Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൃശൂരിൽ എല്ലാം സുരേഷ് ഗോപി തീരുമാനിക്കും! സിനിമാ സ്‌റ്റൈൽ മാസ് എൻട്രിയുമായി കടന്നു വന്ന നടൻ പിടിക്കുന്ന വോട്ടുകൾ ഏത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന് വ്യക്തമല്ല; ഒലിച്ചുപോവുക കോൺഗ്രസ് വോട്ടുകളെന്ന് ഇടതുമുന്നണി; ന്യുനപക്ഷ വോട്ടുകൾ ഏകീകരിക്കപ്പെടുകയും, ഹൈന്ദവ വോട്ടുകൾ ഭിന്നിക്കുകയും ചെയ്യുമ്പോൾ തങ്ങൾക്ക് മുൻതൂക്കമെന്ന് യുഡിഎഫ്; അവസാനവട്ടത്തിൽ തൃശൂരിലും ഫോട്ടോ ഫിനീഷ്; ഐക്യമുന്നണിക്കുള്ളത് നേരിയ മുൻതൂക്കം മാത്രം

തൃശൂരിൽ എല്ലാം സുരേഷ് ഗോപി തീരുമാനിക്കും! സിനിമാ സ്‌റ്റൈൽ മാസ് എൻട്രിയുമായി കടന്നു വന്ന നടൻ പിടിക്കുന്ന വോട്ടുകൾ ഏത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന് വ്യക്തമല്ല; ഒലിച്ചുപോവുക കോൺഗ്രസ് വോട്ടുകളെന്ന് ഇടതുമുന്നണി; ന്യുനപക്ഷ വോട്ടുകൾ ഏകീകരിക്കപ്പെടുകയും, ഹൈന്ദവ വോട്ടുകൾ ഭിന്നിക്കുകയും ചെയ്യുമ്പോൾ തങ്ങൾക്ക് മുൻതൂക്കമെന്ന് യുഡിഎഫ്; അവസാനവട്ടത്തിൽ തൃശൂരിലും ഫോട്ടോ ഫിനീഷ്; ഐക്യമുന്നണിക്കുള്ളത് നേരിയ മുൻതൂക്കം മാത്രം

കെ.എം.അക്‌ബർ

തൃശൂർ: ഈ തെരഞ്ഞെടുപ്പിൽ കേരളം കണ്ട ഏറ്റവും വലിയ ക്രൗഡ് പുള്ളർ ആരാണെന്ന് ചോദിച്ചാൽ സുരേഷ് ഗോപി എന്നായിരിക്കും ഉത്തരം. മലയാളികളുടെ ഈ പ്രിയപ്പെട്ട നടൻ അത്രമേൽ വലിയ ജനാവലിയെയാണ് ആകർഷിച്ചത്. അതുകൊണ്ടുതന്നെ തൃശൂരിലെ ഏറ്റവും വലിയ വിജയഘടകവും സുരേഷ് ഗോപി തന്നെ. സുരേഷ് ഗോപി പിടിക്കുന്ന വോട്ട് ആരുടെതാണ് എന്നതിനെ അനുസരിച്ചാണ് തൃശൂരിലെ വിജയ സാധ്യതകൾ. തങ്ങളുടെ വോട്ടുകൾ പിടിക്കാൻ ഒരു നടനും ആവില്ലെന്നും, അദ്ദേഹം മൂലം യുഡിഎഫിനാണ് വലിയ പരിക്കേൽക്കുക എന്നാണ് ഇടതുമുന്നണി പറയുന്നത്. അർധ സംഘി മനസ്സുള്ള കോൺഗ്രസ് വോട്ടർമാരാണ് സുരേഷ് ഗോപിയിലേക്ക് ഒലിച്ചുപോവുകയെന്നാണ് ഇടതുനേതാക്കൾ പറയുന്നത്. എന്നാൽ രാഹുൽ ഗാന്ധിയുടെ വരവോടെ ന്യുനപക്ഷ വോട്ടുകൾ തങ്ങൾക്കായി ഏകീകരിക്കപ്പെടുകയും, ഹൈന്ദവ വോട്ടുകൾ ഭിന്നിക്കുകയും ചെയ്യുമെന്നും അതിനാൽ നല്ല ഭൂരിപക്ഷത്തിന് തങ്ങൾ ജയിക്കുമെന്നുമാണ് യുഡിഎഫ്് വിലയിരുത്തൽ. ബിജെപിയാവട്ടെ സുരേഷ് ഗോപി ഇവിടെ ജയിക്കുമെന്നും രണ്ടാം സ്ഥാനത്തിനാണ് മൽസരം എന്നുമാണ് പറയുന്നത്. അന്തിമ ചിത്രം നോക്കുമ്പോൾ തൃശൂരിൽ ഫോട്ടോ ഫിനീഷാണ്. യുഡിഎഫിന് നേരിയ മുൻതൂക്കമുണ്ടെന്ന് വേണമെങ്കിൽ പറയാമെന്ന് മാത്രം.

പ്രതീക്ഷ രാജാജിയുടെ ക്ലീൻ ഇമേജിൽ

ഇല്ലായ്മകളിൽനിന്നു വളർന്ന് സംഘടനയുടെ പടവുകളും കയറിവന്ന സാമ്രാജ്യത്വ വിരുദ്ധ പോരാളിയായി വിവിധ സമ്മേളനങ്ങളിൽ പങ്കെടുത്ത രാജാജി മാത്യൂസിന്റെ ക്ലീൻ ഇമേജിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ. എംഎൽഎയും എഐഎസ്എഫ് ദേശീയ നേതാവും ലോക ജനാധിപത്യ ഫെഡറേഷൻ വൈസ് പ്രസിഡന്റുമായിരുന്ന രാജാജി മാത്യു തോമസ് നയാപ്പൈസയുടെ സമ്പാദ്യമുള്ള ആളല്ല. സ്വന്തമായി ഒരു വീടുപോലും ഇല്ലാത്ത അപൂർവം നേതാവ്.

2014ൽ 38227 വോട്ടുകൾക്ക് സി.എൻ.ജയദേവൻ വിജയിച്ച മണ്ഡലത്തിൽ ഏറെ പ്രതീക്ഷയോടെയാണ് ഇടതുമുന്നണി ഇത്തവണയും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. നേരത്തെ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങിയ ഇടതുമുന്നണി നാല് റൗണ്ട് പ്രചാരണ പര്യടന പരിപാടികൾ പൂർത്തിയാക്കി. കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് വൻ വിജയമായിരുന്നു. നിയമസഭ തെരെഞ്ഞെടുപ്പിലും ഇടതുമുന്നണി മുന്നേറ്റമുണ്ടാക്കി. ഈ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഇടതു മുന്നണിയുടെ പ്രതീക്ഷകൾ. മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന് എത്താൻ കഴിഞ്ഞു എന്നതിനൊപ്പം മന്ത്രിമാരായ വി എസ്. സുനിൽകുമാറിന്റെയും രവീന്ദ്രനാഥിന്റെയും എംഎ‍ൽഎ മാരുടെയും നേതൃത്വത്തിലാണ് പ്രചാരണ പരിപാടികൾ. മണ്ഡലം നിലനിറുത്തുമെന്നാണ് ഇടതുമുന്നണി പറയുന്നത്. ബിജെപി, ആർ. എസ്. എസിന്റെ വർഗീയതയും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹവുമാണ് ഇടതുമുന്നണിയുടെ പ്രചാരണായുധം. രാഹുൽഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് കോൺഗ്രസിന് എതിരെയും പ്രചാരണായുധമാക്കുന്നുണ്ട്. മണ്ഡലത്തിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായിരുന്നെങ്കിൽ യു.ഡി.എഫിലേക്ക് മറിയുമായിരുന്ന ബിജെപി വോട്ടുകൾ സുരേഷ്‌ഗോപിയിലൂടെ താമരക്ക് തന്നെ വീഴുമെന്നും അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു.

ഗ്രൂപ്പുകൾക്ക് അതീതനായി പ്രതാപൻ

അതേസമയം ഗ്രൂപ്പുകൾക്ക് അതീത വ്യക്തി പ്രഭാവമുള്ള ടി.എൻ.പ്രതാപനെയാണ് കോൺഗ്രസ്സ് കളത്തിലിറക്കിയിരിക്കുന്നത്. കോൺഗ്രസിന് ഇത്തവണ വെറും വിജയം പോരാ, കഴിഞ്ഞ തവണ തൃശൂരും ചാലക്കുടിയും തമ്മിലുള്ള വെച്ചുമാറ്റത്തിലൂടെ രണ്ടും നഷ്ടപ്പെടുത്തിയതിന്റെ പ്രതിഷേധം ഇനിയും ഒടുങ്ങിയിട്ടില്ല. പ്രതാപനിലൂടെ മണ്ഡലം തിരിച്ചെടുക്കുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. രാഹുൽ ഗാന്ധിയുമായുള്ള അടുപ്പവും പ്രതാപന്റെ ജനകീയതയും ഇതിനു ഗുണകരമാവുമെന്ന് പാർട്ടി കണക്കു കൂട്ടുന്നു. സ്ഥാനാർത്ഥികളാവാൻ ആഗ്രഹിച്ചു നടന്നവരുടെ മുഖം വീർപ്പിക്കലും വിവിധ മേഖലകളിൽ അടക്കം കോൺഗ്രസിനകത്തെ പരിഹരിക്കാത്ത തർക്കങ്ങളും ഫലത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന വിശ്വാസത്തിലാണ് കോൺഗ്രസ് മുന്നോട്ട് പോവുന്നത്.

ശബരിമല വിവാദത്തിൽ തങ്ങളുടെ വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാകുമെന്ന ആശങ്കയുണ്ടെങ്കിലും സിപിഎം നിലപാടിനോടുള്ള വിയോജിപ്പ് തങ്ങൾക്കു അനുകൂലമാകുമെന്നാണ് കോൺഗ്രസ്സ് കണക്ക് കൂട്ടൽ. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയവും സംസ്ഥാന സർക്കാരിന്റെ ഭരണ പിടിപ്പുകേടും തന്നെയാണ് പ്രധാന പ്രചരണം. മൂന്ന് റൗണ്ട് പര്യടനങ്ങൾ പൂർത്തിയായതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. 35,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് പ്രതാപന്റെ തെരഞ്ഞെടുപ്പ് സമിതി എ.കെ ആന്റണിക്ക് കണക്ക് നൽകിയത്. എങ്കിലും ഗുരുവായൂർ പോലുള്ള മേഖലകളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പ്രതാപനെതിരേ ഉയർന്ന പ്രതിഷേധവും കോലംകത്തിക്കലും യു.ഡി.എഫിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ആൾക്കൂട്ടം വോട്ടായാൽ സുരേഷ് ഗോപി

സംസ്ഥാനത്ത് എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്ത ആർഎസ്എസ് പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിൽ ആദ്യപേര് തൃശൂരിന്റതാണ്. വൈകിയ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പ്രവർത്തകർ ആദ്യം അസ്വസ്ഥരായിരുന്നുവെങ്കിലും ദിവസങ്ങൾക്കുള്ളിൽ സുരേഷ്‌ഗോപിക്കും ബിജെപിക്കും ഇതിനെ മറി കടക്കാൻ കഴിഞ്ഞു. തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രചാരണ കേന്ദ്രങ്ങളിലെ ആൾക്കൂട്ടമാണ് ആർഎസ്എസ് പ്രതീക്ഷ. ആൾക്കൂട്ടം വോട്ടായാൽ തൃശൂർ കൈപ്പിടിയിലൊതുക്കാമെന്നും അവർ കണക്കു കൂട്ടുന്നു. ഒപ്പം വിശ്വാസവും ശബരിമലയും സുവർണാവസരമാക്കാൻ സ്ഥാനാർത്ഥിക്ക് കഴിയുമെന്ന കണക്കുകൂട്ടലും. രാഷ്ട്രീയം ഒഴിവാക്കിയാണ് സുരേഷ് ഗോപിയുടെ പ്രചാരണം.

ശബരിമല തന്നെയാണ് വിഷയം. വീടുകളിലെ അപ്രതീക്ഷിത സന്ദർശനവും വിരുന്നൂണും പ്രവർത്തകർക്കിടയിൽ സിനിമാസ്‌റ്റൈലിൽ തന്നെയുള്ള പ്രസംഗങ്ങളും താരപ്പൊലിമ കൂട്ടുന്നുണ്ട്. ശബരിമല പരാമർശത്തിൽ കളക്ടറുടെ നോട്ടീസും വിശ്വാസികൾക്കിടയിൽ ബിജെപി അനുകൂല നിലപാടുണ്ടാക്കിയെന്നാണ് ബിജെപി കരുതുന്നത്. 2009ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 50,000 വോട്ട് മാത്രം നേടിയ ബിജെപി 2014ൽ ഇത് ഒരു ലക്ഷമായി വർധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടേകാൽ ലക്ഷം വോട്ടാണ് ബിജെപി മണ്ഡലത്തിൽ നേടിയത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മുൻകാല കണക്കുകളെ തെറ്റിക്കുമെന്ന് സുരേഷ്‌ഗോപിയുടെ പ്രചരണ ആൾക്കൂട്ടത്തെ ചൂണ്ടി ബിജെപി പറയുന്നു. ഇതൊക്കേയാണെങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പ് ചുവരെഴുത്ത് പ്രചാരണത്തെ ചൊല്ലി ബി.ഡി.ജെ.എസുമായി ഉണ്ടായ ശീതസമരം വോട്ടെടുപ്പിൽ പ്രതിഫലിക്കുമോ എന്ന പേടിയും ബിജെപിക്കുണ്ട്.

കുടമാറ്റംപോലെ മാറി മറയുന്ന തൃശൂർ മനസ്സ്

എങ്ങനെ വേണമെങ്കിലും മാറിമറിയാവുന്ന മനസ്സാണ് തൃശൂരിന്റേത്. തെളിയിച്ചു പറഞ്ഞാൽ തൃശൂർ പൂരത്തിലെ കുടമാറ്റം പോലെ. 16 തെരഞ്ഞെടുപ്പുകളിൽ 10 തവണ വിജയിച്ചത് സിപിഐ. ആറു തവണ കോൺഗ്രസും. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിന്റെ ആദ്യ കേന്ദ്ര കമ്മിറ്റി നടന്ന തൃശൂരിൽ 1971ലും 77ലും സിപിഐയുമായി നേർക്കുനേർ മത്സരിച്ചപ്പോൾ തോറ്റത് സിപിഎം. അതുകൊണ്ടു തന്നെ സിപിഐയുടെ തറവാടാണിതെന്നു പറയാം. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലെ കെ.കെ.വാര്യരും കെ.എ.രാജനും സി.ജനാർദനനും വി.വി. രാഘവനുമെല്ലാം രണ്ടുതവണ വീതം ഇവിടെ ജയിച്ചു. 2004ൽ സി.കെ.ചന്ദ്രപ്പനും കഴിഞ്ഞതവണ സി.എൻ ജയദേവനും ജയിച്ചു കയറിയ മണ്ഡലമാണ് തൃശ്ശൂർ. എന്നാൽ സിപിഐയുടെ സ്വന്തം തട്ടകമെന്ന് വിശേഷിപ്പിക്കുന്ന തൃശൂരിൽ പലപ്പോഴും കോൺഗ്രസും ജയിച്ചു കയറി. കോൺഗ്രസുകാരായ പി.സി.ചാക്കോയെയും എ.സി.ജോസിനെയും ദേശീയബോധത്തോടെ ജയിപ്പിച്ചിട്ടുണ്ട് തൃശൂർക്കാർ. 2009ൽ 25,151 വോട്ടിന് പി.സി ചാക്കോ ജയിച്ചപ്പോൾ 2014ൽ ജയിച്ചത് സി.എൻ ജയദേവൻ. ഭൂരിപക്ഷം 38,227. അതാണ് തൃശൂർ. തൃശൂർ പൂരത്തിൽ മാറി മാറി ഉയരുന്ന കുടമാറ്റം പോലെ എങ്ങനെ വേണമെങ്കിലും മാറിമറിയാവുന്ന മനസ്സുള്ള നാട്. ഏതെങ്കിലും ഒരു മുന്നണിയെ കണ്ണു മടച്ച് പിന്താങ്ങുന്ന സ്വഭാവം തൃശൂരിനില്ല. ഇത്തവണ തൃശൂരിലെ തിരഞ്ഞെടുപ്പ് പൂരം മുമ്പെങ്ങുമില്ലാത്ത വീറും വാശിയുമാണ്. എൽ.ഡി.എഫും യു.ഡി.എഫും നേർക്കു നേർ പോരാട്ടം നടന്നിരുന്ന തൃശൂരിൽ ഇത്തവണ തെളിയുന്നത് ത്രികോണ മൽസരമാണ്.

രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ പ്രശ്‌നങ്ങൾ ഇത്തവണയും തൃശൂരിലെ തിരഞ്ഞടുപ്പിൽ പ്രതിഫലിക്കുമെന്നുറപ്പാണ്.. എ.ഐ.സി.സി പ്രസിഡന്റ് രാഹുൽഗാന്ധി, മുതിർന്ന നേതാവ് എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷാ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയ ദേശീയ സംസ്ഥാന നേതാക്കളെല്ലാം തൃശൂരിൽ പ്രചാരണത്തിനെത്തിയിരുന്നു. 13,36,399 വോട്ടർമാരാണ് തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ആകെയുള്ളത്. അതിൽ 6,93,440 പേർ സ്ത്രീകളും 6,42,942 പേർ പുരുഷന്മാരുമാണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെടുന്ന 17 പേരും മണ്ഡലത്തിലുണ്ട്. 2,05,470 പേരുള്ള മണലൂർ നിയോജക മണ്ഡലത്തിലാണ് കൂടുതൽ വോട്ടർമാരുള്ളത്. 1,69,008 വോട്ടർമാരുള്ള് തൃശൂർ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടർമാർ. ത്രികോണ മത്സരപ്രതീതിയാണ് തൃശൂരിനെ സജീവമാക്കുന്നത്. ഓരോ ദിനവും കുടമാറ്റം കണക്കെ വോട്ടർമാരെ ഇളക്കിമറിച്ചുള്ള മുന്നേറ്റം. ഒടുവിൽ ആകാശ മേലാപ്പിൽ പൊട്ടി വിരിയുന്ന വിസ്മയം ആർക്കനുകൂലമാകുമെന്ന് കാത്തിരിപ്പിലാണ് തൃശൂർകാർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP