Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തുഷാർ വരുംമുമ്പേ താമര വരച്ചിട്ട് ബിഡിജെഎസുകാരെ ചൊടിപ്പിച്ചു; വന്നപ്പോൾ നാണം കെടുത്തിയെന്ന് പറഞ്ഞ് ബിജെപി പ്രവർത്തകർ പ്രചാരണം നിർത്തിവച്ചു; ഒടുവിൽ ചുവരിൽ തെളിഞ്ഞ 'കുടം' പൊട്ടിച്ച് 'താമര' പുറത്തെടുക്കാനൊരുങ്ങി ബിജെപി; ഇരു മുന്നണി സ്ഥാനാർത്ഥികളും പ്രാചാരണം ഏറെ പിന്നിട്ടിട്ടും സ്ഥാനാർത്ഥിയാരെന്നോ ചിഹ്നമേതെന്നോ ഉറപ്പിക്കാനാവാതെ തൃശൂരിലെ എൻ.ഡി.എ

തുഷാർ വരുംമുമ്പേ താമര വരച്ചിട്ട് ബിഡിജെഎസുകാരെ ചൊടിപ്പിച്ചു; വന്നപ്പോൾ നാണം കെടുത്തിയെന്ന് പറഞ്ഞ് ബിജെപി പ്രവർത്തകർ പ്രചാരണം നിർത്തിവച്ചു; ഒടുവിൽ ചുവരിൽ തെളിഞ്ഞ 'കുടം' പൊട്ടിച്ച് 'താമര' പുറത്തെടുക്കാനൊരുങ്ങി ബിജെപി; ഇരു മുന്നണി സ്ഥാനാർത്ഥികളും പ്രാചാരണം ഏറെ പിന്നിട്ടിട്ടും സ്ഥാനാർത്ഥിയാരെന്നോ ചിഹ്നമേതെന്നോ ഉറപ്പിക്കാനാവാതെ തൃശൂരിലെ എൻ.ഡി.എ

കെ.എം.അക്‌ബർ

 തൃശൂർ: ശക്തന്റെ തട്ടകത്തിൽ ഇരു മുന്നണികളും പ്രചാരണത്തിൽ ഏറെ മുന്നിലെത്തി. എന്നാൽ, സ്ഥാനാർത്ഥിയാരെന്നോ ചിഹ്നമേതെന്നോ ഉറപ്പിക്കാനാവാതെ വട്ടം കറങ്ങി നടക്കുകയാണ് എൻ.ഡി.എ. ആദ്യം കേട്ടത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ സ്ഥാനാർത്ഥിയാവുമെന്നാണ്. എന്നാൽ, മുന്നണി ചർച്ചകൾക്കൊടുവിൽ സീറ്റ് ലഭിച്ചത് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പ് തന്നെ സുരേന്ദ്രൻ സ്ഥാനാർത്ഥിയാവുമെന്ന ഉറപ്പിൽ മണ്ഡലത്തിൽ ചുവരായ ചുവരിലെല്ലാം താമര ചിഹ്നം വരച്ചിട്ടിരുന്നു ബി.ജെപിക്കാർ. കൂടാതെ പാർലമെന്റ്, മണ്ഡലം, ബൂത്ത് കമ്മിറ്റികൾ സജീവമായി രംഗത്തിറങ്ങിയിരുന്നു.

ബൂത്ത് കൺവൻഷനുകളും ഒരു റൗണ്ട് പൂർത്തിയാക്കി. ഇവിടേയെല്ലാം പറഞ്ഞത് സ്ഥാനാർത്ഥി ആരുമായിക്കൊള്ളട്ടേ... ചിഹ്നം താമര തന്നെ എന്നായിരുന്നു. സ്ഥാനാർത്ഥിയുടെ പേര് എഴുതാതേയായിരുന്നു ചുവരെഴുത്ത് പ്രചാരണം. എൻഡിഎ സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്നായിരുന്നു താമര ചിഹ്നത്തോടൊപ്പമുള്ള എഴുത്ത്. തൃശൂരിൽ സ്ഥാനാർത്ഥി ആരായിരിക്കണമെന്ന കാര്യത്തിൽ ബിജെപി-ബിഡിജെഎസ് ചർച്ച നടന്നു കൊണ്ടിരിക്കേയായിരുന്നു ബിജെപി പ്രവർത്തകരുടെ ഈ പണി. ഇതോടെ പ്രതിഷേധവുമായി ബിഡിജെഎസ് രംഗത്തെത്തി. സ്ഥാനാർത്ഥി ചർച്ച നടന്നു കൊണ്ടിരിക്കെ ബിജെപി പ്രവർത്തകരുടെ നടപടി മുന്നണി മര്യാദക്ക് ചേർന്നതല്ലെന്നായിരുന്നു ബിഡിജെഎസ് വാദം.

തൃശൂരിൽ തുഷാർ സ്ഥാനാർത്ഥിയാകുന്നത് തടയിടാനായുള്ള തന്ത്രത്തിന്റെ ഭാഗമായാണ്് ബിജെപി പ്രവർത്തകർ താമര ചിഹ്നം വരച്ചിട്ടതെന്നും ബിഡിജെഎസ് പ്രവർത്തകർ ആരോപിച്ചു. എന്നാൽ പ്രചാരണത്തിൽ നിന്നും ബിജെപി പ്രവർത്തകർ പിന്മാറിയില്ല. അവർ താമര ചിഹ്നം വരച്ചു കൊണ്ടേയിരുന്നു. ഇതിനിടയിലാണ് പ്രതീക്ഷകളെ തകിടം മറിച്ച് ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ ചിത്രം തെളിഞ്ഞത്. തൃശൂരിൽ എൻഡിഎക്ക് വേണ്ടി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി മൽസരിച്ചേക്കുമെന്ന വിശ്വസനീയമായ വാർത്ത വന്നു. അതോടെ ജില്ലാ നേതൃത്വം തങ്ങളെ നാണംകൊടുത്തിയെന്നും ഇനി പ്രചാരണ രംഗത്തേക്ക് തങ്ങളില്ലെന്നും പറഞ്ഞ് പ്രവർത്തകർ ബിജെപി പ്രചാരണം നിർത്തിവെച്ച് മടങ്ങി.

താമരക്ക് വോട്ട് ചെയ്യണമെന്നഭ്യാർത്ഥിച്ചവരോടെല്ലാം ഇനി കുടത്തിൽ വോട്ട് ചെയ്യണമെന്ന് എങ്ങനെ ആവശ്യപ്പെടുമെന്നായിരുന്നു പ്രവർത്തകരുടെ ചോദ്യം. എന്നാൽ, പിന്നീടുള്ള പ്രചാരണം ബിഡിജെഎസ് പ്രവർത്തകർ ഏറ്റെടുത്തു. ശക്തന്റെ തട്ടകത്തിലേക്ക് തുഷാർ വെള്ളാപ്പള്ളിയെ സ്വാഗതം ചെയ്ത് ബഹുവർണ്ണ പോസ്റ്ററുകൾ വ്യാപകമായി പതിച്ച് പ്രചാരണത്തിന് ഉഷാറായ തുടക്കം നൽകി. പിന്നെ ചുവരായ ചുവരിലെല്ലാം തെളിഞ്ഞു നിന്ന താമരയെ കുടങ്ങളിലാക്കി. നഗരത്തിൽ റോഡ് ഷോയും നടത്തി. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്ന തുഷാർ വെള്ളാപ്പള്ളി വോട്ടഭ്യാർത്ഥനയും ആരംഭിച്ചു. പ്രചാരണ രംഗത്ത് ബഹുദൂരം മുന്നേറിയിരുന്ന മുന്നണികൾക്കൊപ്പമെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു തുഷാറും കൂട്ടരും. ഇതിനിയിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിച്ചേക്കുമെന്ന വാർത്ത വന്നത്. ഒപ്പം തുഷാർ വയനാട്ടിൽ മൽസരിച്ചേക്കുമെന്ന വാർത്തയും പരന്നു.

ഗുരുവായൂരിൽ നടന്ന കൺവൻഷനടക്കം തുടർന്നുള്ള ദിവസങ്ങളിലെ പ്രചാരണങ്ങളിൽ നിന്നും തുഷാർ വിട്ടുനിന്നതോടെ ബി.ഡി.ജെ.എസ് പ്രവർത്തകർ നിരാശരായി. കൈവിട്ട സീറ്റ് തിരിച്ചു പിടിക്കാമെന്ന് പ്രതീക്ഷയിൽ ബിജെപി പ്രവർത്തകർ സജീവമാവുകയും ചെയ്തു. തൃശൂരിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ മൽസരിക്കുമെന്നായിരുന്നു മുമ്പ് ജില്ലാ നേതൃത്വം പ്രവർത്തകർക്ക് നൽകിയ ഉറപ്പ്. സുരേന്ദ്രൻ മൂന്നു വർഷമായി തൃശൂരിൽ നിരന്തരം ക്യാംപ് ചെയ്തിരുന്നതും ഈ ഉറപ്പിന് ആക്കംകൂട്ടി. എന്നാൽ സുരേന്ദ്രൻ സ്ഥാനാർത്ഥിയാവുമെന്ന വിശ്വാസത്തിൽ കഴിയവേയാണ് തുഷാറെത്തിയത്. ഇപ്പോൾ വയനാട്ടിൽ മൽസരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നേരിടാൻ തുഷാർ വയനാട്ടിലേക്ക് പോയതോടെ തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി തന്നെ മൽസരിക്കുമെന്ന വിശ്വാസത്തിലാണ് നേതൃത്വം. എന്നാൽ അതാരായിരിക്കുമെന്നാണ് കാത്തിരുന്നു കാണേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP