Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എക്‌സിറ്റ് പോൾ ഫലങ്ങൾ സത്യമാകുമോ? കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; ചങ്കിടിപ്പോടെ ഇടത്-വലത് മുന്നണികളും ബിജെപിയും; വോട്ടെണ്ണൽ നടക്കുമ്പോൾ തന്നെ ഫലസൂചനകൾ പുറത്തുവിടും; 12 മണിയോടെ കേരളം എങ്ങോട്ടു തിരിയുന്നുവെന്നു വ്യക്തമാകും; ഔദ്യോഗിക പ്രഖ്യാപനം രാത്രി ഒൻപത് മണിയോടെയും; വിവിപാറ്റും വോട്ടിങ് മെഷീനും തമ്മിൽ വ്യത്യാസം വന്നാൽ സ്വീകരിക്കുക വിവിപാറ്റും; വോട്ടെണ്ണൽ കേന്ദ്രത്തിലെ സുരക്ഷ കയ്യാളുക കേന്ദ്ര സേന; ഒരുക്കങ്ങൾ മറുനാടനുമായി പങ്കുവച്ച് ടിക്കാറാം മീണ

എക്‌സിറ്റ് പോൾ ഫലങ്ങൾ സത്യമാകുമോ? കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; ചങ്കിടിപ്പോടെ  ഇടത്-വലത് മുന്നണികളും ബിജെപിയും; വോട്ടെണ്ണൽ നടക്കുമ്പോൾ തന്നെ ഫലസൂചനകൾ പുറത്തുവിടും; 12 മണിയോടെ കേരളം എങ്ങോട്ടു തിരിയുന്നുവെന്നു വ്യക്തമാകും; ഔദ്യോഗിക പ്രഖ്യാപനം രാത്രി ഒൻപത് മണിയോടെയും; വിവിപാറ്റും വോട്ടിങ് മെഷീനും തമ്മിൽ വ്യത്യാസം വന്നാൽ സ്വീകരിക്കുക വിവിപാറ്റും; വോട്ടെണ്ണൽ കേന്ദ്രത്തിലെ സുരക്ഷ കയ്യാളുക  കേന്ദ്ര സേന; ഒരുക്കങ്ങൾ മറുനാടനുമായി പങ്കുവച്ച് ടിക്കാറാം മീണ

എം മനോജ് കുമാർ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ മറുനാടനോട് പ്രതികരിച്ചു. രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകൾ ആകും ആദ്യം എണ്ണുക. വോട്ടെണ്ണൽ നടക്കുമ്പോൾ തന്നെ ഫലസൂചനകൾ പുറത്തുവിടും. 12 മണിയോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം എങ്ങോട്ടു തിരിയുന്നുവെന്നു വ്യക്തമാകും-മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറയുന്നു.

രാത്രി ഒൻപതു മണിയോടെയേ ഔദ്യോഗിക ഫലം പുറത്തുവിടാൻ കഴിയുകയുള്ളൂ. കേരളത്തിലെ 20 കൗണ്ടിങ് സെന്ററുകളിൽ നിന്നാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. 14 ടേബിളുകളാണ് ഒരു കൗണ്ടിങ് സ്റ്റേഷനിൽ ക്രമീകരിക്കുന്നത്. എല്ലാ വോട്ടിങ് മെഷീനും എണ്ണിക്കഴിഞ്ഞു മാത്രമാണ് വിവിപാറ്റ് എണ്ണാൻ ആരംഭിക്കുക. വിവിപാറ്റും വോട്ടിങ് മെഷീനും തമ്മിൽ വ്യത്യാസം വന്നാൽ വിവിപാറ്റ് ആയിരിക്കും ഔദ്യോഗികമായി സ്വീകരിക്കുക. നറുക്കെടുപ്പിലൂടെ തീരുമാനിച്ച ഒരു നിയമസഭാ നിയോജകമണ്ഡലത്തിലെ അഞ്ചു വിവിപാറ്റുകൾ ആയിരിക്കും ആദ്യം എണ്ണുക. നിയമസഭാ മണ്ഡലങ്ങൾ വേർതിരിച്ചാവും വോട്ടെണ്ണൽ നടക്കുക. നാലായിരത്തോളം ഉദ്യോഗസ്ഥരാണ് വോട്ടെണ്ണൽ പ്രക്രിയയിൽ പങ്കാളികളാകുന്നത്-ടീക്കാറാം മീണ പറഞ്ഞു.

അതേസമയം വോട്ടെണ്ണൽ കേന്ദ്രത്തിൽ കേരള പൊലീസിനും സ്‌പെഷൽ ബ്രാഞ്ചിനും പ്രവേശനമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാവിലെ തന്നെ വ്യക്തമാക്കിയിരുന്നു. കേന്ദ്രസേനയ്ക്ക് മാത്രമായിരിക്കും പ്രവേശനം. അധികമായി 140 റിട്ടേണിങ് ഓഫീസർമാരെ കൂടി ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഉദ്വേഗത്തോടെ നോക്കിക്കാണുന്ന വോട്ടെണ്ണൽ ഒരുക്കങ്ങൾ കേരളത്തിലും പൂർത്തിയായെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രഖ്യാപനം വന്നിരിക്കെ കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ആകാംക്ഷയുടെ മുൾമുനയിലാണ്. ഏറ്റവും അവസാനം പുറത്തുവന്ന സർവേ ഫലങ്ങൾ കേന്ദ്രത്തിൽ എൻഡിഎയ്ക്കും കേരളത്തിൽ യുഡിഎഫിനുമാണ് മേൽക്കോയ്മ പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ കേരളത്തിൽ യുഡിഎഫിന് അനുകൂലം എന്ന വാദങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സിപിഎം കേന്ദ്രങ്ങളിലും ആകാംക്ഷ നുരയിടുകയാണ്.

ശബരിമലയിലെ ആചാരലംഘന പ്രശ്‌നം തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗതി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്. തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് പ്രത്യേകിച്ച് ഇടതുമുന്നണിക്ക് തിരിച്ചടിയേൽക്കുകയാണെങ്കിൽ അത് കേരളത്തിലെ സിപിഎം രാഷ്ട്രീയത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കും. കേരളത്തിൽ നാല് ലോക്‌സഭാ സീറ്റിലോ അതിനു താഴേയ്ക്കോ സിപിഎം ഒതുങ്ങുകയാണെങ്കിൽ ശബരിമല പ്രശ്‌നത്തിൽ സ്വീകരിച്ച നിലപാടുകളാണ് തിരിച്ചടിക്ക് കാരണമെന്നു പാർട്ടിക്കുള്ളിൽ വിലയിരുത്തൽ വരും. ദേശീയ രാഷ്ട്രീയത്തിൽ സിപിഎം ഇല്ലാതാകുമ്പോൾ ആകെയുള്ള രാഷ്ട്രീയ ആശ്രയമായിരുന്ന കേരളത്തിലും പാർട്ടിക്ക് വേരുകൾ നഷ്ടമാകുന്നു എന്ന് തിരഞ്ഞെടുപ്പ് ഫലത്തിന്റെ വെളിച്ചത്തിൽ നിരീക്ഷണം വരും. ശബരിമല പ്രശ്‌നത്തിൽ കടുത്ത നിലപാട് സ്വീകരിച്ച് മുന്നോട്ടുപോയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിരൽചൂണ്ടലും ഉയർന്നേക്കും. അങ്ങിനെയെങ്കിൽ കടുത്ത ഹിന്ദുത്വ വിരുദ്ധ നിലപാടിൽ നിന്ന് പാർട്ടിക്ക് പിന്തിരിയേണ്ടിയും വന്നേക്കും. മറിച്ച് അഞ്ചിൽ കൂടുതൽ സീറ്റുകൾ,എട്ടു സീറ്റുവരെ നേടിയാൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കും അത് കടുത്ത ആത്മവിശ്വാസം തന്നെ പകർന്നു നൽകും. പക്ഷെ എക്‌സിറ്റ് പോളുകൾ പ്രകാരം കേരളത്തിൽ സിപിഎമ്മിന് കടുത്ത തിരിച്ചടികളാണ് പ്രവചിക്കപ്പെടുന്നത്.

കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്ത അവസ്ഥയിൽ യുഡിഎഫിന് ആത്മവിശ്വാസം നൽകുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരാൻ പോകുന്നത് എന്നാണ് എക്‌സിറ്റ് പോളുകൾ വിരൽ ചൂണ്ടുന്നത്. 12 മുതൽ 18 വരെ സീറ്റുകൾ ആണ് സർവേ ഫലങ്ങളിൽ യുഡിഎഫിന് പ്രവചിക്കപ്പെടുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം കേരളത്തിൽ യുഡിഎഫിന് പകർന്ന പുത്തനുണർവ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിലും തെളിയും എന്ന് തന്നെയാണ് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം സീറ്റിൽ ശശി തരൂർ വിജയിയാകുമോ, ആലപ്പുഴ സീറ്റ് നഷ്ടമാകുമോ? തൃശൂർ സീറ്റിൽ പ്രതാപന്റെ വിജയപ്രതീക്ഷകൾക്ക് മങ്ങൽ നിൽക്കുമോ? കെ.മുരളീധരൻ വടകരയിൽ വിജയിക്കുമോ എന്ന കാര്യത്തിലെല്ലാം കോൺഗ്രസിൽ ആകാംക്ഷകൾ തിരതല്ലുന്നുണ്ട്. 15 സീറ്റിൽ കൂടുതൽ വിജയിച്ചാൽ അത് യുഡിഎഫിന്റെ ചരിത്രവിജയമായും വിലയിരുത്തപ്പെടും. കേന്ദ്രത്തിൽ യുപിഎ ഭരണത്തിനു ശക്തി പകരുന്ന വിധത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കാൻ കഴിഞ്ഞു എന്നും കെപിസിസി നേതൃത്വത്തിനു അവകാശപ്പെടാനും കഴിഞ്ഞു.

കേരളത്തിലെ ബിജെപി നേതൃത്വവും ആകാംക്ഷയോടെ നോക്കിക്കാണുന്ന ഒരു തിരഞ്ഞെടുപ്പ് ഫലം തന്നെയാണ് ഇക്കുറിയിലേത്. മൂന്നു സീറ്റുകളിൽ പൂർണ്ണ വിജയപ്രതീക്ഷയാണ് ബിജെപി നേതൃത്വത്തിനുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നീ സീറ്റുകളിലാണ് വിജയപ്രതീക്ഷയുമായി ബിജെപി നേതൃത്വം നിലകൊള്ളുന്നത്. തിരുവനന്തപുരത്ത് കുമ്മനവും, തൃശൂരിൽ സുരേഷ് ഗോപിയും പത്തനംതിട്ടയിൽ കെ.സുരേന്ദ്രനും വിജയിക്കുമെന്നു തന്നെയാണ് ബിജെപിയുടെ വിശ്വാസം. ഇനി മറ്റു രണ്ടു സീറ്റുകൾ ലഭിച്ചില്ലെങ്കിലും തിരുവനന്തപുരത്ത് കുമ്മനം ജയിക്കുമെന്ന് തന്നെ ബിജെപി കേന്ദ്രങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. വ്യത്യസ്ത കാരണങ്ങളാൽ ഇടത്-വലത് മുന്നണികളും ബിജെപിയും ആകാംക്ഷയോടെ നോക്കിക്കാണുന്ന തിരഞ്ഞെടുപ്പ് ഫലത്തിനാണ് നാളെ അരങ്ങൊരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP