Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദിവാസിഭൂമിപ്രശ്‌നം പരിഹരിച്ചില്ല; ടി യു കുരുവിളയ്‌ക്കെതിരേ പ്രവർത്തിക്കുമെന്ന് കോതമംഗലത്തെ ആദിവാസികൾ

ആദിവാസിഭൂമിപ്രശ്‌നം പരിഹരിച്ചില്ല; ടി യു കുരുവിളയ്‌ക്കെതിരേ പ്രവർത്തിക്കുമെന്ന് കോതമംഗലത്തെ ആദിവാസികൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഇനിയും പരിഹരിക്കപ്പെടാത്ത ആദിവാസി ഭൂമിപ്രശ്‌നം ടി യു കുരുവിളക്ക് പാരയായി. വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ച കുരുവിളക്കെതിരെ നിയോജകമണ്ഡലത്തിലെ ആദിവാസി മേഖലകളിൽ സജീവമായി പ്രവത്തിക്കുമെന്ന് പന്തപ്ര ആദിവാസികോളനി മൂപ്പൻ തങ്കപ്പൻ കാണി, നേര്യമംഗലം ആദിവാസി ഭൂമി സംരക്ഷണ സമിതി ഭാരവാഹികളായ കെ സോമൻ, എ എൻ ബാബു എന്നിവർ പറഞ്ഞു.

ജില്ലയിൽ പ്രധാന ആദിവാസിമേഖലകൾ ഉൾപ്പെടുന്നത് കോതമംഗലം നിയോജക മണ്ഡലത്തിലാണ്. കിഴക്കൻ മേഖലയിലെ കുട്ടംപുഴ പഞ്ചായത്തിൽ മാത്രം 3916 ആദിവാസികൾ വസിക്കുന്നുണ്ട്. ഇവരിൽ 2500-ഓളം പേർ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത്തവണ വോട്ടർപട്ടികയിൽ കയറിക്കൂടിയവരുടെ എണ്ണം ഇതുവരെ പുറത്തുവന്നിട്ടില്ല. 'പത്തുവർഷത്തോളമായി ഞങ്ങൾ എം എൽ എ യുടെ പിന്നാലെ നടന്നു. വിളിക്കുന്നിടത്തെല്ലാം പോയി. അദ്ദേഹം മനസ്സുവച്ചാൽ ഇതിനകം ഞങ്ങളുടെ ഭൂമിപ്രശ്‌നം നല്ലരീതിയിൽ പരിഹരിക്കപ്പെടുമായിരുന്നു. ഇനി ഇക്കാര്യത്തിൽ എം എൽ എ യുടെ വാക്കുകൾ വിശ്വസിക്കാൻ ഞങ്ങൾ തയ്യാറല്ല' തങ്കപ്പൻ കാണി വ്യക്തമാക്കി.

വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് ഉൾവനത്തിലെ വാരിയം കോളനിയിൽ നിന്നും ഉള്ളതെല്ലാം ഉപേക്ഷിച്ച് താഴ്‌വാരത്ത് കണ്ടൻ പുഴയുടെ തീരത്ത് താമസമാക്കിയ ആദിവാസി കുടുംബങ്ങളെ കുട്ടംപുഴ പന്തപ്രയിലേക്ക് മാറ്റി പാർപ്പിച്ചെങ്കിലും ഇവർക്ക് ഇതുവരെ ഭൂമി തിരിച്ചുനൽകിയിട്ടില്ല.നേര്യമംഗലത്ത് ജില്ലാ കൃഷിത്തോട്ടത്തിന്റെ ഭാഗമായ ഭൂമി കൈയേറി കുടിൽ കെട്ടി താമസിച്ചു വരുന്ന നൂറോളം വരുന്ന അദിവാസികുടുംബങ്ങൾക്കും ഇതുവരെ ഭൂമി വിതരണം ചെയ്യാൻ നടപടികളായിട്ടില്ല. ഈ ആവശ്യമുന്നയിച്ച് ഭൂമി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നേര്യമംഗലം വില്ലേജ് ഓഫീസ് പടിക്കൽ നിരാഹാരസമരം നടന്നിരുന്നു.

ഒരാഴ്ച പിന്നിട്ടപ്പോൾ ട്രൈബൽ -റവന്യൂവകുപ്പധികൃതർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. ഒരു മാസത്തിനുള്ളിൽ എല്ലാവർക്കും ഭൂമി തിരിച്ചു നൽകുമെന്നുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിലിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷം ഡിസംബർ 9 ന് സമരസമിതി ഒത്തുതീർപ്പിന് വഴങ്ങിയത്. നിരാഹാര സമരം അവസാനിപ്പിച്ച് 4 മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഇക്കാര്യത്തിൽ കാര്യമായ നീക്കം ഉണ്ടായിട്ടില്ലന്നും അധികൃതരും ജനപ്രതിനിധികളും തങ്ങളെ പറഞ്ഞുപറ്റിക്കുകയായിരുന്നെന്നുമാണ് സമരസമിതി ഭാരവാഹികളുടെ ആരോപണം.

2002-ലാണ് ഇവരുടെ തലവര മാറ്റിയ പുനരധിവാസ പാക്കേജിന് ഗവൺമെന്റ് തലത്തിൽ നീക്കം ആരംഭിച്ചത്. എറണാകുളം ജില്ലയിലെ ഭവനരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കാൻ സംസ്ഥാന ട്രൈബൽ മിഷൻ നേര്യമംഗലത്ത് 42 ഏക്കർ ഭൂമി ഏറ്റടുത്തിരുന്നു. ഇതിൽ 30-ഓളം ഏക്കർ ഭൂമി ഇപ്പോൾ എവിടെയാണെന്നുപോലും ബന്ധപ്പെട്ട അധികൃതർക്ക് തിട്ടമില്ല. പട്ടയം ലഭിച്ചിട്ട് പത്തുവർഷത്തോളം പിന്നിട്ടും ഭൂമി ലഭിക്കാത്തിനെ തുടർന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങിയ ആദിവാസികുടുംബങ്ങൾ ഇവിടെ ജില്ലാകൃഷിത്തോട്ടത്തിൽ കുടിൽകെട്ടി താമസമാക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ റവന്യൂവകുപ്പ് നടത്തിയ സർവ്വേയിലാണ് രേഖകൾ പ്രകാരം സ്ഥലമില്ലെന്ന് വ്യക്തമായിട്ടുള്ളത്.

താമസയോഗ്യമായ 12.80 ഏക്കർ ഭൂമി മാത്രമേ ഇവിടെയുള്ളുവെന്നും ഇതുസംബന്ധിച്ച് 2002-ൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ 41/02-20/7/2002 എന്ന നമ്പറിലുള്ള വിജ്ഞാപനത്തിൽ പറയുന്ന 42 ഏക്കർ ഭൂമിയിൽപ്പെടുന്ന ബാക്കിഭാഗം കണ്ടെത്താനായില്ലെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും നൽകുന്ന വിവരം. ഏതാനും മാസം മുമ്പാണ് റവന്യുവകുപ്പ് ഈ സ്ഥലം റീ സർവ്വേയ്ക്ക് നീക്കം നടത്തിയത്. കളക്ടർ പ്രത്യേകം ചുമതലപ്പെടുത്തിയ കളക്ടറേറ്റിൽ നിന്നുള്ള സർവ്വേയറും കോതമംഗലം താലൂക്ക് ഓഫീസിൽ നിന്നുള്ള സർവ്വേയറും സംയുക്തമായിട്ടാണ് പദ്ധതിക്കായി നിർദ്ദേശിക്കപ്പെട്ട 732/1 എന്ന- സർവ്വേ നമ്പറിലുള്ള സ്ഥലം റീ സർവ്വേ ചെയ്തത്. 2001-ൽ സർക്കാർ 63/01-9/11/2001 നംമ്പറിലായി സ്ഥലം ഏറ്റെടുക്കുന്നത് സംമ്പന്ധിച്ച് വിജ്ഞാപനമിറക്കിയിരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതിനെത്തുടർന്ന് 2004-ൽ എറണാകുളത്ത് 128 അപേക്ഷകർക്ക് അധികൃതർ ഇവിടെ ഭൂമി അനുവദിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു അന്ന് പട്ടയവിതരണം നടത്തിയത്.

ഇപ്പോൾ ഇവിടെ താമസയോഗ്യമെന്ന് കണ്ടെത്തിയ സ്ഥലം പട്ടയം നൽകിയ അപേക്ഷകർക്ക് വീതിച്ചു നൽകുന്നതിന് പര്യാപ്തമാവില്ല എന്നതാണ് നിലവിലെ സ്ഥിതി. വനാവകാശ നിയമപ്രകാരം ആദിവാസി കുടുംബത്തിന് താമസിക്കാൻ ആവാസ വ്യവസ്ഥയോട് യോജിക്കുന്ന ഒരേക്കർ മതൽ അഞ്ച് ഏക്കർ വരെ ഭൂമി നൽകണമെന്നും ആശിക്കും ഭൂമി പദ്ധതി പ്രകാരം പത്ത് മുതൽ ഇരുപത്തി അഞ്ച് സെന്റ് വരെ ഭൂമി നൽകാമെന്നുമാണ് വ്യവസ്ഥ. നിലവിൽ നൂറിൽ പരം കുടുംബങ്ങൾ നേര്യമംഗലത്തെ പന്ത്രണ്ടേക്കർ ഭൂമിയിൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മിച്ചമുള്ള എൺപത് സെന്റ് ഭൂമി താമസയോഗ്യമല്ലാത്ത ചതുപ്പ് നിലവുമാണ്.

കളക്ടറുടെ നിർദ്ദേശപ്രകാരം നേര്യമംഗലത്തെ ഭൂമിപ്രശ്‌നം പരിഹരിക്കുന്നതിന് പലവട്ടം ചർച്ചകളും മറ്റും നടന്നിരുന്നു. ഒരു ഘട്ടത്തിൽ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്ന് ട്രൈബൽ- റവന്യുവകുപ്പ് ഉദ്യോഗസ്ഥരോട് കളക്ടർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കൂട്ടരുടെ തലതിരിഞ്ഞ സമീപനം മൂലം നടപടികൾക്ക് ഒച്ചിഴയും വേഗമെന്നാണ് നിലവിലെ സ്ഥിതി. ഇതേത്തുടർന്ന് ഇവിടെ കുടിൽ കെട്ടി കഴിയുന്ന 50 ഓളം കുടുംബങ്ങൾ ദുരിതക്കയത്തിൽ അകപ്പെട്ടിരിക്കുകയാണ്. ഉടുതുണിക്ക് മറുതുണിയില്ലാതെ വിഷമിക്കുന്ന ഇവരുടെ ദുഃഖത്തിൽ പങ്ക് ചേരാൻ പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കളോ ഉദ്യോഗസ്ഥ പ്രതിനിധികളോ കാര്യമായി താൽപര്യം കാണിക്കുന്നില്ല.

ആശുപത്രിയിൽ പോകാൻ പണമില്ലാത്തതിനെ തുടർന്ന് ഇവിടുത്തെ താമസക്കാരിയായ ആദിവാസി യുവതി കുടിലിൽ പ്രസവിച്ചത് മാദ്ധ്യമ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇവിടത്തേ അന്തേവാസികളായ കുടുംബങ്ങളിൽ ഭൂരിപക്ഷവും നിത്യ ചെലവുകൾക്കും മരുന്നിനും വകയില്ലാതെ ബുദ്ധിമുട്ടുകയാണ്. വെള്ളം, വെളിച്ചം, പ്രാഥമീക കൃത്യങ്ങൾ നിർവ്വഹിക്കുന്നള്ള സൗകര്യങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല. തൊഴിലില്ലായ്മയാണ് ഇവർ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP