Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃക്കാക്കരയിലെ ഒഴിവ് ചീഫ് ഇല്ക്ട്രൽ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തി ജില്ലാ ഭരണകൂടം; തെളിയുന്നത് മാർച്ചിൽ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത; യുപിയ്‌ക്കൊപ്പം കേരളത്തേയും തെരഞ്ഞെടുപ്പ് ചൂടിലെത്തിക്കും പിടി തോമസിന്റെ മരണം; ഉമാ തോമസിലൂടെ വിജയം ലക്ഷ്യമിട്ട് കോൺഗ്രസ്; സ്വരാജ് ചർച്ചകളിൽ സിപിഎമ്മും; തൃക്കാക്കരയിൽ അതിവേഗം

തൃക്കാക്കരയിലെ ഒഴിവ് ചീഫ് ഇല്ക്ട്രൽ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തി ജില്ലാ ഭരണകൂടം; തെളിയുന്നത് മാർച്ചിൽ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത; യുപിയ്‌ക്കൊപ്പം കേരളത്തേയും തെരഞ്ഞെടുപ്പ് ചൂടിലെത്തിക്കും പിടി തോമസിന്റെ മരണം; ഉമാ തോമസിലൂടെ വിജയം ലക്ഷ്യമിട്ട് കോൺഗ്രസ്; സ്വരാജ് ചർച്ചകളിൽ സിപിഎമ്മും; തൃക്കാക്കരയിൽ അതിവേഗം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പി. ടി. തോമസിന്റെ മരണത്തെ തുടർന്ന് ഒഴിവ് വന്ന തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പു യുപി നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്നേക്കും. പി. ടി.തോമസിന്റെ നിര്യാണം മൂലം തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഒഴിവു വന്നതുൾപ്പെടെയുള്ള റിപ്പോർട്ട് ജില്ലാ ഭരണകൂടം ചീഫ് ഇലക്ടൽഓഫിസർക്കു സമർപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാർച്ചിൽ വോട്ടെടുപ്പ് നടന്നേക്കും. കോവിഡിന്റെ മൂന്നാം തരംഗം അതിശക്തമാകുമെന്ന മുന്നറിയിപ്പ് കൂടി പരിഗണിച്ചാണ് ഇത്.

സാധാരണ നിലയിൽ ആറു മാസത്തിനുള്ളിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തി ഒഴിവ് നികത്തിയാൽ മതി. എന്നാൽ മാർച്ച് ആദ്യം നടത്തുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഇതര സംസ്ഥാനങ്ങളിൽ ഒഴിവുള്ള മുഴുവൻ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പും നടത്തുവാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്. കോവിഡ് പ്രതിസന്ധി കൂടി കണക്കിലെടുത്താണ് ഇത്. അടുത്ത മാസം ഉപ തിരഞ്ഞടുപ്പ് പ്രഖ്യാപിക്കുമെന്നാണ് സൂചന. നിയമപ്രകാരം തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിനു ജൂൺ അവസാനം വരെ സമയമുണ്ട്.

വോട്ടർ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരെ കൂടി ഉൾപ്പെടുത്തിയാണ് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇതിനുള്ള അപേക്ഷകൾ വോട്ടർ പട്ടിക പുതുക്കൽ വേളയിൽ സ്വീകരിച്ചിരുന്നു. പേരു ചേർക്കാൻ അവസരം നഷ്ടപ്പെട്ടവർക്കും ശേഷിക്കുന്നവരുണ്ടെങ്കിൽ ഒരവസരം കൂടിനൽകും. പഞ്ചായത്ത് അസി.ഡയറക്ടറാണ് തൃക്കാക്കര നിയമസഭ മണ്ഡലത്തിന്റെ വരണാധികാരി. പോളിങ് ബൂത്തുകളും വോട്ടിങ് യന്ത്രങ്ങളും സജ്ജമാണെന്ന് അധികൃതർ പറഞ്ഞു.

ഉപ തിരഞെഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ ജില്ലാ തലത്തിൽ പെരുമാറ്റച്ചട്ടം നിലവിൽ വരും. അടുത്ത മാസം ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായാൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ബജറ്റ് അവതരണം ഉൾപ്പെടെ പ്രതിസന്ധിയിലാകും. ഇതു മുൻകൂട്ടി കണ്ടുള്ള തയ്യാറെടുപ്പിനു നടപടി തുടങ്ങിയിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം ഏതാണ്ടു പൂർത്തിയാക്കി കഴിഞ്ഞു. പിടി തോമസിന്റെ ഭാര്യ ഉമാ തോമസ് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനാണ് ആലോചന. ഇക്കാര്യത്തിൽ ഉമാ തോമസിന്റെ തീരുമാനം നിർണഅണായകമാകും.

പി. ടി. തോമസ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകളോടുള്ള ജനങ്ങളുടെ മതിപ്പ് വിളംബരം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്രാ ചടങ്ങിനെത്തിയ ജനസഞ്ചയം. ആ ജനാഭിലാഷത്തോട് നീതി പുലർത്തുന്ന സ്ഥാനാർത്ഥി വേണമെന്ന ചർച്ചയിലാണ് അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുള്ളവരുടെ പേര് സജീവമായി ഉയർന്നുവരുന്നത്. ടോണി ചമ്മണി, ദീപ്തി മേരി വർഗീസ് തുടങ്ങിയ പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്. ഇടതുമുന്നണിയോ സി. പി. എമ്മോ ചർച്ചകളിലേക്ക് കടന്നിട്ടില്ല. പാർട്ടി സമ്മേളനങ്ങളുടെ തിരക്കിലാണ് സി. പി. എം. എം സ്വരാജിന്റെ പേരാണ് ചർച്ചകളിൽ ഈ ഘട്ടത്തിൽ നിറയുന്നത്.

മണ്ഡലം നിലവിൽ വന്ന അന്ന് മുതൽ കോൺഗ്രസിനൊപ്പം അടിയുറച്ച് നിന്ന മണ്ഡലമാണ് തൃക്കാക്കര. ആദ്യ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിനെതിരെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച് ബെന്നി ബെഹനാൻ മണ്ഡലം പിടിച്ചു. അന്ന് 22,406 വോട്ടുകൾക്കായിരുന്നു ബെന്നിയുടെ വിജയം. സി പി എമ്മിലെ എം ഇ ഹസനാരെയായിരുന്നു ബെന്നി ബെഹ്നാൻ പരാജയപ്പെടുത്തിയത്. പിന്നീട് 2014 ൽ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും മണ്ഡലം യു ഡി എഫിനൊപ്പം തന്നെ നിന്നു.

അന്ന് മുതിർന്ന നേതാവ് കൂടിയായ കെ വി തോമസിന് തൃക്കാക്കരയിൽ നിന്ന് ലഭിച്ചത് 17,314 വോട്ടുകളായിരുന്നു. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തോടെ തങ്ങളുടെ ഉറച്ച കോട്ടയായി തൃക്കാക്കരയെ യുഡിഎഫ് കണക്ക് കൂട്ടി. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബെന്നി ബെഹ്നാൻ തന്നെ മത്സരിക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നതെങ്കിലും അവസാന നിമിഷം ബെന്നിയെ മാറ്റി പി ടി തോമസിനെ കോൺഗ്രസ് അവതരിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP