സീറ്റ് പിസി തോമസ് വിഭാഗത്തിന്; ബിജെപി സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും

അടുക്കാതെ നിന്ന തുഷാർ വെള്ളാപ്പള്ളിയെ സമ്മർദ്ദത്തിൽ വീഴ്‌ത്തി ബിജെപി; മകൻ വെള്ളാപ്പള്ളി തൃശ്ശൂരിൽ ജനവിധി തേടും; ഘടകകക്ഷികളിൽ ബിഡിജെഎസിന് 5 സീറ്റ്; തൃശ്ശൂരിന് പുറമെ പാർട്ടി മത്സരിക്കുക വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂർ മണ്ഡലങ്ങളിൽ; കോട്ടയം സീറ്റ് പിസി തോമസ് വിഭാഗത്തിന്; ബിജെപി സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഒടുവിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി തൃശ്ശൂർ മണ്ഡലത്തിൽ ജനവിധി തേടും. തുഷാർ മത്സരിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നാളെ തന്നെ ഉണ്ടാകും. മത്സര രംഗത്ത് വരാൻ താൽപര്യമില്ലെന്ന തുഷാറിന്റെ ആവർത്തിച്ചുള്ള നിലപാട് കേന്ദ്ര നേതൃത്വത്തെ പലപ്പോഴും ചൊടിപ്പിച്ചിരുന്നു. ഒരു ഗുണവുമില്ലാത്ത ഈ സഖ്യം തുടരേണ്ടതില്ലെന്ന കടുത്ത നിലപാടിലേക്ക് പോലും ബിജെപി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒടുവിൽ തുഷാർ വഴങ്ങുന്നത്. ബിജെപി എപ്ലസ് മണ്ഡലങ്ങളുടെ പട്ടികയിലുൾപ്പെടുത്തിയിരുന്നതാണ് തൃശ്ശൂർ.

തൃശൂരടക്കം ബിഡിജെഎസിന് അഞ്ചു സീറ്റുകൾ നൽകാനാണ് തീരുമാനം. -തൃശൂർ, വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂർ എന്നിവയാണ് എൻഡിഎ മുന്നണിയിൽ ബിഡിജെഎസിന് നൽകിയിരിക്കുന്നത്. കോട്ടയം സീറ്റ് കേരള കോൺഗ്രസ് പിസി തോമസ് വിഭാഗത്തിനാണ്. പി.സി.തോമസ് തന്നെ ഇവിടെനിന്ന് മത്സരിക്കും എന്നാണ് സൂചന. ബാക്കി 14 സീറ്റുകളിൽ ബിജെപിയാകും മത്സരിക്കുക. ബിജെപി സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള അറിയിച്ചു. സ്ഥാനാർത്ഥി നിർണയം പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബിജെപി പൂർണ സജ്ജമാണെന്നും കേരളത്തിൽ പാർട്ടിക്ക് അനുകൂല സാഹചര്യമാണ് നിലനിൽക്കുന്നത് എന്നും ശ്രീധരൻ പിള്ള പറയുന്നു.

വമ്പൻ ഓഫറുകൾ നൽകിയാണ് താൽപര്യമില്ലാതിരുന്ന തുഷാറിനെ പാർട്ടി ഇപ്പോൾ മത്സരിപ്പിക്കുന്നത്.തൃശൂരിൽനിന്നു മൽസരിക്കണമെന്ന ബിജെപി സമ്മർദത്തിന് വഴങ്ങാൻ തുഷാർ വെള്ളാപ്പള്ളി ഇനിയും തയാറായിരുന്നില്ല. വമ്പൻ ഓഫറുകൾ നൽകി തുഷാരിനെ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. കെ.സുരേന്ദ്രന്റെ പേര് തൃശൂരിലേക്കു പരിഗണിച്ചിരുന്നെങ്കിലും ബിഡിജെഎസിന്റെ നിലപാടു നിർണായകമായി. സംസ്ഥാന നേതൃത്വം നൽകിയ സാധ്യതപട്ടികയിൽ ദേശീയ നേതൃത്വം മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു.അതേസമയം, തുഷാർ മൽസരിക്കുന്നതിൽ തെറ്റില്ലെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയതും നിർണായകമായി. എസ്എൻഡിപി ഭാരവാഹിത്വം ഒഴിയണമെന്ന തീരുമാനത്തിൽ മാറ്റമില്ല. മുന്നണി സംവിധാനമാകുമ്പോൾ ബിഡിജെഎസ് അധ്യക്ഷന് മൽസരിക്കേണ്ടി വന്നേക്കാമെന്നും വെള്ളാപ്പള്ളി ആലപ്പുഴയിൽ പറഞ്ഞു.

മുൻപു തങ്ങളുമായുണ്ടാക്കിയ ധാരണകൾ പാലിക്കപ്പെടാത്തതിൽ ബിഡിജെഎസിന് അതൃപ്തിയുണ്ട്. ഈ വിഷയത്തിലും ധാരണയായതിനെ തുടർന്നാണ് തുഷാർ തൃശൂരിൽ മത്സരിക്കുന്നത്. കെ. സുരേന്ദ്രനും ടോം വടക്കനും തൃശൂരിൽ പരിഗണനയിലുണ്ടെങ്കിലും സാധ്യത ബിഡിജെഎസ് നിലപാടിനെ ആശ്രയിച്ചിരിക്കുന്നു. ഇന്നലെ ബിജെപിയിൽ ചേർന്ന കെ.എസ്. രാധാകൃഷ്ണനെ ആലപ്പുഴയിൽനിന്നു പരിഗണിക്കുന്നുണ്ട്.

ഇതോടെ ശബരിമല പ്രക്ഷോഭം നയിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് സാധ്യത മണ്ഡലങ്ങൾ ഒന്നും തന്നെ ലഭിക്കില്ലെന്നും ഉറപ്പായി. പത്തനംതിട്ടയോ തൃശ്ശൂരോ ലഭിച്ചില്ലെങ്കിൽ താൽപര്യമില്ലെന്ന് സുരേന്ദ്രൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. 2014 ലോക്‌സഭ തെരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ നിന്ന് സുരേന്ദ്രന് 172826 വോട്ടുകൾ ലഭിച്ചിരുന്നു. എന്നാൽ ഇനി ഒരു തവണ കൂടി ജയസാധ്യത കുറഞ്ഞ മണ്ഡലത്തിൽ മത്സരിക്കേണ്ടതില്ല എന്ന് സുരേന്ദ്രൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP